Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തബല പഠിക്കുന്ന ശിഷ്യനിൽ നിന്ന് സ്വരമാധുരി ഉയർന്നതോടെ ഞെട്ടിയത് ഗുരു ഉസ്താദ് മുജാവർ അലീഖാൻ; മെഹമൂഹിന് വേണ്ടി തബലവായിച്ച് നടന്ന കലാകാരൻ വീണ്ടും പാടാം സഖീ... എന്ന് പാടിയപ്പോൾ ആരാധകർ നെഞ്ചിലേറ്റി; താമസമെന്തേ വരുവാൻ ഗസൽ നാദത്തിൽ ലയിപ്പിച്ചതോടെ അലിഞ്ഞലിഞ്ഞ് ആസ്വാദകർ; വിടവാങ്ങുന്നത് മലയാളികളുടെ പ്രണയരാഗങ്ങളിൽ ഗസലിഴകൾ കോർത്ത കലാകാരൻ

തബല പഠിക്കുന്ന ശിഷ്യനിൽ നിന്ന് സ്വരമാധുരി ഉയർന്നതോടെ ഞെട്ടിയത് ഗുരു ഉസ്താദ് മുജാവർ അലീഖാൻ; മെഹമൂഹിന് വേണ്ടി തബലവായിച്ച് നടന്ന കലാകാരൻ വീണ്ടും പാടാം സഖീ... എന്ന് പാടിയപ്പോൾ ആരാധകർ നെഞ്ചിലേറ്റി; താമസമെന്തേ വരുവാൻ ഗസൽ നാദത്തിൽ ലയിപ്പിച്ചതോടെ അലിഞ്ഞലിഞ്ഞ് ആസ്വാദകർ; വിടവാങ്ങുന്നത് മലയാളികളുടെ പ്രണയരാഗങ്ങളിൽ ഗസലിഴകൾ കോർത്ത കലാകാരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചിയിൽ ജനിച്ചു വളർന്ന അബു ഇബ്രാഹിം മലയാളികളുടെ പ്രണയരാഗങ്ങളെ ഗസലിന്റെ പാതയിലേക്ക് അലിയിതോടെയാണ് ഒരുപോലെ സാധാരണക്കാരായ മലയാളികളുടേയും ഗസൽ ആരാധാകരുടെയും ഇഷ്ടഗായകനായി മാറുന്നത്. ഗസലിൽ ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന അബു തബലയിലാണ് ആദ്യം കൈവയ്ക്കുന്നത്. ഉസ്താദ് മുജാവർ അലീഖാന്റെ കീഴിൽ തബല പഠിക്കുകയായിരുന്നു ആ ശിഷ്യൻ. എന്നാൽ തബല വാദനത്തിനിടെ അബുവിൽ നിന്ന് ഒരു ഗാനം ഉയർന്നു. ആ സ്വരമാധുരി കേട്ടതോടെ ഞെട്ടിയത് ഉസ്താദ് ആണ്. അങ്ങനെയായിരുന്നു മലയാളികളുടെ പ്രിയങ്കരനായ ഈ ഗസൽ ചക്രവർത്തിയുടെ ഉദയം. പിന്നീട് ഉസ്താദ് മുജാവർ അലിതന്നെയാണ് അബുവിനെ ഏഴ് വർഷത്തോളം ഹിന്ദുസ്ഥാനി പഠിപ്പിക്കുന്നതും.

ഹിന്ദുസ്ഥാനി പഠിച്ചെങ്കിലും ഒരു ഗായകൻ എന്ന നിലയിൽ അബു അന്നും ഉയർന്നില്ല. ഒരു തബലിസ്റ്റായാണ് സംഗീതലോകത്ത് അദ്ദേഹം എത്തിപ്പെടുന്നത്. പ്രശസ്ത പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയുൾപ്പെടെ നിരവധി ഗസൽ വേദികളിലും അല്ലാതെയും തബല വായിച്ചു. വീണ്ടും പാടാം സഖീ..., ഒരിക്കൽ നീ പറഞ്ഞു..., സുനയനോ സുമുഖി..., തുടങ്ങിയ ഗാനങ്ങൾ മലയാളി ഗസൽ ആസ്വാദകർക്ക് പ്രിയങ്കരമാണ്. 14 വർഷത്തോളമായി വിദേശങ്ങളിലും ഗസൽ കച്ചേരി ഇദ്ദേഹം നടത്തിയിരുന്നു.

വീട്ടിൽ ഉമ്മ വിളിക്കുന്ന ഓമനപ്പേരായിരുന്നു ഉമ്പായി. പിന്നീട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചുവന്ന ഈ പേര് അടുത്ത സുഹൃത്തും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്ത പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാം ആണ് വെള്ളിത്തിരയിലേക്ക് പകരുന്നതും. ജോണിന്റെ 'അമ്മ അറിയാൻ' എന്ന ചിത്രത്തിന്റെ ടൈറ്റിലിൽ ഈ പേര് തെളിഞ്ഞതോടെ ജനമനസ്സിലും ഈ ഗായകന് ഇതായി പേര്.

22 ഓളം ഗസലുകളുടെ ആൽബങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് ഉമ്പായി. നോവൽ എന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുകയും ആ പാട്ട് യേശുദാസ് പാടുകയും ചെയ്തു. ചലച്ചിത്ര മേഖലയിൽ നിന്നും നിരവധി ഓഫറുകൾ വന്നപ്പോഴും അതിൽ നിന്ന് മാറി നിന്നയാളാണ് ഉമ്പായി. കലാജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അങ്ങനെ ചെയ്താൽ തന്നിലെ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ മരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.

നാല് പതിറ്റാണ്ടായി ഹർമോണിയവും കീബോർഡുമായി ഗസൽ പാടി നടക്കുകയായിരുന്നു ഉമ്പായി. കല കലയ്ക്കുവേണ്ടിയെന്ന് വാദിച്ച കലാകാരൻ കൃത്രിമ സാങ്കേതിക രീതികളേയും വെറുത്തു. ആദ്യം കവിതകൾ തരാൻ മനസ്സുകാട്ടാതിരുന്ന ഒഎൻവിയും പി ഭാസ്‌ക്കരനും യൂസഫലി കേച്ചേരിയുമെല്ലാം പിൽക്കാലത്ത് മായമില്ലാത്ത ഗസലുകൾ കേട്ട് വാരിക്കോരി കവിതകൾ നൽകി.

ഇതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു ഒഎൻവി ഏറ്റവും ഇഷ്ടത്തോടെ എന്നും കേൾക്കുന്നതും അദ്ദേഹത്തിന്റെ തന്നെ കവിതയായ 'പാടുക സൈഗാൾ പാടുക...' എന്ന ഉമ്പായിയുടെ ഗസൽ തന്നെയെന്നത്. സച്ചിദാനന്ദൻ നാല്പതിലധികം കവിതകൾ പിന്നീട് നൽകിയപ്പോഴും കവികളുടെ ആഗ്രഹത്തിനനുസരിച്ച് സംഗീതം നിർവ്വഹിക്കാൻ ഈ കലാകാരൻ തയ്യാറായതുമില്ലെന്നതും ചർച്ചയായി. താൻ ചെയ്യുന്ന സംഗീതത്തിന്റെ സൗന്ദര്യ രഹസ്യം ആർക്കുമുന്നിലും പറയാനും ഉമ്പായി ഒരുക്കവുമായിരുന്നില്ല.

മലയാളം പോലെതന്നെ ഉർദു ഭാഷയിലുള്ള ഗസലുകളും ഇദ്ദേഹത്തിന് പാടാൻ ഏറെ ഇഷ്ടം. ഉർദു ഗസലുകൾ മലയാളികൾ എക്കാലത്തും ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണം അതിലെ വിരഹ തീവ്രതയായിരുന്നു. ഈ മേഖലയിലുള്ള ഗായത്രിയും മഞ്ജരിയും ശ്രീനിവാസുമെല്ലാം ഗസൽ സംഗീതം തനിക്ക് ശേഷം നിലനിർത്തും എന്നും വിശ്വസിച്ചാണ് ഉമ്പായി വിടപറയുന്നത്. വഴികാട്ടിയും റോൾ മോഡലും ഗസൽ ഗായകൻ മെഹ്ദി ഹസ്സൻ തന്നെയായിരുന്നു ഉമ്പായിക്ക്.

കുട്ടിക്കാലം മുതൽ ഉമ്പായി സംഗീതം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ ഉമ്മയല്ലാതെ മറ്റാരും ഇത് പ്രോത്സാഹിപ്പിച്ചില്ല. എല്ലാ എതിർപ്പുകളെയും അതിജീവിച്ചാണ് ഉമ്പായി തബല വായിക്കാൻ പോലും പഠിച്ചത്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ തീരുമാനിച്ച് മുംബൈ നഗരത്തിലേക്ക് യാത്രയായി.

ഒരിക്കൽ ഡൽഹിയിൽ ഒരു ഗാനസദസ്സിൽ ഹിന്ദി, ഉർദു ഗാനങ്ങൾ ഭംഗിയായി അവതരിപ്പിച്ചപ്പോൾ സദസ്സിന്റെ നിർബന്ധത്തിനു വഴങ്ങി ഭാർഗവീനിലയത്തിലെ 'താമസമെന്തേ വരുവാൻ' എന്ന ഗാനമാലപിച്ച് സദസ്സിന്റെ കയ്യടി വാങ്ങി. മലയാളത്തിൽ എന്തുകൊണ്ട് ഗസലുകൾ ആയിക്കൂടാ? എന്ന് ഈ ഗായകൻ ചിന്തിച്ചു തുടങ്ങിയത് ഈ സംഭവത്തിന് ശേഷമാണ്. തുടർന്ന് നിരവധി മലയാള ഗാനങ്ങൾ ഇത്തരത്തിൽ ഗസൽച്ഛായയുടെ തണുപ്പും നിലാവും പുതച്ചു. പ്രണയാതുര മലയാള ഗാനങ്ങളെ അങ്ങനെ ജനങ്ങളിലേക്ക് പുതുരൂപത്തിൽ എത്തിച്ച് ഉമ്പായി സംഗീത സദസ്സുകളിൽ നിറനിലവായി.

പ്രശസ്ത കവി ഹസ്രത് ജയപുരി രചിച്ച ഉർദു ഗസലുകളാണ് ആദ്യം പുറത്തിറങ്ങിയത്. മലയാളത്തിൽ പ്രണാമം, ഗസൽമാല, പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, നന്ദി പ്രിയസഖി നന്ദി, ഒരിക്കൽ നീ പറഞ്ഞു, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു, മധുരമീ ഗാനം, ഹൃദയരാഗം, ഒരുമുഖം മാത്രം എന്നിങ്ങനെ നിരവധി ആൽബങ്ങൾ. ആ ഗായകൻ വിടപറയുമ്പോഴും അനശ്വരമായി മുഴങ്ങാൻ സംഗീത ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ആയിരമായിരം ഈണങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP