Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്രം വിട്ടപ്പോൾ കാർട്ടൂൺ വര തടയാൻ കേസുമായി മനോരമ കോടതി കയറി; വിവാദ വിധിയിലൂടെ വര തടഞ്ഞ കോടതിക്കെതിരെ അപ്പീൽ പോകും മുമ്പ് സ്വയം വിട്ടുകൊടുത്തു മനോരമ തലയൂരി: അന്തരിച്ച ടോംസിനെ വളർത്തിയതും തളർത്തിയതും മനോരമ തന്നെ

പത്രം വിട്ടപ്പോൾ കാർട്ടൂൺ വര തടയാൻ കേസുമായി മനോരമ കോടതി കയറി; വിവാദ വിധിയിലൂടെ വര തടഞ്ഞ കോടതിക്കെതിരെ അപ്പീൽ പോകും മുമ്പ് സ്വയം വിട്ടുകൊടുത്തു മനോരമ തലയൂരി: അന്തരിച്ച ടോംസിനെ വളർത്തിയതും തളർത്തിയതും മനോരമ തന്നെ

കോട്ടയം: മലയാള ആക്ഷേപഹാസ്യ രംഗത്തെ കാരണവരെയാണ് കാർട്ടൂണിസ്റ്റ് ടോംസിന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടമായത്. ദ്വീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്നലെ വൈകീട്ടായിരുന്നു. മലയാളത്തിന്റെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളായ ബോബനും മോളിയുടെയും സൃഷ്ടാവായ അദ്ദേഹം ജീവിതത്തിൽ തികഞ്ഞൊരു പോരാളിയായിരുന്നു. മലയാള മനോരമയിലൂടെ തുടങ്ങി വളർന്ന് പന്തലിച്ച വ്യക്തിത്വമായിരുന്നു ടോംസിന്റേത്. അദ്ദേഹവും മനോരമയും തമ്മിൽ നടത്തിയ നിയമയുദ്ധവും ഏറെ പ്രശസ്തമാണ്. വി ടി തോമസ് എന്ന കുട്ടനാട്ടുകാരാനാണ് ടോംസ് എന്ന പേരിൽ അറിയപ്പെട്ടത്.

മലയാളമുള്ളിടത്തോളം കാലം ഓർത്തുചിരിക്കാൻ ബോബനും മോളിയും ഉപ്പായിമാപ്പിളയും അപ്പിഹിപ്പിയും ഉൾപ്പെടെയുള്ള കാർട്ടൂണ് കഥാപാത്രങ്ങൾ നര്മ്മം നിറച്ചുകൊണ്ടേയിരിക്കും. ടോംസിന്റെ സുപ്രധാന കാർട്ടൂൺ കഥാപാത്രങ്ങളായിരുന്നു ഇവർ. വളരെ യാദൃശ്ചികമായാണ് ടോംസിനെ മലയാളത്തിന് കാർട്ടൂണിസ്റ്റായി ലഭിക്കുന്നത്. ചക്കയ്ക്ക് വീഴാൻ മടിയായിരുന്നു, മുയലിന് ചാകാനും. എന്നിട്ടും അത് സംഭവിച്ചു. താൻ കാർട്ടൂണിസ്റ്റായത് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കുട്ടനാട് വെളിയനാട് ടോംസിന്റെ വീടിനടുത്ത് രണ്ട് കുസൃതിപ്പിള്ളേർ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ ഡിഗ്രി പഠനത്തിനുശേഷം ടോംസ് വീട്ടിൽ കഴിഞ്ഞിരുന്നകാലമായിരുന്നു അത്. മിക്കവാറും പകൽസമയങ്ങളിൽ ഉറക്കമായിരിക്കും. കുസൃതിപ്പിള്ളേരായ ബോബനും മോളിയും ഉറക്കത്തിന് ഭംഗം വരുത്തി വീടിന്റെ മുറ്റത്തുകൂടി നടക്കുക പതിവായിരുന്നു.ഈ നടത്തം മുടക്കാൻ, ഇവർ തന്റെ വീട്ടുമുറ്റത്തേയ്ക്ക് കയറുന്ന ഭാഗം ടോംസ് അടച്ചുകെട്ടി.കുട്ടികൾ, ടോംസിന്റെ പുരയിടത്തിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന മരത്തിലൂടെ കയറി പഴയപടിതന്നെ വീട്ടുമുറ്റത്തുകൂടി പോയി.

ഇവരുടെ നടപ്പും എടുപ്പും ടോംസ് എന്ന കാർട്ടൂണിസ്റ്റിനെ ഉണർത്തി. വരയ്ക്കുമെന്നറിഞ്ഞപ്പോൾ മോളിയാണ് ആദ്യം, തന്റെ ചിത്രം വരച്ചുതരാമോയെന്ന് ചോദിച്ചത്.നിഷ്‌കളങ്കബാല്യത്തിന്റെ നിർബന്ധത്തിൽ മോളി എന്ന കാർട്ടൂണ് കഥാപാത്രം പിറന്നു. മോളിയുടെ സഹോദരൻ ബോബനും ചിത്രം വേണമെന്നായി. അങ്ങനെയാണ് മലയാളിയുടെ പ്രിയപ്പെട്ട കാർട്ടൂണ് കഥാപാത്രങ്ങളായ ബോബനും മോളിയും ജന്മം കൊണ്ടത്. ഇത് മലയാളത്തിലെ ചരിത്ര മുഹൂർത്തമായി മാറുകയും ചെയ്തു.

പുരോഹിതനായ ജോസഫ് വടക്കുംമുറിയാണ് ടോംസിലെ കാർട്ടൂണിസ്റ്റിന് എന്നും വഴികാട്ടിയായി നിന്നത്. കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ അയക്കാൻ ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു. മനോരമ വാരികയിലാണ് ബോബനും മോളിയും ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പിന്നെയങ്ങോട്ട് ആസ്വാദകർക്ക് ടോംസിന്റെ കഥാപാത്രങ്ങളെ കാണാതെ വയ്യെന്നായി.

അതിശക്തമായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപ ശരങ്ങൾ. കാർട്ടൂണിലെ കൂരമ്പുകൾ കണ്ടവർ ആസ്വദിച്ച് ചിരിച്ചെങ്കിലും പലരും അദ്ദേഹത്തിനെതിരെയും തിരിഞ്ഞു. എ കെ ഗോപാലൻ, കെ കരുണാകരൻ, മത്തായി മാഞ്ഞൂരാൻ തുടങ്ങിയ പ്രമുഖർ ടോംസിനെതിരെ കേസ് കൊടുത്തു. സത്യം സത്യമായി കാർ്ട്ടൂണുകളിലൂടെ പറയുന്നതായിരുന്നും അവിടത്തെ പ്രശ്‌നം.

മനോരമയിൽ നിന്നു വിരമിച്ച ശേഷം കലാകൗമുദിയിൽ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാൻ ടോംസ് നടത്തിയപ്പോൾ ഉണ്ടായ കോലാഹലങ്ങൾ ഏറെ വിവാദമാണ്. ടോംസിന്റെ ഈ നീക്കത്തിനെതിരെ മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം മനോരമയിൽ ജോലി ചെയ്യുമ്പോൾ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാർട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇതോടെ മനോരമ കേസ് പിൻവലിച്ചു തടിയൂരുകയാണ് ഉണ്ടായത്. അന്ന് ഡോ. സെബാസ്റ്റ്യൻ പോൾ ടോംസിന്റേയും, ദണ്ഡപാണി മനോരമയുടേയും വക്കീലന്മാരായിരുന്നു.

പിന്നീട് ടോംസ് കോമിക്‌സ് ടോംസിന്റെ ഉടമസ്ഥതയിൽ ബോബനും മോളിയും മറ്റുകാർട്ടൂണുകളും പ്രസിദ്ധീകരിക്കുകയായിരുന്നു. ബോബനും മോളിയും പിന്നീട് സിനിമയും ആയി. ബോബനും മോളിയും എന്നതും പോലെ ടോംസിന്റെ ഓരോ കഥാപാത്രങ്ങളും ജീവനുള്ളവയായിരുന്നു. വീട്ടിലെ വരാന്തയിൽ മഴ കണ്ടിരുന്നപ്പോൾ വഴിതെറ്റിവന്നുകയറിയ വഴിപോക്കൻ, കല്യാണത്തിരക്കിൽ പൊങ്ങച്ചം കാണിച്ചവർ,സദസിൽ ബഡായി പറഞ്ഞ രാഷ്ട്രീയക്കാർ,അങ്ങനെ വീട്ടിലോ അയൽപക്കത്തോ വഴിയിലോ നിന്നൊക്കെയായി ടോംസിന്റെ മനസ്സിലേയ്ക്ക് കഥാപാത്രങ്ങൾ നടന്ന് കയറി. ഇത് മലയാളഇകളെ പിന്നീട് ഇന്നേവരെ മലയാളിയെ അവർ ചിരിപ്പിച്ചുകൊണ്ടേയിരുന്നു.

60 വർഷങ്ങൾക്ക് മുൻപാണ് വി.ടി തോമസ് എന്ന കാർട്ടൂണിസ്റ്റ്, ടോംസ് എന്ന പേരിൽ വരച്ചു തുടങ്ങിയത്. അദ്ദേഹത്തെ പ്രശസ്തിയുടെ വരപ്പൊക്കത്തിലേയ്ക്ക് കൈപിടിച്ചുകയറിയത് ബോബനും മോളിയുമെന്ന തലതെറിച്ച കൃസൃതികൾ. അവരെഅദ്ദേഹം കണ്ടെത്തിയത് അയൽപക്കത്തെ വീട്ടിൽനിന്നാണ്. കുട്ടനാട്ടിലെ ടോംസിന്റെ കുടുംബവീട്ടിൽ വാണം പോലെ കയറിയിറങ്ങി നടന്നവരായിരുന്നു കുസൃതികൾ.

ചില വേള കാർട്ടൂണ് വരയ്ക്കാനുള്ള ആശയങ്ങളും, അവരിൽനിന്ന് കണ്ടെത്തി. ആദ്യ രചന ഇങ്ങനെബോബനും മോളിയും കോഴിയെ വളർത്തുന്നു. പട്ടിയിൽ നിന്ന് രക്ഷപെടുത്താൻ കോഴിയെ കുട്ട കൊണ്ട് മൂടി.കുട്ട മറിഞ്ഞ് പോകാതിരിക്കാൻ കല്ല് പെറുക്കാൻ പോയ ഇരുവരേയും വെട്ടിച്ച് പട്ടി കുട്ടയിൽ കയറി.പിറ്റേന്ന് കുട്ട പൊക്കിനോക്കുമ്പോൾ കുറച്ച് എല്ലു മാത്രം ബാക്കി.

നാട്ടിലെ ഒരു തിരഞ്ഞെടുപ്പകാലത്താണ് പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണനേയും ഭാര്യയായ ചേടത്തിയേയും കിട്ടുന്നത്. തൂപ്പുകാരിയായ സ്ത്രീക്ക് വയസായപ്പോൾ തുണയായതാണ് ആൾ. നാട്ടിലെ കടത്തിണ്ണകളിൽ കുത്തിയിരുന്നാണ് ഇട്ടുണ്ണൻ സമയം കളഞ്ഞിരുന്നത്.അന്യനാട്ടിൽ നിന്ന് വന്ന ഒരാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുവെന്നായപ്പോൾ നാട്ടുകാർ കക്ഷിയെ സ്ഥാനാർത്ഥിയാക്കി. ആ വിഡ്ഡിയാനെ മാലയൊെക്ക ഇടീച്ച് കൊണ്ടുനടക്കുന്ന കാഴ്ചയിൽ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജനിക്കുന്നത്.

'അപ്പി ഹിപ്പി'യെ കിട്ടിയത് പിന്നീട് താമസമാക്കിയ കോട്ടയത്തു നിന്നാണ്. ഒരു സംഗീതപരിപാടിക്കിടയിൽ തലമുടി നീട്ടിവളർത്തിയ മുടിയുള്ള മെലിഞ്ഞയാൾ ഗിത്താർ വായിക്കുന്നു. അന്ന് രാത്രിയിൽ കേരളത്തിൽ ജ്വരമായിത്തുടങ്ങിയ 'ഹിപ്പിയിസം'വരയിൽ സംഭവമാക്കാൻ തീരുമാനിച്ചു. ആ ഹിപ്പിയിസം പിന്നീടെപ്പോഴൊക്കെയോ മലയാളിയുടെ അനുകരിക്കൽ സ്വഭാവത്തെ പരിഹസിച്ചുകൊണ്ടേയിരുന്നു. കാർട്ടൂണിലെ പ്രശസ്തനായ 'രാഷ്ട്രീയക്കാരനെ കണ്ടെത്തിയതല്ല പകരം പലരേയും ചേർത്ത് വച്ച് ഒപ്പിച്ചെടുത്തതാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

കൂടുതൽ തവണ വരച്ചിട്ടുള്ളത് കെ.എം മാണിയേയും കെ.കരുണാരനേയും. അതിനെ കുറിച്ച് കാർട്ടൂണിസ്റ്റ് പറയുന്നത് ഇങ്ങനെയാണ്:''ഏറ്റവും ഇഷ്ടമുള്ളവരെ കൂടുതൽ വിമർശിക്കും. ഒരിക്കൽ വേദിയിൽ കെ.എം മാണി സംസാരിക്കുകയായിരുന്നു. ''ഞാൻ മരിച്ചാൽ സ്വർഗത്തിൽ പോകും'.അത് കേട്ട് ടോംസ് വരച്ചുപോയി. ആ കഥ വരച്ചത് ഇങ്ങനെ. യേശുക്രിസ്തുവിനെ കുരിശിലേറ്റിയപ്പോൾ ഇരുവശത്തും രണ്ട് കള്ളന്മാരെ കുരിശിലേറ്റിയിരുന്നു. അതിലൊരു കള്ളനും സ്വർഗത്തിൽ പോയി.

ടോംസിന്റെ കഥാപാത്രങ്ങൾ എല്ലാംതന്നെ പിൽക്കാലത്ത് പുത്തൻ സാങ്കേതികവിദ്യയിലൂടെയാണ് പുറത്തുവന്നത്. 'ഡിജിറ്റലൈസേഷ'ന്റെ കാലത്ത് ഇനി ആശയം മാത്രം പുതുതായി സൃഷ്ടിച്ചാൽ മതി. കഥയും സംഭാഷണവും വേണം. സംവിധാനം ടോംസ് തന്നെ. സ്‌പൈഡർമാനെയും ഫാന്റത്തെയുമൊക്കെ സൃഷ്ടിച്ച പ്രതിഭാശാലികൾ എന്നേ മറഞ്ഞുപോയി. എന്നിട്ടും ആ കഥാപാത്രങ്ങൾ ജീവിക്കുന്നു.

ടോംസ് ന്യൂയോർക്കിലോ ലണ്ടനിലോ പാരീസിലോ ജനിക്കുന്നതിന് പകരം കുട്ടനാട്ടിൽ പിറന്നത് മലയാളിയുടെ ഭാഗ്യം. ത്രേസ്യാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. ഇവർക്ക് ആറു മക്കളുണ്ട്: ബോബൻ, ബോസ്, മോളി, റാണി, ഡോ. പീറ്റർ, ഡോ. പ്രിൻസി. ഒമ്പതുകൊച്ചുമക്കളും.

അറുപത് വർഷമായി മലയാളികളുടെ മനസിലേക്ക് ബോബനും മോളിയും എന്ന കാർട്ടൂൺ പരമ്പരയിലൂടെ പകർന്ന് നൽകിയ മഹാനായ വിപ്ലവകാരിയാണ് റ്റോംസ്. ബോബനും മോളിക്കും തുല്ല്യ പ്രാധാന്യമാണ് അദ്ദേഹം തന്റെ കാർട്ടൂണുകളിൽ നൽകിയിരുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ അനീതികൾക്കെതിരെ ഹാസ്യത്തിന്റെ മേമ്പാടിയുമായി റ്റോംസ് ഒരുക്കിയ ബോബനും മോളിയും പ്രായവ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിച്ചിരുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു. പുതു തലമുറയ്ക്ക് ഒരുപക്ഷെ ബോബനും മോളിയും അന്യമായിരിക്കും എന്നത് വാസ്തവമാണ്. ആനിമേഷന്റേയും, ദ്യശ്യമാദ്ധ്യമ രംഗത്തിന്റെയും കടന്നുവരവും അതിന് കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP