Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാടകത്തിൽ നിന്നും സിനിമയിലെത്തി; കച്ചവട സിനിമകൾക്കൊപ്പം കലാമൂല്യ ചിത്രങ്ങളുടെയും ഭാഗമായി; ബെൻ കിങ്സ്ലിയുടെ ഗാന്ധിയിലൂടെ ഹോളിവുഡിൽ; ഒടുവിൽ ശബ്ദം നൽകിയത് ജംഗിൾ ബുക്കിലെ ബഗീരക്ക് വേണ്ടി; പാക് മാദ്ധ്യമത്തോട് സംസാരിച്ചപ്പോൾ ഇസ്ലാം സ്വീകരിച്ചെന്ന് പ്രചരിപ്പിച്ചത് ശത്രുക്കൾ: നടൻ ഓംപുരിയുടെ ജീവിതം ഇങ്ങനെ

നാടകത്തിൽ നിന്നും സിനിമയിലെത്തി; കച്ചവട സിനിമകൾക്കൊപ്പം കലാമൂല്യ ചിത്രങ്ങളുടെയും ഭാഗമായി; ബെൻ കിങ്സ്ലിയുടെ ഗാന്ധിയിലൂടെ ഹോളിവുഡിൽ; ഒടുവിൽ ശബ്ദം നൽകിയത് ജംഗിൾ ബുക്കിലെ ബഗീരക്ക് വേണ്ടി; പാക് മാദ്ധ്യമത്തോട് സംസാരിച്ചപ്പോൾ ഇസ്ലാം സ്വീകരിച്ചെന്ന് പ്രചരിപ്പിച്ചത് ശത്രുക്കൾ: നടൻ ഓംപുരിയുടെ ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

മുംബൈ: നാടകത്തിൽ നിന്നും സിനിമയിൽ എത്തി, വിവിധ ഭാഷാ സിനിമകളിൽ തന്റെതായ വ്യക്തി മുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു വിടപറഞ്ഞ നടൻ ഓംപുരിയുടേത്. ബോളിവുഡ് സിനിമയിൽ എത്തിപ്പെട്ടാൽ പിന്നെ മറ്റ് ഭാഷാ സിനിമകളെ അവഗണിക്കുന്ന പതിവ് നടന്മാരുടെ ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഹിന്ദി സിനിമ കൂടാതെ മറാത്തി, പഞ്ചാബി, കന്നട, തമിഴ്, മലയാളം തുടങ്ങിയ ഇന്ത്യൻ ഭാഷകൾക്ക് പുറമേ ഹോളിവുഡ്, പാക്കിസ്ഥാനി ചിത്രങ്ങളിലും ഓം പുരി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കച്ചവട സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടനായിരുന്നു ഓംപുരി. നവസിനിമാ പ്രസ്ഥാനത്തിന്റെ മുന്നണിയിൽ നിന്നിരുന്നയാളാണ് അദ്ദേഹം. സന്തേയല്ലി നിന്ത കബിര, ടൈഗർ എന്നീ കന്നട ചിത്രങ്ങളിൽ അഭിനയിച്ചു കാണ്ടിരിക്കേയായിരുന്നു മരണം അദ്ദേഹത്തെ തേടിയെത്തിയത്. പഞ്ചാബിലെ നാടകവേദികളിൽ സാന്നിധ്യം അറിയിച്ചാണ് അദ്ദേഹം സിനിമാവേദിയിലേക്ക് ചുവടുവച്ചത്. പിന്നീട് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലൂടെ അഭിനയത്തിൽ തഴക്കവും പഴക്കവും നേടി. സ്വഭാവ നടനെന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റ പാത നാടകങ്ങളാണ് ഒരുക്കിക്കൊടുത്തത്.

പാട്യാലയിലെ കോളേജിൽ പഠിക്കുന്ന കാലത്ത് നാടകങ്ങളിൽ സജീവമായിരുന്നു ഓംപുരി. കോളേജ് യൂത്ത് ഫെസ്റ്റിവലിൽ നല്ല നടനുള്ള സമ്മാനം നേടിയ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ജഡ്ജിമാരിൽ ഒരാൾ അദ്ദേഹത്തെ തന്റെ നാടക സംഘത്തിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. പഞ്ചാബ് കലാ മഞ്ച് എന്ന ഈ നാടകസംഘത്തിലൂടെയായിരുന്നു ഓംപുരിനാടക രംഗത്ത് സജീവമാകുന്നത്.

സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. പഞ്ചാബിയും ഹിന്ദിയും മാത്രം അറിയുമായിരുന്ന അദ്ദേഹത്തിന് സ്‌കൂൾ ഓഫ് ഡ്രാമയിൽ ഭാഷ ഒരു പ്രശ്‌നമായിരുന്നു. ഇംഗ്ലീഷിലുള്ള സ്വാധീനക്കുറവു മൂലം അവിടുത്തെ പഠനം ഉപേക്ഷിക്കാൻ പോലും മുതിർന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ, ചില അദ്ധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങി അവിടെ തുടരുകയായിരുന്നു. എന്നാൽ, പിന്നീട് ഇംഗ്ലീഷിൽ 20ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു എന്നത് ചരിത്രം.

അഭിനയം കൊണ്ടു മാത്രമല്ല ശബ്ദം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹക്കിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമയിലും ഇതേ ശബ്ദമാണ് പ്രേക്ഷകർക്ക് കേൾക്കാനായത്. ഹോളിവുഡ് സംവിധായകൻ ജോൺ ഫവ്ര്യു ഒരുക്കിയ ഹോളിവുഡ് ചിത്രം ജംഗിൾ ബുക്കിന്റെ ഹിന്ദി പതിപ്പിന് വേണ്ടിയായിരുന്നു ഓം പുരി ശബ്ദം കൊടുത്തത്. ചിത്രത്തിൽ ബഗീരയുടെ കഥാപാത്രത്തിന് വേണ്ടി ശബ്ദം നൽകിയത് ഓം പുരിയാണ്. സിനിമയുടെ ഹോളിവുഡ് പതിപ്പിൽ ഇതേ കഥാപാത്രത്തിന് ശബ്ദം നൽകിയത് ബെൻ കിങ്‌സ്‌ലിയായിരുന്നു. ഇവിടെയും മറ്റൊരു അപൂർവനിമിഷത്തിന് ഈ കൂടിച്ചേരൽ വഴിയൊരുക്കി. 1982ൽ പുറത്തിറങ്ങിയ പ്രശ്‌സത ചിത്രം ഗാന്ധിയിൽ ബെൻകിങ്‌സ്‌ലിയും ഓം പുരിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഓസ്‌കാർ നേടിയ ഈ ചിത്രത്തിൽ ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള രംഗത്താണ് ഓംപുരി പ്രത്യക്ഷപ്പെടുന്നതെങ്കിലും ആരെയും വിസ്മയിപ്പിക്കുന്ന അസാമാന്യ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ആ ചിത്രത്തിലെ വേഷം തനിക്കുകിട്ടിയ ഏറ്റവും വലിയ ബഹുമതിയായിരുന്നെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

1988ൽ 'ഭാരത് ഏക് ഖോജ്' എന്ന ദൂരദർശൻ പരമ്പരയിലും 2003ൽ 'സെക്കൻഡ് ജനറേഷൻ' എന്ന ബ്രിട്ടീഷ് പരമ്പരയിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവകരിപ്പിച്ചിരുന്നു അദ്ദേഹം 1999ൽ 'ഈസ്റ്റ് ഈസ് ഈസ്റ്റ്' എന്ന ബ്രിട്ടീഷ് ചിത്രത്തിലെ പ്രകടനത്തിന് ബാഫ്റ്റ പുരസ്‌കാരവും ഓംപുരിയെ തേടിയെത്തി. അമോൽ പലേക്കർ, ശബാന ആസ്മി, സ്മിതാ പാട്ടീൽ, നസറുദ്ദീൻ ഷാ, ഫാറൂഖ് ഷെയ്ക്ക് എന്നിവർക്കൊപ്പം ഇന്ത്യൻ സമാന്തര സിനിമയിൽ നിറഞ്ഞു നിന്നിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മറ്റു ഭാഷകളിലെയും നവതരംഗത്തിന് ഊർജ്ജം പകരാൻ ഇവരുടെ ചിത്രങ്ങൾക്കായി. ആക്രോശ്, അർധസത്യ, ദ്രോഹ്കാൽ, മാച്ചിസ്, ഗിദ്ദ്, മിർച്ച് മസാല തുടങ്ങിയ ചിത്രങ്ങൾ ഓം പുരിയുടെ അതുല്യ പ്രകടനം കൊണ്ട് അവിസ്മരണീയങ്ങളാണ്. നന്ദിതയായിരുന്നു ഓംപുരിയുടെ ഭാര്യ. 1993ൽ വിവാഹിതരായ ഇവർ 2013ൽ വേർപിരിഞ്ഞു. 'അൺലൈക്ക്‌ലി ഹീറോ: ദ സ്‌റ്റോറി ഓഫ് ഓംപുരി' എന്ന ഓംപുരിയുടെ ജീവചരിത്രം നന്ദിത രചിച്ചിട്ടുണ്ട്. ഇഷാൻ പുരി ഏകമകനാണ്.

അതേസമയം സിനിമയ്ക്ക് പുറത്തും എപ്പോഴും വിഷയങ്ങളിൽ ഇടപെടുന്ന വ്യക്തിത്വമായിരുന്നു ഓംപുരിയുടേത്. സംഘപരിവാർ വിമർശകൻ കൂടിയായ അദ്ദേഹം ഇതിന്റെ പേരിൽ നിരന്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നു. പട്ടാളക്കാരെ അവഹേളിച്ചെന്ന വിധത്തിലും അദ്ദേഹം അടുത്തിടെ കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ബാരമുള്ള അക്രമത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഓം പുരി പട്ടാളക്കാർക്കെതിരെ പറഞ്ഞത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പട്ടാളക്കാരെ കുറിച്ചായിരുന്നു ചോദ്യം. അവരെ ആരും നിർബന്ധിച്ച് പട്ടാളത്തിലേക്കയച്ചതല്ലെന്നും തന്റെ പിതാവും പട്ടാളക്കാരനായിരുന്നുവെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നുമായിരന്നു ഓം പുരിയുടെ മറുപടി.

പാക്കിസ്ഥാൻ അഭിനേതാക്കൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഓംപുരി രംഗത്തെത്തിയിരുന്നു. അവർ അനധികൃതമായല്ല ഇന്ത്യയിൽ തങ്ങുന്നതെന്നും ഇന്ത്യാ സർക്കാർ അനുവദിച്ച വിസ അവർക്കുണ്ടെന്നുമായിരുന്നു ഓംപുരിയുടെ പരമാർശം. ഇതിന് തുടർച്ചയായാണ് അദ്ദേഹം പട്ടാളക്കാർക്കെതിരെയും രംഗത്ത് വന്നിരിക്കുന്നത്. ഇതിടിനെ പാക് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നല്കിയതുമായി ബന്ധപ്പെട്ടും മറ്റും അദ്ദേഹത്തിനെതിരെ വ്യാജവാർത്തകളും പ്രചരിക്കപ്പെട്ടു. ഇസ്ലാം മതം സ്വീകരിച്ചു എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഈവാർത്തകൾ നിഷേധിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഒടുവിൽ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP