Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദിലീപ് പറഞ്ഞു 'നഷ്ടമായത് എന്റെ കൂടപ്പിറപ്പിനെ'... പൊട്ടിക്കരഞ്ഞ് ഹരിശ്രീ അശോകൻ; സഹോദരനെ നഷ്ടമായ വേദനയിൽ മഞ്ജു വാര്യരും: ജനകീയ നടന്റെ വിയോഗത്തിൽ കണ്ണീർ വാർത്ത് സിനിമാലോകം

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദിലീപ് പറഞ്ഞു 'നഷ്ടമായത് എന്റെ കൂടപ്പിറപ്പിനെ'... പൊട്ടിക്കരഞ്ഞ് ഹരിശ്രീ അശോകൻ; സഹോദരനെ നഷ്ടമായ വേദനയിൽ മഞ്ജു വാര്യരും: ജനകീയ നടന്റെ വിയോഗത്തിൽ കണ്ണീർ വാർത്ത് സിനിമാലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കലാഭവൻ മണിയുടെ വിയോഗവാർത്ത മലയാള സിനിമാലോകത്തിന് അക്ഷരാർത്ഥത്തിൽ ഞെട്ടലാണ് സമ്മാനിച്ചത്. എല്ലാവരുടെയും പ്രിയങ്കരനായിരുന്ന മണിയുടെ വിയോഗം അറിഞ്ഞ് സിനിമാതാരങ്ങളിൽ പലരും നിയന്ത്രണം വിട്ടു കരഞ്ഞു. മരണ വാർത്തയറിഞ്ഞ് ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലേക്ക് ആദ്യം ഓടിയെത്തിയവരിൽ നടൻ ദിലീപും ഹരിശ്രീ അശോകനുമൊക്കെ ഉണ്ടായിരുന്നു. മണിയുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ഇവർക്ക് വിയോഗവാർത്ത താങ്ങാൻ സാധിച്ചില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എത്തിയ ദിലീപിനെ ലാൽജോസാണ് മൃതദേഹം കാണിക്കാൻ കൊണ്ടുവന്നത്. ദുഃഖം താങ്ങാനാവാതെ വാവിട്ട് നിലവിളിച്ചായിരുന്നു താരം എത്തിയത്. പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ട് ഹരിശ്രീ അശോകനും നിയന്ത്രണം വിട്ടു.

അമ്മ നേതാവ് ഇടവേള ബാബുവും ഇന്നസെന്റും എത്തിയാണ് ആശുപത്രിയിലെ കാര്യങ്ങൾ നോക്കിയത്. മിമിക്രി വേദികളിൽ മുതൽ മണിയുമായി ആത്മാർത്ഥ ബന്ധമാണ് നാദിർഷാ പുലർത്തിയിരുന്നത്. ദേ മാവേലി കൊമ്പത്ത് പാരഡി കാസറ്റിൽ മൂന്ന് പേരും ഒരുമിച്ചായിരുന്നു. അന്ന് മുതൽ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു ഇവർ. നടി മഞ്ജു വാര്യരും മണിയെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. ദിലീപും മഞ്ജു വാര്യരും ദാമ്പത്യ ബന്ധം പുലർത്തിയ വേളയിൽ ഈ കുടുംബവുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്നത് മണിയായിരുന്നു. കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയായിരുന്നു മണി. ദിലീപിന്റെയും മണിയുടെയും വളർച്ചയുടെ കാലഘട്ടവും ഒരേ വേളയിലായിരുന്നു. സല്ലാപം എന്ന സിനിമയിൽ മൂന്ന് പേരും ഒരുമിച്ച് അഭിനയിക്കുകയുമുണ്ടായി.

ചാലക്കുടിയിൽ ദിലീപിന്റെ തീയറ്റർ കോംപ്ലക്‌സ് പ്രവർത്തിച്ചിരുന്നു. ഇവിടെ ഈ തീയറ്റർ സ്ഥാപിക്കാൻ വേണ്ട സഹായങ്ങളും എല്ലാം ചെയ്തത് മണിയായിരുന്നു. അതുകൊണ്ട് തന്നെ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ദിലീപുമായി. മണി തന്റെ കൂടെപ്പിറപ്പാണെന്നാണ് ദിലീപ് പ്രതികരിച്ചതും. മണി കലാഭവനിലെത്തുമ്പോൾ ഞാൻ സിനിമയിൽ സഹസംവിധായകനായി പോന്നിരുന്നു. ഞങ്ങൾ മുൻപ് ഒരുമിച്ചു മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. മണി സ്റ്റേജിൽ അസാമാന്യ പ്രകടനം നടത്തുന്ന വ്യക്തിയായിരുന്നു. നമ്മൾ സിനിമാതാരങ്ങളെയും മറ്റും അനുകരിക്കുമ്പോൾ മണി പുലിയും പൂച്ചയും സിംഹവുമൊക്കെയായി വേദിയിൽ നിറയും. അതിസുന്ദരമായി പാടും. മണിയുടെ തന്നെ ട്രേഡ്മാർക്കിൽ ചിരിക്കും. ദിലീപ് പറയുന്നു.

സല്ലാപത്തിൽ അഭിനയിക്കുമ്പോഴുണ്ടായ അനുഭവവും ദിലീപ് പങ്കുവച്ചു. ഷൊർണൂർ ഗസ്റ്റ് ഹൗസിലെത്തുമ്പോൾ ഒരു മൂലയ്ക്ക് മാറി നിന്ന മണിയോടു ഞാൻ പറഞ്ഞു. ഈ സിനിമയോടെ നീ ശ്രദ്ധിക്കപ്പെടും. നിന്റെ വാക്ക് പൊന്നാകട്ടെയെടാ എന്നു പറഞ്ഞ് അന്നു മണിയെന്നെ കെട്ടിപ്പിടിച്ചു. ചില കാര്യങ്ങളിൽ വേഗം ദേഷ്യം വരുന്നവനാണ് മണി. എന്നാൽ എന്നോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. ഞാൻ പറഞ്ഞാൽ എന്തു കലഹവും നിർത്തും. എനിക്ക് മണിയൊരു സുഹൃത്തല്ലായിരുന്നു. എന്റെ കൂടെപ്പിറപ്പായിരുന്നു.

സുഹൃത്തുക്കൾക്കു വേണ്ടി മാത്രമാണ് മണി ജീവിച്ചത്. അവർക്കു വേണ്ടി വഴക്കിട്ടു. അവർക്കു വേണ്ടി നല്ല ഭക്ഷണങ്ങൾ വച്ചു നൽകി. അവരെ സന്തോഷിപ്പിച്ചു. അങ്ങനെ കൂട്ടുകാരുടെ സന്തോഷങ്ങളായിരുന്നു മണിയുടെ സന്തോഷം. കായികാഭ്യാസിയായിരുന്നു മണി. കുബേരൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എന്റെ ഒപ്പം നാലുപേരെ തോളിലിട്ട് അനായാസം നടന്നു നീങ്ങുന്ന മണിയുടെ കരുത്ത് ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. എത്ര റീ ടേക്ക് പറഞ്ഞാലും മണി തളരില്ല.

മണി ജീവനൊടുക്കിയെന്ന പ്രചരണത്തെയും ദിലീപ് തള്ളിക്കളഞ്ഞു. മണി ഒരിക്കലും അങ്ങനെ ചെയ്യില്ല. അവൻ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചതല്ല. ഒഴുക്കിനെതിരെ നീന്തിയവനാണ്. മനുഷ്യസ്‌നേഹിയും കുടുംബസ്‌നേഹിയുമാണ്. മകളെ അത്രമാത്രം അവൻ സ്‌നേഹിച്ചിരുന്നു. അങ്ങനെയൊരാൾ അതു ചെയ്യില്ല.ദിലീപ് തന്റെ സുഹൃത്തിനെ കുറിച്ച് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP