Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അക്ഷരശ്ലോകവും ചിത്രരചനയും ഇഷ്ടവിഷയങ്ങൾ; പി പരമേശ്വരനെ ഗുരുവായി കണ്ട് ഭാരതീയ വിചാരകേന്ദ്രത്തിനൊപ്പം സഞ്ചരിച്ചു; കോ-ലീ-ബി സഖ്യ സ്ഥാനാർത്ഥിയായി രാഷ്ട്രീയ കോളിളക്കമുണ്ടാക്കി; ബേപ്പൂർ സഖ്യത്തിലെ സാമ്പത്തികം പുറത്തു പറഞ്ഞ് വിവാദ പുരുഷനുമായി; ആതുരസേവനത്തിലൂടെ പാവങ്ങൾക്ക് താങ്ങും തണലുമായി; ഡോ കെ മാധവൻകുട്ടി പരിവാർ വഴിയിലൂടെ നടന്ന് നീങ്ങിയ ഭിഷഗ്വരൻ

അക്ഷരശ്ലോകവും ചിത്രരചനയും ഇഷ്ടവിഷയങ്ങൾ; പി പരമേശ്വരനെ ഗുരുവായി കണ്ട് ഭാരതീയ വിചാരകേന്ദ്രത്തിനൊപ്പം സഞ്ചരിച്ചു; കോ-ലീ-ബി സഖ്യ സ്ഥാനാർത്ഥിയായി രാഷ്ട്രീയ കോളിളക്കമുണ്ടാക്കി; ബേപ്പൂർ സഖ്യത്തിലെ സാമ്പത്തികം പുറത്തു പറഞ്ഞ് വിവാദ പുരുഷനുമായി; ആതുരസേവനത്തിലൂടെ പാവങ്ങൾക്ക് താങ്ങും തണലുമായി; ഡോ കെ മാധവൻകുട്ടി പരിവാർ വഴിയിലൂടെ നടന്ന് നീങ്ങിയ ഭിഷഗ്വരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോ-ലീ-ബി സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച് 1991ൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഡോക്ടറായിരുന്നു കെ. മാധവൻ കുട്ടി. കോഴിക്കോട്ടെ ചിന്താവളപ്പിലുള്ള പൂന്താനം വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു ഡോക്ടറുടെ മരണം. കേരളത്തിലെ അഞ്ചോളം മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച അദ്ദേഹം ആതുര സേവന മേഖലയിലും സ്വന്തം വഴിയിലൂടെ നടന്നു നീങ്ങി. പണം ഉണ്ടാക്കുന്നതിന് അപ്പുറം രോഗികളെ പരിചരിക്കലായിരുന്നു മാധവൻകുട്ടിക്ക് ഔദ്യോഗിക ജീവിതവും.

പരിവാർ പ്രസ്ഥാനമായ ഭാരതീയ വിചാര കേന്ദ്രം സ്ഥാപകധ്യക്ഷനെന്ന നിലയിലും മാധവൻ കുട്ടി സാമൂഹിക ഇടപെടലുകൾ നടത്തി. ഐഎംഎ ഉൾപ്പടെയുള്ള നിരവധി ഡോക്ടർമാരുടെ സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. 91ലെ ബേപ്പൂർ മണ്ഡലത്തിലെ കോലിബി സഖ്യസ്ഥാനാർത്ഥിയായിരുന്നു ഡോ. മാധവൻകുട്ടി. കോൺഗ്രസ്-മുസ്ലിം ലീഗ്-ബിജെപി കൂട്ടുകെട്ടിന്റെ സംയുക്ത സ്ഥാനാർത്ഥിയായിരുന്നു ഡോക്ടർ. ആദ്യം സ്വതന്ത്രനായാണ് മെഡിക്കൽ കോളജ് പ്രിസൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ച മാധവൻകുട്ടിയെ ബിജെപി ബേപ്പൂരിൽ മത്സര രംഗത്ത് ഇറക്കിയത്. ഈ നീക്കം രഹസ്യമായിട്ടായിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥിയായി എംപി ഗംഗാധരനും ബിജെപി സ്ഥാനാർത്ഥിയായി അഹല്യാശങ്കറുമായിരുന്നു ആ സമയം മത്സരരംഗത്തുണ്ടായിരുന്നത്. ഇവരുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് സ്വതന്ത്രനായ മാധവൻകുട്ടിയെ ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ബിജെപി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്രനായി മണ്ഡലത്തിൽ പത്രിക സമർപ്പിച്ചതെന്ന് മാധവൻ കുട്ടി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ബേപ്പൂരിൽ സിപിഎമ്മിലെ ടികെ ഹംസയോട് 6000ത്തോളം വോട്ടിന് മാധവൻകുട്ടി തോറ്റു. ബേപ്പൂരിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന വടകര ലോക്‌സഭാ മണ്ഡലത്തിൽ അഡ്വ എം രത്‌നസിങ് കോലിബി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

പിന്നീട് അന്നത്തെ പണമിടപാടുകളുടെ വെളിപ്പെടുത്തലുമായി മാധവൻ കുട്ടി രംഗത്തു വന്നിരുന്നു. കോലിബി സഖ്യം നടപ്പാക്കുന്നതിൽ ഏറ്റവും കുടുതൽ പണം കൈപ്പറ്റിയത് കോൺഗ്രസ് ആയിരുന്നുവെന്നായിരുന്നു മാധവൻകുട്ടിയുടെ വെളിപ്പെടുത്തൽ. ഈ കോ-ലീ-ബി സഖ്യത്തിൽ അതിനിർണ്ണായകമായത് കെ കരുണാകരന്റെ നിലപാടുകളായിരുന്നു. ആർഎസ്എസ് താത്വികാചാര്യൻ പി പരമേശ്വരനുമായി അടുത്ത ബന്ധം പുലർത്തിയ മാധവൻകുട്ടി പരിവാർ പ്രസ്ഥാനങ്ങളുമായി സഹകരിച്ചായിരുന്നു സാമൂഹിക ഇടപെടലുകൾ നടത്തിയിരുന്നത്. ഈ ബന്ധമാണ് ബേപ്പൂരിൽ മാധവൻ കുട്ടിയെ സ്ഥാനാർത്ഥിയാക്കിയത്. എങ്ങനേയും ഇടതുപക്ഷത്തിൽ നിന്ന് അധികാരം പിടിച്ചെടുക്കാനായി കെ കരുണാകരൻ നേരിട്ട് ഉണ്ടാക്കിയതായിരുന്നു കോ ലീ ബി സഖ്യമെന്നാണ് പിന്നീട് പുറത്തുവന്ന സൂചനകൾ.

1949ൽ മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. കെ. മാധവൻകുട്ടി അതേ കോളജിൽ തന്നെ ഫിസിയോളജി ട്യൂട്ടറായും പ്രവർത്തിച്ചു. 1953ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. 1953 മുതൽ 1957 വരെ സ്റ്റാൻലി മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1957 മുതൽ 1961 വരെ കോഴിക്കോട് മെഡിക്കൽ കോളജായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമേഖല. ആദ്യം പ്രൊഫസറായും പിന്നീട് വകുപ്പ് തലവനായും അദ്ദേഹം നിയമിതനായി. 1974 മുതൽ 1975 വരെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായും അദ്ദേഹം പ്രവർത്തിച്ചു. തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജുകളിലും പ്രിൻസിപ്പലായും ആലപ്പുഴ മെഡിക്കൽ കോളജിന്റെ ആദ്യ പ്രിൻസിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കോളജിൽ നിന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തിരുന്നു. 1945-1946, 1946-1948 വർഷങ്ങളിൽ ഇന്ത്യൻ സ്റ്റുഡന്റ്സ് കോൺഗ്രസിന്റെ സെക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ചു. 1977ൽ മ്യൂണിക്കിൽ നടന്ന ലോകഫിസിയോളജി കോൺഗ്രസിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. കേരള സർവകലാശാല സെനറ്റ് അംഗമായും സിന്റിക്കേറ്റ് അംഗമായും വിവിധ കാലയളവിൽ പ്രവർത്തിച്ചു. ഭാരതീയവിചാരകേന്ദ്രം സ്ഥാപക പ്രസിഡന്റായ അദ്ദേഹം മുപ്പത് വർഷക്കാലം അതേ പദവിയിൽ തുടർന്നു. ഭാരതീയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്രത്തിന്റെ ചെയർമാനായി വർഷങ്ങളോളം പ്രവർത്തിച്ചു. കേരള മെഡിക്കൽ കൗൺസിൽ പ്രസിഡന്റ് പദവിയിൽ പതിനഞ്ച് വർഷവും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗമായി പത്ത് വർഷവും ഇന്ത്യൻ സെന്റർ കൗൺസിൽ അംഗമായി 10 വർഷവും കോഴിക്കോട് ഐഐഎം അക്കാദമിക് കൗൺസിൽ അംഗമായി പത്തുവർഷവും പ്രവർത്തിച്ചു.

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായി നിൽക്കുന്നതിനൊപ്പം തന്നെ എഴുത്തിലും അദ്ദേഹം കഴിവുതെളിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി 78 പുസ്തകങ്ങളും 5500 ഓളം ലേഖനങ്ങളും അദ്ദേഹം എഴുതി. ആരോഗ്യം, ചികിത്സ, ഭാരതീയ ദർശനം എന്നീ മേഖലയുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ലേഖനങ്ങളുമായിരുന്നു അത്. മായില്ലീ കനകാക്ഷരങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥ.

അക്ഷരശ്ലോകത്തിൽ അതീവതല്പരനായിരുന്ന അദ്ദേഹം സ്വവസതിയായ പൂന്താനത്തിന്റെ മുറ്റം അക്ഷരശ്ലോകസദസ്സുകൾക്കായി മാറ്റിവെച്ചിരുന്നു. ചിത്രരചനയിലും താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമിയിൽ സംഘടിപ്പിച്ചിരുന്നു. സെമിനാറുകൾ സമ്മേളനങ്ങൾ എന്നിവക്കിടയിൽ പ്രസംഗങ്ങൾ കേൾക്കുന്ന സമയത്താണ് ഈ ചിത്രങ്ങൾ വരച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു.

1979ൽ മികച്ച മെഡിക്കൽ അദ്ധ്യാപകനുള്ള ഡോ. ബി.സി. റോയ് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1984ൽ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ പുരസ്‌കാരം, 1986ൽ എം.കെ. നമ്പ്യാർ നാഷണൽ ഐഎഎഎംഇ അവാർഡ്, മികച്ച ശസ്ത്രക്രിയ ഗ്രന്ഥത്തിലുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം, ഇന്ത്യൻ അസോസിയേഷൻ ഓഫ് ബയോമെഡിക്കൽ സയിന്റിസ്റ്റ്സ് ഏർപ്പെടുത്തിയ 2013ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP