Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാനമേളയിൽ പങ്കെടുത്ത് വീട്ടിലെത്തിയത് അതിരാവിലെ; കാഴ്ച വൈകല്യം പരിശോധിക്കുന്നതിനിടെ വെളിച്ചക്കുറവിന്റെ രൂപത്തിൽ മരണം വില്ലനായെത്തി; മാറിത്താമസിക്കാനിരുന്ന പുതുക്കിപ്പണിത വീട്ടിലേക്ക് എത്തിയത് ചേതനയറ്റ ശരീരവും; വൈക്കം വിജയലക്ഷ്മിക്ക് വിളക്കായ ഡോക്ടർ ശ്രീകുമാറിന്റെ പാരിജാതം കണ്ണീർപൂക്കൾ കൊണ്ട് നിറഞ്ഞപ്പോൾ

ഗാനമേളയിൽ പങ്കെടുത്ത് വീട്ടിലെത്തിയത് അതിരാവിലെ; കാഴ്ച വൈകല്യം പരിശോധിക്കുന്നതിനിടെ വെളിച്ചക്കുറവിന്റെ രൂപത്തിൽ മരണം വില്ലനായെത്തി; മാറിത്താമസിക്കാനിരുന്ന പുതുക്കിപ്പണിത വീട്ടിലേക്ക് എത്തിയത് ചേതനയറ്റ ശരീരവും; വൈക്കം വിജയലക്ഷ്മിക്ക് വിളക്കായ ഡോക്ടർ ശ്രീകുമാറിന്റെ പാരിജാതം കണ്ണീർപൂക്കൾ കൊണ്ട് നിറഞ്ഞപ്പോൾ

കോട്ടയം : പാരിജാതത്തിന്റെ മുറ്റത്ത് വിടർന്നത് കണ്ണീർപൂക്കൾ. കുടയംപടിയിൽ പണിതീർത്ത വസതിയിൽ ഒരു ദിനം പോലും അന്തിയുറങ്ങാൻ ഡോക്ടർ ശ്രീകുമാറിനായില്ല. കുടയംപടിയിൽ പുതുക്കിപ്പണിത വീട്ടിലേക്ക് ഇന്നു രണ്ടാം ശനിയാഴ്ച അവധിദിനമായതിനാൽ മാറിത്താമസിക്കാനിരുന്നതാണ് ഡോ ശ്രീകുമാറും ഭാര്യ ഡോ ശ്രീദേവിയും. പക്ഷേ വെള്ള പുതപ്പിച്ച ചേതനയറ്റ ശ്രീകുമാറിന്റെ ശരീരമാണ് പാരിജാതത്തിന്റെ അങ്കണത്തിലെത്തിയത്. അതോടെ അന്ത്യാഞ്്ജലി അർപ്പിക്കാനെത്തിയവർ വിങ്ങിപ്പൊട്ടി.

വൈക്കം വിജയലക്ഷ്മിയെ ഇത്തരിവെട്ടത്തിലേക്ക് കൈപിടിച്ച ഡോക്ടർ ശ്രീകുമാർ വെള്ളിയാഴ്‌ച്ച രാവിലെയാണ് രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് കുടയംപടിയിലെ പുതിയ വസതിയായ പാരിജാതത്തിലേക്ക് താമസം മാറുന്നതിനുള്ള ക്രമീകരണം നടത്തുന്നതിനിടെയാണ് ഹൃദയാഘാതം ആ ജീവൻ കവർന്നത്. വൈകുന്നേരത്തോടെ സ്പന്ദനം നിലച്ച ശരീരം പാരിജാതത്തിലെത്തിയപ്പോൾ അത് നാടിന്റെ വിങ്ങലായി മാറി. ശ്രീകുമാറിന്റെ ജീവിതത്തിലെ രണ്ടു പ്രധാന മോഹങ്ങൾക്കും വിജയം കാണാതെയാണ് യാത്രയാകുന്നത്. സ്വന്തമായി വീടു വാങ്ങി താമസിക്കുക, വൈകല്യമില്ലാത്ത നാടിനെ സൃഷ്ടിക്കുക ഇവയായിരുന്നു ഡോക്ടറുടെ സ്വപ്നം. രണ്ടും പാതിവഴിയിൽ ഉപേക്ഷിച്ച് ശ്രീകുമാർ യാത്രയായി.

ചെറുപ്പം മുതലേ ഗായകനായ ശ്രീകുമാർ നിരവധി ഗാനമേളകളിലും ഗാനമേള ട്രൂപ്പുകളിലും അംഗമായിരുന്നു. ഗായകൻ കൂടിയായ ഡോക്ടർ തന്റെ വീടിനു സമീപമുള്ള തിരുവാറ്റ ശ്രീരാമഹനുമാൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയിൽ പങ്കെടുത്ത് പാടിയശേഷം പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിലെത്തിയത്. രാവിലെ തന്നെ രോഗികളെ പരിശോധിക്കാൻ വിജയപുരം പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയിൽ എത്തുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ കാഴ്‌ച്ച വൈകല്യം പരിശോധിക്കുന്നതിനിടെ മുറിക്കുള്ളിൽ വെളിച്ചക്കുറവ് അനുഭവപ്പെടുന്നുവെന്നും പുറത്ത് ഇറങ്ങി നോക്കാമെന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടി നിന്നവർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.

ഹോമിയോ ഡോക്ടറായ ഭാര്യ ശ്രീവിദ്യയ്ക്കൊപ്പം നടത്തിയ ചികിത്സയെ തുടർന്നാണ് വൈക്കം വിജ്യലക്ഷ്മിക്ക് കാഴ്‌ച്ച തിരികെ ലഭിക്കുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങിയത്. ഇത് വാർത്തയായതോടെയാണ് ശ്രീകുമാർ ഡോക്ടറെയും അദ്ദേഹത്തിന്റെ നൂതന ചികിത്സാ ആശയവും പുറം ലോകം അറിയുന്നത്. ഇതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും രോഗികൾ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. പള്ളം ബ്ളോക്ക് പഞ്ചായത്തിന്റെയും വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഡോക്ടറുടെ ജൻവിജയ എന്ന വൈകല്യമുള്ളവരെ ചികിത്സിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ചികിത്സക്ക് ആവശ്യമായ പുതിയ കെട്ടിട നിർമ്മാണം തുടങ്ങാനിരിക്കെയാണ് ഡോക്ടർ വിടപറഞ്ഞത്. ഇന്ന് ഉച്ചകഴിഞ്ഞ് പാരിജാത്തിന് സമീപമുള്ള മാളിയേക്കൽ കുടുംബ വീട്ടിൽ സംസ്‌കാരം നടക്കും. വൈക്കം വിജയലക്ഷ്മി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഭാര്യ; ഡോ.എസ് ശ്രീവിദ്യ, കാലടി മഞ്ഞപ്ര കുന്നത്ത് കുടുംബാംഗമാണ്. മാന്നാനം കെഇ സ്‌കൂൾ വിദ്യാർത്ഥികളായ അബിരൂപ് ശ്രീ മാധവ്. ധൻവിൻ ശ്രീ മാധവ് എന്നിവരാണ് മക്കൾ.

അകാലത്തിൽ വിടപറഞ്ഞ ഡോക്ടറെ ഒരു നോക്കു കാണാനും യാത്രാമൊഴി നേരാനും നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും. ബന്ധുക്കളും പാരിജാതത്തിലേക്ക് ഒഴുകുകയാണ്. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ചയുടെ ലോകം കാട്ടിക്കൊടുക്കുന്നതിൽ വിജയം കൈവരിച്ചുകൊണ്ടിരുന്ന ഡോക്ടർ എന്ന നിലയിലാണ് ഡോക്ടർ ശ്ര്‌ദ്ധേയനായത്. തന്റെ ജിവിതത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമായിരുന്നു പാവപ്പെട്ട രോഗികളുടെ ചികിത്സ. വൈകല്യരഹിത ഗ്രാമം സ്വപ്നം കാണുകയും അതിനായി ഹോമിയോപ്പതിയിൽ പ്രത്യേക ചികിത്സാ രീതി ചിട്ടപ്പെടുത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. ശ്രീകുമാർ. അദ്ദേഹവും ഭാര്യ ശ്രീവിദ്യയും ഒരുമിച്ച് രൂപപ്പെടുത്തിയ ചികിത്സയിലൂടെ വൈകല്യത്തിൽ നിന്ന് മോചിതരായ രോഗികൾ അനേകം. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്ക് പൂർണമായും കാഴ്‌ച്ച തിരികെ ലഭിക്കുന്നത് കാണാൻ ഏറെ മോഹിച്ച ഡോക്ടർ ഒടുവിൽ ഭൂമിയിൽനിന്ന് വിടപറഞ്ഞപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നു.

വൈകല്യരഹിതഗ്രാമം സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഡോക്ടർ. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെ സമ്പൂർണ വൈകല്യ രഹിതമാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പദ്ധതി വിജയകരമായി മുന്നേറുന്നതിനിടയിൽ മരണം ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയപ്പോൾ തകർന്നത് ഒരു കുടംബമല്ല, അനേകം കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു. ഡോക്ടറുടെ ചികിത്സാവിധിപ്രകാരം നിരന്തരമായി ചികിത്സ നേടിയ ഏകദേശം 325 രോഗികളിൽ 320 പേരിൽ പുരോഗതി കണ്ടെത്തിയിരുന്നു. വൈക്കം വിജയലക്ഷ്മി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണം മാത്രം. ഏകദേശം പത്തുമാസം നീണ്ടു നിന്ന ചികിത്സയ്ക്കൊടുവിലായിരുന്നു വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇത്തരത്തിൽ അദ്ദേഹത്തിലൂടെ വൈകല്യങ്ങളിൽനിന്ന് മുക്തി നേടിയവർ ഇന്ന് ദുഃഖത്തിലാണ്.

വൈകല്യമില്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ഡോക്ടർ ദമ്പതികളുടെ വലിയ ആഗ്രഹമായിരുന്നു ജനിതക വൈകല്യമുൾപ്പെടെയുള്ള രോഗികൾക്കായി ഒരു ആശുപത്രി. ഇതിനായി ഹോമിയോ മേഖലയിൽ ആശുപത്രി ആരംഭിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തിനാൽ ഇന്നും ആ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരത്തിൽ അനേകം സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഡോക്ടർ ശ്രീകുമാർ വിടപറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP