Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു വളവിന്നപ്പുറം കൊക്കയിലേറ്റ് വഴി തെറ്റിക്കുവാൻ കാലനവൻ കയറുമായി കാത്തിരിപ്പുണ്ടെന്ന് എഴുതിയതിന് പിന്നാലെ പ്രിയതമയ്ക്ക് ദാരുണാന്ത്യം: മുളങ്കുന്നത്ത് കാവിലെ അപകടവളവിൽ ട്രെയിനിൽ നിന്നും വീണു മരിച്ച ഡോ. തുഷാരയുടെ കാര്യത്തിൽ ഡോ. അനൂപിന്റെ കവിതകൾ അറംപറ്റിയോ? പ്രിയങ്കരിയായ ഡോക്ടറുടെ വേർപാടിൽ വേദനയോടെ കൂട്ടുകാരും നാട്ടുകാരും

ഒരു വളവിന്നപ്പുറം കൊക്കയിലേറ്റ് വഴി തെറ്റിക്കുവാൻ കാലനവൻ കയറുമായി കാത്തിരിപ്പുണ്ടെന്ന് എഴുതിയതിന് പിന്നാലെ പ്രിയതമയ്ക്ക് ദാരുണാന്ത്യം: മുളങ്കുന്നത്ത് കാവിലെ അപകടവളവിൽ ട്രെയിനിൽ നിന്നും വീണു മരിച്ച ഡോ. തുഷാരയുടെ കാര്യത്തിൽ ഡോ. അനൂപിന്റെ കവിതകൾ അറംപറ്റിയോ? പ്രിയങ്കരിയായ ഡോക്ടറുടെ വേർപാടിൽ വേദനയോടെ കൂട്ടുകാരും നാട്ടുകാരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: 2017 നവംബർ 22 ന് ഡോ. അനൂപ് മുരളീധരൻ കൂടൽ വിധി എന്ന തലക്കെട്ടിൽ ഇങ്ങനെ കുറിച്ചു.

വിധിയെന്ന വഞ്ചകൻ
വിളിക്കാതെ പറയാതെ
വനെന്തും തട്ടിപ്പറിച്ചോടി-
മറയുമെന്നാണറിവ്
വിണ്ടും ഇക്കഴിഞ്ഞ ജനുവരി 19 ന് അരനാഴിക ദൂരം എന്ന തലക്കെട്ടിൽ അനൂപ് കുറിച്ചതിങ്ങനെ

അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാൻ
കാലനവൻ കയറുമായി
കാത്തിരുപ്പുണ്ടെന്ന്,
അരനാഴികദൂരമിനിയൊരിക്കലു
മെത്താത്ത ദൂരമാകുമെന്ന്!

ഇന്നലെ പുലർച്ചെ മൂന്നുമണി. മുളങ്കുന്നത്തുകാവിന് സമീപത്തെ കൊടുംവളവിൽ തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസ് എത്തിയപ്പോൾ അതിൽ നിന്ന് ഒരു വനിത പുറത്തേക്ക് തെറിച്ചു വീണു. ഒപ്പം യാത്ര ചെയ്തിരുന്ന കുട്ടികളും അവരുടെ ആയയും അവർ വീണതറിയാതെ യാത്ര തുടർന്നു. അമ്മയെ കാണാതെ വന്നതോടെ കുട്ടികൾ ബഹളം കൂട്ടി ഷൊർണൂരിൽ ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ പാളത്തിന് സമീപം മരിച്ചു കിടക്കുന്നുണ്ടായിരുന്നു ആ അമ്മ. ഡോ-തുഷാര.

മുകളിൽ പറഞ്ഞ രണ്ടു കവിതകളും എഴുതിയ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ. കവിതകളോട് എന്നും ഭ്രമമായിരുന്നു അനൂപിന്. തുഷാരയ്ക്ക് പാട്ടിനോടും. കല്ലേലി സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ആയിരുന്നു ഡോ. തുഷാര. കണ്ണൂരാണ് വീട്. പത്തനംതിട്ടയ്ക്കും പത്തനാപുരത്തിനും ഇടയിലുള്ള കൂടലിലാണ് ഡോ. അനൂപിന്റെ വീട്. ആയുവേദ മെഡിക്കൽ അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയായ ഡോ. അനൂപ് വീടിനോട് ചേർന്ന് തന്നെ ആയുർവേദ ക്ലിനിക് നടത്തുന്നു. മൂന്നു മക്കൾ: കാളിദാസ്, വൈഷ്ണവ്, വൈദേഹി.

സന്തുഷ്ട കുടുംബം. ഭർത്താവിന്റെ കവിതയും ഭാര്യയുടെ പാട്ടുമൊക്കെയായി ഈ കുടുംബം സസന്തോഷം മുന്നോട്ടു പോവുകയായിരുന്നു. അടുപ്പിച്ച് വന്ന അവധി ദിനങ്ങൾ കാരണം കുട്ടികളെയും കൂട്ടി കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ഡോ. തുഷാര. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിനേറ്റ പരുക്കാണ് മരണകാരണമായി പറയുന്നത്. ഡോക്ടർ ദമ്പതികളെ കുറിച്ച് നാട്ടുകാർക്കും തുഷാര ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെ കൂട്ടുകാർക്കും നല്ലതേ പറയാനുള്ളൂ.

സാത്വികനായ ഒരു മനുഷ്യനാണ് ഡോ. അനൂപ്. അതേ പോലെ തന്നെ ഡോ. തുഷാരയും. ഇവരുടെ മരണവാർത്ത നാടൊരു നടുക്കത്തോടെയാണ് കേട്ടത്. അതിലുപരി അനൂപിന്റെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് അമ്പരന്ന് നിൽക്കാനേ കഴിയുന്നുള്ളൂ. അനൂപിന്റെ കവിതകൾ കൃത്യമായി വായിക്കുന്ന സുഹൃത്തുക്കൾ ആ വരികൾ യാഥാർഥ്യമായത് കണ്ട് സഹതപിക്കുന്നു. അനൂപിന്റെ അരനാഴിക ദൂരം എന്ന കവിത വായിക്കാം.

അരനാഴിക ദൂരം
............................

വരികയായി ഞാൻ
പ്രിയേ,കാത്തിരിക്കുക
അരനാഴിക നേരംകൂടി നീ.
വെറുംവാക്കല്ല സഖീ ,
വരുന്നത് വെറുംകൈയോടുമല്ല.
നിനക്കേറയിഷ്ടമുള്ള,യരി
മുറുക്കിന്റെ പൊതിയുണ്ട്
മടിക്കുത്തിലൊപ്പമൊരു
ഡസൻ കരിവളയും !
ആശകളതിരുവിട്ടതുവഴി
യിതുവഴിയിറങ്ങിയോടുന്ന
മനസ്സുമായി വണ്ടിയിലക്ഷമ
നായിട്ടിരിക്കുന്നു ഞാനോമനേ!
അഴലെല്ലാം പാറ്റിപറത്തി
നീ അഴകോടിരിക്കണം.
മുടിയഴിച്ചിട്ടതിലൊരു
തുളസിക്കതിർ ചൂടണം.
കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ,
കിണ്ണത്തിലൊരു തവി
കഞ്ഞി കരുതിയേക്കണം.
പരിഭവിക്കണ്ട,പരിഭ്രമിക്കണ്ട
മറന്നിട്ടില്ലമ്മതൻ കുഴമ്പു
മച്ഛന്റെ ജാപ്പണം പൊയ്ലയും.
പിന്നെ,ചെലവ് ചുരുക്കണം,
മിച്ചം പിടിച്ചതുകൊണ്ടൊരു
കുറി നീ കൂടണം,മകളവൾ
പനപോലെ വളരുകയല്ലോ?
മഴയെത്തും മുമ്പേ മച്ചിലെ
ചോർച്ചകൾ മാറ്റണം,
ഓണത്തിനിക്കുറി നാമെല്ലാം
പുതുചേല ചുറ്റണം.
ഉഷ്ണം പുകയുന്നയുച്ചകൾ
മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ
നഷ്ടപ്പെടുന്ന പുലർച്ചകളും
സന്ധ്യകളും,
മാസാറുതികളിൽ
കഴുകി കമഴ്‌ത്തിയ കുടം
പോലെയാകുന്നു കീശ,
വെയിലത്തയയിലിട്ടുടുപ്പു
പോലുണങ്ങുന്നു ദേഹം!
അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാൻ
കാലനവൻ കയറുമായി
കാത്തിരുപ്പുണ്ടെന്ന്,
അരനാഴികദൂരമിനിയൊരിക്കലു
മെത്താത്ത ദൂരമാകുമെന്ന്!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP