Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹൃദയരുടെ ആത്മാവിൽ തൊട്ട മാന്ത്രിക സംഗീതജ്ഞൻ; ഗിറ്റാറിൽ മാസ്മരിക സംഗീതം വിടർത്തിയ എമിൽ ഐസക്‌സ് അന്തരിച്ചു; ഓർമയായത് യേശുദാസിന്റെയും ഉഷാ ഉതുപ്പിന്റെയും പ്രിയ ഗിറ്റാറിസ്റ്റ്

സഹൃദയരുടെ ആത്മാവിൽ തൊട്ട മാന്ത്രിക സംഗീതജ്ഞൻ; ഗിറ്റാറിൽ മാസ്മരിക സംഗീതം വിടർത്തിയ എമിൽ ഐസക്‌സ് അന്തരിച്ചു; ഓർമയായത് യേശുദാസിന്റെയും ഉഷാ ഉതുപ്പിന്റെയും പ്രിയ ഗിറ്റാറിസ്റ്റ്

കൊച്ചി: ഗിത്താറിസ്റ്റ് എമിൽ ഐസക്സ്(70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. യേശുദാസ്, പോപ് ഗായിക ഉഷാ ഉതുപ്പ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

യേശുദാസിന്റെ ഗിത്താറിസ്റ്റായായിരുന്നു ആദ്യ കാലങ്ങളിൽ ഐസക്സ് പ്രവർത്തിച്ചത്.പിന്നീട് കൊച്ചിൽ കലാഭവനിലെത്തി. അവസാന നാളുകളിൽ ഉഷ ഉതുപ്പിനൊപ്പം കൊൽക്കത്തയിലായിരുന്നു.നാളെ രാവിലെ പച്ചാളത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചക്ക് രണ്ടിനാണ് ഐസക്സിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക

പ്രഗൽഭ വയലിനിസ്റ്റ് ജോ ഐസക്കിന്റെയും ഗായിക എമിൽഡയുടെയും മൂത്ത മകനാണ് എമിൽ. സംഗീത സംവിധായകരായ ജോബും ജോർജും ഗായകരായ സി.ഒ.ആന്റോയും സീറോ ബാബുവുമൊക്കെ ഉൾപ്പെട്ട കൊച്ചിയിലെ ആസാദ് ക്ലബിൽനിന്ന് കടമെടുത്ത ഗിറ്റാറിൽ തുടങ്ങിയതാണ് എമിലിന്റെ യാത്ര. 1965ൽ സ്വന്തമായി ഗാനമേള ട്രൂപ്പ് ആരംഭിച്ച യേശുദാസ് എമിലിനെ ഗിറ്റാറിസ്റ്റാക്കി. മദ്രാസിൽ യേശുദാസിന്റെ വീട്ടിൽ താമസിച്ച് പ്രശസ്ത സംഗീതജ്ഞർക്കൊപ്പം പല റിക്കാർഡിങ്ങുകൾക്കും ഗിറ്റാർ വായിച്ചു. ബാബുരാജ്, ചിദംബരനാഥ്, ദേവരാജൻ തുടങ്ങി പല പ്രമുഖരോടൊത്ത് ജോലി ചെയ്തു.

സോജൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ 1965ൽ പിറന്ന വെസ്റ്റേൺ പോപ് ഗ്രൂപ്പ് ഫ്‌ളെമംഗോയുടെ ലീഡ് ഗിറ്റാറിസ്റ്റായി. വാൾട്സ്, ഫോക്സ് ട്രോട്ട്, ചാച്ച, ജൈവ്, ട്വിസ്റ്റ് തുടങ്ങിയ നൃത്തശാഖകളെ അടുത്തറിയാനും അതിനുതകുന്ന സംഗീതത്തെ മനസിലാക്കാനും ഇക്കാലത്ത് സാധിച്ചു. കൊച്ചി സീലോർഡിൽ പാടാൻ മുംബൈയിൽനിന്നു വന്ന മെർവിൻ റൂഫസിന്റെ ഗ്രൂപ്പിൽ അംഗമായി. 1968ൽ സ്വന്തം ട്രൂപ്പായ എലീറ്റ് എയ്സസ് രൂപീകരിച്ചു. ദേവാലയസംഗീത ശാഖകളിലും സജീവമായി. മൈക്കിളച്ചന്റേയും മനയ്ക്കലച്ചന്റേയും നേതൃത്വത്തിൽ നടന്നിരുന്ന ഭക്തിഗാനമേളകളുടെ റെക്കോർഡിങ്ങിന് മുന്നിൽനിന്നു.

1970 മുതൽ മൂന്നുവർഷം കലാഭവൻ നടത്തിയ മ്യൂസിക് നൈറ്റിൽ അറുപതോളം സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഓർക്കസ്ട്ര കണ്ടക്ട് ചെയ്ത് എമിൽ ചരിത്രം സൃഷ്ടിച്ചു. ജാനി ഉതുപ്പുമായുള്ള വിവാഹശേഷം ഉഷ ഉതുപ്പ് കൊച്ചിയുമായി ബന്ധം സ്ഥാപിച്ചത് എമിലിന്റെ സംഗീതത്തിന് ചിറകുകൾ നൽകി. 1973ൽ കോട്ടയത്ത് ഫൈൻ ആർട്സ് സൊസൈറ്റിയുടെ പരിപാടിക്കെത്തിയ ഉഷ എലീറ്റ് എയ്സസിലെ ടീമംഗങ്ങളെ ഒപ്പംചേർത്തു. ഉഷയുടെ ശുപാർശയിൽ എമിൽ കൊൽക്കത്തയിലെ ട്രിങ്കാസ് ഹോട്ടലിലും ബോംബെയിലെ ഷെറട്ടൺ ഹോട്ടലിലും ഗിറ്റാറിസ്റ്റായി.

ഉഷ ഉതുപ്പിന്റെ പല ആൽബങ്ങളിലും എമിലിന്റെ സംഗീതവും ഉൾച്ചേർന്നു. ഉഷ ഉതുപ്പ് സൗണ്ട് എന്ന ട്രൂപ്പിന് രൂപം നൽകിയ എമിൽ പതിറ്റാണ്ടുകളായി ഉഷയ്ക്കൊപ്പമായിരുന്നു. 1982 മുതൽ ഉഷ കൊൽക്കത്തയിൽ സ്ഥാപിച്ച സ്റ്റുഡിയോ വൈബ്രേഷൻസിലെ ചീഫ് സൗണ്ട് റെക്കോർഡിസ്റ്റായി. കൊച്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് ഭാര്യ ഹെലനൊപ്പം പിന്നീട് താമസം മാറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP