Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിടക്കയിൽ നിന്നെണീറ്റ് നിൽക്കാൻ കഴിയാത്ത ഇമാന്റെ ഭാരം കുറച്ചതും ജീവിത പ്രതിക്ഷ നൽകിയതും മുംബൈയിലെ ആശുപത്രി; പണത്തിന്റെ പേരിൽ സഹോദരിയുമായി തർക്കിച്ചപ്പോൾ ഇന്ത്യയെ തെറിവിളിച്ച് അബുദാബിക്ക് പോയി; എല്ലാം ശരിയായെന്ന പ്രഖ്യാപനങ്ങൾക്കിടെ അകാല ചരമം അടഞ്ഞ് ഈജിപ്ഷ്യൻ വനിത

കിടക്കയിൽ നിന്നെണീറ്റ് നിൽക്കാൻ കഴിയാത്ത ഇമാന്റെ ഭാരം കുറച്ചതും ജീവിത പ്രതിക്ഷ നൽകിയതും മുംബൈയിലെ ആശുപത്രി; പണത്തിന്റെ പേരിൽ സഹോദരിയുമായി തർക്കിച്ചപ്പോൾ ഇന്ത്യയെ തെറിവിളിച്ച് അബുദാബിക്ക് പോയി; എല്ലാം ശരിയായെന്ന പ്രഖ്യാപനങ്ങൾക്കിടെ അകാല ചരമം അടഞ്ഞ് ഈജിപ്ഷ്യൻ വനിത

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ്. ഇന്ത്യ സ്‌നേഹത്തോടെ ചികിൽസയ്ക്കായി സ്വീകരിച്ച യുവതി. 500 കിലോ ശരീരഭാരമുണ്ടായിരുന്ന ഇമാൻ, ഭാരം കുറയ്ക്കാനുള്ള ചികൽസയ്ക്ക് മുംബൈയിൽ എത്തിയിരുന്നു. മുംബൈയിലെ ആശുപത്രിയിലെ ചികിൽസയെ തുടർന്നു 170 കിലോ ആയി കുറഞ്ഞ ഈജിപ്ഷ്യൻ യുവതിയെ തുടർ ചികിൽസയ്ക്കായി അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വണ്ണം കുറഞ്ഞെന്ന മുംബൈ ആശുപത്രിയുടെ അവകാശവാദം തട്ടിപ്പാണെന്ന് ഇമാന്റെ സഹോദരി ഷൈമ ആരോപിച്ചിരുന്നു. തുടർന്നാണു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കം നടത്തിയത് എന്നൊരു ആരോപണവും നിലനിന്നിരുന്നു. എന്നാൽ ഇന്ത്യയിലെ ചികിൽസയിലൂടെ ഇമാന്റ് ആരോഗ്യ നില ഏറെ മെച്ചപ്പെട്ടിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ആശുപത്രിയിലെ ചികിൽസയുടെ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ഇമാനെ മുംബൈയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.

അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതുമൂലം വൃക്കയടക്കമുള്ള ആന്തരീകാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. 20 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമായിരുന്നു ഇമാനെ ചികിൽസിച്ചിരുന്നത്. മരണത്തിൽ ആശുപത്രി അധികൃതരും ഡോക്ടർമാരും ദുഃഖം രേഖപ്പെടുത്തി. അഞ്ഞൂറ് കിലോയിലേറെ വരുന്ന ശരീരഭാരം കാരണം 25 വർഷത്തോളം കിടക്കവിട്ട് എങ്ങും പോകാനാവാത്ത അവസ്ഥയിൽ കഴിഞ്ഞിരുന്ന ഈജിപ്ത് അലക്സാണ്ട്രിയ സ്വദേശിയായ ഇമാനെ ഫെബ്രുവരിയിലാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 11 വയസിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ഇമാന്റെ വലതു വശം തളർന്നിരുന്നു. വിഷാദം , രക്തസമ്മർദം തുടങ്ങിയ രോഗങ്ങളും ബാധിച്ചു. ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്ക് മുംബൈയിലെ ആശുപത്രിയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചതു മുതൽ ഇമാനും അവരെ ചികിത്സിക്കാമെന്ന് ഏറ്റവരും ശ്രദ്ധാകേന്ദ്രങ്ങളായി മാറുകയായിരുന്നു.

ഈ വർഷം ഫെബ്രുവരി 11ന് 504 കിലോ ശരീരഭാരവുമായി ഇമാൻ മുംബൈയിലെത്തിയത്. വിമാനത്തിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് ഇമാനെ പുറത്തെത്തിച്ചത്. മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലായിരുന്നു ചികിത്സ. ഇതിന് സഹായിച്ച ഇന്ത്യൻ, ഈജിപ്ഷ്യൻ സർക്കാരുകൾക്ക് വീഡിയോ സന്ദേശത്തിലൂടെ അവർ നന്ദിയറിയിച്ചു. ചികിത്സയ്ക്കായി ഇന്ത്യയിൽ നിന്ന് ഇമാന് സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. ഇന്ത്യയിലെ ചികിത്സഫലം കണ്ടു തുടങ്ങി. നൂറ് കിലോയാണ് ആദ്യ ദിവസങ്ങളിൽ തന്നെ ചികിത്സയുടെ ഭാഗമായി കുറഞ്ഞത്. ഭാരം 404 കിലോ. ഭാരം കുറക്കുന്നതിനായി പ്രത്യേക ശസ്ത്രക്രിയകൾ നടത്തി. ഇതിന്റെ ഭാഗമായി വയറ് 75 ശതമാനത്തോളമാണ് കുറച്ചത്. ഭക്ഷണ ക്രമത്തിലും നിയന്ത്രണങ്ങൾ വരുത്തി. ശസ്ത്രക്രിയയിലൂടെ ഭാരം 358 കിലോ വരെ കുറച്ചെന്ന് മുംബൈയിൽ ആശുപത്രിയിലെ ഡോക്ടർമാർ പ്രഖ്യാപിച്ചു . ഇമാനെ ചികിത്സിക്കുന്ന ആശുപത്രിയധികൃതരും ഡോക്ടറും കള്ളം പറയുകയാണെന്നാരോപിച്ച് ഇമാന്റെ സഹോദരി ഷൈമ സലീം രംഗത്ത്. എന്നാൽ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് കാണിച്ച് ഡോക്ടർമാർ ഇമാന്റെ വീഡിയോ പുറത്തിറക്കിയെങ്കിലും ബന്ധുക്കൾ ഇതും അംഗീകരിച്ചില്ല.

ബന്ധുക്കളുടെ തീരുമാന പ്രകാരം കൂടുതൽ ചികിത്സയ്ക്കായി ഇമാനെ യുഎഇയിലേക്ക് കൊണ്ടുപോയി. ഇറ്റലിയിൽ നിന്ന് പ്രത്യേക ഹൈഡ്രോളിക് സ്‌ട്രെക്ചർ യാത്രയ്ക്കായി ഇറക്കുമതി ചെയ്തു. ഈജിപ്ത് എയർ കാർഗോയുടെ വിമാനത്തിലായിരുന്നു യാത്ര. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയുടെ ഫലമായി വലത്തെ കൈ മുകളിലേക്കുയർത്താൻ സാധിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം വായിലൂടെ ഇമാൻ വീണ്ടും ഭക്ഷണം കഴിച്ചു. ഇമാൻ കൈകൾ ഉയർത്താനും കൈകൾ കൊണ്ട് ഭക്ഷണം കഴിക്കാനും തുടങ്ങി. പരസഹായമില്ലാതെ ഇരിക്കാനും സാധിച്ചു. സെപ്റ്റംബർ 11ന് ആശുപത്രിയിൽ വച്ച് 37ാം പിറന്നാൾ ആഘോഷം. അമ്മയും സഹോദരങ്ങളും ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുത്തു. മലയാളി വ്യവസായിയായ യൂസഫലിയുടെ മരുമകൻ ഷംസീർ വയലിന്റെ ആശുപത്രിയിലായിരുന്നു ഇമാൻ അബുദാബിയിൽ ചികിൽസ്‌ക്ക് വിധേയമായത്. എല്ലാം ശരിയായെന്ന സൂചനകളാണ് പിറന്നാൾ ആഘോഷ ഘട്ടത്തിൽ പോലും ആശുപത്രി നൽകിയത്.

എന്നാൽ പെട്ടെന്ന് എല്ലാം മാറി മറിഞ്ഞു. സന്തോഷം ദുഃഖത്തിന് വഴിമാറി. ഹൃദ്രോഗവും കിഡ്‌നിയിലെ തകരാറും മൂലം ഇന്നലെ പുലർച്ചെയാണ് ഈജിപ്ഷ്യൻ യുവതി ഇമാൻ അബ്ദുൽ ആറ്റി മരണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിതയായിരുന്നു ഇമാൻ. ഭാരക്കൂടുതലും വിഷാദരോഗവും ബാധിച്ച് അനങ്ങാൻ പോലും ബുദ്ധിമുട്ടിയ ഇമാന്റെ ശരീരഭാരം നൂറുകിലോയോളം കുറച്ചത് ഇന്ത്യയിലെ ചികിത്സയുടെ ഫലമായാണ്. കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലും ഇമാന് തുണയായി. യുഎഇയിലെ ചികിത്സയും ഫലം കണ്ടു തുടങ്ങിയതോടെ സാധാരണ ജീവിതം സ്വന്തമാക്കാമെന്നായിരുന്നു ഈ മുപ്പത്തേഴുകാരിയുടെ പ്രതീക്ഷ. അതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നത്.

2016ലാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായി 36ാം വയസിൽ ഇമാനെ പ്രഖ്യാപിച്ചത്. അന്ന് അഞ്ഞൂറ് കിലോ ആയിരുന്നു ഇമാന്റെ ഭാരം. ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ചികിത്സയ്ക്കായി ഇമാന് സഹായം വാഗ്ദാനം ചെയ്തു. അലക്‌സാണ്ട്രിയയിലെ വീട്ടിൽ നിന്ന് 25 വർഷമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു അപ്പോൾ ഇമാൻ. ഡോക്ടറുടെ അഭ്യർത്ഥന പരിഗണിച്ചാണ് സുഷമ ഇമാനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. അങ്ങനെയാണ് ചികിൽസയ്ക്ക് മുംബൈയിലെത്തിയതും. പിന്നീട് ലോകം മുഴുവൻ ഇമാന് വേണ്ടി പ്രാർത്ഥനയിൽ മുഴുകിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP