Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നരമാസത്തെ കാത്തിരുപ്പിനു ശേഷം മകന്റെ മൃതദേഹം എങ്കിലും കാണാൻ കഴിഞ്ഞ ആശ്വാസത്തിൽ ഈ അപ്പനും അമ്മയും; കുട്ടനാട്ടിൽ നിന്നും പഠിക്കാനായി യുകെയിലേക്കു പോയ മലയാളി വൈദികന്റെ മൃതദേഹം നാട്ടിലെത്തി; സംസ്‌കാരം നാളെ

ഒന്നരമാസത്തെ കാത്തിരുപ്പിനു ശേഷം മകന്റെ മൃതദേഹം എങ്കിലും കാണാൻ കഴിഞ്ഞ ആശ്വാസത്തിൽ ഈ അപ്പനും അമ്മയും; കുട്ടനാട്ടിൽ നിന്നും പഠിക്കാനായി യുകെയിലേക്കു പോയ മലയാളി വൈദികന്റെ മൃതദേഹം നാട്ടിലെത്തി; സംസ്‌കാരം നാളെ

മറുനാടൻ മലയാളി ബ്യൂറോ

കുട്ടനാട്: ബന്ധുക്കളുടെയും നാട്ടുകാരുടെയും 44 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്‌കോട്‌ലാൻഡിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറ(33)യുടെ മൃതദേഹം നാട്ടിലെത്തിച്ചു.

രാവിലെ 9.30 നു നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം പന്ത്രണ്ടരയോടെ പുളിങ്കുന്ന് കണ്ണാടിയിലുള്ള വീട്ടിലെത്തും. മൂന്നു മണിവരെ മൃതദേഹം പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കുമായി വീട്ടിൽ വയ്ക്കും. വൈകിട്ട് അഞ്ചിനു ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിക്കും. തുടർന്നു തിരുഹൃദയ ദേവാലയത്തിൽ പൊതുദർശനം.

രാത്രി ഒൻപതിനു സമീപത്തുള്ള ചാപ്പലിലേക്കു മൃതദേഹം മാറ്റും. ഇവിടെയും പൊതുദർശനത്തിനുള്ള സൗകര്യമുണ്ട്. നാളെ രാവിലെ കുർബാനയ്ക്കു ശേഷം എട്ടിനു മൃതദേഹം വീണ്ടും തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റും. 11 നു കുർബാനയെ തുടർന്നു സംസ്‌കാരച്ചടങ്ങുകൾ. ജൂൺ 20 നാണു ഫാ. മാർട്ടിനെ എഡിൻബറയിൽ കടൽത്തീരത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണകാരണം കണ്ടെത്താനുള്ള അന്വേഷണം നീണ്ടതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകുകയായിരുന്നു. ലോക്കൽ പൊലീസും സ്‌കോർട്ലൻഡ് സിഐഡി വിഭാഗവും അന്വേഷണം നടത്തിയെങ്കിലും മരണകാരണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫാ. മാർട്ടിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ സാധിക്കാതിരുന്നതും അന്വേഷണത്തെ ബാധിച്ചു.

മരണകാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും മൂന്നുനാലു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമെന്നു കരുതുന്നതായും, ഫാ. മാർട്ടിന്റെ കേസുമായി ബന്ധപ്പെട്ടു സ്‌കോർട്ലൻഡിലെ നടപടികൾക്കു സിഎംഐ സഭയും ബന്ധുക്കളും ചുമതലപ്പെടുത്തിയ ഫാ. ടെബിൻ പുത്തൻപുരയ്ക്കൽ ബന്ധുക്കളെ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ നിരന്തര സമ്മർദത്തിന്റെ ഫലമായി ആന്തരിക അവയവങ്ങളുടെ സാംപിൾ ശേഖരിച്ചശേഷം മൃതദേഹം വിട്ടുനൽകാൻ സ്‌കോർട്ലൻഡ് കോടതി ഉത്തരവിടുകയായിരുന്നു.

പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ മാമ്മച്ചന്റെയും പരേതയായ മറിയാമ്മയുടെയും ഇളയ മകനാണു ഫാ. മാർട്ടിൻ വാഴച്ചിറ. മറിയാമ്മ സേവ്യർ (ജയമ്മ), തോമസുകുട്ടി സേവ്യർ (ലാലിച്ചൻ), ജോസഫ് സേവ്യർ (ജോച്ചൻ), ആന്റണി സേവ്യർ (തങ്കച്ചൻ), റോസമ്മ സേവ്യർ, റീത്താമ്മ സേവ്യർ, പരേതയായ ആൻസമ്മ സേവ്യർ എന്നിവരാണു സഹോദരങ്ങൾ. രോഗിയായി കിടക്കുന്ന പിതാവ് തോമസ് സേവ്യറിനോടു മകൻ മരിച്ച വിവരം രണ്ടാഴ്ച മുൻപാണു ബന്ധുക്കൾ അറിയിച്ചത്.

പുളിങ്കുന്ന് അമലോദ്ഭവ എൽപി സ്‌കൂളിലും സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലും മാന്നാനം കെഇ സ്‌കൂളിലുമായിരുന്നു ഫാ. മാർട്ടിന്റെ പ്രാഥമിക പഠനം. ചങ്ങനാശേരി എസ്ബി കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും ബെംഗളൂരു ധർമാരം വിദ്യാക്ഷേത്രത്തിൽനിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടി.

ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ ഡീക്കനായി ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചു. പുളിങ്കുന്ന് ആശ്രമദേവാലയത്തിൽ 2013 ഡിസംബർ 28നു തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രനിൽനിന്നു വൈദിക പട്ടം സ്വീകരിച്ചു. തുടർന്നു ചെത്തിപ്പുഴ തിരുഹൃദയ ഇടവക പള്ളിയിൽ സഹവികാരിയായിരിക്കെയാണ് ഉപരിപഠനത്തിനായി സ്‌കോട്ലൻഡിലേക്കു പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP