Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജാതിയുടെ പേരിൽ വീതംവച്ചപ്പോൾ മന്ത്രിയാകാനുള്ള അർഹത നഷ്ടപ്പെട്ടു; കെപിസിസി പ്രസിഡന്റ് ആക്കാമെന്നു പറഞ്ഞ നേതാക്കൾ അവസാന നിമിഷം പാലം വലിച്ചു; സ്പീക്കർ പദവി ഒഴിയാൻ മോഹിച്ചപ്പോൾ മന്ത്രിയാകാൻ ചരടുവലിയെന്നു മാദ്ധ്യമങ്ങൾ എഴുതി; സൗമ്യതയുടെ പ്രതീകത്തിനു പറയാൻ ഏറെ പരിഭവങ്ങളും ബാക്കി

ജാതിയുടെ പേരിൽ വീതംവച്ചപ്പോൾ മന്ത്രിയാകാനുള്ള അർഹത നഷ്ടപ്പെട്ടു; കെപിസിസി പ്രസിഡന്റ് ആക്കാമെന്നു പറഞ്ഞ നേതാക്കൾ അവസാന നിമിഷം പാലം വലിച്ചു; സ്പീക്കർ പദവി ഒഴിയാൻ മോഹിച്ചപ്പോൾ മന്ത്രിയാകാൻ ചരടുവലിയെന്നു മാദ്ധ്യമങ്ങൾ എഴുതി; സൗമ്യതയുടെ പ്രതീകത്തിനു പറയാൻ ഏറെ പരിഭവങ്ങളും ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു ജി കാർത്തികേയനെന്ന നേതാവ്. ജാതിയുടെയും മതത്തിന്റെയും തട്ടിൽ അളന്നുതൂക്കിയപ്പോൾ അർഹമായ പല സ്ഥാനങ്ങളും നഷ്ടപ്പെട്ടു ഈ ജനനേതാവിന്.

മന്ത്രിസ്ഥാനങ്ങളിലേക്കുള്ള ചരടുവലികൾക്കിടയിൽ പുറന്തള്ളപ്പെട്ടപ്പോൾ ജി കാർത്തികേയനെന്ന മികച്ച മന്ത്രിയെയാണ് കേരളത്തിന് ഇത്തവണ നഷ്ടമായത്. ജാതിസമവാക്യങ്ങൾ മന്ത്രിസ്ഥാനങ്ങൾ വരെ നിർണയിച്ചപ്പോഴാണ് അർഹതപ്പെട്ട മന്ത്രിസ്ഥാനം ജി കാർത്തികേയനിൽ നിന്ന് തട്ടിത്തെറിപ്പിക്കപ്പെട്ടത്.

മറ്റുള്ളവർക്കുവേണ്ടി വഴിമാറിക്കൊടുത്ത ജി കാർത്തികേയന് കെപിസിസി പ്രസിഡന്റു സ്ഥാനമാണ് മുതിർന്ന നേതാക്കൾ വാഗ്ദാനം ചെയ്തത്. എന്നാൽ, കൂടെ നിന്നു പാലം വലിക്കാൻ പണ്ടുമുതലേ പഠിച്ച കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ജി കാർത്തികേയന്റെ കാര്യത്തിലും നടപ്പിലാക്കി. ഫലമോ, അർഹതപ്പെട്ട മറ്റൊരു സ്ഥാനത്തു നിന്നും ജി കാർത്തികേയൻ തൂത്തെറിയപ്പെട്ടു. കെപിസിസി പ്രസിഡന്റായി മികച്ച ഭരണം കാഴ്ചവയ്‌ക്കേണ്ട അദ്ദേഹത്തെ ചില നേതാക്കളുടെ ഇടപെടലാണ് ആ സ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് വസ്തുത. എന്നാൽ ആരോടും പരിഭവമോ പരാതിയോ പറയാതെ പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ പ്രതിജ്ഞാബദ്ധനാണ് താനെന്ന നിലപാടാണ് ജി കാർത്തികേയൻ കൈക്കൊണ്ടത്. കോൺഗ്രസുകാരൻ എന്ന നിലയിലാണ് അദ്ദേഹം കെപിസിസി പ്രസിഡന്റ് ആകാൻ ആഗ്രഹിച്ചത്. അക്കാര്യം തുറന്നമനസോടെ സുഹൃത്തുകളോടും നേതാക്കളോടും പങ്കുവച്ചു. എന്നാൽ ആ സ്ഥാനം ചില കോണുകളിൽ നിന്നുള്ള എതിർപ്പിനാൽ കിട്ടാതെ പോയപ്പോൾ ആരോടും പരിഭവിച്ചില്ല. മാന്യനായ വ്യക്തിയാണ് താനെന്നു വീണ്ടും തെളിയിക്കുകയായിരുന്നു അദ്ദേഹം.

ഒടുവിൽ സ്പീക്കർ പദവി നൽകിയപ്പോഴും ശക്തമായ നിലപാടുകളും തീരുമാനങ്ങളുമെടുത്ത് അദ്ദേഹം തന്റെ പദവിയോടു നീതി പുലർത്തി. ഭരണപക്ഷത്തിന്റെ കളിപ്പാവയായി മാറാതെ മികച്ച സ്പീക്കർ എന്നു പേരെടുക്കാനും അദ്ദേഹത്തിനായി. തന്റെ ആരോഗ്യസ്ഥിതിയും മറ്റും കണക്കിലെടുത്ത് സ്പീക്കർ പദവി ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചപ്പോഴും അദ്ദേഹം വിവാദങ്ങളിൽപ്പെട്ടു.

ഇക്കുറി അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത് മാദ്ധ്യമങ്ങൾ കൂടിയാണ്. മന്ത്രിയാകാനുള്ള ആഗ്രഹമാണ് സ്പീക്കർ പദവി ഒഴിയാനുള്ള താൽപര്യമെന്നു മാദ്ധ്യമങ്ങൾ എഴുതി. ഇതിനായി കാർത്തികേയൻ ചരടുവലികൾ തുടങ്ങിയതായി നിറംപിടിപ്പിച്ച കഥകൾ മാദ്ധ്യമങ്ങൾ എഴുതിക്കൂട്ടി. സ്വന്തം പാർട്ടിയിലെ സുഹൃത്തുക്കൾ തന്നെയാണ് അദ്ദേഹത്തിനെതിരായ കഥകൾ മാദ്ധ്യമങ്ങൾക്കു നൽകിയതും. ക്യാൻസർ നൽകിയ വേദനയേക്കാളും ഒപ്പമുള്ളവർ എയ്യുന്ന ഒളിയമ്പുകളായിരുന്നു കാർത്തികേയനെ ഏറെ വേദനിപ്പിച്ചത്.

എന്നാൽ, ആരോടും പരിഭവം പറയാതെ തന്റെ മുഖത്തെ ശാന്തത കൈവിടാതെ തന്നെ ജി കാർത്തികേയൻ തന്റെ പദവിയിൽ തുടരുകയായിരുന്നു. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല താൻ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സ്ഥാനങ്ങൾക്കു വേണ്ടി എന്തും ചെയ്യുന്ന കോൺഗ്രസുകാരിൽ നിന്ന് അദ്ദേഹം തികച്ചും വ്യത്യസ്തനായിരുന്നു. കെ എസ് യുവിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള അവഗണനകളോടും പടവെട്ടിയാണ് ജി കാർത്തികേയൻ എന്ന നേതാവ് കരുത്തനായത്. മനംമടുത്ത് വിദ്യാർത്ഥിരാഷ്ട്രീയം ഉപേക്ഷിച്ച് മറ്റ് ജോലി തേടിപ്പോകുന്നതിനെക്കുറിച്ച് വരെ ജി കാർത്തികേയൻ ആലോചിച്ചിട്ടുണ്ട്. പക്ഷേ കെ കരുണാകരൻ ജി കാർത്തികേയനെന്ന നേതാവിനെ പിടിച്ചുനിർത്തുകയായിരുന്നു.

ഇന്ദിരാഗാന്ധി ഡൽഹിയിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ പങ്കെടുത്ത നാലുപേരിൽ ഒരാൾ ജി കാർത്തികേയനായിരുന്നു. ഐ ഗ്രൂപ്പിന്റെ വിദ്യാർത്ഥിയുവജനവിഭാഗത്തിന്റെ അമരക്കാരനായി ജി കാർത്തികേയൻ പിന്നീട് മാറി. കേരളത്തിലങ്ങോളമിങ്ങോളം വിദ്യാർത്ഥികളെയും യുവജനങ്ങളെയും സംഘടിപ്പിക്കാൻ ജി കെ ഒപ്പം കൂടി. ഘടകകക്ഷികളെ ഒഴിവാക്കി കോൺഗ്രസ് മാത്രം ഭരിക്കണമെന്ന് വാദിക്കുന്ന ഏകകക്ഷിഭരണ സിദ്ധാന്തത്തിന് പിന്നിലും ജി കാർത്തികേയനെന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു.

തന്റെ കൂടി കരുത്തിൽ 92ലെ സംഘടനാ തിരഞ്ഞെടുപ്പിൽ ഐക്കാർ ജയിച്ചെങ്കിലും കെപിസിസി പ്രസിഡന്റ് പദം കാർത്തികേയന് കിട്ടിയില്ല. കരുണാകരൻ കോൺഗ്രസ് വിട്ടപ്പോഴും ആ സ്ഥാനത്തേയ്ക്ക് കാർത്തികേയനെ പരിഗണിച്ചില്ല. 2014ലും ചരിത്രം ആവർത്തിച്ചു. പാർട്ടി തന്ന അവസരങ്ങളെക്കുറിച്ചോർത്ത് ഈ നിരാശകളെ അദ്ദേഹം മറികടന്നു. തന്റെ വഴിയിൽ വളർന്നവരും ചങ്ങാതികളും പിന്നീട് അദ്ദേഹത്തിന്റെ വഴി മുടക്കുന്ന ആന്റി ക്ലൈമാക്‌സാണ് കാർത്തികേന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP