Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടിക്കാലത്ത് സിനിമയെ പ്രണയിച്ചു കോടമ്പാക്കത്തേക്കു വണ്ടികയറി; സിനിമയിൽ മുഖം കാണിക്കാനാവാതെ മദിരാശിപ്പട്ടണത്തിൽ ജീവിച്ചു; മുൻഷി വന്നപ്പോൾ മെമ്പറായി കുടുംബസദസുകളിലേക്ക് ചേക്കേറി; ഒന്നും നേടാനാവാതെ കിടപ്പാടം പോലുമില്ലാതെ വഴുതക്കാട്ടുകാരൻ വേണു നാരായണൻ ഓർമയാകുന്നു; അവസാനകാലത്ത് അഭയമായത് അഗതിമന്ദിരം

കുട്ടിക്കാലത്ത് സിനിമയെ പ്രണയിച്ചു കോടമ്പാക്കത്തേക്കു വണ്ടികയറി; സിനിമയിൽ മുഖം കാണിക്കാനാവാതെ മദിരാശിപ്പട്ടണത്തിൽ ജീവിച്ചു; മുൻഷി വന്നപ്പോൾ മെമ്പറായി കുടുംബസദസുകളിലേക്ക് ചേക്കേറി; ഒന്നും നേടാനാവാതെ കിടപ്പാടം പോലുമില്ലാതെ വഴുതക്കാട്ടുകാരൻ വേണു നാരായണൻ ഓർമയാകുന്നു; അവസാനകാലത്ത് അഭയമായത് അഗതിമന്ദിരം

തിരുവനന്തപുരത്തെ വഴുതക്കാട്ടുനിന്ന് അഞ്ചുപതിറ്റാണ്ടു മുമ്പു സിനിമാ മോഹം മനസിൽ നിറഞ്ഞ് മദിരാശി വണ്ടികയറിയ ഒരു കൗമാരക്കാരനുണ്ട്. പേര്, വേണു നാരായണൻ. സിനിമയുടെ ഒരു അരികിലും പേരോ മുഖമോ വന്നില്ല. പക്ഷേ, കാലങ്ങൾക്കു ശേഷം ആക്ഷേപഹാസ്യത്തിന് പഞ്ച് ഡയലോഗുകൾ കാച്ചിയ മെമ്പറിലൂടെ വേണു മലയാളി കുടുംബസദസുകളിലേക്ക് ചേക്കേറി. അതു മറ്റാരുമല്ല, ഇന്നലെ അരങ്ങൊഴിഞ്ഞ മുൻഷി വേണുതന്നെ.

ആറുപതിറ്റാണ്ടിലേറെ നീണ്ടാണ് മുൻഷി വേണുവിന്റെ ജീവിതത്തിന് ഇന്നലെ ചാലക്കുടിയിൽ തിരശീല വീണത്. ഒട്ടിയ കവിളും നീണ്ട കൃതാവുമായി മലയാളത്തിലെ ആദ്യ ടെലി കാരിക്കേച്ചർ ഷോയിൽ നിറഞ്ഞുനിന്ന വേണുവിന് മുൻഷി സിനിമയിലേക്കുള്ള വഴി കൂടിയായി. നല്ല കാലത്ത് ഫിലിംപെട്ടികളുടെ ഒച്ചയും ഫിലിമിന്റെ മണവും നിറഞ്ഞുനിന്ന മദിരാശിപ്പട്ടണത്തിൽ ജീവിച്ചിട്ടും എത്തിപ്പെടാനാവാതിരുന്ന വെള്ളിത്തിരിയിലേക്കും വേണു എത്തിയത് മുൻഷിയിലെ അഭിനയമികവിന്റെ വെളിച്ചത്തിലായിരുന്നു.

മെമ്പറായിട്ടും ജീവിച്ചത് തെരുവിൽ

സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിരന്തരം പരിഹസിച്ച് പഞ്ച് ഡയലോഗുകൾ കാച്ചിവിട്ടെങ്കിലും മുൻഷി വേണു ജീവിച്ചത് തെരുവിലായിരുന്നു. തീക്ഷ്ണമായ യൗവനകാലം മുഴുവൻ സിനിമയുടെ മായികവലയത്തിൽ മോഹപ്പക്ഷിയായി ജീവിച്ചതിനാൽ ഒന്നും സമ്പാദിക്കാനായില്ല. അവസാന കാലത്ത് ചാലക്കുടിയിലെ ഒരു ലോഡ്ജായിരുന്നു അഭയം. ജീവിത സായാഹ്നത്തിൽ വൃക്കരോഗം കൂട്ടിനെത്തിയതോടെ അഭിനയത്തിൽനിന്നു കിട്ടുന്ന ചെറിയ പ്രതിഫലം ചികിത്സയ്ക്കു മാത്രമാണു തികഞ്ഞിരുന്നത്.

വേണുവിന് ഉറ്റവരോ ഉടയവരോ ഇല്ല. അന്തിക്കു ചെന്നുകയറാൻ ഒരു വീടില്ലാത്തതിനാൽ പലപ്പോഴും തെരുവിൽ കിടന്നുറങ്ങി. സമയത്തിനു ഭക്ഷണവും കിട്ടിയില്ല. മുൻഷിയിലെ വരുമാനം കിട്ടിത്തുടങ്ങിയതോടെയാണ് നേരത്തിനു ഭക്ഷണം കഴിച്ചുതുടങ്ങിയതെന്ന് അദ്ദേഹത്തെ അറിയാവുന്നവർ ഓർക്കുന്നു. മുൻഷിയിലെ അഭിനയ മികവ് വേണുവിനെ സിനിമയിലെത്തിച്ചു.

ദശാബ്ദങ്ങൾ മനസിൽ നിറച്ചുവച്ച ആഗ്രഹം അങ്ങനെ സഫലമായി. ദിലീപ് നായകനായ കമലിന്റെ പച്ചക്കുതിരയിൽ മുഴുനീള റോൾ. അറുപതോളം ചിത്രങ്ങളിൽ മോശമല്ലാത്ത റോളുകൾ കിട്ടി. ഛോട്ട മുംബൈ സിനിമയിലെ മോനേ ഷക്കീല വരാറയോ എന്ന ചോദ്യം ചോദിക്കുന്ന സീനാണു വേണുവിന്റെ മാസ്റ്റർപീസ്.

ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിച്ചു

ദാരിദ്ര്യവും ദുരിതവും അങ്ങേയറ്റത്തെത്തിയപ്പോഴും ആരുടെയും മുന്നിൽ കൈനീട്ടാതെയാണു മുൻഷിവേണു ജീവിച്ചത്. പണമില്ലെങ്കിൽ പട്ടിണി കിടക്കും അത്രതന്നെയെന്ന ഒരു ലൈൻ. ലോഡ്ജിൽ താമസിക്കുമ്പോഴും ഇടയ്ക്കു മുറി വാടക കൊടുക്കാനില്ലാതെയാകും. അപ്പോൾ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി ബാഗുമെടുത്തിറങ്ങും. ആരോടും പരാതി പറയാതെ തൃശൂരിലും ചാലക്കുടിയിലുമൊക്കെ തെരുവുകളിൽ കിടന്നുറങ്ങും. കടത്തിണ്ണകളായിരുന്നു ഇക്കാലത്ത് വേണുവിന്റെ കിടപ്പറ.

അതിനിടെ, സിനിമകൽ അവസരങ്ങൾ കുറഞ്ഞതോടെ വേണുവിന്റെ ജീവിതം കൂടുതൽ ദുസഹമായി. മുൻഷിയിൽനിന്നും ശാരീരികാവശതകളാൽ പിന്മാറി. ഇതോടെ വീണ്ടും പട്ടിണിയിലായി. എന്നും എപ്പോഴും തെരുവിലായിരുന്നു. അലഞ്ഞുതിരിയുന്ന വേണുവിനെ കണ്ട് പഴയ മെമ്പറാണെന്നു തിരിച്ചറിഞ്ഞയാളാണ് തൃശൂർ കുട്ടനെല്ലൂരിലെ അഗതി മന്ദിരത്തിലെത്തിച്ചത്.

(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP