Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നെത്തി ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും വലിയ സുവിശേഷ പ്രഭാഷകനായി; ദൈവജനത്തിനായി ധീരമായി പടവാളേന്തിയ കർമ്മയോഗിയായി; തിരുവട്ടാർ കൃഷ്ണൻകുട്ടി വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം

ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നെത്തി ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും വലിയ സുവിശേഷ പ്രഭാഷകനായി; ദൈവജനത്തിനായി ധീരമായി പടവാളേന്തിയ കർമ്മയോഗിയായി; തിരുവട്ടാർ കൃഷ്ണൻകുട്ടി വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം

ർത്താവിൽ പ്രസിദ്ധ സുവിശേഷകനും ഗ്രന്ഥകാരനുമായ തിരുവട്ടാർ കൃഷ്ണൻകുട്ടി (81) മാർച്ച് 29 ബുധനാഴ്ച നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ചില വർഷങ്ങൾക്കുമുമ്പ് കിടപ്പിലാകുന്നതുവരെ, ഓടിനടന്ന് ലഭിക്കുന്ന വേദികളിലെല്ലാം രക്ഷകനെ ഉയർത്തിക്കാട്ടുന്ന മഹദ് ദൗത്യത്തിലേർപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും ആറ് പതിറ്റാണ്ട് മുമ്പാണ് സഹോദരൻ വിശ്വാസത്തിലേക്ക് വരുന്നത്. തമിഴ്‌നാട്ടിലെ തിരുവട്ടാറിന് സമീപമുള്ള കോൾവേൽ സ്വദേശിയാണദ്ദേഹം.

ഇരുപതാം നൂറ്റാണ്ട് കണ്ട ഏഷ്യയിലെ ഏറ്റവും മികച്ച സുവിശേഷ പ്രഭാഷകനായിരുന്നു തിരുവട്ടാർ. നാഥാന്റെയും ഏലിയാവിന്റെയും യോഹന്നാൻ സ്‌നാപകന്റെയും ആത്മാവോടുകൂടിയ പ്രവാചക ശബ്ദമായിരുന്നു അദ്ദേഹത്തിന്റെത്. ദുരുപദേഷ്ടാക്കൾക്കും വചനവിരുദ്ധജീവിതവും പെരുമാറ്റവും പുലർത്തുന്ന ദൈവജനത്തിനും സ്ഥലം സഭകൾക്കുമെതിരെ ഈ കർമ്മയോഗി പടവാളോങ്ങി.

സുവിശേഷ വിരോധികളിൽ നിന്നും, അദ്ദേഹത്തിന്റെ ആശയങ്ങളോട് വിയോജിക്കുന്നവരിൽ നിന്നും ഏറെ പ്രതികൂലങ്ങളുണ്ടായെങ്കിലും അടിപതറാതെ അന്ത്യം വരെ പോരാടി നിൽക്കുകയും ചെയ്തു.

കവല പ്രസംഗങ്ങളുടെ പ്രഭുവായി അറിയപ്പെട്ടിരുന്ന തിരുവട്ടാർ, ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത് പരസ്യയോഗങ്ങളായിരുന്നു. പ്രസംഗ യാത്രകളുടെ 50-ാം വർഷത്തിൽ എഫഥാ എന്ന പേരിൽ കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ 50 പരസ്യയോഗങ്ങൾ സംഘടിപ്പിച്ചു.

വിശ്വാസ പ്രതിവാദശാഖയിലെ എണ്ണം പറഞ്ഞ നിരവധി ഗ്രന്ഥങ്ങൾ, ആർ.കെ.യിലെ ഗ്രന്ഥകാരനെ ജനപ്രിയനാക്കി. അതേ ലക്ഷ്യത്തോടെ ദീർഘകാലം പ്രസിദ്ധീകരിച്ചുവന്ന ധർമ്മദീപ്തി മാസികയും ഏറെ വായനക്കാരെ സമ്പാദിച്ചിരുന്നു.

വിശ്വാസത്തിലേക്ക് വരുംമുമ്പെ, കാറൽ മാർക്സിനു വേണ്ടിയും കമ്മ്യൂണിസത്തിനു വേണ്ടിയും ചോരചിന്താൻ മടിക്കാതിരുന്ന ആർ.കെ; ക്രിസ്തുവിനെ കണ്ടപ്പോൾ കത്തിയെടുത്ത് പോറി കയ്യിലൊരു മുറിവുണ്ടാക്കി. പൊടിച്ചുവന്ന രക്തത്തിൽ പേനമുക്കി എഴുതി: 'ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി, മരിച്ചാൽ ക്രിസ്തുവിനുവേണ്ടി' ക്രിസ്തു എന്ന സമ്പൂർണ്ണ വിപ്ലവകാരിയുടെ സമ്പൂർണ്ണ അനുയായി ആയിരുന്നു തിരുവട്ടാർ.

ഭാര്യ എൽസി കൃഷ്ണഗിരി കാവനാക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: കൃപജ, ക്രിസ്. വാളകം ബ്രദറൺ അസംബ്ലിയിൽ ഏപ്രിൽ 1 ശനി രാവിലെ 9 മണിക്കു സംസ്‌കാര ശ്രുശ്രൂഷ ആരംഭിക്കും. 12.30 നു സംസ്‌കാരം നടക്കും.

ആർകെ: എന്റെ അണ്ണൻ

തിരുവട്ടാർ എന്ന മഹാനദി, ഒഴുകിയൊഴുകി ഒടുവിൽ നിത്യതയുടെ തുറമുഖത്ത് വലയം പ്രാപിച്ചു. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, വാർത്തയറിഞ്ഞപ്പോൾ പെട്ടെന്ന് ഒരു തമോഗർത്തത്തിലേക്ക് പതിച്ചതുപോലെ. കാരണം അത്രയ്ക്ക് പ്രോജ്വലമായിരുന്നു ആർ.കെ. എന്ന സൂര്യൻ

ഒരു പുരുഷായുസുകൊണ്ട്, ഒരുപിടി ജന്മങ്ങളുടെ കർത്തവ്യമെല്ലാം നിർവ്വഹിച്ചു പൂർത്തിയാക്കിയ കർമ്മധീരൻ. കേരളത്തിനകത്തും പുറത്തും പ്രഭാഷണ വേദികളെ പ്രകമ്പനം കൊള്ളിച്ച സിംഹഗർജ്ജനത്തിന്റെ ഉടമ, അക്ഷരങ്ങളുടെ പൊന്നുംവിലയറിഞ്ഞ് അവയെ ഊതിക്കാച്ചി എടുത്തവൻ. വിശ്വാസ വിഷയങ്ങളിൽ വിയോജിപ്പ് പറയുന്ന കപടവാദികളുടെ ചിന്താധാരകളെ പിച്ചിച്ചീന്തുന്നവൻ, തന്നെ അടുത്തവരെയൊക്കെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു ആത്മികച്ചുഴി, മൂന്ന് തലമുറകളെ പ്രചോദിപ്പിച്ചത് ഊറ്റം കൊള്ളിപ്പിച്ച അതുല്യവാഗ്മി. അപ്പോൾതന്നെ സ്‌നേഹിക്കുന്നവർക്ക് മനസ് പറിച്ചുകൊടുക്കുന്ന സ്‌നേഹധനൻ. ഹൃദയഭിത്തിയിൽ വളരെ മൃദുവായി സ്പർശിക്കുന്ന ജ്യേഷ്ഠ സഹോദരൻ. പ്രസംഗവേദിയുടെ താഴെ എത്തുമ്പോൾ നാണം കുണുങ്ങിയായ ഒരു കുഞ്ഞാടിനെപ്പോലെ വിനയാന്വിതൻ, ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ...

ആർ.കെ. എന്ന സർഗധനന്റെ ചിത്രം പൂർണ്ണമായി വരയ്ക്കുവാൻ ആർക്കാണ് കഴിയുക. മറ്റെല്ലാം മറന്നാലും ആർ.കെ.എന്ന പച്ച മനുഷ്യനെ ആർക്കാണ് വിസ്മരിക്കാനാവുക. നിഷ്‌കളങ്കമായ ആ സ്‌നേഹവും പ്രോത്സാഹനവും അനുഭവിച്ചവർക്ക് എങ്ങനെയാണ് പറഞ്ഞുതീർക്കാനാവുക? കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് പൊതുവായി ദൈവം നൽകിയ വരദാനമാണ് ആർ.കെ. ഒരു പെരുത്ത നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം കിട്ടുന്ന അപൂർവ്വ സമ്മാനം.

ക്രൂശിതനായ ക്രിസ്തുവിനെ ഇത്ര സമ്മോഹനമായി വരച്ചുകാട്ടുവാൻ ആർക്കാണ് കഴിഞ്ഞിട്ടുള്ളത്... കീശയിൽ കിടക്കുന്ന ആശയങ്ങളെ ഇത്രയടുക്കിന് അവതരിപ്പിക്കുവാൻ മറ്റാർക്കാണ് കഴിയുക.

ഓരോ പ്രഭാഷണങ്ങളും തുല്യമറ്റതാക്കുവാനുള്ള അദ്വിതീയ ശേഷി തനിക്കുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ, 'കൃഷ്ണൻകുട്ടിയുടെ കീശയിൽ 5 പ്രസംഗങ്ങളെ ഉള്ളൂ' എന്നു താൻ തീർത്തു പറയുമ്പോഴും നാം വീണ്ടും വീണ്ടും തന്റെ വാക്കുകൾക്കായി കാതോർത്തിരിക്കുന്നത്.

തന്നിലെ എഴുത്തുകാരനെ കുറെയെങ്കിലും ഉപയോഗിക്കുവാൻ ജി.എൽ.എസ് നാളുകളിൽ സാധിച്ചത് ഒരു ഭാഗ്യപദവിയായി പരഗണിക്കുന്നു. തുടർച്ചയായി മൂന്നു മണിക്കൂർ എന്നോടൊപ്പം രണ്ടു ക്യാമറകളുടെ മുന്നിലിരുന്നു ഓർമ്മയുള്ള കാലം മുതൽക്കുള്ള ജീവിതകഥകൾ സമ്പൂർണ്ണമായി വളച്ചുകെട്ടില്ലാതെ, ഒന്നും ഒളിച്ചുവയ്ക്കാതെ പറഞ്ഞു തീർത്തുകഴിഞ്ഞപ്പോൾ, ആശ്വാസത്തോടെ ഒരു നിശ്വാസം ഉതിർത്തത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. ഞാൻ 'അണ്ണൻ' എന്നു വിളിക്കുകയും എന്നെ തിരിച്ച് 'തമ്പി' എന്നു വിളിക്കുകയും ചെയ്യുമായിരുന്ന, വില പറയാനാകാത്ത ആ സാഹോദര്യത്തിനും, സൗഹൃദത്തിനും താൽക്കാലിക വിട.

അണ്ണനെ ഞാൻ വീണ്ടും കാണും അരോഗദൃഢഗാത്രനായി, തേജസിന്റെ കുപ്പായം ധരിച്ച്. അന്ന് പക്ഷെ താൻ നിർന്നിമേഷനായി നോക്കുന്നത്, കാലത്തികവിൽ കാലിത്തൊഴുത്തിൽ കന്യകയുടെ മകനായി പിറന്ന് കാൽവറിക്രൂശിൽ കാരിരുമ്പാണിയിൽ തറയ്ക്കപ്പെട്ട, കല്ലറയെ ഭേദിച്ചുയർന്ന് കാലയവനികയ്ക്കപ്പുറത്തേക്കുപോയ കർത്താവിന്റെ കാരുണ്യമോലുന്ന കണ്ണുകളിലേക്കു മാത്രമായിരിക്കും.

അണ്ണാ അങ്ങ് ഇവിടെ വിട്ടേച്ചു പോകുന്ന വളരെ സമ്പന്നമായ 'ലഗസി' ഇനി എത്രയോ തലമുറകളിൽ ഇവിടെ അനുരണനങ്ങൾ സൃഷ്ടിക്കും.... അത് കാലം പറയട്ടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP