Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിടപറഞ്ഞത് ബേപ്പൂർ സുൽത്താന്റെ ഒരു ഓർമ്മപ്പുസ്തകം കൂടി; എടിയേ.. എന്ന നീട്ടിവിളിയിൽ ബഷീന്റെ എല്ലാമെല്ലാമായി; റാറ്റയുടെ അടുത്തേക്ക് ഫാബിയും യാത്രയാകുമ്പോൾ...

വിടപറഞ്ഞത് ബേപ്പൂർ സുൽത്താന്റെ ഒരു ഓർമ്മപ്പുസ്തകം കൂടി; എടിയേ.. എന്ന നീട്ടിവിളിയിൽ ബഷീന്റെ എല്ലാമെല്ലാമായി; റാറ്റയുടെ അടുത്തേക്ക് ഫാബിയും യാത്രയാകുമ്പോൾ...

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: റ്റാറ്റയുടെ പ്രിയപ്പെട്ട ജീവിത സഖി ഫാബിയും യാത്രയാകുമ്പോൾ മലായാള സാഹിത്യത്തിന് നഷ്ടമാകുന്നത് ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ ജീവിച്ച ഒരു ഓർമ്മപുസ്തകം കൂടിയാണ്. സ്വന്തം ജീവിതാനുഭവങ്ങൾ കഥകളാക്കിയ ബഷീറിന്റെ കഥാപാത്രങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ അടുപ്പമുള്ള എല്ലാവരും. ഫാബിയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ബഷീറിന്റെ മാസ്റ്റർ പീസുകളുടെ സൃഷ്ടിക്കും കാരണക്കാരിയായത് ഫാബിയായിരുന്നു. ഫാത്തിമാ ബീവിയെ ഫാബിയാക്കിയതും ബഷീർ ആയിരുന്നു.

1958 ഡിസംബർ പതിനെട്ടിനായിരുന്നു ഫാബിയെ ബഷീർ ജീവിതസഖിയാക്കിയത്. പെണ്ണുകാണലിന്റെ അന്നു തന്നെ ഫാത്തിമബീവിയെ ബഷീർ ഫാബിയാക്കി. പിന്നെ എടിയായുമായി. ജീവിതത്തെ അതിന്റെ സർവ്വതലത്തിലും സാഹിത്യത്തിലേക്ക് ആവാഹിച്ച സാഹിത്യകാരനൊപ്പം നാല്പത് വർഷത്തെ ദാമ്പത്യമാണ് ഫാബി നയിച്ചത്. എഴുത്തുകാരനൊപ്പം ജീവിച്ചതിന്റെ ബഷീറിന്റെ എടിയെ എന്ന സ്മരണകൾ ഫാബിയെ എഴുത്തുകാരിയുമാക്കിയിരുന്നു. തന്റെ ഭർത്താവ് വെറുമൊരു ഭർത്താവല്ലെന്ന ബോധ്യമായിരുന്നു ഫാബിക്കുണ്ടായിരുന്നത്. ബഷീറിന്റെ എടിയെ.. എന്ന ഫാബിയുടെ ആത്മകഥയിൽ ഇക്കാര്യം പറയുന്നുമുണ്ട.

മിക്കവാറും ഭാര്യമാരെപ്പോലെ താനും വെറുമൊരു ഭാര്യയായിരുന്നെങ്കിലും തന്റെ ഭർത്താവ് വെറുമൊരു ഭർത്താവല്ലെന്ന് ആത്മകഥയിൽ പറയുന്ന ഫാബി ആ സംതൃപ്തിയിലായിരുന്നു മരിക്കുവോളം ജീവിച്ചത്. മാങ്കോസ്റ്റിൻ ചുവട്ടിലെ സാഹിത്യചർച്ചകളിൽ സുലൈമാനിയുമായി ഫാബിയും കൂട്ടിനെത്തി. എടിയേ... എന്ന നീട്ടിവിളികൾക്ക് കാതോർത്തിരുന്നു അവർ. ആ വിളയിൽ നിറഞ്ഞു നിന്നത് ബഷീറെന്ന കുടുംബനാഥന്റെ സ്‌നേഹമായിരുന്നു. എല്ലാവരുടെയും എല്ലാമെല്ലാമായിരുന്നു ഫാബി ബഷീർ.

അദ്ധ്യാപകജോലി തുടരാൻ ആഗ്രഹിച്ച ഫാബി ബഷീറിന്റെ തിരക്കുകളും കുഞ്ഞുങ്ങളെ വളർത്താനുമായി അത് ഉപേക്ഷിച്ചു. ബേപ്പൂർ വൈലാലിലെ വീട്ടിൽ ബഷീറിന്റെ ആത്മസഖിയായി ജീവിച്ചു. വൈലാലിലെത്തുന്ന വിശ്വസാഹിത്യകാരന്മാർ മുതൽ സാഹിത്യപ്രേമികൾക്ക് വരെ ആതിഥേയയായി. ബഷീർ വിട്ടുപിരിഞ്ഞിട്ടും രണ്ട് പതിറ്റാണ്ട് ആ ഓർമ്മകൾക്ക് ഫാബി കൂട്ടിരുന്നു.ആ ഓർമ്മകൾ തന്നെയായിരുന്നു ഫാബിക്ക് ജീവിതവും.

മതശിക്ഷണത്തിൽ ചിട്ടയോടെ വളർന്നതായിരുന്നു ഫാബി. വല്ല്യാപ്പ മതപണ്ഡിതനായിരുന്നു. അന്ന് ബഷീറാകട്ടെ നിരീശ്വര വാദിയും. ഫാബി തിരൂരിലെ പെൺകുട്ടികൾക്കായുള്ള സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. സ്‌കൂളിൽ യദൃശ്ചയാ നടന്ന ഓരോ ഫോട്ടോ സെഷനിലായിരുന്നു വൈക്കം മുഹമ്മദ് ബഷീറിനെ ഫാബി കണ്ടുമുട്ടിയ.ത്്. സഹപ്രവർത്തകർക്കൊപ്പം ഫോട്ടോയെടുത്ത ശേഷം സ്റ്റുഡിയോയിൽ വച്ച് ആ ഫോട്ടോ കണ്ട ഫാബിയുടെ ബാപ്പയുടെ സുഹൃത്ത് എം. അബ്ദുറഹ്മാൻ അതുമായി നേരേ പോയത് ബഷീറിന്റെ അടുത്തേക്കായിരുന്നു.

ബഷീറിനെ കോഴിക്കോട്ട് തളച്ചിടാൻ ശ്രമിച്ച തിക്കോടിയൻ അടക്കമുള്ള സുഹൃത്തുക്കളാണ് ഫാബിയെ കെട്ടാൻ നിർബന്ധിച്ചത്. ആദ്യ കാഴ്ചയിൽത്തന്നെ സുഹൃത്ത് അബ്ദുറഹ്മാനോട് ബഷീർ പറഞ്ഞത് ' അബ്ദുറഹ്മാനേ, ഇതൊരു ഗോൾഡൻ ഗേളാണല്ലോ' എന്നായിരുന്നു. സുഹൃത്ത് എം വി ദേവനെക്കൊണ്ട് ബഷീർ രണ്ടുപേരും ചേർന്നുനിന്നുള്ള ഒരു പടം വരപ്പിച്ചു. ബഷീറിന്റെ പെണ്ണുകാണൽ ചടങ്ങ് പലരും പിന്നീട് ഓർത്തെടുത്തിട്ടുണ്ട്.

ബഷീറിന്റെ എഴുത്തിലും ജീവിതത്തിലും നിർണ്ണായക സ്വാധീനം ഫാബി ചെലുത്തി. ബഷീറിന്റെ പല കൃതികളിലും ഫാബി ഒരു കഥാപാത്രമായി കടന്നുവരുന്നുണ്ട്. ബേപ്പൂർ വൈലാലിൽ വീട്ടിൽ ബഷീറിനെ കുറിച്ച് അറിയാൻ എത്തിയവരെ ഫാബി സ്‌നേഹത്തോടെ സ്വീകരിച്ചു. ഏറ്റവുമൊടുവിൽ ബഷീറിന്റെ 21ാം ചരമവാർഷികം ആചരിച്ചപ്പോൾ രോഗക്കിടക്കയിലും സുൽത്താനെ അറിയാനെത്തിയ കുട്ടികളോട് സംവദിക്കാനും ഫാബി മടികാണിച്ചിരുന്നില്ല. ബേപ്പൂർ സുൽത്താന്റെ ഫലിതങ്ങൾ പറഞ്ഞ് പൊട്ടിച്ചിരിച്ചിരുന്ന ഫാബി ഇനി ഒരു ഓർമ്മ മാത്രമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP