Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷം മുൻപ് പിതാവ് കാൻസർ വന്നു മരിച്ചു; മാതാവിന് ഗുരുതരമായ വൃക്കരോഗം; ദുരിതം വിടാതെ പിന്തുടർന്നപ്പോൾ വീടു പുലർത്താൻ പെയിന്റിങ് തൊഴിലാളിയായി; വേനൽ മഴയ്‌ക്കൊപ്പമുണ്ടായ മിന്നൽ ജീവനുമെടുത്തു; ഗിരീഷിന്റെ വേർപാടിൽ മനംനൊന്ത് നെല്ലിമുകൾ ഗ്രാമം

ഒരു വർഷം മുൻപ് പിതാവ് കാൻസർ വന്നു മരിച്ചു; മാതാവിന് ഗുരുതരമായ വൃക്കരോഗം; ദുരിതം വിടാതെ പിന്തുടർന്നപ്പോൾ വീടു പുലർത്താൻ പെയിന്റിങ് തൊഴിലാളിയായി; വേനൽ മഴയ്‌ക്കൊപ്പമുണ്ടായ മിന്നൽ ജീവനുമെടുത്തു; ഗിരീഷിന്റെ വേർപാടിൽ മനംനൊന്ത് നെല്ലിമുകൾ ഗ്രാമം

ശ്രീലാൽ വാസുദേവൻ

അടൂർ: മിന്നലേറ്റുയുവാവ് മരിച്ചു... ഒരു സാധാരണ അപകടവാർത്തയുടെ തലക്കെട്ട് ഇപ്രകാരമാണ്. അതിനു തക്ക പ്രാധാന്യം നൽകി നമ്മൾ അത് വായിച്ചോ വായിക്കാതെയോ വിടും. നെല്ലിമുകളിനു സമീപം ഇന്നലെ വൈകിട്ട് മിന്നലേറ്റു മരിച്ച ഗിരീഷിനും (20) ഇതിൽ കവിഞ്ഞ വാർത്താപ്രാധാന്യമൊന്നും കിട്ടിയിട്ടില്ല.

പക്ഷേ,  ഈ യുവാവിന്റെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോഴാണ് നമ്മൾ അറിയുന്നത് ഇവരെ വേട്ടയാടിയ ദുരന്തങ്ങളുടെയും വിധിയുടെയും വ്യാപ്തി. നെല്ലിമുകൾ സതീഷ് ഭവനം പരേതനായ സദാനന്ദന്റെ മകനാണ് ഗിരീഷ്. സതീഷ് എന്നൊരു സഹോദരനുമുണ്ട്.

വിധി പൂണ്ടു വിളയാടിയ ഒരു കുടുംബമാണ് ഗിരീഷിന്റേത്. പിതാവ് സദാനന്ദൻ ഒരു കൊല്ലം മുൻപ് കാൻസർ ബാധിച്ചു മരിച്ചു. അതിനിടയിലാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി അവർക്ക് മുന്നിലേക്ക് എത്തിയത്. മാതാവ് ഗീതയ്ക്ക് ഗുരുതരമായ വൃക്കരോഗം.

പിതാവിന്റെയും മാതാവിന്റെയും രോഗത്തിന് ചികിൽസിക്കാനും കുടുംബം പുലർത്തുന്നതിനും വരുമാനം കണ്ടെത്തുന്നതിന് വേണ്ടി നന്നേ ചെറുപ്രായത്തിൽ തന്നെ ഗിരീഷും സതീഷും കൂലിപ്പണിക്കാരായി. പെയിന്റിങ് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം ഒരു വിധം തള്ളി നീക്കി. അതിനിടെയാണ് പിതാവിന്റെ മരണം. പിന്നാലെ മാതാവിന്റെ ചികിൽസയും. എല്ലാം ഒരു വിധം തട്ടിമുട്ടി മുന്നോട്ടു നീങ്ങുമ്പോഴാണ് ഇന്നലെ മിന്നലിന്റെ രൂപത്തിൽ ഗിരീഷിനെ മരണം തട്ടിയെടുത്തത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അഞ്ചിന് തുടങ്ങിയ കനത്ത വേനൽ മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. മുറ്റത്തു കെട്ടിക്കിടന്ന വെള്ളം കക്കൂസ് കുഴിയിലേക്ക് ഇറങ്ങുന്നത് തടയാൻ വേണ്ടി മൺവെട്ടി കൊണ്ട് വെട്ടിത്തിരിച്ചു വിടുന്നതിനിടെയാണ് മിന്നലേറ്റത്. ഇവരുടെ വീടിന് സമീപം അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമർ ആണ് മിന്നലിന്റെ ആഘാതം കൂട്ടിയത്. ട്രാൻസ്‌ഫോർമർ പിടിച്ചു കെട്ടിയിട്ടുള്ള സ്റ്റേവയർ വീടിന്റെ മുറ്റത്താണുള്ളത്.

ഗീരിഷിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ അനാസ്ഥയും മരണത്തിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP