Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാർ കുര്യാക്കോസ് കുന്നശ്ശേരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്തത് ആയിരങ്ങൾ; സീറോ മലബാർ സഭയ്ക്ക് തീരാനഷ്ടമാണെന്ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരി

മാർ കുര്യാക്കോസ് കുന്നശ്ശേരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്തത് ആയിരങ്ങൾ; സീറോ മലബാർ സഭയ്ക്ക് തീരാനഷ്ടമാണെന്ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പൊലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന കബറടക്ക ശുശ്രൂഷയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ സംസ്‌ക്കാരശുശ്രൂഷകൾ ആരംഭിച്ചു. മെത്രാന്മാരും വൈദികരും ദിവ്യബലിയിൽ സഹകാർമ്മികരായി പങ്കെടുത്തു.

തൃശ്ശൂർ അതിരൂപത മുൻ ആർച്ചുബിഷപ്പ് മാർ ജേക്കബ്ബ് തൂങ്കുഴി വചനസന്ദേശം നൽകി. കെ.സി.ബി.സി പ്രസിഡന്റ് ആർച്ചുബിഷപ്പ് സൂസൈപാക്യം അനുസ്മരണ സന്ദേശം നൽകി. സാമൂഹ്യ പ്രതിബദ്ധതയോടെ കർമ്മനിരതനായ ആത്മീയാചര്യനായിരുന്നു അഭിവന്ദ്യകുന്നശ്ശേരി പിതാവെന്ന് അദ്ദേഹം പറഞ്ഞു. സമാപന ശുശ്രൂഷയിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. സീറോ മലബാർ സഭയിലെ അഗ്രഗണ്യനായ വൈദികമേലദ്ധ്യക്ഷന്റെ വേർപാട് സഭയ്ക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാനിൽ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യൻ വാണിയംപുരയ്ക്കലും റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപത ചാൻസിലർ ഫാ. തോമസ് കോട്ടൂരും ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയുടെ സന്ദേശം ഫാ. ജോൺ ചേന്നാക്കുഴിയും വായിച്ചു. നഗരികാണിക്കലിനെ തുടർന്ന് കത്തീഡ്രൽ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ മൃതദേഹം സംസ്‌ക്കരിച്ചു.

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ജോസ് കെ മാണി എംപി, ജോയി എബ്രാഹം എംപി, ആന്റോ ആന്റണി എംപി, ജോയിസ് ജോർജ്ജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ, സുരേഷ് കുറുപ്പ് എംഎ‍ൽഎ, പി.സി. ജോർജ്ജ് എംഎ‍ൽഎ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.കെ ആശ എംഎ‍ൽഎ, മോൻസ് ജോസഫ് എംഎ‍ൽഎ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ, ആർച്ചുബിഷപ്പ് സിവേറിയോസ് മാർ കുര്യാക്കോസ്, ആർച്ചുബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഗിഗോറിയോസ് മാർ കുര്യാക്കോസ്, ഇവാനിയോസ് മാർ കുര്യാക്കോസ്, മാർ ജെയിംസ് തോപ്പിൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, റവ. ഡോ. സ്റ്റാൻലി റോമൻ, ബിഷപ്പ് തോമസ് മാർ തിമോത്തിയോസ്, മാർ തോമസ് മേനാംപറമ്പിൽ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഇർനേവൂസ്, മാർ റാഫേൽ തട്ടിൽ, മാർ ജോസ് പുളിക്കൽ, കോട്ടയം ജില്ലാ കളക്ടർ സി.എസ് ലത ഐ.എ.എസ്, ജസ്റ്റീസ് സിറിയക് ജോസഫ്, കെ.എം.മാണി, അനൂപ് ജേക്കബ്ബ്, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, റോഷി അഗസ്റ്റിൻ എംഎ‍ൽഎ, ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ ഐ.പി.എസ് തുടങ്ങി മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ വേർപാടിലുള്ള അനുശോചനമായി അതിരൂപതയിൽ ഏഴ് ദിവസം ദുഃഖാചരണമായിരിക്കുമെന്ന് അതിരൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP