Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷിജിയുടെ ജീവൻ തട്ടിയെടുത്തതു പ്രായപൂർത്തിയാകാത്ത ഫ്രീക്കന്മാർ ഓടിച്ച ഇൻഷുറൻസ് പോലും ഇല്ലാത്ത ബൈക്ക്; അയൽപ്പക്കക്കാരൻ വാങ്ങിയ ആമ്പുലൻസിൽ ആദ്യയാത്ര നടത്തിയ യുവ അദ്ധ്യാപികയ്ക്ക് അന്ത്യയാത്ര ഒരുക്കിയതും അതേ വാഹനം; വിങ്ങലുകൾ നിലവിളികളായി മാറിയപ്പോൾ കദളിക്കാട് കണ്ണീർപ്പുഴയായി

ഷിജിയുടെ ജീവൻ തട്ടിയെടുത്തതു പ്രായപൂർത്തിയാകാത്ത ഫ്രീക്കന്മാർ ഓടിച്ച ഇൻഷുറൻസ് പോലും ഇല്ലാത്ത ബൈക്ക്; അയൽപ്പക്കക്കാരൻ വാങ്ങിയ ആമ്പുലൻസിൽ ആദ്യയാത്ര നടത്തിയ യുവ അദ്ധ്യാപികയ്ക്ക് അന്ത്യയാത്ര ഒരുക്കിയതും അതേ വാഹനം; വിങ്ങലുകൾ നിലവിളികളായി മാറിയപ്പോൾ കദളിക്കാട് കണ്ണീർപ്പുഴയായി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയ്ക്കു സമീപമുള്ള കദളിക്കാട് എന്ന ഗ്രാമം മാത്രമല്ല ഒറ്റപ്പാലത്തിനു സമീപമുള്ള മുന്നൂർക്കോട് എന്ന ഗ്രാമവും അക്ഷരാർത്ഥത്തിൽ നിലവിളിക്കുകയാണിപ്പോൾ. കദളിക്കാടിന്റെ മകളും മുന്നൂർക്കോടുകാരുടെ അദ്ധ്യാപികയുമായ ഷിജിയുടെ അപ്രതീക്ഷിതമായ വിയോഗമാണ് ഇരു ഗ്രാമങ്ങളെയും കണ്ണീരിലാഴ്‌ത്തുന്നത്. പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ലൈസൻസും ഇൻഷുറൻസും ഒന്നും ഇല്ലാതെ ബൈക്ക് എടുത്ത്ു പറപ്പിച്ചു തട്ടിയെടുത്തത് 31കാരിയായ ഈ ആധ്യാപികയുടെ ജീവനായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് കദളിക്കാട് കത്തോലിക്കാ പള്ളിയിൽ നടന്ന സംസ്‌കാര ചടങ്ങിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ മാത്രം മതി ഈ പെൺകുട്ടിയെ നാട് എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നു തെളിയിക്കാൻ.

അയൽപ്പക്കക്കാരൻ വാങ്ങിയ ആമ്പുലൻസിൽ ആദ്യ യാത്ര നടത്തിയ ഷിജി ടീച്ചറുടെ അന്ത്യയാത്രയും അതേ ആമ്പുലൻസിലായതു യാദൃശ്ചികമായിരിക്കാം. കഴിഞ്ഞദിവസം അയൽപ്പക്കത്തുള്ള ഒരാൾ വാങ്ങിയ ആമ്പുലൻസ് പള്ളിയിൽകൊണ്ടുപോയി വെഞ്ചരിച്ചതിനു ശേഷം മടങ്ങവേ പള്ളിയിൽനിന്നു വരികയായിരുന്ന ടീച്ചറെ കൂടി കയറ്റുകയായിരുന്നു. അതേ ആ്മ്പുലൻസ് തന്നെയായിരുന്നു ഇന്നു കദളിക്കാട്ടെ വീട്ടിൽനിന്നും പള്ളിയിലേക്ക് ഷിജിയുടെ മൃതദേഹവുമായി പോയത്.

വാഴക്കുളത്ത് ജനുവരി 28ന് രാത്രി 7:30 ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ ആയിരുന്നു അപകടം. ഫ്രീക്കന്മാരായ രണ്ടു വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ അമിത വേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഒറ്റപ്പാലം മുന്നൂർക്കോട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപിക ഷിജിമോൾ ജോസഫ് കഴിഞ്ഞ ദിവസമാണു മരിച്ചത്. മൂന്ന് വർഷമായി മുന്നൂർക്കോട് സ്‌കൂളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.മുവാറ്റുപുഴ വാഴക്കുളം കദളിക്കാട് കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോമി, തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ വിദ്യാർത്ഥി അലൻ ഏകമകനാണ്. പൂഞ്ഞാർ അടിവാരം തടത്തിൽ കുടുംബാംഗമാണ്.

ഷിജി ടീച്ചർ എല്ലാ ഉത്തരവാദിത്തവും തിടുക്കത്തിൽ പൂർത്തീകരിച്ചത് നിത്യ യാത്രയ്ക്കായിരുന്നല്ലോ എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാത്തതിന്റെ ഞെട്ടലിലാണ് മുന്നൂർക്കോട് എന്ന വള്ളുവനാടൻ ഗ്രാമവും കദളിക്കാട് എന്ന നാടും. സ്വദേശമായ കദളികാടിനടുത്തുള്ള വഴിത്തല സെന്റ് .ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിലെയും, ശിവൻകുന്ന് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെയും ഒന്നര വർഷത്തെ സേവനത്തിൽ ശേഷം നാട്ടിൽ നിന്നു സർക്കാർ ജോലി ലഭിച്ചതിനാൽ 5 മണിക്കൂറിലധികം യാത്രാ ദൂരമുള്ള പാലക്കാട് ജില്ലയിലെ മുന്നൂർക്കോട് ഹയർ സെക്കണ്ടറി സ്‌കൂളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മുന്നൂർക്കോട് സ്‌കൂളിൽ ഒരു നിയോഗം പോലെ സേവനം അനുഷ്ഠിച്ച വഴിവിളക്കാണ് അണഞ്ഞത്.

മൂന്നു വർഷം കൊണ്ട് ഷിജി ടീച്ചർ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വഴികാട്ടിയും സുഹൃത്തും മുതിർന്ന സഹോദരിയുമായി മാറിക്കഴിഞ്ഞിരുന്ന നിമിഷത്തിലായിരുന്നു വിധി ക്രൂരമായി ജീവനപഹരിച്ചിരിക്കുന്നത്. ക്യത്യമായ അദ്ധ്യാപന രീതിയിലൂടെ പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ടീച്ചർ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനവും നല്കി വന്നിരുന്നു.

രണ്ടാഴ്ച മുമ്പ് സ്‌കൂൾ ടൂറിന് കുട്ടികളോടൊപ്പം ആവേശത്തോടെ ടീച്ചറും ഉണ്ടായിരുന്നു. ടീച്ചറിന്റെ വ്യത്യസ്തവും തനതുവായ സംസാരരീതിയും ശൈലിയും കുട്ടികൾക്ക് ഹൃദിസ്ഥമാക്കി അനുകരിച്ചിരുന്നത് ടീച്ചർ ആസ്വദിച്ചു. യാത്ര ക്ഷീണം വകവയ്ക്കാതെ പിറ്റേന്ന് രാവിലെ പ്രത്യേക പരിശീലന ക്ലാസ്സുകളും എടുത്ത ടീച്ചർ, എന്റെ എല്ലാ ജോലിയും പൂർത്തിയാക്കി എന്ന് സ്റ്റാഫ് റൂമിൽ വച്ച് പറഞ്ഞത് നൊമ്പരമായി അവശേഷിക്കുന്നു. ക്രിസ്തുമസ് അവധിക്കു പോകുമ്പോൾ 'എല്ലാവരും എന്റെ വീട്ടിൽ വരണം, അഥവാ ഞാനില്ലെങ്കിലും വരണം' എന്നു ടീച്ചർ പറഞ് വാക്കുകൾ അറം പറ്റിയല്ലോയെന്ന വിഷമത്തിലാണ് സഹപ്രവർത്തകരും.

നാട്ടിലേയ്ക്കുള്ള സ്ഥലം മാറ്റം എല്ലാ വർഷവും ടീച്ചർ ആഗ്രഹിച്ചിരുന്നു. ഈ വർഷം ആദ്യം തന്നെ ടീച്ചർ ഇങ്ങനെ പറഞ്ഞിരുന്നു. ഈ വർഷം എന്തായാലും എനിക്ക് സ്ഥലം മാറ്റം കിട്ടും, വരുന്ന ജൂണിൽ ഞാനുണ്ടാവില്ല. ഞാൻ പോയിട്ട് നിങ്ങൾ പോയാൽ മതി എന്ന്. എന്തും തുറന്നു സംസാരിക്കുകയും എല്ലാവർക്കും നന്മയുടെ ഉപദേശവും മാർഗ്ഗ ദർശനവും ധൈര്യവും ഊർജ്ജവും പകർന്ന് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന സ്റ്റാഫ് റൂമിലെ സ്‌നേഹ സാന്നിദ്ധ്യം ഇനി ഇല്ല എന്ന വേദനയാണു സഹപ്രവർത്തകർ പങ്കുവയ്ക്കുന്നത്.

ഒരിക്കൽ പരിചയപ്പെട്ടാൽ അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞ് പിന്നീട് പേര് ചൊല്ലി വിളിക്കുന്ന ടീച്ചറിന്റെ ഓർമ്മ ശക്തിയും പെരുമാറ്റവും അതിശയമായിരുന്നു.സ്‌ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളോടൊപ്പവും സഹപ്രവർത്തകർക്കൊപ്പവും മുൻപിലുണ്ടായിരുന്നു ടീച്ചർ. സ്‌കൂൾ സമയം കഴിഞ്ഞ് കയ്യിൽ ചൂലേന്തി സ്റ്റാഫ് റൂമും വാഷ് ബേസിനും പരിസരവും ടീച്ചർ സ്വമനസ്സാ വൃത്തിയാക്കിയിരുന്നു.

മറ്റുള്ളവരുടെ വേദയിൽ മനം നോവുമായിരുന്നു ടീച്ചറിന് നൊമ്പരപ്പെടുത്തുന്ന കഥകളും മനസ്സിനെ ഉലച്ചിരുന്നു. ചില ദിവസങ്ങൾക്ക് മുമ്പ് ടീച്ചർ സ്‌കൂൾ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്ന കഥയിലെ അപകട രംഗം അതേ പോലെ സംഭവിച്ചതിന്റെ ആഘാതത്തിലാണ് സഹപ്രവർത്തകർ.സ്‌കൂൾ ജോലി സമയം കഴിഞ്ഞ് തിടുക്കത്തിൽ നാട്ടിലെത്തുന്ന ടീച്ചർ വീട്ടിലെ പണികളും സന്തോഷത്തോടെ ചെയ്തു തീർക്കു മായിരുന്നു.

അപകട വാർത്ത അറിഞ്ഞതു മുതൽ നാടും സ്‌കൂളും കണ്ണീരോടെ പ്രാർത്ഥനയിലായിരുന്നു. ഗുരുതരാവസ്ഥയിലും നേരിയ പുരോഗതിയിൽ സന്തോഷിക്കുന്നതിനിടയിലായിരുന്നു പ്രിയപ്പെട്ട ടീച്ചറിനെ ദുരന്തം തട്ടിയെടുത്തത്.ഇന്നലെ മുന്നൂർ കോട് സ്‌കൂളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിന്റെ വേർപ്പാടിന്റെ വേദനയിൽ കുട്ടികൾ ഹൃദയം തകർന്ന് നിലവിളിക്കുന്നത് ടീച്ചറിനോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തതായി. അമ്മ പോയതറിയാത്ത അലൻ എന്ന ഏക മകൻ പൂക്കളിലും എരിയുന്ന ചന്ദന തിരിയിലും മെഴുതിരിയിലും കണ്ണിമയ്ക്കാതെ നോക്കിയിരുന്നത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP