Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിച്ചും ചിരിച്ചും സന്തോഷത്തോടെ പോയവർ തിരിച്ചെത്തിയത് ചേതനയറ്റ് വിറങ്ങലിച്ച്; പെരുംമഴയത്ത് ആംബുലൻസിൽ നിന്ന് പുറത്ത് പുറത്തെടുത്ത മൃതദേഹങ്ങളിൽ വീണ് അലമുറയിട്ട് ഉറ്റവരും സ്‌നേഹിതരും; ആപത്തിന്റെ ഞെട്ടൽ മാറാതെ അവരെ ഒരുനോക്കു കാണാൻ കാത്തുനിന്നത് ആയിരങ്ങൾ; ഒരു നാടിന്റെ വേദനയായി വല്ലത്തെ അപകടത്തിൽ മരിച്ച കൂട്ടുകാർക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി

കളിച്ചും ചിരിച്ചും സന്തോഷത്തോടെ പോയവർ തിരിച്ചെത്തിയത് ചേതനയറ്റ് വിറങ്ങലിച്ച്; പെരുംമഴയത്ത് ആംബുലൻസിൽ നിന്ന് പുറത്ത് പുറത്തെടുത്ത മൃതദേഹങ്ങളിൽ വീണ് അലമുറയിട്ട് ഉറ്റവരും സ്‌നേഹിതരും; ആപത്തിന്റെ ഞെട്ടൽ മാറാതെ അവരെ ഒരുനോക്കു കാണാൻ കാത്തുനിന്നത് ആയിരങ്ങൾ; ഒരു നാടിന്റെ വേദനയായി വല്ലത്തെ അപകടത്തിൽ മരിച്ച കൂട്ടുകാർക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി

പ്രകാശ് ചന്ദ്രശേഖർ

ഏലപ്പാറ: കളിയും ചിരിയുമായി വിടപറഞ്ഞവർ ചേതനയറ്റ് വിറങ്ങലിച്ച് വെള്ളപുതച്ച് തിരിച്ചെത്തിയപ്പോൾ വാവിട്ടുകരഞ്ഞ് ഉറ്റവരും സ്‌നേഹിതരും. പെരുമഴയത്തും അവർ ആയിരങ്ങൾ കാത്തുനിന്നു. മഴയുടെ ആരവത്തിനപ്പുറം മുഴങ്ങിയ തേങ്ങലുകൾക്ക് സാക്ഷ്യം വഹിച്ച് ഏലപ്പാറ. സുഹൃത്തിനെ സന്തോഷത്തോടെ വിദേശത്തേക്ക് ജോലിക്ക് യാത്രയാക്കാൻ പോയവർക്ക് ഇങ്ങനെയൊരു ദുർവിധി കാലം കാത്തുവച്ചെന്ന് ആരും ചിന്തിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ എത്തിയ വാർത്ത അവരെ സ്തബ്ധരാക്കിയിരുന്നു. ഗ്രാമത്തിന്റെ മുഴുവൻ ആഘോഷമായി പോയവർ തിരിച്ചെത്തിയത് കണ്ണീർ കടലിലേക്കാണ്.

ഇന്ന് പുലർച്ചെ പെരുമ്പാവൂർ വല്ലത്തുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഏലപ്പാറ സ്വദേശികളുടെ ചേതനയറ്റ ശരീരങ്ങൾ വൈകിട്ട് 4 മണിയോടെയാണ് നാട്ടിലെത്തിച്ചത്. ഏലപ്പാറയിൽ പഞ്ചായത്ത് നിർമ്മിച്ചിരുന്ന പൊതുവേദിയിൽ പ്രത്യേകം പന്തലൊരുക്കി ഗ്രാമം പെരുമഴയത്തും കാത്തുനിന്നു. തങ്ങൾക്കിടയിൽ തലേന്നുവരെ കളിച്ചും ചിരിച്ചും ഏതുകാര്യത്തിനും ഓടിയെത്തിയും ഒപ്പമുണ്ടായിരുന്നവർ ഇരുട്ടിവെളുക്കുംമുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു. അവസാനമായി അവരെ ഒരുനോക്കു കാണാൻ പൊതു ദർശനത്തിന് ഒരുക്കിയ പന്തലിന് മുന്നിൽ അവരെല്ലാം കാത്തുനിന്നു.

കോരിച്ചൊരിയുന്ന മഴയത്താണ് മൃതദേഹങ്ങളും വഹിച്ചുള്ള ആമ്പുലൻസുകൾ ഏലപ്പാറയിൽ എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരങ്ങൾ അവസാന യാത്രയിൽ ഒരുമിച്ചു പോയ ആ സഹയാത്രികർക്ക് വിടചൊല്ലാനെത്തി. എംഎൽഎമാരായ ഇഎസ് ബിജിമോൾ, എസ് രാജേന്ദ്രൻ എന്നിവരടക്കം രാഷ്ട്രീയ-സാമൂഹ്യ സംഘടന നേതാക്കളും ജനപ്രതിനിധികളുമെല്ലാം നാട്ടുകാർക്കൊപ്പം നിന്നു.

ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. ഈ സമയത്തും പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാൻ ലക്ഷ്യമിട്ട് എത്തിയിരുന്നവരുടെ പ്രവാഹം നിലച്ചിരുന്നില്ല. ഏലപ്പാറ സ്വദേശികളായ ജെറിൻ, വിജയ്, കിരൺ, ജനീഷ്, ജിബിൻ, എന്നിവർക്കാണ് ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ്സുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

ഏഴ് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റ സുജിത്ത് രാജഗിരി ആശുപത്രിയിലും ജിബിൻ പെരുമ്പാവൂർ സാൻജോ ആശുപത്രിയിലും ചികത്സയിലാണ്. ജിബിനെ ഒമാനിലേയ്ക്ക് യാത്രയക്കാൻ നെടിമ്പാശേരിയിലേയ്ക്ക് തിരിച്ചവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

കിരൺ, ഉണ്ണി, ജെറിൻ എന്നിവരുടെ മൃതദേഹങ്ങൾ വൈകിട്ട് ആറുമുതൽ മുതൽ ഏഴുവരെ ചെമ്മണ്ണ് ലേബർ ക്ലബ്ബിലും പൊതുദർശനത്തിന് വച്ചു. പിന്നീട് വീടുകളിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകൾ നാളെ (വെള്ളിയാഴ്ച) നടക്കും.

സെമിനിവാലി എസ്റ്റേറ്റ് ലയത്തെ കണ്ണീർക്കയമാക്കിയ ദുരന്തം

അപ്രിതീക്ഷിതമായി എത്തിയ ആ ദുരന്ത വാർത്ത സെമിനിവാലി എസ്റ്റേറ്റ് ലയത്തെ കണ്ണീർക്കയമാക്കി. ഇന്നലെ വരെ തങ്ങളോടൊപ്പം ജോലി ചെയ്തിരുന്നവരെ അപടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തെന്ന യാഥാർത്ഥ്യം ഇപ്പോഴും ഇവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. കോരിച്ചൊരിയുന്ന മഴയും വ്യാപകമായ മൂടൽമഞ്ഞും മൂലമുള്ള കൊടും തണുപ്പും സഹിക്കാനാവാതെ നേരത്തെ നിദ്രയിലേയ്ക്ക് വഴുതിവീണ ഏലപ്പാറക്കടുത്തുള്ള ചെമ്മണ്ണ് ഗ്രാമം ഇന്ന് പുലർച്ചെ ദുരന്ത വാർത്തപരന്നതോടെ അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി.

ഇന്ന് പെരുമ്പാവൂർ വല്ലത്ത് ഉണ്ടായ ദുരന്തത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ ഏലപ്പാറ കോഴിക്കാനം മൂലയിൽ വിൽസന്റെ മകൻ വിജയ് (22)ഒഴികെ മറ്റെല്ലാവരും ചെമ്മണ്ണ് എസ്റ്റേറ്റ് ലയത്തിലും ചുറ്റുപാടുമായിട്ടാണ് താമസിക്കുന്നത്. മരിച്ചവരിൽ ഭൂരിപക്ഷവും ദരിദ്രചുറ്റുപാടിൽ ജീവിയിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽക്കഴിയുന്ന ചെമ്മണ്ണ് വാഗക്കാട് പുതുവയൽ യേശുദാസിന്റെ മകൻ ജിബിനെ(22) യാത്രയാക്കാൻ നെടുമ്പാശേരി എയർപോർട്ടിലേക്ക് തിരിച്ച സഹോദരൻ ജെറിനടക്കം കാറിലുണ്ടായിരുന്ന 5 പേർക്കാണ് ജിവൻ നഷ്ടമായത്. ജിബിന് ഗൾഫിൽ ജോലി തരപ്പെട്ടതിൽ ഉറ്റവരും സുഹൃത്തുക്കളും ഏറെ സന്തോഷത്തിലായിരുന്നു.

കുടുംബത്തിന്റെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ് പിതാവ് യേശുദാസിനൊപ്പം തോട്ടത്തിൽ പണിക്കിറങ്ങിയവരാണ് ജിബിനും ജെറിനും. ഇന്നലെ രാത്രി 10 മണിയോടടുത്താണ് ഇവർ ചെമ്മണ്ണിൽ നിന്നും നെടുമ്പാശേരിക്ക് പുറപ്പെട്ടത്. ഒരമണിയോടടുത്തായിരുന്നു അപകടം. എസ്റ്റേറ്റ് ലയത്തിൽ ഏകദേശം നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് .ദുരന്ത വാർത്ത പരന്നതോടെ ഇവിടം ശോകമൂകമായി.

അപകടവിവരം അറിഞ്ഞതോടെ സ്ത്രീകൾ ഒഴിച്ചുള്ള മരണടഞ്ഞവരുടെ അടുത്ത ബന്ധുക്കൾ പെരുമ്പാവൂരിലേയ്ക്ക് തിരിച്ചിരുന്നു. പെരുമ്പാവൂർ ,മൂവാറ്റുപുഴ,കോതമംഗലം താലൂക്ക് ആശുപത്രികളിലായിട്ടാണ് പോസ്റ്റുമോർട്ടം ക്രമീകരിച്ചത്. പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിക്കാനിടയായത് കാർ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലും തെളിവെടുപ്പിലും ഇക്കാര്യം വ്യക്തമായി സ്ഥിരം അപകട മേഖലയിലാണ് ദുന്തം ഉണ്ടായത്. ആന്ധ്രയിൽനിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്, ജിബിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP