Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതുവേദിയിൽ എത്താതെ വീട്ടിലെത്തുന്ന വലിയവർക്കും ചെറിയവർക്കും ഒരുപോലെ വിളമ്പി അടുക്കളയിൽ ഒതുങ്ങി; മകൻ കലഹിച്ചപ്പോൾ അച്ഛനെ വേദനിപ്പിക്കരുതെന്ന് ഉപദേശിച്ചു; അഴിക്കുള്ളിലായപ്പോഴും കരയാത്ത പിള്ള ഇന്നലെ രണ്ടാംവട്ടം കരഞ്ഞു

പൊതുവേദിയിൽ എത്താതെ വീട്ടിലെത്തുന്ന വലിയവർക്കും ചെറിയവർക്കും ഒരുപോലെ വിളമ്പി അടുക്കളയിൽ ഒതുങ്ങി; മകൻ കലഹിച്ചപ്പോൾ അച്ഛനെ വേദനിപ്പിക്കരുതെന്ന് ഉപദേശിച്ചു; അഴിക്കുള്ളിലായപ്പോഴും കരയാത്ത പിള്ള ഇന്നലെ രണ്ടാംവട്ടം കരഞ്ഞു

രു മന്ത്രിയുടെ ഭാര്യ. ഒരു മന്ത്രിയുടെ അമ്മ. അങ്ങനെ ഭാഗ്യം ലഭിച്ച വനിതകൾ കുറയും. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഭാര്യയും മന്ത്രിയായിരുന്ന കെ. മുരളീധരന്റെ അമ്മയുമായ കല്യാണിക്കുട്ടിയമ്മ, മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഭാര്യയും മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീറിന്റെ അമ്മയുമായ ആമിന കോയ, മന്ത്രിയായിരുന്ന അവുക്കാദർ കുട്ടി നഹയുടെ ഭാര്യയും പി.കെ. അബ്ദു റബ്ബിന്റെ അമ്മയുമായ പി.കെ. കുഞ്ഞിബീവി, ടി.കെ. ദിവാകരന്റെ ഭാര്യയും ബാബു ദിവാകരന്റെ അമ്മയുമായ ദേവയാനി, ബേബി ജോണിന്റെ ഭാര്യയും ഷിബു ബേബി ജോണിന്റെ അമ്മയുമായ അന്നമ്മ ടീച്ചർ, പി.ആർ. കുറുപ്പിന്റെ ഭാര്യയും കെ.പി. മോഹനന്റെ അമ്മയുമായ കെ.പി. ലീലാവതി, ടി.എം. ജേക്കബിന്റെ ഭാര്യയും അനൂപ് ജേക്കബിന്റെ അമ്മയുമായ ആനി ജേക്കബ് തുടങ്ങിവരാണ് ഈ നിരയിലുള്ളത്.

എന്നാൽ അതേ നിരയിൽത്തന്നെയുള്ള പി.ആർ. വത്സല കുമാരി, അവരിൽ നിന്ന് കുറച്ചു കൂടി വേറിട്ടു നിൽക്കുന്നു. വത്സലയുടെ ഭർത്താവ് ആർ ബാലകൃഷ്ണ പിള്ളയും മകൻ കെ.ബി. ഗണേശ് കുമാറും മന്ത്രിമാരായത് ഇരുവരും ഒരേസമയത്തു നിയമ സഭാംഗങ്ങളായിരിക്കെത്തന്നെയാണ്. എന്നാൽ, ഭർത്താവും മകനും ഒരുമിച്ചു രാഷ്ട്രീയത്തിലിറങ്ങിയത് വത്സലകുമാരി ഇഷ്ടപ്പെട്ടിരുന്നില്ല. ഭർത്താവിന്റെ രാഷ്ട്രീക്കളരിയിൽ അവർക്കു വലിയ കമ്പമുണ്ടായിരുന്നു. എന്നാൽ മകന്റെ മേഖല മറ്റൊന്നാവണമെന്നായിരുന്നു ആഗ്രഹം. മകൻ പഠിച്ച് ഐഎഎസ്, ഐപിഎസ്, എൻജിനീയർ, ഡോക്റ്റർ തുടങ്ങിയ മേഖലകളിലെത്തണമെന്ന് ഏതൊരമ്മയെയും പോലെ വത്സലയും ആഗ്രഹിച്ചു. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഗണേശ് കുമാറിനുണ്ടായിരുന്നു. എന്നാൽ വളർന്നപ്പോൾ മകൻ എത്തിച്ചേർന്നത് അഭ്രപാളികളുടെ വെള്ളിവെളിച്ചത്തിലും.

സ്വന്തം സഹോദരിയും പ്രശസ്ത എഴുത്തുകാരിയും തിരക്കഥാകൃത്തുമായ പി.ആർ. ശ്യാമളയുടെ ഇഷ്ട മേഖലയായ ചലച്ചിത്ര ലോകത്തേക്കു മകൻ കടന്നുവരുന്നതിൽ വത്സലയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. പഠിപ്പിന്റെ ലോകത്തു നിന്നു ചലച്ചിത്ര ലോകത്തേക്കു വന്ന മകനെ അമ്മ ഏറെ പ്രോത്സാഹിപ്പിച്ചു. നൂറ്റമ്പതോളം ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഗണേശ് കുമാർ താരസംഘടനയായ അമ്മയുടെ പ്രധാന അമരക്കാരിൽ ഒരാളാണ്. മകൻ സിനിമയിൽ കൂടുതൽ വളരുന്നതു കാണാനായിരുന്നു ഈ അമ്മയ്ക്കു താത്പര്യം.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷ തെറ്റിച്ചു. കൊട്ടാരക്കരയിൽ നിന്ന് ആർ ബാലകൃഷ്ണ പിള്ളയും പത്തനാപുരത്തു നിന്നു ഗണേശ് കുമാറും വിജയിച്ചു നിയമസഭയിലെത്തി. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് മുഖ്യമന്ത്രി എ.കെ. ആന്റണി ബാലകൃഷ്ണ പിള്ളയെ പിന്തള്ളി ഗണേശ് കുമാറിനെ മന്ത്രിയാക്കി. അത് ഏറ്റവും കൂടതൽ അമ്പരപ്പിച്ചത് വത്സലയെ ആയിരുന്നു. അന്നുവരെ വീടിനു പുറത്തായിരുന്ന രാഷ്ട്രീയം അന്നു മുതൽ വീടിനകത്തേക്കു കടന്നു വന്നു. അതോടെ അവർ രാഷ്ട്രീയത്തെ വെറുത്തു തുടങ്ങിയിരുന്നു. രാഷ്ട്രീയത്തിൽ നിന്നു ഭർത്താവിനെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അവർക്ക് അറിയാമായിരുന്നു. മകനെയെങ്കിലും പിന്തിരിപ്പിക്കാൽ ശ്രമിക്കുകയും ചെയ്തു. എന്നാൽ, മകന്റെ ജനസമ്മതി തിരിച്ചറിഞ്ഞ അമ്മ നിസഹായയായിരുന്നു.

എല്ലാ കാലത്തും ബാലകൃഷ്ണ പിള്ളയുടെ നിഴലായിരുന്നു അവർ. ഓരോ തെരഞ്ഞെടുപ്പു വേളയിലും ഭർത്താവിന്റെ വിജയത്തിനായി ഉള്ളുതുറന്നു പ്രാർത്ഥിച്ചിരുന്നു. ഒരിക്കൽപ്പോലും പൊതു വേദികളിൽ പ്രത്യക്ഷപ്പെടാതെ, വീട്ടിലെത്തുന്ന വലിയവർക്കും ചെറിയവർക്കും ഒരുപോലെ വച്ചു വിളമ്പി നല്ല വീട്ടമ്മയായി അകത്തളങ്ങളിൽ ഒതുങ്ങി. 60 വർഷമായി അവർ വാളകം കീഴൂട്ട് തറവാടിന്റെ പൂമുഖത്തുണ്ടായിരുന്നു, അച്ഛനെയും മക്കളെയും മരുമക്കളെയും തേടിയെത്തുന്നവർക്ക് ആതിഥ്യമരുളാൻ. അവരിൽ സാധാരണക്കാരുണ്ട്, പാർട്ടി പ്രവർത്തകരുണ്ട്, സമുന്നത രാഷ്ട്രീയ നേതാക്കളും സമുദായ നേതാക്കളുണ്ട്, മന്ത്രിമാരും മുഖ്യമന്ത്രിമാരുമുണ്ട്, ഐഎഎസ്- ഐപിഎസ് ബന്ധുക്കളുണ്ട്, ചലച്ചിത്ര നഭസിലെ സൂപ്പർ സ്റ്റാറുകളുണ്ട്, സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ട്. മിക്കവർക്കും അവർ അമ്മയായിരുന്നു. ഇന്നലെ അന്തിമോപചാരമർപ്പിക്കാനെത്തിയ മോഹൻലാൽ ഒരിക്കൽ പറഞ്ഞതിങ്ങനെ: ഈ അമ്മയും എനിക്ക് സ്വന്തം അമ്മയെപ്പോലെയാണ്. സ്‌നേഹം മാത്രം തരുന്ന അമ്മ.

ഏതു പ്രതിസന്ധികളെയും പാറ പോലെ നേരിടുന്ന ബാലകൃഷ്ണ പിള്ള, അമ്മ കാർത്ത്യായനി അമ്മയുടെ വേർപാടിനു ശേഷം ഇന്നലെ ആദ്യമായി കരഞ്ഞു. പതിവു പോലെ പുലർച്ചെ നാലു മണിക്ക് ഉണർന്നു കുളിച്ചു പൂജാമുറിയിൽ കയറി ലളിതാ സഹസ്രനാമം ജപിച്ച്, കണ്ണൂരിലെ പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ യാത്രയാക്കിയ വത്സല ഇനി ഒപ്പമില്ലെന്നു വിശ്വസിക്കാൻ അദ്ദേഹം ബുദ്ധിമുട്ടുന്നു. കൊല്ലത്തു നിന്നു ട്രെയ്‌നിൽ പാർട്ടി ജനറൽ സെക്രട്ടറി സി. വേണുഗോപാൽ നായർക്കൊപ്പം പുറപ്പെട്ട പിള്ള, കായംകുളത്തു വച്ചു യാത്ര അവസാനിപ്പിച്ചു വീട്ടിലേക്കു മടങ്ങി. കൊട്ടാരക്കരയിലെ വീട്ടിലെത്തി, മൃതദേഹത്തോടൊപ്പം വാളകത്തെ കീഴൂട്ട് തറവാട്ടിലേക്ക്, നിറകണ്ണുകളോടെ. അച്ഛൻ കീഴൂട്ട് രാമൻ പിള്ളയ്ക്കും അമ്മ കാർത്ത്യായനി അമ്മയ്ക്കും ചിതയൊരുക്കിയ അതേ സ്ഥലത്തു തന്നെ പ്രിയതമയ്ക്കും ചിതയൊരുക്കാൻ ജോലിക്കാരോടു നിർദേശിക്കുമ്പോൾ അദ്ദേഹം വിതുമ്പുകയായിരുന്നു.

കടപ്പാട്: മെട്രോ വാർത്ത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP