Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരണത്തിലും പിരിയാത്ത സുഹൃത്തുക്കൾ; ഉപരിപഠനത്തിന് മുമ്പുള്ള അവധിക്കാലയാത്ര അവസാന യാത്രയായി; ഉറ്റവരുടെ തോരാത്ത കണ്ണീരിന് ആർക്ക് സമാധാനം പറയാനാകും

മരണത്തിലും പിരിയാത്ത സുഹൃത്തുക്കൾ; ഉപരിപഠനത്തിന് മുമ്പുള്ള അവധിക്കാലയാത്ര അവസാന യാത്രയായി; ഉറ്റവരുടെ തോരാത്ത കണ്ണീരിന് ആർക്ക് സമാധാനം പറയാനാകും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: വേർപിരിയാത്ത ചങ്ങാതിമാരായിരുന്നു ഇർഷാദും ദീപക്കും. പഠനകാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടങ്ങിയ സൗഹൃദം. സർക്കാർ ആതുരാലയങ്ങളിൽ ജോലി കിട്ടിയതും ഒരേ സമയം. ഒടുവിൽ ജോലി രാജിവച്ച് ഉപരിപഠനത്തിനു പോകാനും ഇരുവരും തീരുമാനിച്ചു. ഇർഷാദിന് അസം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്‌സിലും ദീപക്കിന് ഡൽഹിയിൽ റേഡിയോളജിയിലും ഉപരിപഠനത്തിന് അവസരവും ലഭിച്ചു. പഠനത്തിന് ചേരുംമുമ്പുള്ള ഒഴിവുകാലം ഒരിക്കലും മറക്കാനാകാത്ത ഒരു യാത്ര പോകണമെന്ന ആഗ്രഹവുമായി നേപ്പാളിലേക്കു തിരിച്ച ഇവർക്ക് അത് അവസാനയാത്രയാകുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2014ൽ എംബിബിഎസ് പൂർത്തിയാക്കിയ ബാച്ചിലെ ഉറ്റ സുഹൃത്തുക്കളായിരുന്നു കാസർകോട് ആനബാഗിലു സ്വദേശി എ എസ് ഇർഷാദും കണ്ണൂർ കേളകം സ്വദേശി ദീപക് തോമസും. വർഷങ്ങൾ നീണ്ട ബന്ധം. പഠനവും യാത്രകളുമെല്ലാം ഒരുമിച്ച്. ഒടുവിൽ ആറുമാസം മുമ്പ് ഇർഷാദ് വിവാഹിതനായപ്പോഴും കൂട്ടുകാരെയെല്ലാം ഒപ്പം കൂട്ടി ദീപക്കെത്തി. പ്രിയ സുഹൃത്തിന് വിവാഹമംഗളാശംസകൾ നേരാൻ.

സന്തോഷത്തിന്റെ ഓർമകൾ വേദനയിലേക്കു വഴിമാറിയത് സഹിക്കാനാകാതെ വിതുമ്പുകയാണ് ഈ യുവ ഡോക്ടർമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. പ്രകൃതിയുടെ കോപത്തിന് ശനിയാഴ്ച നേപ്പാൾ ഇരയായപ്പോൾ ഈ ചങ്ങാതിമാരുടെയും ഒപ്പമുണ്ടായിരുന്ന ഡോ. അബിൻ സൂരിയുടെയും കുടുംബാംഗങ്ങളെല്ലാം നടുക്കത്തോടെയാണ് ഈ വാർത്ത കേട്ടത്.

തങ്ങളുടെ പ്രിയപ്പെട്ടവർ നേപ്പാളിൽ നിന്ന് സുരക്ഷിതരായി തിരിച്ചുവരാൻ പ്രാർത്ഥനകളോടെ ഇവരുടെ കുടുംബം കാത്തിരുന്നു. പിന്നീട് വിവരങ്ങളൊന്നും അറിയാതെ ഉഴറിയ കുടുംബാംഗങ്ങൾക്ക് ആശ്വാസമായി കോഴിക്കോട് കലക്ടറുടെ ഫേസ്‌ബുക്ക് സന്ദേശം പ്രത്യക്ഷപ്പെട്ടു.

'കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ഡോ. ദീപക് തോമസ്, ഡോ. ഇർഷാദ് . എ.എസ് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇവർ ഇപ്പോൾ നേപ്പാളിലെ റെഡ് ക്രോസ്സ് കേമ്പിൽ സുരക്ഷിതരായിരിക്കുന്നു എന്ന് ഡൽഹി കണ്ട്രൊൾ റൂം അറിയിക്കുന്നു.' എന്നായിരുന്നു ആ സന്ദേശം. ഇതോടെ അൽപ്പം ആശ്വാസം ലഭിച്ച കുടുംബാംഗങ്ങൾക്ക് പക്ഷേ, തൊട്ടടുത്ത ദിവസത്തെ പോസ്റ്റ് വീണ്ടും ആശങ്ക സമ്മാനിക്കുകയായിരുന്നു.

'ഡൽഹിയിലെ Cotnrol Room ൽ നിന്ന് ലഭിച്ച വിവരമാണ് ഇന്നലെ നല്കിയത്. രണ്ടു ഡോക്റ്റർമാരുമായി നേരിട്ട് ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി ഞങ്ങൾക്ക് കൈമാറുക.
നേപ്പാളിലെ Red Cross Camp മായി ബന്ധപ്പെടാൻ ശ്രമിച്ചു. തുടർച്ചയായുള്ള ഭൂചലനവും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാലും വ്യക്തമായ വിവരം നൽകുവാൻ അവർക്കും കഴിയുന്നില്ല.' എന്നായിരുന്നു തൊട്ടടുത്ത ദിവസം കലക്ടർ അറിയിച്ചത്.

വീണ്ടും കുടുംബങ്ങൾ പ്രാർത്ഥനയും കണ്ണീരുമായി കഴിഞ്ഞുകൂടി. അതിനിടെ ഡോ. അബിൻ സൂരിയെ കണ്ടെത്തിയ വാർത്തകൾ പുറത്തുവന്നു. പ്രതീക്ഷയുടെ പുതുനാമ്പുകൾ വീണ്ടും തളിർത്തുവെങ്കിലും അൽപനേരത്തെ ആയുസേ അതിനും ഉണ്ടായിരുന്നുള്ളു. ചൊവ്വാഴ്ച വൈകിട്ടോടെ ഇരു സുഹൃത്തുക്കളുടെയും മരണവാർത്ത പുറത്തുവന്നു.

കാസർകോട് ആനബാഗിലുവിൽ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനായ എ എസ് ഷംസുദീന്റെയും ആയിഷ ഉമ്മയുടെയും മകനാണ് ഇർഷാദ്. ആറ് മാസം മുമ്പായിരുന്നു ഇർഷാദിന്റെ വിവാഹം. ഭാര്യ ഡോ. ലുലു ഫാത്തിമ. മംഗളുരു യോനപ്പോയ മെഡിക്കൽ കോളേജിലാണ് ജോലി ചെയ്യുന്നത്. കണ്ണൂർ കേളകം കളപ്പുരക്കൽ തോമസിന്റെ മകനാണ് ദീപക്. വയനാട് എടവക പിഎച്ചഎസിലായിരുന്നു ദീപ്ക് സേവനമനുഷ്ഠിച്ചിരുന്നത്. ഇർഷാദ് മാനന്തവാടി ജില്ലാ ആശുപത്രിയിലും.

രണ്ടാഴ്ച മുൻപാണ് വീട്ടിൽ നിന്ന് ഇവർ യാത്ര തിരിച്ചത്. ഇർഷാദിന്റെയും ദീപകിന്റെയും സഹോദരങ്ങൾ നേരിട്ട് പോയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം അവസാനം പഠനത്തിന് ചേരുന്നതിന് മുമ്പായിരുന്നു ഇരുവരും ഡോക്ടർ അബിൻ സൂരിക്കൊപ്പം വിനോദയാത്രക്ക് നേപ്പാളിലേക്ക് പോയത്. അബിൻ സൂരിക്കൊപ്പം ഒരേ ഹോട്ടലിലാണ് ദീപക്കും ഇർഷാദും താമസിച്ചിരുന്നത്. മൂന്നു സുഹൃത്തുക്കൾ നടത്തിയ യാത്രയ്‌ക്കൊടുവിൽ രണ്ടുപേരെയും നഷ്ടമായതിന്റെ തീരാവേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP