Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലപ്പെട്ടത് ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളടങ്ങുന്ന കുടുംബവും മീൻ വാങ്ങാൻ നിന്ന സ്ത്രീയും; അപകടമുണ്ടാക്കിയത് ഭാര്യയോടും നാട്ടുകാരോടും വഴക്കുണ്ടാക്കി ടിപ്പറുമായി പാഞ്ഞ മദ്യപാനിയായ ഡ്രൈവർ

കൊല്ലപ്പെട്ടത് ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളടങ്ങുന്ന കുടുംബവും മീൻ വാങ്ങാൻ നിന്ന സ്ത്രീയും; അപകടമുണ്ടാക്കിയത് ഭാര്യയോടും നാട്ടുകാരോടും വഴക്കുണ്ടാക്കി ടിപ്പറുമായി പാഞ്ഞ മദ്യപാനിയായ ഡ്രൈവർ

കണ്ണൂർ: ഇന്നലെ കണ്ണൂർ പയ്യന്നൂരിൽ രണ്ട് കുഞ്ഞുങ്ങൾ അടക്കുന്ന കുടുംബത്തെ അടക്കം അഞ്ച് ജീവനുകൾ എടുത്ത അപകടമുണ്ടാക്കിയ ട്ിപ്പർ ഡ്രൈവർ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടമുണ്ടാക്കിയത്. രാമന്തളി കുന്നരു കാരന്താട് നടന്ന അപകടത്തിലാണ് ദമ്പതികളും മകളും ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ടിപ്പറിന്റെ മരണപ്പാച്ചിലിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബം പൂർണ്ണമായും ഇല്ലാതായപ്പോൾ മീൻവാങ്ങാൻ നിന്ന സ്ത്രീയ്ക്കും ഓട്ടോ ഡ്രൈവർക്കും ജീവൻ പൊലിഞ്ഞു. ഇന്നലെ വൈകിട്ടു നാലിനാണ് അപകടം. പാലക്കോട് ഭാഗത്തുനിന്നു വന്ന ടിപ്പർ ലോറി എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുതകർത്ത് മറുഭാഗത്തു മത്സ്യവിൽപന നടത്തിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവർ രാമന്തളി വടക്കുമ്പാടെ കാനാങ്കിരിയൽ ഗണേശൻ (38), ഭാര്യ ലളിത (36), മകൾ ലിഷ്ണ (ഏഴ്), ബന്ധുവായ ശ്രീജിത്തിന്റെ മകൾ ആരാധ്യ (മൂന്ന്) എന്നിവരും മത്സ്യം വാങ്ങാൻ നിന്നിരുന്ന കാറന്താട്ടെ നടുവിലെപുരയിൽ ദേവകിയമ്മ (70)യുമാണു മരിച്ചത്. ഗണേശനും കുടുംബവും പഴയങ്ങാടി ചൂട്ടാട് ബീച്ചിലേക്കു പോകുകയായിരുന്നു. വടക്കുമ്പാടെ വി.പി.ശ്രീജിത്ത് (32), ഭാര്യ ആശ (28), മരിച്ച ഗണേശന്റെ സഹോദരി ആതിര (14), ഗുഡ്‌സ് ഓട്ടോ ഡ്രൈവറും മുൻ രാമന്തളി പഞ്ചായത്ത് അംഗവുമായ കക്കംപാറയിലെ ഇടമന അനിൽകുമാർ എന്നിവരെ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടിപ്പർ ലോറി ഡ്രൈവർ ശേഖരൻ കുന്നരുവിലെ ബാർബർഷാപ്പിൽ ബഹളമുണ്ടാക്കിയിരുന്നുവെന്നും ഇയാൾ മദ്യപിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ലോറിയുടെ അമിതവേഗമാണ് അപകടത്തിനു കാരണമാക്കിയത്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ക്രെയിൻ ഉപയോഗിച്ചാണു വാഹനങ്ങൾ നീക്കം ചെയ്തത്. ശേഖരൻ ടിപ്പറെടുത്ത് ആളുകളുടെ ജീവൻ കളയണ്ട ബൈക്കെടുത്ത് പോകൂ എന്ന് വീട്ടുകാർ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. വഴിയിൽ സമീപത്തെ ബാർബർഷാപ്പിലും കയറി ബഹളമുണ്ടാക്കി. ഇതിനുശേഷമാണ് അതിവേഗത്തിലെത്തി കാരന്താട്ട് ജങ്ഷനു സമീപം റേഷൻഷാപ്പിന് മുന്നിൽ എതിരെ വരികയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയിലിടിച്ചത്. ദിശമാറിവന്ന് ഓട്ടോയിലിടിച്ച് തകർന്ന ഓട്ടോ അല്പം വലിച്ചുകൊണ്ടുപോയി. നിയന്ത്രണംവിട്ട് എതിർഭാഗത്ത് മത്സ്യം വിൽക്കുകയായിരുന്ന ഗുഡ്‌സ് ഓട്ടോയിലും സമീപത്തുണ്ടായിരുന്ന ദേവകിയമ്മയുടെ ദേഹത്തുമിടിച്ചു. സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് ടിപ്പർ നിന്നത്.

മൂന്നുവയസ്സുള്ള കുഞ്ഞുമോൾ ആരാധ്യയുടേതടക്കം അഞ്ച് ജീവനുകൾ ഒരുപോലെ നഷ്ടമായത് ആ പ്രദേശത്തിനാകെ വിതുമ്പലായി. സംഭവം അറിഞ്ഞ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയവർ മൃതശരീരങ്ങൾ നിരത്തിക്കിടത്തിയത് കണ്ട് വിങ്ങിപ്പൊട്ടി. പലരും വിങ്ങിപ്പൊട്ടി. ദുരന്തവാർത്തയറിഞ്ഞ് പരിയാരത്തേക്കോടിയെത്തിയ കുന്നരു, രാമന്തളി, വടക്കുമ്പാട് നിവാസികൾ ഇത്ര കനത്ത ദുരന്തം തങ്ങൾക്കുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അപകടത്തിൽ ഓട്ടോ ഡ്രൈവർ വടക്കുമ്പാട് കാനങ്കിരിയൻ ഗണേശനും ഭാര്യ ലളിതയും അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഇവരുടെ മകൾ ഏഴുവയസ്സുകാരി ലിഷ്ണ തീവ്രപരിചരണവിഭാഗത്തിൽവച്ചാണ് മരിച്ചത്. ഗണേശന്റെ അയൽവാസിയായ ശ്രീജിത്ത്-ആശ ദമ്പതിമാരുടെ മകളാണ് മരിച്ച ആരാധ്യയെന്ന കുഞ്ഞുമോൾ.

പൊന്നുമോൾ മരിച്ചതറിയാതെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയാണ് ശ്രീജിത്തും ഭാര്യ ആശയും. കുന്നരു കാരന്താട്ടെ നടുവിലെപുരയിൽ ദേവകിയമ്മയാണ് മരിച്ച മറ്റൊരാൾ. റോഡരികിൽ മത്സ്യം വാങ്ങിനില്ക്കുകയായിരുന്നു ഇവർ. മത്സ്യം വാങ്ങി വീട്ടിലെത്തിച്ചതിനുശേഷം കാശെടുക്കാത്തതിനാൽ കാശുമായി തിരികെ വന്നതാണ് ദേവകിയമ്മ. കാശുകൊടുത്ത് സമീപത്ത് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് നിയന്ത്രണംവിട്ട ടിപ്പർ ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്.

മൃതദേഹങ്ങൾ വെള്ളിയാഴ്ച സന്ധ്യയോടെ മോർച്ചറിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് പയ്യന്നൂരിലെയും രാമന്തളി, കുന്നരു പരിസരത്തേതുമടക്കം വൻ ജനാവലി പരിയാരത്തെത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ട് പലരും നിയന്ത്രണംവിട്ടു. അക്ഷരാർഥത്തിൽ ഹൃദയഭേദകമായിരുന്നു പരിയാരത്തെ കാഴ്ച.

മരിച്ച ദേവകിയമ്മയുടെ മക്കൾ: കാർത്ത്യായനി, വിലാസിനി, ദിനേശൻ (ബസ് കണ്ടക്ടർ). മരുമക്കൾ: കുഞ്ഞപ്പൻ, സതീഷ് (ഹരിയാന), പ്രജിന. ടിപ്പർ ലോറി ഡ്രൈവർ സന്തോഷിനെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തുകയാണെന്നു പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മരിച്ച ഗണേശൻ കൊയ്യം ദാമോദരൻ-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ദിനേശൻ, കമലാക്ഷൻ, തങ്കമണി, രജനി. മരിച്ച ലളിത വടക്കുമ്പാട് തുരുത്തുമ്മൽ കോളനിയിലെ പരേതരായ രാഘവൻ-പാറു ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ബാബു, അമ്മിണി, കുമാരി, മാധവി, സരോജിനി, സുമതി, പരേതരായ ജനാർദനൻ, ഗോപി, അശോകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP