Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്‌കാരത്തിന് മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കുന്നതിൽ എതിർപ്പ് തുടർന്ന് മുഖ്യമന്ത്രി പളനി സ്വാമി; അണാദുരൈയ്ക്കും എംജിആറിനും ജയലളിതയ്ക്കും കൊടുത്ത അംഗീകാരം കലൈഞ്ജർക്കും കിട്ടിയേ തീരൂവെന്ന് ഡിഎംകെ അണികൾ; രാത്രിയിലെ രണ്ട് മണിക്കൂർ വാദത്തിലും തീരുമാനം എടുക്കാനാവാതെ മദ്രാസ് ഹൈക്കോടതി; എട്ട് മണിക്ക് വീണ്ടും കോടതി ചേരും; പ്രതിഷേധവുമായി പ്രവർത്തകർ തെരുവിൽ; തമിഴ്‌നാട്ടിൽ എങ്ങും സംഘർഷം; കരുണാനിധിയുടെ സംസ്‌കാര സ്ഥലത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു

സംസ്‌കാരത്തിന് മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കുന്നതിൽ എതിർപ്പ് തുടർന്ന് മുഖ്യമന്ത്രി പളനി സ്വാമി; അണാദുരൈയ്ക്കും എംജിആറിനും ജയലളിതയ്ക്കും കൊടുത്ത അംഗീകാരം കലൈഞ്ജർക്കും കിട്ടിയേ തീരൂവെന്ന് ഡിഎംകെ അണികൾ; രാത്രിയിലെ രണ്ട് മണിക്കൂർ വാദത്തിലും തീരുമാനം എടുക്കാനാവാതെ മദ്രാസ് ഹൈക്കോടതി; എട്ട് മണിക്ക് വീണ്ടും കോടതി ചേരും; പ്രതിഷേധവുമായി പ്രവർത്തകർ തെരുവിൽ; തമിഴ്‌നാട്ടിൽ എങ്ങും സംഘർഷം; കരുണാനിധിയുടെ സംസ്‌കാര സ്ഥലത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം രാത്രി പൂർത്തിയായില്ല. വാദം രാവിലെ എട്ടു മണിക്ക് തുടരും. തർക്കം സംബന്ധിച്ച് മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം തുടരുന്നത് രാവിലേക്ക് മാറ്റിയത്. ഇതിന് ശേഷം മാത്രമേ കരുണാനിധുയുടെ അന്ത്യവിശ്രമ സ്ഥലത്തിലെ അനിശ്ചിതത്വം മാറൂ. അതിനിടെ കരുണാനിധിയുടെ കുടുംബത്തിന്റെ ആവശ്യത്തിന് അനുകൂലമായി പ്രതികരിക്കാൻ തമിഴ്‌നാട് സർക്കാരിൽ സമ്മർദ്ദം ശക്തമാണ്.

കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് മൃതദേഹം സംസ്‌കരിക്കാൻ മറീനാ ബീച്ച് അനുവദിക്കില്ലെന്ന നിലപാടെടുത്തത്. മറീനാബിച്ചിൽ സംസ്‌കാരത്തിന് സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നിലവിലുണ്ട്. ഇക്കാര്യത്തിൽ കോടതി ഇതുവരെ നിലപാടെടുക്കാത്തതിനാലാണ് ഇതെന്ന് സർക്കാർ പറയുന്നു. ഇതോടെയാണ് ഡിഎംകെ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. രാത്രി 11 മണിയോടെയാണ് ഹർജി പരിഗണിച്ചത്. ജഡ്ജിയുടെ വസതിയിൽ നടന്ന വാദം രണ്ടര മണിക്കൂർ നീണ്ടു. എന്നാൽ തീരുമാനമുണ്ടാകാതെവന്നതോടെയാണ് കൂടുതൽ വാദത്തിനായി രാവിലേക്ക് മാറ്റിയത്.

വിഷയത്തിൽ ഡിഎംകെ അണികൾ വൈകാരികമായി പ്രതിഷേധിച്ചതിനെ തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സർക്കാരിനെതിരെ കോൺഗ്രസും വൈകോയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 6.10 നാണ് അദ്ദേഹം വിടപറഞ്ഞത്. മരണവാർത്ത അരമണിക്കൂർ കഴിഞ്ഞാണു പുറത്തുവിട്ടത്. സുരക്ഷാ സന്നാഹങ്ങൾ പൂർത്തിയാക്കാനായിരുന്നു ആ കരുതലോടെയുള്ള നീക്കം. എന്നാൽ, പിന്നീട് നടന്നത് നാടകീയ പോരാട്ടം. ഇതാദ്യമായാണ് ഒരു നേതാവിന്റെ സംസ്‌കാരത്തെച്ചൊല്ലിയുള്ള തർക്കം രാത്രി വൈകി കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്.

കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലത്തെച്ചൊല്ലി എടപ്പാടി പളനിസ്വാമി സർക്കാരും ഡി.എം.കെയും തമ്മിലുണ്ടായ തർക്കമാണു മദ്രാസ് കോടതിയിലേക്കു വളർന്നത്. എം.ജി. രാമചന്ദ്രനും ജെ. ജയലളിതയും സി.എൻ. അണ്ണാദുരൈയും അന്ത്യവിശ്രമം കൊള്ളുന്ന മെറീനാ ബീച്ചിൽ സംസ്‌കാരത്തിനു സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം. ഗ്രീൻവേയ്സ് റോഡിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷിന്റെ വസതിയിലാണു ഡി.എം.കെയുടെ ഹർജി പരിഗണിക്കാൻ രാത്രിയിൽ കോടതി ചേർന്നത്. ജസ്റ്റിസ് എസ്.എസ്. സുന്ദറും ബെഞ്ചിലുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്കു തന്നെ മെറീനാ ബീച്ചിൽ കരുണാനിധി സ്മാരകം വേണമെന്ന ആവശ്യം ഡി.എം.കെ. ഉന്നയിച്ചിരുന്നു. ഡി.എം.കെ. നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ, മെറീനാ ബീച്ചിനു പകരം സർദാർ വല്ലഭായ് പട്ടേൽ റോഡിലെ ഗാന്ധി മണ്ഡപത്തിനു സമീപം സ്ഥലം അനുവദിച്ചതാണു ഡി.എം.കെ. നേതാക്കളെയും അണികളെയും ചൊടിപ്പിച്ചത്. മറീനാ ബീച്ചിലെ സ്ഥലത്തെച്ചൊല്ലി വിവിധ കോടതികളിലുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്റെ ആവശ്യം സംസ്ഥാന സർക്കാർ നിരാകരിച്ചത്. എന്നാൽ മെറീനാ ബീച്ചിൽ സ്മാരകങ്ങൾ അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത അഡ്വ. എസ്. ദുരൈസ്വാമി ഹർജി പിൻവലിച്ചിട്ടുണ്ടെന്നായിരുന്നു ഡി.എം.കെ. വാദം, മെറീനാ ബിച്ചിൽ ജയലളിതയ്ക്കു സ്മാരകം അനുവദിച്ചതിനെതിരേയാണു ദുരൈസ്വാമി ഹൈക്കോടതിയെ സമീപിച്ചത്.

സംസ്്കാരത്തിന്റെ പേരിലുള്ള തർക്കം തമിഴ്‌നാട് മുഴുവൻ വ്യാപിക്കാൻ വൈകിയില്ല. തെരുവിലിറങ്ങിയ ഡി.എം.കെ. അണികളും പൊലീസുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായി. ഡി.എം.കെ. ആവശ്യത്തെ പിന്തുണച്ചു സൂപ്പർതാരം രജനീകാന്തും, രംഗത്തെത്തിയിരുന്നു. സംഘർഷം കോടതി പരിസരത്തേക്കും നീണ്ടു. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ചേർന്ന കോടതിയിൽ പ്രവേശിക്കാൻ ആക്ടിവിസ്റ്റ് ട്രാഫിക് രാമസ്വാമിയുടെ അഭിഭാഷകൻ ഗണേശന് അനുമതി നൽകിയതാണു ഡി.എം.കെയെ പ്രതിനിധീകരിച്ച അഭിഭാഷകരെ ചൊടിപ്പിച്ചത്. തുടർന്നു അഭിഭാഷകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

കോടതിയിലെത്തിയ ദുരൈസ്വാമി, താൻ ഹർജി പിൻവലിച്ചതായി അറിയിച്ചു. പി.എം.കെ. നേതാവ് കെ. ബാലുവും ഹർജി പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാൽ, ഹർജി പിൻവലിക്കാൻ ട്രാഫിക് രാമസ്വാമി വിസമ്മതിച്ചു. വാദങ്ങൾക്കൊടുവിൽ ഹർജി രാവിലത്തേക്കു മാറ്റുകയായിരുന്നു. കോടതിയിൽവരെയെത്തിയ പോരാട്ടം അണികളിലും പ്രതിഫലിച്ചു. പൊലീസിനെ തള്ളിമാറ്റി ഇന്നു പുലർച്ചെ ഒന്നിന് അണികൾ കരുണാനിധിയുടെ വസതിയിലേക്ക് ഇടിച്ചുകയറി.

വിവാദങ്ങൾക്കിടെ ചെന്നൈ ഗോപാലപുരത്തെ വസതിയിലേക്ക് കരുണാനിധിയുടെ മൃതദേഹം എത്തിച്ചു. പുലർച്ചെ ഒരു മണി വരെ അവിടെ പൊതുദർശനത്തിന് വച്ചു. ഒരു മണി മുതൽ മൂന്ന് മണി വരെ സിഐ.ടി കോളനിയിൽ കനിമൊഴിയുടെ വസതിയിൽ പൊതുദർശനത്തിന് വച്ചു. പുലർച്ചെ മൂന്ന് മണിയോടെ രാജാജി ഹാളിലേക്ക് കൊണ്ടു വന്നു. അവിടെയാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് അനുമതി ഉള്ളത്. രജനികാന്ത് അടക്കമുള്ളവർ രാവിലെ തന്നെ രാജാജി ഹാളിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP