Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനറൽ ട്രാൻസ്ഫറിൽ തിരുവനന്തപുരത്ത് നിന്നും താമരശ്ശേരിയിൽ എത്തിയത് എക്സ്പ്രസ് ബസിന്റെ ഡ്രൈവറായി; വണ്ടി ഒതുക്കിയാൽ വാഹനം വൃത്തിയാക്കിയ ശേഷം മാത്രം വീട്ടിൽ പോകുന്ന പ്രകൃതക്കാരൻ; സുഹൃത്തുക്കളോട് കളി പറഞ്ഞും ചിരിച്ചും ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയത് അവസാന യാത്രയായി; താമരശ്ശേരി ഡിപ്പോയിലെ മിടുക്കരായ ഡ്രൈവറുടെയു കണ്ടക്ടറുടെയും വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ

ജനറൽ ട്രാൻസ്ഫറിൽ തിരുവനന്തപുരത്ത് നിന്നും താമരശ്ശേരിയിൽ എത്തിയത് എക്സ്പ്രസ് ബസിന്റെ ഡ്രൈവറായി; വണ്ടി ഒതുക്കിയാൽ വാഹനം വൃത്തിയാക്കിയ ശേഷം മാത്രം വീട്ടിൽ പോകുന്ന പ്രകൃതക്കാരൻ; സുഹൃത്തുക്കളോട് കളി പറഞ്ഞും ചിരിച്ചും ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയത് അവസാന യാത്രയായി; താമരശ്ശേരി ഡിപ്പോയിലെ മിടുക്കരായ ഡ്രൈവറുടെയു കണ്ടക്ടറുടെയും വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ

ആർ പീയൂഷ്

താമരശ്ശേരി: കൊല്ലത്തു നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട സഹപ്രവർത്തകരുടെ വിയോഗം വിശ്വസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് താമരശ്ശേരി ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർ. കഴിഞ്ഞ രാത്രിയിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ഇരുവരുടേയും യാത്ര അന്ത്യയാത്ര ആയതിൽ മനം നൊന്തിരിക്കുകയാണ് സഹപ്രവർത്തകർ. ഇന്ന് രാവിലെ 6.10 നാണ് കൊല്ലം കൊട്ടിയത്തിന് സമീപം വച്ച് കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ് (47), കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽ പി.ടി സുഭാഷ് എന്നിവർ മരണപ്പെട്ടത്. ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരം സ്വദേശി ഗണേശും മരിച്ചിരുന്നു.

ഇരുവരും സഹപ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരരായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് എത്തിയാൽ വാഹനം വൃത്തിയാക്കി ഇടുന്നതും രണ്ടുപേരും ചേർന്നായിരുന്നു. കൂടാതെ യാത്രക്കാരോടെല്ലാം സൗമ്യമായി ഇടപെടുന്നതിനാൽ സ്ഥിര യാത്രക്കാർക്കും ഇവരെ പറ്റി മതിപ്പായിരുന്നു. ഡ്രൈവർ അബ്ദുൽ അസീസ് ജനറൽ ട്രാൻസഫർ കിട്ടി താമരശ്ശേരിയിലേക്കെത്തിയിട്ട് രണ്ട് മാസം മാത്രം പൂർത്തിയാകുന്നതേ ഉള്ളൂ. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലായിരുന്നു. അവിടെയും സഹപ്രവർത്തകർക്കിടയിൽ ഏറെ പരിചിതനായിരുന്നു.

വാഹനം കൃത്യസമയത്ത് ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിന് അധികാരികളുടെ പ്രശംസ ഏറെ കിട്ടിയിട്ടുമുണ്ട്. മലയാൺമയിലെ നാട്ടുകാർക്കിടയിലും അബ്ദുൽ അസീസ് സജീവ സാന്നിധ്യമായിരുന്നു. നാട്ടിലെ പൊതു പരിപാടികളിലെല്ലാം പങ്കെടുക്കുകയും വേണ്ട സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തിരുന്നു. മുനീറയാണ് ഭാര്യ. രണ്ട് പെൺകുട്ടികളും രണ്ട് ആൺമക്കളുമാണ് അബ്ദുൾ അസീസിനുള്ളത്. ഇതിൽ രണ്ടുപേർ വിദേശത്താണ്.

ഏറെ നാളായി താമരശ്ശേരി ഡിപ്പോയിലെ എക്സ്പ്രസ്സ് ബസിൽ സ്ഥിരം കണ്ടക്ടറായി തുടർന്നു വരികയായിരുന്നു സുഭാഷ്. കൃത്യ നിഷ്ഠയോടെയുള്ള കൃത്യ നിർവ്വഹണമായിരുന്നു മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കിയത്. കൂടാതെ വാഹനം വൃത്തിയോടെ സൂക്ഷിക്കാൻ തന്റെയൊപ്പം ഡ്യൂട്ടിക്കെത്തുന്ന ഡ്രൈവറോടു പറയുമായിരുന്നു. രാത്രിയിൽ ഉറങ്ങാതെ ഡ്രൈവറോട് സംസാരിച്ചിരിക്കുന്നതും സുഭാഷിന്റെ പ്രത്യേകതയായിരുന്നു. അതിനാൽ എല്ലാവർക്കും സുഭാഷ് കണ്ടക്ടറായി പോകുന്ന ദീർഘദൂര ബസിൽ ജോലി ചെയ്യാൻ പ്രത്യേക താൽപര്യവുമായിരുന്നു. അശ്വതിയാണ് സുഭാഷിന്റെ ഭാര്യ. അനുഷ്‌ക(4) മകളാണ്.

ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.  ഇന്ന്  രാവിലെ 6.10 ഓടെയാണ് അപകടമുണ്ടായത്. താമരശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആർ.ടിസി എക്സ് പ്രസ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കനത്ത മഴയും ഉണ്ടായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ സ്ഥലത്തേക്ക് ഓടിക്കൂടി. ബസ് ലോറിയിലേക്ക് ഇടിച്ച് കയറിയ അവസ്ഥയിലായിരുന്നതിനാൽ തന്നെ ലോറി ഡ്രൈവറെ പുറത്തെടുക്കാൻ വളരെ ബുദ്ധിമുട്ടുകയായിരുന്നു. ലോറിയുടേയും ബസിന്റേയും മുൻവശങ്ങൾ പൂർണമായും തകർന്ന അവസ്ഥിലായിരുന്നു.  നിരവധി പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്.  ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയിട്ടുണ്ട്. അപകട സ്ഥലത്തും ആശുപത്രിയിലും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ, മേഴ്സി ക്കുട്ടിയമ്മ, സിഎംഡി ടോമിൻ തച്ചങ്കരി എന്നിവർ സന്ദർശിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും വേണ്ട അടിയന്തിര സഹായം ഉടൻ നൽകുമെന്ന് മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP