Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിണറായി സർക്കാറിന്റെ അനാസ്ഥയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ കൂടി; കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജീവനൊടുക്കി രണ്ട് പേർ; ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു ലോഡ്ജിൽ ജീവനൊടുക്കിയത് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത മോശമായ അവസ്ഥയിൽ; നേമം സ്വദേശി കരുണാകരൻ നാടാരും ആത്മഹത്യ ചെയ്തു; 'എല്ലാം ശരിയാകും' എന്നു വിശ്വസിച്ച ഭരണാനുകൂല തൊഴിലാളി യൂണിയനും പ്രതീക്ഷ നശിച്ചു

പിണറായി സർക്കാറിന്റെ അനാസ്ഥയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ കൂടി; കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ  ജീവനൊടുക്കി രണ്ട് പേർ; ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു ലോഡ്ജിൽ ജീവനൊടുക്കിയത് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത മോശമായ അവസ്ഥയിൽ; നേമം സ്വദേശി കരുണാകരൻ നാടാരും ആത്മഹത്യ ചെയ്തു; 'എല്ലാം ശരിയാകും' എന്നു വിശ്വസിച്ച ഭരണാനുകൂല തൊഴിലാളി യൂണിയനും പ്രതീക്ഷ നശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: പിണറായി സർക്കാറിന്റെ അനാസ്ഥയിൽ രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു. കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ഇന്ന് രണ്ട് പെൻഷൻകാരാണ് ജീവനൊടുക്കിയത്. സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ മുൻ സൂപ്രണ്ട് ആത്മഹത്യ ചെയ്തപ്പോൾ നേമം സ്വദേശിയായ പെൻഷൻകാരുനും മരണം വരിച്ചു.

സുൽത്താൻ ബത്തേരിയിലെ ലോഡ്ജിലാണ് മുൻ സൂപ്രണ്ടായ തലശ്ശേരി സ്വദേശിയായ നടേശ് ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. രണ്ട് ദിവസം മുമ്പ് അദ്ദേഹം തലശ്ശേരിയിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു. നിരന്തരമായി പെൻഷൻ മുടങ്ങിയതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം സഹപ്രവർത്തകരും വ്യക്തമാക്കുന്നുണ്ട്. നടേശ് ബാബുവും കുടുംബവും ജീവിക്കുന്നത് ഈ പെൻഷൻ വരുമാനത്തിൽ നിന്നായിരുന്നു. ബത്തേരിയിൽ എത്തിയ അദ്ദേഹത്തിന് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ വലഞ്ഞുവെന്നാണ് നടേശ് ബാബുവിന്റെ സഹപ്രവർത്തകർ പറഞ്ഞത്. തുച്ഛമായ പണം പോലും കൈയിലെടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് നടേശ് ബാബു ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

നേമം സ്വദേശിയായ കരുണാകരൻ നാടാർ ആത്മഹത്യക്ക് ശ്രമിച്ച ചികിത്സയിൽ കഴിയുമ്പോഴാണ് മരണപ്പെട്ടത്. ജീവിക്കാൻ സാധിക്കാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പെൻഷൻകാർ കടന്നുപോകുന്നത്. ആ പ്രതിസന്ധി പെൻഷൻ കാരുടെ ആത്മവിശ്വാസം തകർത്തു എന്ന നിലയിലാണ് പെൻഷൻകാർ ജീവനൊടുക്കുന്നത്.

മാസങ്ങളായി പെൻഷൻ ലഭിക്കാതെ വന്നതോടെ കടുത്ത ദുരിതമാണ് പെൻഷൻകാർ അനുഭവിക്കുന്നത്. ഒരുകാലത്ത് സർക്കാറിനെ സേവിച്ച് ആരുടെയും സഹായം കൂടാതെ സ്വന്തം കാലിൽ നിന്നവരാണ് ഇപ്പോൾ തീരാദുരിതത്തിൽ ആയിരിക്കുന്നത്. കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക ഈ മാസം തന്നെ നൽകാൻ സർക്കാർ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. യോഗത്തിൽ സഹകരണ മന്ത്രിയും ബാങ്ക് പ്രതിനിധികളും പങ്കെടുത്തിരുന്നു. കഴിഞ്ഞ അഞ്ചു മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ വരുന്ന മാർച്ച് മാസത്തിനകം കൊടുത്തു തീർക്കുമെന്നായിരുന്നു ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം.

പെൻഷൻ നൽകുന്നതിനായി കെഎസ്ആർടിസിയും ബാങ്കുകളുടെ കൺസോഷ്യവും തമ്മിൽ ധാരണപത്രം ഒപ്പിടും. ഇതോടെ കുറഞ്ഞ ചെലവിൽ കെഎസ്ആർടിസിക്ക് വായ്പ ലഭ്യമാകും. കൺസോർഷ്യം നൽകുന്ന വായ്പക്ക് സർക്കാർ ഗ്യാരണ്ടിയുമുണ്ടാവും. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടുമൊരും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം വെറും പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് കാര്യങ്ങളൊന്നും നീങ്ങുന്നില്ലെന്നാണ് പെൻഷൻകാർ പരാതിപ്പെടുന്നത്.

രണ്ട് ദിവസം മുമ്പ് പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങിയതോടെ ഒരു പെൻഷൻകാരൻ കൂടി മരണപ്പെട്ടിരുന്നു. പുതുവൈപ്പ് വലിയപറമ്പിൽ പരേതനായ വാരിജാക്ഷന്റെ മകൻ റോയി (59) യാണ് ഹൃദയാഘാതം മൂലം മരിച്ചത്. 34 വർഷത്തെ സേവനത്തിനുശേഷം കെഎസ്ആർടിസിയിൽനിന്നു മൂന്നരവർഷം മുൻപാണു വിരമിച്ചത്. പെൻഷൻ ലഭിച്ചിട്ട് അഞ്ചു മാസമായെന്നും വിരമിച്ചപ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ പലതും ഇനിയും കിട്ടിയിട്ടില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

ദീർഘകാലമായി ഹൃദ്രോഗത്തിനു ചികിൽസയിലായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധന നടത്തിയപ്പോൾ അടിയന്തര ഹൃദയ ശസ്ത്രക്രിയ നിർദ്ദേശിച്ചതാണ്. ഒന്നരലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്കു പണം കൈവശമില്ലാത്തിനാൽ നടത്തിയില്ല. കുറച്ചുകാലം ആയുർവേദ ചികിൽസ നടത്തിയെങ്കിലും അതും മുടങ്ങി. തുടർന്നു വലിയ മാനസിക സമ്മർദത്തിലായിരുന്നു. ചികിത്സ മുടങ്ങിയതാണു മരണത്തിലേക്കു നയിച്ചതെന്നു വീട്ടുകാർ പറയുന്നു. ഭാര്യ വീട്ടുജോലി ചെയ്താണു കുടുംബം പുലർത്തുന്നത്. റോയിയുടെ രണ്ടു പെൺമക്കളിൽ മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഇളയമകൾ എസ്എസ്എൽസി വിദ്യാർത്ഥിനിയാണ്. കുട്ടികളുടെ പഠനമുൾപ്പെടെ വീട്ടവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ കുടുംബം ഏറെ ക്ലേശിച്ചിരുന്നു.

സമാനമായ വിധത്തിൽ ചികിത്സ മുടങ്ങിയതു കൊണ്ട് മരണപ്പെട്ട നിരവധി പെൻഷൻ മുടങ്ങിയത് മൂലം ചികിത്സ മുടങ്ങി നിരവധി പേർ മരിച്ചത്. കെഎസ്ആർടിസി പെൻഷൻ കിട്ടാതെ പെൻഷൻകാർ ജീവനൊടുക്കുന്നത് തുടരുമ്പോഴും എല്ലാം ശരിയാക്കാം എന്ന വാഗ്ദാനം നൽകിയ പിണറായി സർക്കാറും മുഖംതിരിഞ്ഞു നിൽക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ഒരു വഴിയും കാണാതെ സർക്കാരും കെഎസ്ആർടിസിയും. അടുത്തിടെ നിരവധി പേരാണ് ആശ്രിത പെൻഷനും മറ്റും ലഭിക്കാത്തതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലായത്.

60 കോടിയാണ് ഒരു മാസത്തെ പെൻഷന് വേണ്ടത്. 38,000 ത്തോളം പെൻഷൻകാരണുള്ളത്. മാസം 175 കോടി കടത്തിലാണ് കെ.എസ്.ആർ.സി. ഓടുന്നത്. സർക്കാർ സഹായത്തിലാണ് കഴിഞ്ഞ മാസങ്ങളിൽ ശമ്പളം കൊടുത്തത്. വായ്പാ തിരച്ചടവിനും മറ്റു ചെലവുകൾക്കും വരുമാനം മാറ്റിയതോടെ പെൻഷന് പണമില്ലാതെയായി. ധനമന്ത്രി തോമസ് ഐസക്ക് കാര്യമായ വാഗ്ദാനമായിരുന്നു ഈ കുടുംബങ്ങൾക്ക് നൽകിയത്. എന്നാൽ, ആ വാക്കു വിശ്വസിച്ചവരൊക്കെ പെരുവഴിയിലായ അവസ്ഥയിലായി.

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ആരുടെയും ഔദാര്യമല്ല, സർവീസ് കാലത്ത് ഒഴുക്കിയ വിയർപ്പിന്റെ വിലയാണ്. ഈ സർക്കാരിന്റെ കാലത്തു പെൻഷനുവേണ്ടി നിങ്ങൾ സമരം ചെയ്യേണ്ടിവരില്ല. പെൻഷൻ മുടങ്ങില്ലെ- ഈ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. തോമസ് ചാണ്ടി മന്ത്രിയായപ്പോൾ പെൻഷൻ ഒറ്റ ഗഡുവായി നൽകുമെന്നും പറയുകയായി. ഈ വാഗ്ദാനമെല്ലാം പാളിയതോടെ ആത്മഹത്യയുടെ വക്കിലാണ് പെൻഷൻകാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP