Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രകൾ ഇഷ്ടപ്പെടുന്നവർ പ്രണയത്തിലായത് ട്രെക്കിങ് ക്യാംപുകളിൽവച്ച്; വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കാടിനോടുള്ള സ്നേഹം ഇരുവരേയും പിന്തുടർന്നു; ഒടുവിൽ യുവമിഥുനങ്ങൾ തീക്കനലായി എരിഞ്ഞു തീർന്നു; വിപിന് പിന്നാലെ ദിവ്യയും യാത്രയായി; കുരങ്ങിണിയിലെ കാട്ടുതീയിൽ പൊലിഞ്ഞത് ഒരു പിടി സ്വപ്നങ്ങൾ

യാത്രകൾ ഇഷ്ടപ്പെടുന്നവർ പ്രണയത്തിലായത് ട്രെക്കിങ് ക്യാംപുകളിൽവച്ച്; വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കാടിനോടുള്ള സ്നേഹം ഇരുവരേയും പിന്തുടർന്നു; ഒടുവിൽ യുവമിഥുനങ്ങൾ തീക്കനലായി എരിഞ്ഞു തീർന്നു; വിപിന് പിന്നാലെ ദിവ്യയും യാത്രയായി; കുരങ്ങിണിയിലെ കാട്ടുതീയിൽ പൊലിഞ്ഞത് ഒരു പിടി സ്വപ്നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തേനി: കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ ഗുരുതര പൊള്ളലേറ്റു മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വിപിന്റെ ഭാര്യ പൊള്ളാച്ചി സ്വദേശി ദിവ്യ വിശ്വനാഥൻ (23) ആണു മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ദിവ്യയോടൊപ്പം പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവ് വിപിൻ ദാമോദരൻ (30) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കുരങ്ങിണി കാട്ടുതീയിൽ മരിച്ച കന്യാകുമാരി സ്വദേശി വിപിൻ ദാമോദരന്റെ (32) ഭാര്യയാണു ദിവ്യ. വിപിൻ തിങ്കളാഴ്ച രാത്രി മരിച്ചു. വിപിൻ മരിച്ച വിവരം ബന്ധുക്കൾ ഇതുവരെ ദിവ്യയെ അറിയിച്ചിട്ടില്ല. കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ വിപിൻ രണ്ടു വർഷം മുൻപാണു കോയമ്പത്തൂർ സ്വദേശിയായ ദിവ്യയെ പ്രണയിച്ചു വിവാഹം ചെയ്തത്. യാത്രകൾ ഇഷ്ടപ്പെടുന്ന ഇരുവരും ട്രെക്കിങ് ക്യാംപുകളിൽവച്ചാണു പരിചയത്തിലാകുന്നത്. ഗുരുതര പരിക്കേറ്റ ദിവ്യയും ഒടുവിൽ മരണത്തിന് കീഴടങ്ങി. ട്രെക്കിങ് സംഘത്തിലെ മറ്റൊരു ദമ്പതികളായ ഈറോഡ് സ്വദേശി എൻ. വിവേകും ഭാര്യ ആർ. ദിവ്യയും കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ പൊള്ളലേറ്റു ഞായറാഴ്ച മരിച്ചിരുന്നു.

വിവേകിന്റേയും ദിവ്യ ആറിന്റേയും മരണം തന്നെ കൂട്ടുകാരെ കരയിപ്പിച്ചിരുന്നു. സ്‌കൂൾ കാലം മുതൽ കളിക്കൂട്ടുകാരായിരുന്ന വിവേകിനെ ദിവ്യ സ്വന്തമാക്കിയത് മൂന്നുമാസം മുമ്പാണ്. ഇത്തരമൊരു യാത്രയെപ്പറ്റി കേട്ടതോടെ ഇവരും ഇതിന് തയ്യാറായി. കൂട്ടുകാരോടൊപ്പം കൊളുക്കുമലയിലേക്ക് നടത്തിയ യാത്ര അന്ത്യയാത്രയായി. ദുരന്ത സ്ഥല്ത്ത തന്നെ വിവേക് മരിച്ചു. ദിവ്യയാകട്ടെ ശരീരത്തൽ 90 ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലും. ജീവിതസഖാവായ കളിക്കൂട്ടുകാരൻ പോയതറിയാതെ ജീവിതത്തിന് വേണ്ടി പൊരുതിയ ദിവ്യയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഈറോഡ് കവുണ്ടപ്പടി സ്വദേശികളും അയൽക്കാരുമായ വിവേകും ദിവ്യയും സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ കൂട്ടുകാരായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. രണ്ട് സമുദായങ്ങളിൽ പെട്ടവരായിരുന്നതിനാൽ ഇരുവരുടെയും വീട്ടുകാരും നാട്ടുകാരും എതിർത്തു. കടുത്ത പ്രണയത്തിനിടയിലും ഇരുവരും വിദ്യാഭ്യാസം മറന്നില്ല. നന്നായി പഠിച്ച് വിവേക് ദുബായിൽ ഓട്ടോമൊബൈൽ എൻജിനീയറായി. ദിവ്യ ബോഡിചെട്ടിപാളയം പി.കെ.ആർ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ലക്ചററും. ഇരുവരും നല്ല നിലയിലെത്തിയതോടെ വീട്ടുകാരും അയഞ്ഞു. പ്രണയത്തിന് സന്തോഷത്തോടെ പച്ചക്കൊടി കാട്ടി. കഴിഞ്ഞ നവംബറിൽ ആർഭാടത്തോടെ വിവാഹവും നടന്നു.

മധുവിധുവിനിടയിൽ വിവേകാണ് സുഹൃത്തുക്കളുമൊത്ത് യാത്ര പ്ലാൻ ചെയ്തത്. കൊളുക്കുമലയിലേക്ക് ട്രെക്കിങ്ങിനാണ് പോയതെന്ന് വീട്ടുകാർക്കറിയില്ലായിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ കൂട്ടുകാരുമൊത്തുള്ള യാത്രാ മുഹൂർത്തങ്ങൾ വാട്‌സാപ്പിലൂടെ ബന്ധുക്കളുമായി പങ്കുവെച്ചു. ഞായറാഴ്ച രാത്രി ബന്ധുവിന് കിട്ടിയ വാട്‌സാപ്പ് സന്ദേശത്തിൽ നിന്നാണ് ഇരുവരും അപകടത്തിൽപെട്ട വിവരം വീട്ടുകാർക്ക് ലഭിച്ചത്. കൂട്ടുകാരിയുടെ കൈപിടിച്ച് മല കയറിയ വിവേകിനെ ആർത്തിരമ്പി വന്ന തീനാളങ്ങൾ വിഴുങ്ങി.

എപ്പഴോ കൈവിട്ടുപോയ ദിവ്യ തീപ്പൊള്ളലേറ്റ് മണ്ണിൽ കിടന്നു. വിവേക് കൊളുക്കുമലയിൽ വച്ചുതന്നെ മരിച്ചു. ദേഹമാസകലം പൊള്ളലേറ്റ ദിവ്യ മധുര രാജാജി ഗവ. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.. എപ്പോഴെങ്കിലും ബോധം വരുമ്പോൾ അവൾ പ്രതീക്ഷയോടെ വിവേകിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. ആരും ഒന്നും പറഞ്ഞില്ല. ഒടുവിൽ ദിവ്യയും മടങ്ങുകയാണ് പ്രതീക്ഷകൾ അവസാനിപ്പിച്ച്.

അതിനിടെ കാട്ടുതീയിൽ പൊള്ളലേറ്റു മധുര രാജാജി ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസയിലുള്ള മിക്കവരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 90% പൊള്ളലേറ്റവരിൽ രണ്ടുപേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച വൈകിട്ടു രണ്ടരയോടെയാണു കുരങ്ങിണി വനത്തിൽ കാട്ടുതീയുണ്ടായത്. ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 39 അംഗ സംഘമാണ് ട്രെക്കിങ്ങിനായി പുറപ്പെട്ടത്.

അതേസമയം, കുരങ്ങിണി വനമേഖലയിലെ കാട്ടുതീ ദുരന്തത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി തമിഴ്‌നാട് റവന്യു വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. കാട്ടുതീ സാധ്യതയുണ്ടെന്ന സന്ദേശം ലഭിച്ചിട്ടും മുൻകരുതലുകളെടുക്കാനോ ട്രെക്കിങ് സംഘത്തിനു സുരക്ഷയൊരുക്കാനോ വനംവകുപ്പിനായില്ല. കാട്ടുതീക്കു സാധ്യതയെന്ന വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചതുപോലും ദുരന്തമുണ്ടായശേഷമാണ്. അനധികൃത ട്രെക്കിങ് തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചിരുന്നില്ലെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ വിശദ അന്വേഷണത്തിനു ദുരന്തനിവാരണ വകുപ്പു സെക്രട്ടറി അതുല്യ മിശ്രയെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനാണു മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിർദ്ദേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP