Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊട്ടുമുമ്പത്തെ കവലയിലെ കുട്ടികളെ കയറ്റാതെ തിരിച്ചുവരാമെന്ന് ആംഗ്യം കാട്ടി ജോസ് ജീപ്പുമായി മുന്നോട്ട് പാഞ്ഞു; ഇറക്കം ഇറങ്ങി മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ ദുരന്തം; ആശുപത്രിയിലെത്തുമ്പോൾ നാഡീസ്പന്ദനമുണ്ടായിരുന്ന കൊച്ചു നയനയേയും രക്ഷിക്കാനായില്ല; പുതുവേലി ജീപ്പപകടത്തിൽ മുത്തോലപുരം ഗ്രാമത്തിൽ കണ്ണീർമഴ

തൊട്ടുമുമ്പത്തെ കവലയിലെ കുട്ടികളെ കയറ്റാതെ തിരിച്ചുവരാമെന്ന് ആംഗ്യം കാട്ടി ജോസ് ജീപ്പുമായി മുന്നോട്ട് പാഞ്ഞു; ഇറക്കം ഇറങ്ങി മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ ദുരന്തം; ആശുപത്രിയിലെത്തുമ്പോൾ നാഡീസ്പന്ദനമുണ്ടായിരുന്ന കൊച്ചു നയനയേയും രക്ഷിക്കാനായില്ല; പുതുവേലി ജീപ്പപകടത്തിൽ മുത്തോലപുരം ഗ്രാമത്തിൽ കണ്ണീർമഴ

പ്രകാശ് ചന്ദ്രശേഖർ

കൂത്താട്ടുകുളം: പുതുവേലി ജീപ്പപകടം മുത്തോലപുരം ഗ്രാമത്തെ കണ്ണീർകടലാക്കി. രാവിലെ കളിയും ചിരിയുമായി സ്‌കൂളിലേക്ക് പുറപ്പെട്ട രണ്ടു കുരുന്നുകളും പ്രദേശവാസിയായ ജീപ്പ് ഡ്രൈവറും ദുരന്തത്തിൽ മരണപ്പെട്ടതായി വിവരം പ്രചരിച്ചതോടെ നാടാകെ ശോകമൂകമായി. മുത്തോലപുരം വട്ടപ്പാറയിൽ ആൻ മരിയ ഷിജി(6), പെരുമ്പിള്ളീൽ നയന ദിലീപ്(6), ജീപ്പ് ഡ്രൈവർ തെക്കേപള്ളിക്കപ്പറമ്പിൽ ജോസ് ജേക്കബ്ബ് (സിബി-45) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

മുത്തോലപുരം-ഇലഞ്ഞി റോഡിൽനിന്നും എം സി റോഡിലേക്ക് പ്രവേശിക്കുന്ന പുതുവേലി കവലയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സാമാന്യം വേഗതയിൽ ഇറക്കം ഇറങ്ങിവരികയായിരുന്ന ജീപ്പ് നേരെ എതിർവശത്തെ തിട്ടയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നു. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സിബിയും ആൻ മരിയയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയതോതിൽ നാഡി സ്പന്ദനമുണ്ടായിരുന്ന നയനയെ ജീവിതത്തിലേക്ക മടക്കിക്കൊണ്ടുവരുന്നതിനുള്ള ആശുപത്രി അധികൃതരുടെ നീക്കവും വ്യഥാവിലാവുകയായിരുന്നു. മൂവർക്കും തലക്കാണ് പരിക്കേറ്റിരുന്നത്.

അപകടവാർത്തയറിഞ്ഞതോടെ പരിക്കേറ്റ മറ്റു കുട്ടികളെ പ്രവേശിപ്പിച്ച കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലേക്ക് നാട്ടുകാർ ഒന്നടങ്കമെത്തി. മരിച്ചവരുടെ മൃതദേഹങ്ങളും ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. മരണമടഞ്ഞവരുടെ മാതാപിതക്കളുടെയും ബന്ധുമിത്രാതികളുടെയും ദീനരോദനവും അലമുറയും മൂലം ആശുപത്രി പരിസരവും ഏറെ നേരം ദുഃഖസാന്ദ്രമായിരുന്നു. അപകടസ്ഥലത്തേക്കുള്ള ജനപ്രവാഹം ഇപ്പോഴും തുടരുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

സിബി പത്രക്കെട്ടുകൾ എത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നെന്നും ഇതേത്തുടർന്നുള്ള ഉറക്കക്ഷീണമുണ്ടായിരുന്നതിനാൽ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നും അതല്ല, വാഹനത്തിന്റെ ബ്രേക്കു പോയതാവാമെന്നും പറയുന്നു. സിബിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരിക്കാമെന്നും ഇതുമൂലം വാഹനം നിയന്ത്രിക്കാൻ കഴിയാതെ പോയതാവാമെന്നും പ്രചാരണമുണ്ട്. തൊട്ടടുത്ത കവലയിൽ നിന്നിരുന്ന കുട്ടികളെ കയറ്റാതെ, തിരിച്ചുവരാമെന്ന് ആംഗ്യം കാട്ടിയാണ് സിബി പുതുവേലിയിലേക്ക് ജീപ്പോടിച്ചു പോന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതാണ് ഇത്തരത്തിലൊരു പ്രചാരണത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജീപ്പിന്റെ ബ്രേക്ക് പോയെന്ന് അപകടത്തിന് നിമിഷങ്ങൾക്കുള്ളിൽ സിബി തങ്ങളോട് പറഞ്ഞതായി ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന കുട്ടികളിൽ ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്. അപകടത്തിനിടയാക്കിയ ക്രൂയിസർ ജീപ്പ് മോട്ടർവാഹനവകുപ്പധികൃതർ പശോധിക്കുന്നുണ്ടെന്നും ഇതിന് ശേഷമേ അപകടകാരണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കു എന്നുമാണ് കൂത്താട്ടുകളം പൊലീസ് നൽകുന്ന വിവരം.

അപകടവാർത്തയറിഞ്ഞ് മുന്മന്ത്രി അനൂപ് ജേക്കബ്ബ്, കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ, കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ പ്രിൻസ് പോൾ ജോൺ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് അൽപം മുമ്പ് പോസ്റ്റുമോർട്ടത്തിനായി കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP