Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോധം നശിച്ച് കിടക്കയിൽ കഴിഞ്ഞിട്ടും അവസാന ദിവസം പൊതുവേദിയിലെത്തി വിളക്കുതെളിച്ചു; മരണത്തിലേക്കു പോകുംമുമ്പ് പോരാളിയുടെ ആത്മാവു തെളിഞ്ഞുകത്തിയത് ഇങ്ങനെ

ബോധം നശിച്ച് കിടക്കയിൽ കഴിഞ്ഞിട്ടും അവസാന ദിവസം പൊതുവേദിയിലെത്തി വിളക്കുതെളിച്ചു; മരണത്തിലേക്കു പോകുംമുമ്പ് പോരാളിയുടെ ആത്മാവു തെളിഞ്ഞുകത്തിയത് ഇങ്ങനെ

കണ്ണൂർ: കേരളത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു എംവി രാഘവൻ. മറവി രോഗത്തേയും മനഃശക്തി കൊണ്ട് തോൽപ്പിച്ച വ്യക്തിത്വം. ഇതും തെളിയിച്ചാണ് രാഘവനെന്ന കമ്മ്യൂണിസ്റ്റ് ജീവിതത്തിൽ നിന്ന് മടങ്ങുന്നത്. മരണത്തിന് തലേ ദിവസം രോഗത്തെ തോൽപ്പിച്ച് പൊതു സമൂഹത്തിന് മുന്നിൽ രാഘവനെത്തി. രണ്ട് വർഷത്തിന് ശേഷമൊരു പൊതു വേദിയിൽ.

പാർക്കിൻസൺസ്, മറവിരോഗങ്ങൾ ബാധിച്ചു കിടപ്പിലായിരുന്ന സിഎംപി ജനറൽ സെക്രട്ടറി എംവിആർ പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യാനാണ് കഴിഞ്ഞ ദിവസം പൊതുവേദിയിലെത്തിയത്. വീൽചെയറിൽ പാർട്ടിപ്രവർത്തകരുടെ സഹായത്തോടെ വേദിയിലെത്തിയ എംവിആർ നിലവിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. 2013 ഓഗസ്റ്റിൽ എംവിആറിന്റെ ആരോഗ്യനില വഷളായിരുന്നു. മറവി രോഗം പൂർണ്ണമായും സഖാവിനെ കീഴടക്കിയെന്ന് ഏവരും കരുതി. അതിനെയാണ് പൊതുവേദിയിൽ ഉദ്ഘാടകനായി രാഘവൻ തിരുത്തിയത്.

2012 ഏപ്രിൽ 12നു പറശിനിക്കടവ് ആയുർവേദ കോളജിൽ നടന്ന വാസുകീയം ആയുർവേദ സെമിനാർ ആയിരുന്നു എംവിആർ ഒടുവിൽ പങ്കെടുത്ത പൊതുപരിപാടി. പിന്നീട് പൊതുപരിപാടികൾ ഒഴിവാക്കി. പാർട്ടി യോഗങ്ങളിൽ നിന്നും മാറി നിന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസത്തോളം ചികിൽസയിൽ കഴിഞ്ഞ ശേഷം ബർണശേരിയിലെ വീട്ടിൽ പൂർണവിശ്രമത്തിലായിരുന്നു. ഇതിനിടെയിൽ മറവി രോഗത്തേയും മറികടന്ന് സാധാരണ നിലയിലേക്ക് എത്തി. പിന്നെ വാശിപ്പിടിത്തം. അങ്ങനെയാണ് ഇന്നലെ പൊതുവേദിയിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിതരായത്. എംവിആറിന്റെ ആഗ്രഹപ്രകാരമാണ് ഇന്നലെ ആയുർവേദ കോളജിലെ പൊതുപരിപാടിയിൽ പങ്കെടുപ്പിച്ചതെന്നും ബന്ധുക്കളും വ്യക്തമാക്കുന്നു.

നിശ്ചയിച്ചുറപ്പിച്ചാൽ പിന്മാറ്റം കേരള രാഷ്ട്രീയത്തിലെ എംവിആറിന് ഇല്ല. ജീവതിത്തിന്റെ അവസാന ദിവസവും അതു തന്നെയാണ് വിജയിച്ചത്. ഡോക്ടർമാരുടെ എതിർപ്പവഗണിച്ച് പരിപാടിക്ക് പോകുന്നതിനെ കുടുംബാഗങ്ങൾ എതിർത്തു. എന്നാൽ പോയേ പറ്റൂവെന്ന് എംവിഅർ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ തന്റെ സ്വന്തം വിയർപ്പിലൂടെ കെട്ടിപ്പെടുത്ത പരിയാരത്തെ ആയുർവേദ കോളേജിൽ സഖാവ് എത്തി. പിന്നെ മടക്കം.

സിപിഎമ്മിനെ കണ്ണൂരിൽ കെട്ടിപെടുത്തത് രാഘവനാണ്. പക്ഷേ ആ വലിയ കമ്യൂണിസ്റ്റ് പാർട്ടിയോട് പോരാടി വിജയം വരിച്ച വീരസഖാവെന്നാകും ചരിത്രത്തിലെ രാഘവന്റെ സ്ഥാനം. ബദൽ രേഖാ വിവാദവുമായി പാർട്ടി വിട്ട രാഘവൻ സിഎംപിയുണ്ടാക്കി. കെ കരുണാകന്റെ പിന്തുണയോടെ യുഡിഎഫിലെത്തി. ജനങ്ങളെ തന്നോട് അടുപ്പിക്കുന്ന രാഘവൻ കണ്ണൂരിലെ സിപിഐ(എം) കോട്ടകളിൽ വിള്ളലുണ്ടാക്കി. സിപിഎമ്മിന്റെ സംഘടനാ സംവിധാനം കണ്ണൂരിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ അവസാനകാലത്ത് രാഘവന് സിപിഎമ്മിനോട് താൽപ്പര്യം ഉണ്ടായി എന്നതും വസ്തുതയാണ്. പക്ഷേ അതൊരിക്കലും പഴയ ലാവണത്തിലേക്കുള്ള മടങ്ങിപ്പോക്കുമായില്ല.

രാഘവന് സുഖമില്ലാതായതോടെ സിഎംപിയിലും പ്രശ്‌നങ്ങൾ തുടങ്ങി. സിപിജോണും അരവിന്ദാക്ഷനും രണ്ടു വഴിക്കായി. ഇതൊന്നും മറവി രോഗം മൂലം പൂർണ്ണമായും രാഘവൻ അറിഞ്ഞിരുന്നില്ല. സ്വന്തം പാർട്ടിയിലെ കലാപം കുടുംബത്തിലുമെത്തി. മക്കനായ ഗിരീഷ് സിപി ജോണിനൊപ്പം. മറ്റൊരു മകൻ അരവിന്ദാക്ഷനേയും പിന്തുണച്ചു. എംവിആറിനെ നീക്കി അരവിന്ദാക്ഷൻ സ്വയം പാർട്ടി സെക്രട്ടറിയായി. സിപി ജോൺ വലതുപക്ഷത്ത് ഉറച്ചു നിന്നു. അങ്ങനെ സിഎംപി പിളർപ്പിന്റെ വക്കിലുമെത്തി. പക്ഷേ മറവി രോഗമായതിനാൽ രാഘവന്റെ മനസ്സ് എവിടെയാണെന്ന് അരും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ പിളർപ്പിലും പിളരാതെ സിഎംപി രാഘവന് പിന്നിൽ ഒരുമിച്ചു.

തന്റേടിയായിരുന്നു രാഘവനെന്ന രാഷ്ട്രീയ നേതാവ്. ആർക്കും പിടികൊടുക്കാത്ത വ്യക്തിത്വം. ന്യൂനപക്ഷ രാഷ്ട്രീയത്തിലൂടെ സിപിഎമ്മിന് മുന്നേറാനാകുമെന്ന് തുറന്ന് പറഞ്ഞ നേതാവ്. സാക്ഷാൽ ഇഎംസിനോടും അതു മുഖത്ത് നോക്കി പറയാൻ മടികാട്ടിയില്ല. അതിന് രാഘവൻ നൽകിയ വില വലുതായിരുന്നു. പക്ഷേ പാർട്ടിക്കപ്പുറം സഖാക്കളുടെ മനസ്സിൽ കയറിക്കൂടിയ രാഘവനെ തകർത്തെറിയാൻ സിപിഎമ്മിനുമായില്ല. കണ്ണൂരിൽ തന്നെ സിഎംപി കെട്ടിപ്പെടുത്തു. അഴിക്കോടെന്ന ചുവന്ന മണ്ണിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച് പകരം വീട്ടി.

സഹകാരിയെന്ന നിലയിൽ പ്രസ്ഥാനങ്ങൾ കെട്ടിപ്പെടുത്തു. പരിയാരം മെഡിക്കൽ കോളേജ് വരെയുള്ള സ്ഥാപനങ്ങൾ പട്ടികയിൽ ഉണ്ട്. അധികാരത്തിലൂടെ പരിയാരം മെഡിക്കൽ കോളേജിൽ പിടിമുറക്കാൻ സിപിഐ(എം) ശ്രമിച്ചെങ്കിലും ഇനിയും വിജയിച്ചിട്ടില്ല. കൂത്തുപറമ്പ് വെടിവയ്‌പ്പിലെ മുഖ്യ കുറ്റവാളിയായി സിപിഐ(എം) ആരോപിക്കുന്ന രാഘവൻ അവസാന നാളുകളിൽ സിപിഐ(എം) നേതൃത്വത്തിനും അനഭിമതനായിരുന്നില്ല. പാർട്ടി സെക്രട്ടറി പിണറായി വിജയൻ തന്നെ കണ്ണൂരിലെ വസതയിലെത്തി രാഘവനെ കണ്ടു. പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളെത്തി. എന്നാൽ ആരോഗ്യം തടസ്സമായി. അങ്ങനെ സിഎംപിക്കാരനായി കേരളത്തിലെ വിപ്ലവ നക്ഷത്രങ്ങളിലെ പ്രധാനി വിടവാങ്ങി.

 

ഫോട്ടോ-കടപ്പാട് മനോരമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP