Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടു കുടുംബത്തിൽ കഴിയുന്ന ഉമ്മക്കും അനുജന്മാർക്കും ഏക അത്താണി ആയിരുന്നവൻ; കുടുംബ ഭാരം ചുമക്കാൻ പ്ലസ്ടു വണ്ണോടെ പഠനം നിർത്തി; റെഡിമെയ്ഡ് വസ്ത്രശാലയിൽ ജോലിക്കാരനായ ഹർഷാദ് ദുർഖർ ഫാൻസ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് അവധി ദിവസങ്ങളിൽ; നാട്ടുകാരുടെ കണ്ണിലുണ്ണിയായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി നാട്ടുകാർ

കൂട്ടു കുടുംബത്തിൽ കഴിയുന്ന ഉമ്മക്കും അനുജന്മാർക്കും ഏക അത്താണി ആയിരുന്നവൻ; കുടുംബ ഭാരം ചുമക്കാൻ പ്ലസ്ടു വണ്ണോടെ പഠനം നിർത്തി; റെഡിമെയ്ഡ് വസ്ത്രശാലയിൽ ജോലിക്കാരനായ ഹർഷാദ് ദുർഖർ ഫാൻസ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് അവധി ദിവസങ്ങളിൽ; നാട്ടുകാരുടെ കണ്ണിലുണ്ണിയായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി നാട്ടുകാർ

രഞ്ജിത് ബാബു

 കണ്ണൂർ: കണ്ടുമുട്ടുന്നവർെക്കല്ലാം സ്നേഹ സ്മരണകൾ സൃഷ്ടിക്കുന്ന പ്രകൃതക്കാരനായിരുന്നു മട്ടന്നൂർ ബൈക്ക് അപകടത്തിൽ മരിച്ച മുഴപ്പിലങ്ങാട് കൂടക്കവിലെ താഹിറാ മൻസിലിലെ പി.കെ. ഹർഷാദ്. 23 കാരനായിട്ടും കുടുംബ പ്രാരാബ്ദം ഏറ്റെടുക്കേണ്ടി വന്നതിനാൽ പഠനം നിർത്തി തൊഴിൽ തേടേണ്ടി വന്ന ഹതഭാഗ്യൻ. തലശ്ശേരിയിൽ റെഡിമെയ്ഡ് വസ്ത്രശാലയിൽ ജോലിക്കാരനായ ഹർഷാദ് ഞായറാഴ്ച അവധി ദിനത്തിൽ ദുൽഖർ സൽമാൻ ഫാൻസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുഹൃത്ത് മുഹമ്മദ് സഫ്വാനൊപ്പം പോകവേയാണ് അപകടത്തിൽ പെട്ടത്.

അമിത വേഗതയിൽ മറികടക്കുകയായിരുന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. അപകടം നടന്ന് ആശുപത്രിയിലെത്തും മുമ്പ് തന്നെ ഇരുവരും മരണമടഞ്ഞു. അപകട വാർത്ത അവ്യക്തതയോടെ നാട്ടിലറിഞ്ഞെങ്കിലും ഹർഷാദിനൊന്നും സംഭവിക്കരുതേയെന്ന് ബന്ധുക്കളും നാട്ടുകാരും ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് വൈകുന്നേരത്തിന് മുമ്പ് തന്നെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

കൂട്ടു കുടുംബത്തിൽ കഴിയുന്ന ഉമ്മ ഷംഷാദക്കും രണ്ട് അനുജന്മാർക്കും അത്താണിയാണ് ഹർഷാദ്. ഹർഷാദ് ജോലി ചെയ്തു കൊണ്ടു വരുന്ന പണം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. ഇപ്പോൾ താമസിച്ചു വരുന്ന വീടു പോലും അമ്മാവന്റേതാണ്. ഞായറാഴ്ചയാണ് ഹർഷാദിന്റെ ഫാൻസ് അസോസിയേഷനുമായുള്ള പ്രവർത്തനങ്ങൾ നടത്തുക. ഇന്നലെ രാവിലെ ഇരിട്ടിയിൽ പോകുമ്പോൾ വീട്ടിലുള്ള ഇളയമ്മയുടെ ഭർത്താവായ മുഹമ്മദ് ഹനീഫയോട് യാത്ര പറഞ്ഞിരുന്നു. ഇരിട്ടിയിലെ ഫാൻസ് അസോസിയേഷന്റെ രൂപീകരണം കഴിഞ്ഞ് തിരിച്ച് വരുമെന്ന് പറഞ്ഞാണ് യാത്ര തിരിച്ചത്. ഹർഷാദിന്റെ മരണത്തിൽ സുഹൃത്തായ അഫ്രീദിന് ദുഃഖം താങ്ങാനാവുന്നില്ല. ആ വീടുപോലും ഓർക്കാനാവുന്നില്ലെന്ന് അവൻ പറയുന്നു.

മമ്മൂട്ടിയോടും ദുൽഖർ സൽമാനോടും തികഞ്ഞ ആരാധനയാണ് ഹർഷാദിനുള്ളത്. ഹർഷാദ് ദഫ് മുട്ട് കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. എന്നാൽ അതൊന്നും പറഞ്ഞ് മേനി നടക്കാറില്ല. അനുജൻ അഫ്നാസിന് ബിരുദ പഠനത്തിനുള്ള എല്ലാവിധ പ്രോത്സാഹനവും ഹർഷാദ് നൽകി വന്നിരുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന മറ്റൊരു അനുജനായ അക്മൽ റോഷന്റെ പഠന ചെലവിന്റെ ഭാരം കൂടി ഹർഷാദിന്റെ ചുമലിലാണ്. ഇതെല്ലാം മുൻകൂട്ടി കണ്ട് പ്ലസ് വണ്ണിന് ചേർന്നെങ്കിലും പഠനം നിർത്തി സഹോദരന്മാരെ കൈപിടിച്ചുയർത്തുകയായിരുന്നു ഹർഷാദ്. ഉപ്പയിൽ നിന്നും സഹായമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹർഷാദിന് കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നത്.

തലശ്ശേരിയിലെ റെഡിമെയ്ഡ് കടയിൽ നിന്നും ലഭിക്കുന്ന ചെറിയ തുക മാത്രമാണ് ഏക വരുമാനം. അടുത്ത കാലത്താണ് കൂട്ടുകാരനായ പള്ളൂരിലെ സഫ്വാനെ മമ്മൂട്ടി- ദുൽഖർ ഫാൽസ് അസോസിയേഷനുമായി ബന്ധപ്പെടുത്തിയത്. ഒടുവിൽ മരണത്തിലും അവർ ഒന്നിച്ചായി. ബഹ്റിനുള്ള കെ.സി. സലീമിന്റേയും സാബിറയുടേയും മകനാണ് സഫ്വാൻ. തലശ്ശേരി ജനറൽ ആശുപത്രിയിൽ ഹർഷാദിന്റേയും സഫ്വാന്റേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി ഉച്ചക്ക് വീടുകളിലെത്തിക്കും. മുഴപ്പിലങ്ങാട് സീതിന്റെ പള്ളി ഖബറിസ്ഥാനിൽ ഹർഷാദിന്റെ മൃതദേഹം ഖബറടക്കും. മുഹമ്മദ് സഫ്വാന്റെ മൃതദേഹം തലശ്ശേരി മട്ടാമ്പറം പള്ളി ഖബറിസ്ഥാനിലും ഖബറടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP