Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശുദ്ധനാട് തീർത്ഥാനത്തിന് ശേഷമുള്ള മടക്കയാത്ര ദുരന്തമായി; ഏകമകന് അന്ത്യചുംബനം നൽകാനാവാതെ സ്‌ട്രെച്ചറിൽ കിടന്നു വിതുമ്പി സി.പി.എം നേതാവ്; മകന്റെ കവിളിൽ തലോടി വേദന കടിച്ചമർത്തി വീണ്ടും ബേബി ആശുപത്രിയിലേക്ക്; മഞ്ജുഷിന് അന്തിമോപചാരം അർപ്പിച്ച് പണിക്കൻകുടി ഗ്രാമം

വിശുദ്ധനാട് തീർത്ഥാനത്തിന് ശേഷമുള്ള മടക്കയാത്ര ദുരന്തമായി; ഏകമകന് അന്ത്യചുംബനം നൽകാനാവാതെ സ്‌ട്രെച്ചറിൽ കിടന്നു വിതുമ്പി സി.പി.എം നേതാവ്; മകന്റെ കവിളിൽ തലോടി വേദന കടിച്ചമർത്തി വീണ്ടും ബേബി ആശുപത്രിയിലേക്ക്; മഞ്ജുഷിന് അന്തിമോപചാരം അർപ്പിച്ച് പണിക്കൻകുടി ഗ്രാമം

തൊടുപുഴ : കാറപകടത്തിൽ മരിച്ച മകന് അന്ത്യചുംബനം നൽകുവാൻ പോലും ബേബിക്ക് ആകാത്തത് അവിടെ കൂടി നിന്നവരുടെയെല്ലാം കണ്ണ് നനയിച്ചു. അപകടത്തിൽ പരുക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കർഷകസംഘം ജില്ലാ സെക്രട്ടറിയുമായ പണിക്കൻകുടി ഞാറക്കുളം എൻ.വി. ബേബിയെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ കൊണ്ടുവരികയായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിനുശേഷം ധർമഗിരി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മകൻ മഞ്ജുഷിന്റെ മൃതദേഹം പണിക്കൻകുടിയിലേക്കു കൊണ്ടുപോകുന്നതിനു തൊട്ടുമുൻപായിരുന്നു ബേബിയെ മരുമകൻ ഗോഡ്‌സി, സഹോദരീപുത്രൻ അനീഷ് എന്നിവർ ചേർന്നു കോതമംഗലത്ത് എത്തിച്ചത്. ഏകമകന് അന്ത്യചുംബനം നൽകാനാവാതെ സ്‌ട്രെച്ചറിൽ കിടന്നു ബേബി കരഞ്ഞു. പിന്നീട് മകന്റെ കവിളിൽ തലോടി വിതുമ്പി. യാത്ര പിരിയുന്നതിനു മുൻപ് ബന്ധുക്കൾ സ്‌ട്രെച്ചറുയർത്തി മഞ്ജുഷിന്റെ മൃതദേഹം ബേബിയുടെ മുഖത്തോട് അടുപ്പിച്ചു. അങ്ങനെ അന്ത്യചുംബനം നൽകി.

ബേബിയെ വീണ്ടും രാജഗിരി ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽ സാരമായ പരുക്കേറ്റ് അതേ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബേബിയുടെ ഭാര്യ ആൻസിയെ മകന്റെ മരണം അറിയിച്ചിട്ടില്ല. മഞ്ജുഷിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പണിക്കൻകുടി ഗ്രാമം മുഴുവൻ ഞാറക്കുളം വീട്ടിൽ ഒത്തുകൂടി. ഒന്നരവയസ്സുള്ള മകൻ സാൻജോ, ഭാര്യ അനീറ്റ എന്നിവരുടെ വേദന നാടിന്റെ നൊമ്പരമായി. മന്ത്രി എം.എം. മണി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എസ്.രാജേന്ദ്രൻ, സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന മഞ്ജുഷ്, വിശുദ്ധനാട് സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ പിതാവ് ബേബിയെയും മാതാവ് ആൻസിയെയും നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പണിക്കൻകുടിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നതിനിടയിലാണ് അപകടം. സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും ജില്ലയിലെ പ്രമുഖ വി എസ് പക്ഷ നേതാവുമായ പണിക്കൻകുടി ഞാറക്കുളം എൻ.വി.ബേബിയും ഭാര്യ ആൻസിയും 10 ദിവസത്തെ ഇസ്രയേൽ, ഈജിപ്ത് വിശുദ്ധനാട് സന്ദർശനത്തിനു ശേഷം തിങ്കളാഴ്ച രാത്രിയാണു തിരിച്ചെത്തിയത്.

നേര്യമംഗലംലോവർ പെരിയാർകട്ടപ്പന റോഡിൽ കരിമണൽ പൊലീസ് സ്റ്റേഷനു സമീപം കൊടക്കല്ലിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചശേഷം മുപ്പതടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന. കാർ റോഡിനു സമീപത്തെ കശുമാവിൽ ഇടിച്ചശേഷം മുപ്പതടിയോളം താഴെ കൊടക്കല്ല് കല്ലിടുക്കിൽ ബിനോയിയുടെ വീടിന്റെ മുറ്റത്തേക്കു വീഴുകയായിരുന്നു. ബിനോയിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ആറു പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത്. അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചശേഷം ബിനോയിയാണു കാറിന്റെ ഡോർ പൊളിച്ചു പരുക്കേറ്റവരെ പുറത്തെടുക്കാൻ മുന്നിട്ടിറങ്ങിയത്.

സമീപവാസികളും കരിമണൽ എസ്ഐ വി.എൻ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നു വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു. മഞ്ജുഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP