Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞുമലയിലെത്തും മുമ്പ് ബോഡോ ഭീകരർക്കെതിരെ പോരാടി; തീവ്രവാദികളുടെ ആക്രമണം നേരിട്ടു കശ്മീരിലും രാജ്യത്തിനായി പോരാടി; ദുഷ്‌കര സാഹചര്യങ്ങളിൽ പത്തുവർഷത്തോളം പൊരുതി ജീവൻ വെടിഞ്ഞ ഹനുമന്തപ്പയ്ക്കു ജനകോടികളുടെ ആദരാഞ്ജലി

മഞ്ഞുമലയിലെത്തും മുമ്പ് ബോഡോ ഭീകരർക്കെതിരെ പോരാടി; തീവ്രവാദികളുടെ ആക്രമണം നേരിട്ടു കശ്മീരിലും രാജ്യത്തിനായി പോരാടി; ദുഷ്‌കര സാഹചര്യങ്ങളിൽ പത്തുവർഷത്തോളം പൊരുതി ജീവൻ വെടിഞ്ഞ ഹനുമന്തപ്പയ്ക്കു ജനകോടികളുടെ ആദരാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിയാച്ചിനിലെ മഞ്ഞുമലയിലെത്തും മുമ്പ് അസമിൽ ബോഡോ ഭീകരർക്കെതിരെ പോരാടാനായിരുന്നു രാജ്യം ലാൻസ്‌നായക് ഹനുമന്തപ്പയെ നിയോഗിച്ചത്. അതിനിടെ തീവ്രവാദികളുടെ ആക്രമണം നേരിട്ടു കശ്മീരിലും രാജ്യത്തിനായി പോരാടി. സൈനികസേവനത്തിനെത്തിയ 13 വർഷത്തിൽ പത്തുവർഷവും ദുഷ്‌കര സാഹചര്യങ്ങൾ നേരിട്ടാണ് ഹനുമന്തപ്പ രാജ്യസേവനം നടത്തിയത്.

സുരക്ഷാകവചങ്ങളില്ലാതെ ഒന്നു നിൽക്കാൻ പോലും കഴിയാത്ത കൊടും തണുപ്പിൽ മഞ്ഞുമലയുടെ കീഴിൽ ആറുദിവസമാണ് പത്തുസൈനികർ കുടുങ്ങിയത്. സിയാച്ചിനിൽ അപകടത്തിൽപ്പെട്ടപ്പോൾ ജീവനോടെ ഇവരെ പുറത്തെടുക്കാമെന്ന് ആർക്കും പ്രതീക്ഷയുണ്ടായിരുന്നില്ല.

എന്നാൽ, ഏവരെയും ഞെട്ടിച്ചാണ് ലാൻസ്‌നായിക് ഹനുമന്തപ്പയെ ജീവനോടെ പുറത്തെടുക്കാനായത്. ആറുദിവസം മൈനസ് 45 ഡിഗ്രി തണുപ്പിൽ, മഞ്ഞുമലയുടെ കീഴിൽ 30 അടിയോളം താഴ്ചയിൽ ബോധമില്ലാതെ കഴിയുകയായിരുന്നു ഇദ്ദേഹം

ഈ സൈനികന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സൈന്യം പിന്നീട്. മറ്റുള്ളവരൊക്കെ ഇതിനോടകം ജീവൻ വെടിഞ്ഞിരുന്നു. ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം ഹനുമന്തയ്ക്കായി വിശ്രമമമേതുമില്ലാതെ പ്രവർത്തിച്ചു. പക്ഷേ, വൈദ്യശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടും ഹനുമന്തപ്പയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞില്ല. മറ്റുള്ള ഒമ്പതു സൈനികർക്കൊപ്പം ഹനുമന്തപ്പയും മരണത്തിനു കീഴടങ്ങി.

2002 ഒക്ടോബർ 25നാണ് കർണാടക സ്വദേശിയായ ഹനുമന്തപ്പ സൈന്യത്തിലെത്തിയത്. മദ്രാസ് റെജിമെന്റിലെ 19ാം ബറ്റാലിയനിലായിരുന്നു ആദ്യനിയമനം. ദുഷ്‌കരമായ നിയമനങ്ങൾ പലതും അദ്ദേഹം ചോദിച്ചുവാങ്ങിയതാണെന്ന് സുഹൃത്തുക്കൾ സ്മരിക്കുന്നു. 2003 മുതൽ 2006 വരെ ജമ്മുകശ്മീരിലെ മഹോറയിലായിരുന്നു അദ്ദേഹം. തീവ്രവാദി നുഴഞ്ഞുകയറ്റം അതിശക്തമായ കാലം. തീവ്രവാദികൾക്കെതിരായ ദൗത്യങ്ങളുടെ മുൻനിരയിൽ ഹനുമന്തപ്പയുണ്ടായിരുന്നു. 2008 മുതൽ രണ്ടുവർഷം 54 രാഷ്ട്രീയ റൈഫിൾസിന്റെ ഭാഗമായും കശ്മീരിൽ സേവനമനുഷ്ഠിച്ചു.

സംഘർഷഭരിതമായ അസമിലെ സൈനികജീവിതം ഇതിനുശേഷമായിരുന്നു. തീവ്രവാദിസംഘടനകളായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡ്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകളും സൈന്യവും തമ്മിൽ നിരന്തര ഏറ്റുമുട്ടൽ നടക്കുന്ന കാലമായിരുന്നു അത്. വിജയകരമായ ഒട്ടേറെ സൈനികനടപടികളിൽ ഹനുമന്തപ്പ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ സേവനത്തിനെത്തുന്നത് 2015 ആഗസ്തിലാണ്. ഡിസംബറിൽ 19,600 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ടു. താപനില 40 ഡിഗ്രി സെൽഷ്യസിലും താഴെ. കൊടുംതണുപ്പും വഹിച്ചുകൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഹിമക്കാറ്റ്. ഇവയെല്ലാം അതിജീവിച്ചുകൊണ്ട് ഹനുമന്തപ്പ അവിടെ രണ്ടുമാസത്തോളം നിലകൊണ്ടു. ഒടുവിൽ സൈനിക പോസ്റ്റിനുമേൽ 800 അടി നീളവും 400 അടി വീതിയുമുള്ള കൂറ്റൻ മഞ്ഞുപാളി വീണ് അപകടത്തിൽപ്പെട്ടു. എന്നിട്ടും 25 അടി താഴ്ചയിൽനിന്നും ഉയിർത്തെഴുന്നേറ്റു ഈ ധീരജവാൻ. പക്ഷേ, ഒടുവിൽ മരണത്തിനു കീഴടങ്ങേണ്ടി വന്നു.

മലയാളി സൈനികൻ സുധീഷും മരണമടഞ്ഞവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊല്ലം മൺറോ തുരുത്തുകൊച്ചൊടുക്കത്തു വീട്ടിൽ ബ്രഹ്മപുത്രൻ-പുഷ്പവല്ലി ദമ്പതികളുടെ മകനാണു സുധീഷ്. രാജ്യത്തിനു വേണ്ടി അതിശൈത്യം പോലും വകവയ്ക്കാതെ സിയാച്ചിനിൽ സമുദ്രനിരപ്പിൽനിന്നു 20,500 അടി ഉയരത്തിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റിൽ ജോലിചെയ്തു ജീവൻ വെടിഞ്ഞ ഈ സൈനികർക്കെല്ലാം ഏകമനസോടെ അന്തിമോപചാരം അർപ്പിക്കുകയാണ് രാജ്യം.

മൂന്നാംതിയതിയുണ്ടായ ഹിമപാതത്തിലാണ് ഹനുമന്തപ്പയുൾപ്പെടെയുള്ള സൈനികർ അപടകത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് ഹനുമന്തപ്പയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അതായത് ആറുദിവസം ബോധമില്ലാതെ കിടന്ന ശേഷം. വലിയൊരു വായു കുമിളയുടെ (എയർ ബബിൾ) ഉള്ളിൽ അകപ്പെട്ടതാവണം ജീവൻ രക്ഷിച്ചത് എന്നാണു വിദഗ്ദ്ധർ കരുതുന്നത്.

സാൾട്ടോറോ പർവതനിരയുടെ താഴ്‌വാരത്തിൽ, സിയാച്ചിൻ മഞ്ഞുപർവതനിരയിലെ പട്ടാള പോസ്റ്റ് സമുദ്രനിരപ്പിൽനിന്ന് 6248 മീറ്റർ (20,500 അടി) ഉയരത്തിലാണ്. മഞ്ഞിനുള്ളിൽ ഒൻപതു മീറ്റർ (30 അടി) താഴ്ചയിൽ മൈനസ് 45 ഡിഗ്രി താപനിലയിലാണ് ഹനുമന്തപ്പയെ കണ്ടെത്തിയത്. ഇടിഞ്ഞുവീണത് കോൺക്രീറ്റ് പോലെ ഉറപ്പുള്ള മഞ്ഞുപാളിയായിരുന്നു. 800 അടി വീതിയും 400 അടി നീളവുമുള്ള ഇടിഞ്ഞുവീണ മഞ്ഞുമല, ഒരുകിലോമീറ്ററോളം നീളത്തിൽ ചിതറിയിരുന്നു. സൈനിക പോസ്റ്റ് ഇതിനടിയിലടിഞ്ഞു. അങ്ങനെയാണ് ദുരന്തം ഉണ്ടായത്. മഞ്ഞുനീക്കംചെയ്തും മഞ്ഞുപാളികൾ വെട്ടിമുറിച്ചും ഹനുമന്തപ്പയെ കണ്ടെത്തി. അപ്പോൾത്തന്നെ ശരീരത്തിലെ ജലാംശം അപകടകരമാംവിധം നഷ്ടപ്പെട്ടിരുന്നു. ബോധം വന്നുംപോയുമിരുന്നു. സൈനികസംഘത്തിലെ ഡോക്ടർ അടിയന്തര ശുശ്രൂഷകൾ നൽകി. തുടർന്ന് ബേസ് ക്യാംപിലും പിന്നീട് ഡൽഹിയിലുമെത്തിക്കുകയായിരുന്നുഇന്ത്യൻ സൈന്യം നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ നേട്ടമായി അതു മാറിയെങ്കിലും ഒടുവിൽ ഹനുമന്തപ്പയ്ക്കും ജീവൻ നഷ്ടമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP