Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറുകളുടെ വിസ്മയ ലോകം വാഹന പ്രേമികൾക്കായി കാഴ്‌ച്ചവെച്ച വ്യക്തി; 35 ഏക്കർ കാപ്പി തോട്ടത്തിൽ വിന്റേജ് കാർ മ്യൂസിയം ഒരുക്കിയതോടെ രാജ്യത്തെമ്പാടുമുള്ള കാർ ഭ്രാന്തന്മാർ ഒഴുകിയെത്തി; പഴയകാറുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തിയ പി സി അഹമ്മദ് കുട്ടിയുടെ വിയോഗം കാറ്റിൽ മരം പൊട്ടി വീണ്

കാറുകളുടെ വിസ്മയ ലോകം വാഹന പ്രേമികൾക്കായി കാഴ്‌ച്ചവെച്ച വ്യക്തി; 35 ഏക്കർ കാപ്പി തോട്ടത്തിൽ വിന്റേജ് കാർ മ്യൂസിയം ഒരുക്കിയതോടെ രാജ്യത്തെമ്പാടുമുള്ള കാർ ഭ്രാന്തന്മാർ ഒഴുകിയെത്തി; പഴയകാറുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തിയ പി സി അഹമ്മദ് കുട്ടിയുടെ വിയോഗം കാറ്റിൽ മരം പൊട്ടി വീണ്

രഞ്ജിത്ത് ബാബു

കണ്ണൂർ: കാറുകളുടെ വിസ്മയ ലോകം വാഹന പ്രേമികൾക്കായി കാഴ്‌ച്ചവെച്ച പി.സി. അഹമ്മദ് കുട്ടി ഹാജിക്ക് ദാരുണാന്ത്യം. കുടകിലെ സിദ്ധാപുരക്ക് സമീപത്തെ നെല്ലിയ ഹുഡിക്കേരിയിലെ സ്വന്തം എസ്റ്റേറ്റിൽ മരം പൊട്ടി വീണാണ് അഹമ്മദ് കുട്ടി യാത്രയായത്. കഴിഞ്ഞ രണ്ട് ദിവസമായി നിർത്താതെയുള്ള മഴയിൽ എസ്റ്റേറ്റിലെ തൊഴിലാളികളെ സഹായിക്കാനെത്തിയതായിരുന്നു ഹാജി. എന്നാൽ പെട്ടെന്ന് ആഞ്ഞടിച്ച കാറ്റിൽ മരം പൊട്ടി വീണാണ് അപകടം.

സിദ്ധാപുര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം വരിക്കുകയായിരുന്നു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ അഹമ്മദ് കുട്ടി നാല് പതിറ്റാണ്ടിലേറെയായി കുടകിൽ താമസിച്ചു വരികയാണ്. മലയാളികൾക്കും കുടകർക്കും പ്രിയങ്കരനായ അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ സിദ്ധാപുരക്കാർ വിറങ്ങിലിച്ചിരിക്കയാണ്.

തന്റെ 35 ഏക്കർ വരുന്ന കാപ്പി തോട്ടത്തിൽ വിന്റേജ് കാർ മ്യൂസിയം ഒരുക്കിയതോടെ രാജ്യത്തെമ്പാടുമുള്ള കാർ ഭ്രാന്തന്മാർ കിലോമീറ്ററുകൾ താണ്ടി ഇവിടെ എത്താറുണ്ട്. 1927 ലെ ഫോർഡ് കാറും കിറ്റ് ഇന്ത്യാ സമരകാലത്ത് ഇന്ത്യയിലെത്തിയ ഫോർഡ് ജീപ്പും ഉൾപ്പെടെ നൂറിലേറെ അത്യപൂർവ്വ കാറുകളുടെ ശേഖരം ഇവിടെയുണ്ട്. അമേരിക്കയിലും യൂറോപ്പിലും കാർ മ്യൂസിയം ഉണ്ടെന്ന വിവരമറിഞ്ഞതോടെയാണ് അഹമ്മദ് കുട്ടി സിദ്ധാ പുരയിൽ വിന്റേജ് കാർ മ്യൂസിയം ആരംഭിച്ചത്. ഇന്ന് കാർ ഷോറൂമുകളിൽ കാണുന്ന കാറുകളേക്കാൾ വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കാൻ അഹമ്മദ് കുട്ടി തന്നെ ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇവിടെ കഴിച്ചു കൂട്ടാറുണ്ട്.

തോട്ടമുടമയായ അഹമ്മദ് കുട്ടിക്ക് ഇതൊരു ലാഭകരമായ ബിസിനസ്സല്ല. പഴയ കാറുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തി കൊടുക്കാനും എങ്ങിനെ പരിപാലിക്കാമെന്നുമുള്ള ഉപദേശ നിർദേശങ്ങൾ നൽകാനാണ് അഹമ്മദ് കുട്ടി ഏറെ സമയവും ചിലവഴിക്കുന്നത്. അതുകൊണ്ടു തന്നെ ഓട്ടോ മൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥികളുൾപ്പെടെ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. കാറുകളുടെ സംരക്ഷകരാകാൻ പുതു തലമുറകൾക്ക് വഴി കാട്ടിയായിരുന്നു അഹമ്മദ് കുട്ടി.

അഞ്ച് മെക്കാനിക്കുകളെ നിയോഗിച്ചു കൊണ്ടാണ് ഈ സ്ഥാപനം നടത്തി പോന്നത്. കണ്ടു മുട്ടുന്നവരിലെല്ലാം സ്നേഹസ്മരണകൾ സൃഷ്ടിക്കുന്ന അഹമ്മദ് കുട്ടി ഇനി ഓർമ്മയായിരിക്കയാണ്. കുഞ്ഞി അലീമയാണ് അഹമ്മദ് കുട്ടിയുടെ ഭാര്യ. ഏക മകൻ അഷറഫ്. മൃതദേഹം കാഞ്ഞിരോട് വലിയ പള്ളി കബറിസ്ഥാനിൽ കബറടക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP