Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രതീഷ് യാത്രയായതു വീടെന്ന സ്വപ്‌നം ബാക്കിയാക്കി; കണ്ണീരണിഞ്ഞ ഒരു നാടിന്റെ മുഴുവൻ ആദരാഞ്ജലികൾ ഏറ്റുവാങ്ങി വീരജവാന് യാത്രാമൊഴി; സൈനിക ബഹുമതികൾ നൽകി സഹപ്രവർത്തകരും വിട ചൊല്ലി; ചിതയ്ക്കു തീ കൊളുത്തിയതു സഹോദരപുത്രൻ

രതീഷ് യാത്രയായതു വീടെന്ന സ്വപ്‌നം ബാക്കിയാക്കി; കണ്ണീരണിഞ്ഞ ഒരു നാടിന്റെ മുഴുവൻ ആദരാഞ്ജലികൾ ഏറ്റുവാങ്ങി വീരജവാന് യാത്രാമൊഴി; സൈനിക ബഹുമതികൾ നൽകി സഹപ്രവർത്തകരും വിട ചൊല്ലി; ചിതയ്ക്കു തീ കൊളുത്തിയതു സഹോദരപുത്രൻ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണീരണിഞ്ഞ പതിനായിരങ്ങളെ സാക്ഷി നിർത്തി ജമ്മു കശ്മീരിലെ പാംപോറിൽ വീരമൃത്യു വരിച്ച ധീരജവാനു യാത്രാമൊഴി. സൈനിക ബഹുമതികളോടെ സഹപ്രവർത്തകരും വിടയോതി. അമ്മയുടെ ഒക്കത്തു നിന്നു മാറാൻ പോലുമാകാത്ത ആറുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനു പകരം മട്ടന്നൂർ സ്വദേശിയായ ധീരജവാൻ സി രതീഷിന്റെ ചിതയ്ക്കു തീ കൊളുത്തിയത് സഹോദരപുത്രൻ അശ്വന്താണ്.

ഇന്നു രാവിലെ ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണു രതീഷിന്റെ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. രാവിലെ 9.30നാണു മൃതദേഹം വഹിച്ചുള്ള വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 8.15ന് എത്തേണ്ടിയിരുന്ന വിമാനം കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതിനാൽ ഒരു മണിക്കൂറിലേറെ വൈകിയാണ് എത്തിയത്.

ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങിയശേഷം മലപ്പുറം ഡെപ്യൂട്ടി കലക്ടർ അബ്ദുൾ റഷീദ്, തലശേരി തഹസിൽദാർ അബൂബക്കർ, ടെറിട്ടോറിയൽ ആർമി കേണൽ എ ഡി അഖിലേ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു മൃതദേഹം ഏറ്റുവാങ്ങിയത്. കണ്ണൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും പ്രത്യേക സൈനിക വിഭാഗത്തിലെ അംഗങ്ങൾ വിമാനത്താവളത്തിൽ വച്ചു ഗാർഡ് ഓഫ് ഓണർ നൽകി.

ജില്ലാ അതിർത്തിയായ മാഹി പാലത്തിൽ വച്ചു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തലശേരി എംഎൽഎ എ എൻ ഷംസീർ, ഡിവൈഎസ്‌പി പ്രിൻസ് എബ്രഹാം തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ധീരജവാന്റെ മൃതദേഹത്തിനു പൊലീസ് അകമ്പടി സേവിക്കുകയും ചെയ്തു.തലശേരി വഴി മട്ടന്നൂരിൽ എത്തിച്ച മൃതദേഹം ദർശിക്കാൻ വഴിനീളെ ആയിരങ്ങളാണു കാത്തുനിന്നിരുന്നത്. കൊേടാളിപ്രത്തെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തു പൊതുദർശനത്തിനു വച്ചശേഷം ആയിരങ്ങളെ സാക്ഷിയാക്കി മൃതദേഹം സംസ്‌കരിച്ചു.

സഹോദരപുത്രനായ അശ്വന്താണു രതീഷിന്റെ ചിതയ്ക്കു തിരികൊളുത്തിയത്. നാട്ടുകാരുടെ അഭിമാനമായിരുന്ന രതീഷ് 18 വർഷമായി സൈനികസേവനത്തിലാണ്. ഡിസംബർ 9 നാണ് ഏതാനും ദിവസത്തെ അവധിക്ക് ശേഷം 35 കാരനായ രതീഷ് കാശ്മീരിലേക്ക് മടങ്ങിയത്. കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയ രതീഷ് ഉടനെ നാട്ടിലേക്ക് വരാൻ ഒരുങ്ങുകയായിരുന്നു. ഭാര്യയേയും കുടുംബത്തിനേയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളും രതീഷ് നടത്തുകയായിരുന്നു.ഇതിനിടെയാണു മരണം രതീഷിനെ തട്ടിയെടുത്തത്.

മട്ടന്നൂർ സ്വദേശി രാഘവന്റേയും ഓമനയുടേയും ഏകമകനാണ് രതീഷ്. കുറ്റിയാട്ടൂർ സ്വദേശി ജ്യോതിയാണ് ഭാര്യ. ആറുമാസം പ്രായമുള്ള കാശിനാഥനാണ് മകൻ. വീട് നിർമ്മാണം പൂർത്തിയാക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഈ ധീരജവാൻ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്. കഴിഞ്ഞ മാസം അവസാനം പത്തു ദിവസത്തെ അവധിയിൽ നാട്ടിലെത്തിയ രതീഷ് പാതിവഴിയിൽ നിർത്തിയ വീടിന്റെ നിർമ്മാണ ആരംഭിക്കുന്നതിന് ആവശ്യമുള്ള ചെങ്കല്ലും മറ്റു നിർമ്മാണസാമഗ്രികളും വീട്ടിൽ എത്തിച്ചശേഷമാണു മടങ്ങിയത്. അതിർത്തിയിലെ രണ്ടുവർഷത്തെ സേവനത്തിനുശേഷം മാതൃയൂണിറ്റായ കോയമ്പത്തൂർ മധുക്കരൈയിലെ 44 ഫീൽഡ് റെജിമെന്റിലേക്കു മടങ്ങാനിരിക്കെയാണു പാമ്പോറിലുണ്ടായ ഭീകരാക്രമണത്തിൽ രതീഷിന്റെ അന്ത്യം. ആക്രമണത്തിനിരയാകുന്നതിനു തൊട്ടുമുമ്പും വീടുനിർമ്മാണ പ്രവൃത്തിയുടെ വിവരങ്ങൾ തേടി രതീഷ് അമ്മ ഓമനയെ വിളിച്ചിരുന്നു.

മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജിൽനിന്നാണു രതീഷ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. ജവാന്റെ മരണത്തിൽ അനുശോചിച്ച് കൂടാളി പഞ്ചായത്തിലും മട്ടന്നൂർ നഗരത്തിലും ഹർത്താൽ ആചരിച്ചിരുന്നു. ജമ്മു കശ്മീരിലെ പാംപോറിൽ സൈനികവാഹന വ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിലാണു രതീഷ് വീരമൃത്യു വരിച്ചത്. റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂണെ സ്വദേശി സൗരവ് നന്ദ്കുമാർ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റു സൈനികർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP