Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതുവേലി ജീപ്പപകടത്തിൽ മരണമടഞ്ഞ കുരുന്നുകൾക്ക് നാടിന്റെ അശ്രുപൂജ; നാട്ടുകാരുടെയും വീട്ടുകാരുടെയും തേങ്ങലുകൾക്കിടെ നയനയ്ക്കു വിട; ആന്മേരിയുടെ സംസ്‌കാരം നാളെ; പരിക്കേറ്റ കുട്ടികളെ ചികിത്സിക്കുന്നതിൽ ദേവമാത ആശുപത്രി ഗുരുത വീഴ്ച വരുത്തിയെന്ന് ആരോപണം

പുതുവേലി ജീപ്പപകടത്തിൽ മരണമടഞ്ഞ കുരുന്നുകൾക്ക് നാടിന്റെ അശ്രുപൂജ; നാട്ടുകാരുടെയും വീട്ടുകാരുടെയും തേങ്ങലുകൾക്കിടെ നയനയ്ക്കു വിട; ആന്മേരിയുടെ സംസ്‌കാരം നാളെ; പരിക്കേറ്റ കുട്ടികളെ ചികിത്സിക്കുന്നതിൽ ദേവമാത ആശുപത്രി ഗുരുത വീഴ്ച വരുത്തിയെന്ന് ആരോപണം

കൂത്താട്ടുകുളം: പുതുവേലി ജീപ്പപകടത്തിൽ മരണമടഞ്ഞ കുരുന്നുകൾക്ക് നാടിന്റെ അശ്രുപൂജ. ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരണമടഞ്ഞ മുത്തോലുരം സ്വദേശിനികളായ ആന്മരിയ ഷിജി(6), നയന ദിലീപ് (6) എന്നിവരുടെ മൃതദേഹം ഇന്ന് രാവിലെ ഇവർ പഠിച്ചിരുന്ന കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് പേർ അന്ത്യാജ്ഞലി അർപ്പിച്ചു.

രാവിലെ പതിനൊന്നു മണിയായപ്പോഴേയ്ക്കും സ്‌കൂൾ പരിസരം ജനസാഗരമായി. എംഎൽഎമാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, യൽദോ എബ്രാഹം, അനൂപ് ജേക്കബ്ബ് എന്നിവരുൾപ്പെടെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളുമെല്ലാം
നേരത്തെ തന്നെ സ്‌കൂളിലെത്തിയിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദ്ദേഹങ്ങൾ രാവിലെ 10 മണിയോടടുത്ത് സ്‌കൂളിലെത്തിച്ചപ്പോൾ പല ഭാഗത്തു നിന്നും തേങ്ങലുകളുയർന്നു. ഒരു മണിക്കൂറോളം ഇവിടെ പൊതുദർശനത്തിന് വച്ചിരുന്ന മൃതദ്ദേഹങ്ങൾ പിന്നെ മുത്തോലപുരത്തെ വീടുകളിലേക്ക് മാറ്റി. ഇവിടെയും വൻ ജനാവലി അന്തിമോപചാരമർപ്പിക്കാൻ കാത്തു നിന്നിരുന്നു.

നയനയുടെ മൃതദേഹം ഉച്ചകഴിഞ്ഞ് 2 മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ആന്മേരിയുടെ സംസ്‌കാരം നാളെ രാവിലെ പത്ത് മണിയോടെ മുത്തോലപുരം ജോസ് ഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

ഇതിനിടെ രണ്ട് യുകെജി വിദ്യാർത്ഥികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ പുതുവേലി വാഹനാപകടത്തിൽ പരുക്കേറ്റ കുട്ടികളെ ചികിത്സിക്കുന്നതിലും പരിചരിക്കുന്നതിലും കൂത്താട്ടുകുളം ദേവമാത ആശുപത്രി ഗുരുതര വീഴ്ച വരുത്തിയതായി രക്ഷിതാക്കളും നാട്ടുകാരും ആരോപണവുമായി രംഗത്തെത്തി.

ചികിത്സ വൈകിക്കുന്നുവെന്ന രക്ഷാപ്രവർത്തകരുടെ പരാതിയെത്തുടർന്ന് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഡിഎംഒയുമായി ബന്ധപ്പെട്ടതിനേത്തുടർന്ന് മിനിറ്റുകൾക്കകം കൂത്താട്ടുകുളം ഗവൺമെന്റ് ആശുപത്രിയിലെ സർജൻ ഡോ സൂരജ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ദേവമാത ആശുപത്രിയിലെത്തിയ ശേഷമാണ് ആശുപത്രി അധികൃതർ കുട്ടികളെ വേണ്ടവണ്ണം പരിച്ചരിക്കുന്നതിന് തയ്യാറായതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.

7.45 ന് അപകടം നടന്ന് പത്തു മിനിറ്റിനകം കുട്ടികളേയും ഡ്രൈവറേയും ആശുപത്രിയിൽ എത്തിച്ചിരുന്നു. അര മണിക്കൂറോളം ഒരു ക്വാഷാലിറ്റി ഡോക്ടർ മാത്രമാണ് പരിക്കേറ്റ പതിമൂന്നോളം കുട്ടികളെ പരിചരിക്കാൻ ഉണ്ടായിരുന്നതെന്നും രക്ഷ പ്രവർത്തകർ പരാതിപ്പെട്ടു. ഉച്ചയോടെ എത്‌ന ജോയി എന്ന കുട്ടിയെ വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് രക്ഷിതാക്കൾ ശ്രമിച്ചു. ബില്ല് അടച്ച ശേഷം പോയാൽ മതിയെന്ന നിലപാട് ആശുപത്രി അധികൃതർ സ്വീകരിച്ചതും വാക്കേറ്റത്തിനിടയാക്കി.

കുട്ടികളുടെ എല്ലാ ചികിത്സാ ചെലവും മേരിഗിരി സ്‌കൂൾ മാനേജ്‌മെന്റ് നൽകാമെന്ന് വാക്കാൽ ഏറ്റിരുന്നെങ്കിലും പണം അടക്കാതെ ഡിസ്ചാർജ് ചെയ്യാൻ തയ്യാറായില്ലത്രേ. ഇത് നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക്പോയത്. ആശുപത്രിയിൽ എത്തിയ ജില്ല കളക്ടർ മുഹമ്മദ് വി സഫറുള്ള, ദുരുന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ കെ ബി ബാബു എന്നിവരോട് സി.പി.എം നേതാക്കളും നാട്ടുകാരും പരാതി പറഞ്ഞു. അർഹത പെട്ടവർക്ക് മരുന്ന് ഉൾപ്പെടെ സൗജന്യമായി നൽകുന്നു എന്ന രേഖയുണ്ടാക്കി കഴിഞ്ഞ വർഷം വരെ പത്തുകോടിയോളം നികുതി ഇളവ് നേടിയ സ്ഥാപമാണിതെന്നും പരാതിക്കാർ ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP