Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെണ്ട കൊട്ടി വീട് ജപ്തി ചെയ്യാൻ എത്തിയവരെ വെള്ളം കുടിപ്പിച്ചു; കള്ളു ചെത്തി വിറ്റു വെല്ലുവിളിച്ചു; വളർത്തു മൃഗങ്ങളുമായി ഓഫീസുകളിൽ ചെന്ന് സർക്കാർ ഉദ്യോഗസ്ഥരെ നട്ടം തിരിച്ചു: ഇന്നലെ വിടപറഞ്ഞത് കേരളം കണ്ട യഥാർത്ഥ കർഷക നേതാവ്

ചെണ്ട കൊട്ടി വീട് ജപ്തി ചെയ്യാൻ എത്തിയവരെ വെള്ളം കുടിപ്പിച്ചു; കള്ളു ചെത്തി വിറ്റു വെല്ലുവിളിച്ചു; വളർത്തു മൃഗങ്ങളുമായി ഓഫീസുകളിൽ ചെന്ന് സർക്കാർ ഉദ്യോഗസ്ഥരെ നട്ടം തിരിച്ചു: ഇന്നലെ വിടപറഞ്ഞത് കേരളം കണ്ട യഥാർത്ഥ കർഷക നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: കറുത്തപൊന്നെന്ന് അറിയപ്പെടുന്ന കുരുമുളകിന് വിലയിടിഞ്ഞ കാലം.. കൃഷിയെല്ലാം പകർന്നു പിടിക്കുന്ന രോഗബാധ കൊണ്ട് ഇല്ലാതായതോടെ ലോണെടുത്തും കൃഷിചെയ്തിരുന്ന വയനാട്ടിലെ കർഷകർക്ക് പല ബാങ്കുകളിൽ നിന്നായി ജപ്തി നോട്ടിസുകൾ എത്തി തുടങ്ങി. തിരിച്ചടവ് സാധിക്കില്ലെന്ന ഉറപ്പായതോടെ പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചു. അങ്ങനെ ഒരുകാലത്ത് സമ്പത്തു നിറഞ്ഞ വയനാടൻ കാർഷിക മേഖല സമ്പൂർണ്ണ തകർച്ചയിൽ വീണു. അന്ന് കർഷകന്റെ വേദന തിരിച്ചറിഞ്ഞ് അവരെ സംഘടിപ്പിച്ച് ബാങ്കുകൾക്ക് മുന്നിൽ സമരം നടത്തിയും ജപ്തിയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കർഷകരുടെ ബലത്തിൽ തടഞ്ഞും അവർക്കൊപ്പം നിൽക്കാൻ ഒരാളുണ്ടായിരന്നു. എ സി വർക്കിയെന്ന മെലിഞ്ഞ ശരീരമുള്ള കർഷക സ്‌നേഹി. മണ്ണിനോട് പടവെട്ടി മലയോര മേഖലയിൽ ജീവിതം കരുപ്പിടിപ്പിച്ച കർഷകർക്കേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ യഥാർത്ഥ കർഷക സ്‌നേഹിയാണ് ഇന്നലെ വിടപറഞ്ഞത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സമരങ്ങളിൽ നിന്നും വ്യത്യസ്തനായി കർഷകരുടെ പ്രശ്‌നങ്ങൾ ശരിക്കും അറിയാവുന്ന നേതാവായിരുന്നു കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതിയ എസി വർക്കി (68). ഫാർമേഴ്‌സ് റിലീഫ് ഫോറ(എഫ്ആർഎഫ്)ത്തിന്റെ സംസ്ഥാന ചെയർമാനായരുന്നു. കുടിയേറ്റ മേഖലയായ നടവയൽ ആനിക്കൽ ചാക്കോ റോസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായ വർക്കി കർഷക സമരങ്ങളുടെ ഭാഗമായി ഒട്ടേറെ കേസുകളിൽ പ്രതിയാകുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ കാർഷിക പക്കേജ് പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച സമരങ്ങളുടെ മുൻനിരക്കാരനായി വർക്കിയുണ്ടായിരുന്നു. രാഷ്ട്രീയക്കാരോട് പറഞ്ഞിട്ടും നടക്കാത്ത കാര്യങ്ങൾക്ക് പരിഹാരം കാണാൻ മുന്നിൽ നിന്നു പ്രവത്തിച്ചു അദ്ദേഹം.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പ്രവർത്തകനായാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവമായത്. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. തുടർന്ന് കോൺഗ്രസ് എസിൽ ചേർന്നു. 1987ൽ രാഷ്ട്രീയം വിട്ട് കാർഷിക കടാശ്വാസ സമിതി രൂപീകരിച്ചു. 1991ൽ സ്വതന്ത്ര കാർഷിക സംഘടനയായ എഫ്ആർഎഫ് രൂപീകരിച്ച് വേറിട്ട സമരങ്ങൾക്കു തുടക്കമിട്ടു. ബാങ്ക് വായ്പ അടച്ചു പുതുക്കുന്നതിന് കർഷകരെ സഹായിക്കാൻ എഫ്ആർഎഫ് നേതൃത്വത്തിൽ രൂപീകരിച്ച ലോക്കൽ ലോൺ ഫണ്ട് വലിയ കാർഷിക മുന്നേറ്റമായിരുന്നു.

ചെണ്ട കൊട്ടി ബാങ്കുകൾ ജപ്തി നടത്തുന്നതിനെതിരെ നടത്തിയ സമരങ്ങളിരുന്നു ഇതിൽ പ്രധാനം. രാജവാഴ്‌ച്ചയുടെ കാലത്തെ അവഹേളന പരമായ ഈ പരിപാടിക്ക് തടയിടാൻ വേണ്ടി അദ്ദേഹം സമരം നടത്തി. ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. ചെണ്ടകൊട്ടി ബാങ്കുകൾ കർഷകരെ അവഹേളിക്കുന്നത് ചൂണ്ടിയുള്ള വർക്കിയുടെ സമരം ഇതോടെ അവസാനിച്ചു. നീര ചെത്താനുള്ള അവകാശം കർഷകർക്കു നൽകണമെന്ന് ആവശ്യപ്പെട്ട് നീര ചെത്തി വിറ്റ സമരം, വളർത്തുമൃഗങ്ങളുമായി ഓഫിസുകളിലേക്കുള്ള സമരം, കാർഷികോൽപന്നങ്ങളുമായി ബാങ്കിൽ ചെന്നുള്ള സമരം, ചുരത്തിലൂടെയുള്ള ശയനപ്രദക്ഷിണം തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ കർഷക പ്രതിഷേധം അധികാരികളെ അറിയിച്ചു.

വി.പി. സിങ് സർക്കാരിന്റെ കാലത്ത് കർഷകരുടെ കടങ്ങൾ എഴുതിത്ത്തള്ളിയപ്പോൾ വയനാട്ടിലെ 1800 കർഷകർക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ല. ഇതിനെതിരേ െഹെക്കോടതി, സുപ്രീംകോടതി എന്നിവയെ സമീപിച്ച എ സി വർക്കി. തൽഫലമായി 83 കർഷകരുടെ കടങ്ങൾ എഴുതിത്ത്തള്ളി. 1991 ൽ എഫ്.ആർ.എഫ്. രൂപീകരിച്ചു. ബാങ്കുകളിൽ നിന്നെടുത്ത വായ്പ അടച്ചു പുതുക്കുന്നതിന് കർഷകരെ സഹായിക്കാൻ എഫ്.ആർ.എഫിന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരിച്ചു. 1994 മുതൽ ജനകീയ പ്രശ്‌നങ്ങളിലേക്കിറങ്ങി. യുവാക്കളെ നീര ചെത്ത് പഠിപ്പിക്കാൻ കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങി.

കർഷക സമരങ്ങൾക്ക് മേധാ പട്ക്കർ, നഞ്ചുണ്ട സ്വാമി തുടങ്ങിയവരുടെ പിന്തുണ ലഭിച്ചിരുന്നു. ശ്രീലങ്കയിൽ നടന്ന െജെവ കൃഷി സെമിനാറിൽ പങ്കെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് എഫ്.ആർ.എഫ്. രക്ഷാധികാരിയായി തുടരുകയായിരുന്നു.

നീര സമരവുമായി ബന്ധപ്പെട്ട് 2001ൽ അറസ്റ്റിലായതിനെ തുടർന്ന് ഒരു മാസം ജയിലിലായിരുന്നു. ഈ കേസിൽ വർക്കിയെ പന്ത്രണ്ടു വർഷത്തിനു ശേഷം കോടതി കുറ്റവിമുക്തനാക്കി. പല തിരഞ്ഞെടുപ്പുകളിലും കർഷകരുടെ ശബ്ദമായി ഫാർമേഴ്‌സ് റീലീഫ് ഫോറം മത്സരിച്ചു. 2004ൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച് 34,005 വോട്ടുകൾ നേടി. സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിച്ചു.

ഗ്രേസമ്മയാണ് ഭാര്യ. ജയ്‌സൺ (അക്കൗണ്ടന്റ്, ഡെൽറ്റാ ടെലികോം), അജയ്, റോസ്‌ലിൻ ജോർജ്. മരുമകൾ. ജിൻസി. സഹോദരങ്ങൾ: എ.സി.ചാക്കോ, എ.സി. ആന്റണി, എ.സി.തോമസ്, അന്ന, മേരി, മോളി, സിസ്റ്റർ അനുഗ്രഹ. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചിന് നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP