Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കരിമൂർഖനെ പിടിക്കാൻ ജെസിബി കൊണ്ട് നിലമിളക്കി; പുറത്തു ചാടിയപ്പോൾ കണ്ടത് പരിക്കേറ്റ പാമ്പിനേയും; മുറിവേറ്റ മൂർഖനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബിജുവിന് കടിയേറ്റു; പാമ്പുപിടിത്തത്തിൽ സാഹസികത കണ്ടെത്തിയ ബിജു ഇനി ഓർമ്മചിത്രം

കരിമൂർഖനെ പിടിക്കാൻ ജെസിബി കൊണ്ട് നിലമിളക്കി; പുറത്തു ചാടിയപ്പോൾ കണ്ടത് പരിക്കേറ്റ പാമ്പിനേയും; മുറിവേറ്റ മൂർഖനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബിജുവിന് കടിയേറ്റു; പാമ്പുപിടിത്തത്തിൽ സാഹസികത കണ്ടെത്തിയ ബിജു ഇനി ഓർമ്മചിത്രം

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: മൂർഖന്റെ കടിയേറ്റ് പാമ്പുപിടിത്തക്കാരൻ മുക്കട വാകത്താനം മാന്തറയിൽ ബിജു മരിച്ചു. മുറിവേറ്റ മൂർഖനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ബിജുവിനു കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11ന് പൊന്തൻപുഴ മൃഗാശുപത്രിയിൽവച്ചാണ് ചികിത്സ നൽകാനായി മൂർഖനെ ചാക്കിനുള്ളിൽനിന്നു പുറത്തെടുക്കുന്നതിനിടെ ബിജുവിന്റെ കൈത്തണ്ടകളിൽ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിൽസയ്ക്കിടെയാണ് മരിച്ചത്.

ഉടൻതന്നെ വനപാലകർ തങ്ങളുടെ ജീപ്പിൽ മെഡിക്കൽ കോളജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ നില വഷളാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും മൂന്നു മക്കളും ഉൾപ്പെടുന്ന നിർധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ ബിജു. രണ്ടായിരത്തിൽപ്പരം പാമ്പുകളെ പിടികൂടിയ ബിജു ഇതെല്ലാംതന്നെ നാട്ടുകാർക്കും വനപാലകർക്കുംവേണ്ടിയായിരുന്നു. ആഴമേറിയ കിണറ്റിൽനിന്നും വരെ സാഹസികമായി ഇറങ്ങി പാമ്പുകളെ പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞദിവസം ചേത്തയ്ക്കൽ പുത്തൻപുരയ്ക്കൽ എലിഫന്റ് സ്‌ക്വാഡിലെ അംഗം എം.ആർ. ബിജുവിന്റെ പുരയിടത്തിൽനിന്നാണ് പെൺവർഗത്തിൽപ്പെട്ട ഒമ്പതു വയസ് പ്രായവും ആറര അടി നീളവുമുള്ള സ്‌പെക്ടക്കിൽ കോബ്രാ എന്ന കരിമൂർഖനെ ബിജു പിടികൂടിയത്. ജെസിബി ഉപയോഗിച്ച് പുരയിടം കിളയ്ക്കുന്നതിനിടെ കണ്ടെത്തിയ കരിമൂർഖന് ജെസിബിയുടെ ബ്ലേഡ് കൊണ്ട് മുറിവേറ്റിരുന്നു. മുട്ടകൾ വിരഞ്ഞ് ജനിക്കുമ്പോൾത്തന്നെ കുഞ്ഞുങ്ങൾ പരസ്പരം ആക്രമിച്ച് കൊന്നൊടുക്കുന്ന ഏറ്റവും അപകടകാരിയായ കരിമൂർഖനെ ചികിത്സിക്കാൻ ശ്രമിച്ചതാണ് ബിജുവിന് വിനയായത്.

മുറിവേറ്റ മൂർഖൻ പാമ്പിനെ മൃഗാശുപത്രിയിൽ എത്തിച്ച് മരുന്ന് വയ്ക്കുന്നതിനായി പുറത്തെടുക്കുമ്പോൾ പാമ്പുപിടുത്തക്കാരന് കടിയേറ്റു. ഇരു കൈത്തണ്ടകളിലും മൂർഖന്റെ കടിയേറ്റ ബിജുവിനെ ഉടൻ തന്നെ വനപാലകരുടെ ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു. അപകടകാരിയായ സ്‌പെക്ടക്കിൾ കോബ്രയെന്ന കരിമൂർഖനാണ് കടിച്ചത്. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ മൂർഖൻ പാമ്പിനെ ഇന്നലെ രാവിലെയാണ് വനപാലകരും ബിജുവും ചേർന്ന് അടുത്തുള്ള പൊന്തൻപുഴയിലെ മൃഗാശുപത്രിയിൽ എത്തിച്ചത്.

തുടർന്ന് വെറ്റിറിനറി സർജ്ജൻ ഡോ. സുബിന്റെ നിർദ്ദേശപ്രകാരം മുറിവിൽ മരുന്ന് വച്ച് തുന്നൽ ഇടുന്നതിനായി ചാക്കിനുള്ളിൽ നിന്നും മൂർഖനെ പുറത്തെടുക്കുമ്പോൾ ബിജുവിന്റെ ഇരു കൈത്തണ്ടകളിലും കടിക്കുകയായിരുന്നു. വലത് കൈയിലും, ഇടതു കൈയിലെ വിരലുകളിലുമാണ് കടിയേറ്റത്. പാമ്പിനെ പിടിവിടാതെ ധൈര്യം സംഭരിച്ച് തിരികെ ചാക്കിനുള്ളിലാക്കുമ്പോൾ വനപാലകരും ഡോക്ടറും ചേർന്ന് ബിജുവിന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂർഖനെ ചികിത്സിക്കുന്നത് അടുത്ത ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തു. എന്നാൽ പാമ്പിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമം ബിജുവിന് നഷ്ടമാക്കിയത് സ്വന്തം ജീവനെയാണ്.

ഏതു വിഷനാഗത്തെയും കൈപ്പിടിയിലാക്കി മെരുക്കി സ്‌നേഹത്തോടെ വനത്തിലെ ആവാസസ്ഥലങ്ങളിലേക്ക് വിട്ടിരുന്ന ബിജു വളരെ കുട്ടിക്കാലത്തേ പാമ്പുകളുടെ തോഴനായി. നാഷണൽ ജോഗ്രഫിക്കൽ ചാനലിൽ പാമ്പുകളുടെ ജീവിതരീതികളും അവയെ പിടികൂടുന്നതും കണ്ട് വർഷങ്ങൾക്കു മുമ്പേ പാമ്പുപിടിത്തത്തിൽ ആകൃഷ്ടനാകുകയായിരുന്നു. പാമ്പുകളെ പിടികൂടി ആളുകളുടെ ഭീതി അകറ്റുകയും ശരിയായ ആവാസസ്ഥലം കണ്ടെത്തി അവയെ തുറന്നുവിടുകയും ചെയ്തിരുന്നു. കൂലിപ്പണിക്കിടയിലും പാമ്പുകളെ പിടിക്കാൻ ആരുവിളിച്ചാലും ബിജു ഓടിയെത്തുമായിരുന്നു.

കിണറ്റിൽ അകപ്പെട്ട മൂർഖനെ സാഹസികമായി പിടികൂടിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇളങ്ങുളം ഗുരുദേവ ക്ഷേത്രത്തിനു സമീപം കൊച്ചുമഠത്തിൽ അജി ആർ. കർത്തായുടെ വീടിനു പിന്നിലെ കിണറ്റിലാണ് ഏഴടിയോളം നീളവും നല്ല വണ്ണവുമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. വൈദ്യുതി നിലച്ചതിനെത്തുടർന്ന് 25 അടിയോളം താഴ്ചയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ വീട്ടുകാർ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തൊട്ടി കിണറ്റിലേക്കിട്ടപ്പോൾ കേട്ട ശബ്ദമാണ് പാമ്പ് കിണറ്റിലുണ്ടെന്ന് അറിയാൻ കാരണമായത്. തുടർന്ന് എരുമേലി വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചു. വനപാലകർ അറിയിച്ചതനുസരിച്ച് എത്തിയ ബിജു അതിസാഹസികമായി കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടി. പിടികൂടിയ പാമ്പിനെ എരുമേലി കാളകെട്ടി വനമേഖലയിൽ തുറന്നുവിടുകയും ചെയ്തു.

കോഴിക്കൂട്ടിൽ കയറി കോഴിമുട്ട അകത്താക്കുന്നതിനിടെ മൂർഖൻ പിടിയിലായും വാർത്തകളിൽ നിറഞ്ഞിരുന്നു. എരുമേലി ചെമ്പകപ്പാറ താഴത്തുവീട് റെജിയുടെ കോഴിക്കൂട്ടിൽ നിന്നുമാണ് കോഴിമുട്ട അകത്താക്കിക്കൊണ്ടിരുന്ന മൂർഖനെ ബിജു പിടിച്ചത്. വീട്ടമ്മ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബിജു എത്തി മുട്ടക്കള്ളനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചശേഷം വനത്തിൽ തുറന്നുവിട്ടു. സ്‌പെക്ടക്കിൾ കോബ്ര ഇനത്തിലുള്ള പെൺമൂർഖനാണ് പിടിയിലായത്.

അങ്ങനെ സാഹസികമായി പാമ്പുപിടിത്തത്തിലേർപ്പെട്ട വ്യക്തിയാണ് ബിജു. ഈ സാഹസികത തന്നെയാണ് ബിജുവിന്റെ മരണത്തിലേക്കും കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP