Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിടപറഞ്ഞത് പൊലീസിന് കീഴടങ്ങും മുമ്പ് കൂട്ടുകാരനെ ഏൽപ്പിച്ച വിപ്ലവകഥയിലെ നായിക; ശൂരനാട് വിപ്ലവത്തിന്റെ അടയാളം മൺമറഞ്ഞ വേദനയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ

വിടപറഞ്ഞത് പൊലീസിന് കീഴടങ്ങും മുമ്പ് കൂട്ടുകാരനെ ഏൽപ്പിച്ച വിപ്ലവകഥയിലെ നായിക; ശൂരനാട് വിപ്ലവത്തിന്റെ അടയാളം മൺമറഞ്ഞ വേദനയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ

ശാസ്താംകോട്ട: ജന്മ്മിത്ത ഭീതിയിൽ കഴിഞ്ഞിരുന്ന ശൂരനാട്ടെ വിപ്ലവകഥ ഈ നാട്ടുകാർക്ക് ഏറെ പരിചിതമാണ്. നാടിന്റെ ഭാഗധേയം നിയന്ത്രിച്ചുകൊണ്ടിരുന്നത് തെന്നല പിള്ളമാരും അവരുടെ അളിന്മാരായ മരങ്ങാട്ടുപിള്ളമാരുമായിരുന്നു. കൃഷിയോഗ്യമായ 85 ശതമാനം വസ്തുക്കളും ഇവരുടെ അധീനതയിലായിരുന്ന കാലത്താണ് ഈ ജന്മ്മിത്തത്തിന് എതിരെ യുവാക്കൾ ഒരുമിച്ച് സമരം ചെയ്തത്. ഈ വിപ്ലവത്തിലെ ഒരു ഏടാണ് കഴിഞ്ഞ ദിവസം മൺമറഞ്ഞു പോയത്. ശൂരനാട് ഇളയാംവിള പുത്തൻവീട്ടിൽ സരോജിനി 90-ാം വയസ്സിൽ നിര്യാതയായപ്പോൾ മൺമറയുന്നത് സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ഒരു ഏട് കൂടിയാണ്.

ശൂരനാട് സംഭവത്തിലെ ആദ്യ രക്തസാക്ഷി തണ്ടാശ്ശേരി രാഘവന്റെ പത്‌നിയായിരുന്നു സരോജിനി. രക്തസാക്ഷിത്വത്തിന്റെ തലേന്ന് തണ്ടാശ്ശേരി ആവശ്യപ്പെട്ട പ്രകാരം സന്തത സഹചാരിയായ ഗംഗാധരനാശാൻ, സരോജിനിയെ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. 1949 ഡിസംബർ 31 ന് രാത്രി ശൂരനാട്ടെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ അടൂരിൽ നിന്നെത്തിയ എസ്‌ഐ മാത്യുവിനെയും മൂന്ന് പൊലീസുകാരേയും കിഴക്കട ഏലായിൽ വച്ച് വെട്ടിക്കൊന്നിരുന്നു. ഇനി ശൂരനാടെന്നൊരു ദേശം വേണ്ട എന്ന തിരുവിതാംകൂർ പ്രധാനമന്ത്രി പരവൂർ ടികെ നാരായണപിള്ളയുടെ ആഹ്വാനം ചെവിക്കൊണ്ട പൊലീസ് രണ്ടാഴ്ചക്കാലം ശൂരനാട്ടെ കമ്മ്യൂണിസ്റ്റ് ഭവനങ്ങളിൽ തേർവാഴ്ച നടത്തി. സംഘത്തിലെ പ്രധാനിയായ തണ്ടാശ്ശേരി രാഘവനെത്തേടിയെത്തിയ പൊലീസ് ഭാര്യ 25 കാരിയായ സരോജിനിയെ കണക്കറ്റ് ഉപദ്രവിച്ചു.

മൂത്തമകൻ സോമരാജന് മൂന്നു വയസ്സാണ് പ്രായം. രണ്ടാമൻ വിശ്വനാഥൻ കൈക്കുഞ്ഞും. ഒളിവിലായിരുന്ന തണ്ടാശ്ശേരി രാഘവൻ 1950 ജനുവരി 16 ന് കീഴടങ്ങാൻ വേണ്ടി പൊലീസ് ക്യാമ്പിലേക്ക് പോകാൻ തീരുമാനിച്ചു. പൊലീസ് ഇടിച്ചുകൊല്ലുമെന്ന് ഉറപ്പായിരുന്നു. പോകുംവഴി ശൂരനാട് മഞ്ഞാടിയിൽ വീട്ടിൽ മുരിങ്ങക്ക പറിച്ചു നിൽക്കുകയായിരുന്നു സഖാവും സന്തത സഹചാരിയുമായ 26 കാരൻ ഗംഗാധരൻ.

തോളിൽക്കിടന്ന തോർത്തിൽ സങ്കടക്കടൽ കടിച്ചൊതുക്കി തണ്ടാശ്ശേരി പറഞ്ഞു. ഗംഗാധരാ, ഞാൻ കീഴടങ്ങാൻ പോകുന്നു. എന്നെ കിട്ടിയില്ലെങ്കിൽ അവർ സരോജിനിയേയും കുഞ്ഞുങ്ങളേയും കൊല്ലും. അതുവേണ്ട. ഞാൻ മരിച്ചാൽ എന്റെ സരോജിനിയേയും കുഞ്ഞുങ്ങളേയും നീ നോക്കിക്കൊള്ളണം. ഗംഗാധരന്റെ കാഴ്ചയിൽ നിന്ന് നടന്നുമറഞ്ഞ തണ്ടാശ്ശേരി രാഘവൻ അടൂർ പൊലീസ് ക്യാമ്പിൽ ജനുവരി 18 ന് മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. സഖാവിന് കൊടുത്ത വാക്ക് പാലിക്കുന്നതിലായിരുന്നു പിന്നീട് ഗംഗാധരന്റെ ശ്രദ്ധ. തറിയിൽ തുണിനെയ്തും കുടിപ്പള്ളിക്കൂടം നടത്തിയും രക്തസാക്ഷിയുടെ വിധവയേയും കുഞ്ഞുങ്ങളേയും പോറ്റി. പിൽക്കാലത്ത് ഇവർ വിവാഹിതകാരാൻ തീരുമാനിക്കുകയുമായിരുന്നു.

ഗംഗാധരൻ-സരോജിനി ദമ്പതികൾക്ക് സുഷമ, സുധർമ്മ, തമ്പാൻ, സുഗന്ധി എന്നിങ്ങനെ നാലുമക്കൾ. രക്തസാക്ഷിയുടെ കുടുംബത്തെ ഏറ്റെടുത്ത ഗംഗാധരനാശാൻ ഇന്നും ജീവിച്ചിരിക്കുന്നു. ശൂരനാട് വിപ്ലവത്തിന്റെയും അന്ന് നടന്ന പൊലീസ് നായാട്ടിന്റെയും നേർക്കാഴ്ചകളുടെ അവകാശിയായിരുന്നു സരോജിനി. ശൂരനാട്ടെ ഇളംതലമുറയിൽപ്പെട്ട കമ്മ്യൂണിസ്റ്റുകൾ ആദരവോടെ രക്തസാക്ഷിയുടെ വിധവയെ സന്ദർശിച്ചുപോന്നു. ആദരാഞ്ജലികൾ അർപ്പിക്കാൻ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും പ്രമുഖരായ നേതാക്കൾ എത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP