Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീപ്പന്തത്തിലൂടെയുള്ള ചാട്ടം പിഴച്ചു; നാട്ടുകാർക്കും കൂട്ടുകാർക്കും തീരാനഷ്ടം; ശ്രീനാഥിന്റെ വിയോഗം ദുഃഖം താങ്ങാനാവാതെ ഉദുമ

തീപ്പന്തത്തിലൂടെയുള്ള ചാട്ടം പിഴച്ചു; നാട്ടുകാർക്കും കൂട്ടുകാർക്കും തീരാനഷ്ടം; ശ്രീനാഥിന്റെ വിയോഗം ദുഃഖം താങ്ങാനാവാതെ ഉദുമ

രഞ്ജിത് ബാബു

കാസർഗോഡ്: കലാലയത്തിന്റെ അഭിമാനമായ ശ്രീനാഥിന്റെ വിയോഗം ഉദുമ ഗവൺമെന്റ് കോളേജിനെ തീരീദുഃഖത്തിലാഴ്‌ത്തി. തീപ്പന്തം കൊണ്ടുള്ള അഭ്യാസ പ്രകടനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് മരണമടയുകയായിരുന്നു നാടിന്റെ ഈ പ്രിയപ്പെട്ടവൻ. ഉദുമ ഗവൺമെന്റ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് ശ്രീനാഥ്. പഠിക്കാൻ മിടുക്കൻ. നന്നായി പാടുകയും വരക്കുകയും ചെയ്യാനുള്ള കഴിവും. ഫുട്‌ബോൾ കളിയിലെ മികവും കോളേജിൽ ശ്രീനാഥിന് താരപരിവേഷം നൽകി. അതു കൊണ്ടുതന്നെ അദ്ധ്യാപകരുടേയും സഹപാഠികളുടേയും പ്രത്യേക സ്‌നേഹവാത്സല്യത്തിനുടമയായിരുന്നു ശ്രീനാഥ്.

പൊള്ളലേറ്റ് ആശുപത്രി കിടക്കയിൽ നീറിക്കഴിയുമ്പോഴും സർവ്വകലാശാലാ പരീക്ഷ എഴുതാനാവാത്തതിന്റെ വേദനയാണ് വലുതെന്ന് സഹപാഠികളെ അറിയിച്ചിരുന്നു. ഉദുമ ഗവൺമെന്റ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് ശ്രീനാഥ്. ഡിസംബർ 3 നു രാത്രി ബേഡകം ഗാന്ധി നഗറിലെ വ്യായാമ ശാലയിലെ തീപ്പന്തം കൊണ്ടുള്ള പരിശീലനത്തിനിടെയിലാണ് അപകടം സംഭവിച്ചത്. അടുത്ത് നടക്കാനിരിക്കുന്ന ഉത്സവത്തിന്റെ പരിശീലനം നടത്തവേയാണ് ശ്രീനാഥിന് പൊള്ളലേറ്റത്. ചുറ്റിലും തീപ്പന്തം കെട്ടിയ വളയം രണ്ടു പേർ പിടിച്ചു നിന്നിരുന്നു. അതിനിടയിലൂടെ ശ്രീനാഥ് ചാടി. അപ്പോഴായിരുന്നു അപകടം.

പരിശീലകൻ സ്റ്റാർട്ട് പറയും മുമ്പ് ശ്രീനാഥ് വളയത്തിനുള്ളിലേക്ക് കുതിച്ചു. വളയം പിടിച്ചിരുന്നവർ ഒരുങ്ങിക്കഴിഞ്ഞില്ലെന്നും ഉയരം ക്രമപ്പെടുത്തിയില്ലെന്നും പറയുന്നു. അതോടെ ചാട്ടം പിഴച്ചു. പന്തത്തിനിടയിലൂടെ ശ്രീനാഥ് ചാടുമ്പോഴേക്കും ഒരു ഭാഗത്തു തട്ടി വളയം
തെറിച്ചു പോയി. തീപ്പന്തമടക്കമുള്ള വളയം ശരീരത്തിൽ കുടുങ്ങി ശ്രീനാഥ് നിലം പതിച്ചു. ശരീരത്തിൽ നിന്നും പന്തം വേർപ്പെടുത്താനായില്ല. പന്തത്തിലെ തീ ദേഹമാസകലം പടർന്നു. ഇരുപത്തഞ്ച് ശതമാനത്തിലേറെ പൊള്ളലേറ്റ് ശ്രീനാഥ് ഗുരുതരാവസ്ഥയിലുമായി.

മംഗലാപുരത്തെ ഫാദർ മുള്ളർ മെഡിക്കൽ കോളേജിൽ ചികിത്സ തുടരവേ ഏഴാം ദിവസമാണ് ശ്രീനാഥ് മരണമടഞ്ഞത്. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും രണ്ടു ദിവസത്തിനകം പുറത്ത് വരാമെന്ന് കരുതിയിരിക്കവേയാണ് ശ്രീനാഥ് വിട ചൊല്ലിയത്. ഈ മാസം ഏഴാം തീയ്യതി പരീക്ഷ തുടങ്ങിയിരുന്നതിനാൽ ചികിത്സക്ക് ഒരു മാസത്തെ അവധി ആവശ്യപ്പെട്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി കോളേജിൽ എത്തിച്ചിരുന്നു. ശ്രീനാഥ് വീണ്ടും കോളേജിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് കുടുംബത്തേയും സഹപാഠികളേയും കണ്ണീർ കയത്തിലാക്കി ശ്രീനാഥ് വിടപറഞ്ഞത്. ചലനമറ്റ മൃതദേഹം കോളേജിൽ എത്തിച്ചപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വിതുമ്പുകയായിരുന്നു.

പരേതനായ ബാബുവിന്റേയും ലക്ഷ്മിയുടേയും മകനാണ് ശ്രീനാഥ്. സഹോദരൻ ശ്രീനിത്ത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP