Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹരി ഓം പറഞ്ഞു തുടങ്ങി ഹരി ഓമിൽ തന്നെ അവസാനിക്കുമ്പോൾ ഏത് മഹാരോഗത്തിനും മരുന്നായി; ഒറ്റമൂലിയും ആയുർവേദവും സത്യമെന്ന് ലോകത്തെ വിശ്വസിപ്പിച്ച മഹാപണ്ഡിതൻ; അന്തരിച്ച സ്വാമി നിർമ്മാലാനന്ദഗിരിക്ക് പകരം വയ്ക്കാൻ ഇനി ആരും ഉണ്ടാവില്ല

ഹരി ഓം പറഞ്ഞു തുടങ്ങി ഹരി ഓമിൽ തന്നെ അവസാനിക്കുമ്പോൾ ഏത് മഹാരോഗത്തിനും മരുന്നായി; ഒറ്റമൂലിയും ആയുർവേദവും സത്യമെന്ന് ലോകത്തെ വിശ്വസിപ്പിച്ച മഹാപണ്ഡിതൻ; അന്തരിച്ച സ്വാമി നിർമ്മാലാനന്ദഗിരിക്ക് പകരം വയ്ക്കാൻ ഇനി ആരും ഉണ്ടാവില്ല

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആത്മീയതയെയും ആരോഗ്യ സേവനത്തെയും വ്യത്യസ്തമായ വീക്ഷണകോണിൽ നോക്കിക്കണ്ട് പ്രവർത്തിച്ച വ്യക്തിയായിരുന്നു പ്രമുഖ ആയുർവേദ ചികിത്സകനും സന്യാസിയുമായ ഒറ്റപ്പാലം പാലപ്പുറത്തെ സ്വാമി നിർമലാനന്ദഗിരി മഹാരാജ്. പരമ്പരാഗത വൈദ്യ ചികിത്സയിൽ നിന്ന് വ്യത്യസ്തമായി ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നു മനസ്സിലാക്കി നിരവധി പേർക്ക് ആശ്വാസമേകിയ ചികിൽസകൻ. എല്ലാത്തിനുമുപരി അദ്വൈത ഫിലോസഫിയുടെ പ്രചാരകനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയും ഉത്തരേന്ത്യയിലും നിരന്തരമായ പ്രഭാഷണം നടത്തി ശ്രദ്ധേയനായ വ്യക്തിത്വം

ഭാരതീയ സംസ്‌കൃതിയുടെ വക്താവും പ്രയോക്താവുമായ കയറൻപാറ പാലിയിൽ മഠത്തിൽ സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് (88) വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സമാധിയായത്. മാറാവ്യാധികൾവരെ ആയുർവേദചികിത്സയിലൂടെ ഭേദമാക്കിയിരുന്ന ഭിഷഗ്വരപണ്ഡിതനായിരുന്നു നിർമ്മലാനന്ദ ഗിരി. അവധൂതനായി കഴിഞ്ഞിരുന്ന അദ്ദേഹം കൂടുതൽ കാലം കഴിഞ്ഞത് ഒറ്റപ്പാലത്തായിരുന്നു. അപ്പോഴും നാടു മുഴവൻ ഓടി നടന്ന് ആയുർവേദത്തിന്റേയും ഒറ്റമൂലിയുടേയും കരുത്ത് അറിയിച്ചു. വൻനഗരങ്ങളിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ കൈയൊഴിയുമ്പോൾ, നാടിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു സ്വാമി. സ്വാമി സമാധിയാവുമ്പോൾ അസ്തമിക്കുന്നതും ഈ പ്രതീക്ഷയാണ്. ഇനി ഞാൻ രോഗങ്ങളെ പേടിക്കണം. കഴിഞ്ഞ 16 വർഷമായി ആ പേടിയില്ലായിരുന്നു-സ്വാമിജിയുടെ വിശ്വാസികൾ ഈ വിയോഗത്തെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.

ഏതു രോഗം വന്നാലും ഫോൺവിളിപ്പുറത്ത് സ്വാമിജി ഉണ്ടായിരുന്നു. ആർക്കുവേണ്ടി വിളിച്ചാലും കേൾക്കുന്ന വിളി. ഹരി ഓം! അല്ലെങ്കിൽ പഞ്ചാക്ഷരി പറഞ്ഞു തുടങ്ങി, ശരി - ഹരി ഓം! പറഞ്ഞവസാനിപ്പിക്കുന്ന സംഭാഷണത്തിനിടെ സ്വാമിജി മരുന്നു പറഞ്ഞുതരും. ഒരു മരുന്നല്ല, പല മരുന്നുകൾ. ഒന്നു കിട്ടിയില്ലെങ്കിൽ പ്രയോഗിക്കാൻ മറ്റൊന്ന്. ആയുർവേദവും ഹോമിയോയും യുനാനിയും ഒറ്റമൂലികളും പ്രായോഗിക ബുദ്ധിയമൊക്കെ ആ പട്ടികയിലുണ്ടാവും- ഈ വാക്കുകളെ ശരിവയ്ക്കും വിധമായിരുന്നു സ്വാമിയുടെ ആരോഗ്യ രംഗത്തെ ഇടപെടൽ.

പാലക്കാട്ടെ മണ്ണിൽ പിടിച്ചുനിർത്തിയത് തിരുവല്ല സ്വദേശിയായ രുക്മിണിയമ്മയായിരുന്നു. തിരുവല്ലയിൽ താമസിച്ചിരുന്ന സമയത്ത് രുക്മിണിയമ്മയുടെ മകൾ സിന്ധുവിന് ബാല്യകാലത്തുണ്ടായ രോഗം ഭേദമാക്കിയത് സ്വാമി നിർമലാനന്ദഗിരിയാണ്. സ്വാമിയുടെ ചികിത്സയുടെ ഗുണംകൊണ്ടുമാത്രമാണ് മകളുടെ രോഗം ഭേദമായതെന്ന് ഈ അമ്മ ഇന്നും വിശ്വസിക്കുന്നു. പിന്നീട്, അദ്ധ്യാപികയായ രുക്മിണിയമ്മയും വാണിജ്യനികുതിവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് പുരുഷോത്തമൻനായരും സ്ഥലംമാറ്റമായി ഷൊർണൂരിൽ താമസംതുടങ്ങി. സ്വന്തമായി ആശ്രമങ്ങളോ സ്ഥാപനങ്ങളോ ഇല്ലാതെ രാജ്യംമുഴുവൻ സഞ്ചരിച്ച് മറ്റുള്ളവർക്ക് അറിവുപകർന്നും അസുഖങ്ങൾ ചികിത്സിച്ച് ഭേദമാക്കിയും മുന്നോട്ടുനീങ്ങുകയായിരുന്നു സ്വാമി. അങ്ങനെ, സ്വാമിയെ വള്ളുവനാട്ടിൽവച്ച് വീണ്ടും കാണാനിടയായതോടെയാണ് ഇവിടെത്തന്നെ താമസമൊരുക്കാമെന്ന ആശയം പങ്കുവെക്കുന്നത്.

ഷൊർണൂർ കവളപ്പാറ ആറണിയിലുള്ള ഇവരുടെ വീടിന്റെ ഒരുഭാഗം സ്വാമിയുടെ ആശ്രമത്തിനായി വിട്ടുനൽകി. 1990 മുതൽ 2004വരെ സ്വാമി കവളപ്പാറയിലെ പാലിയിൽ മഠത്തിൽ നിരവധിപേർക്ക് മാറാവ്യാധികൾക്കുള്ള മരുന്ന് ചൊല്ലിക്കൊടുത്തും ചികിത്സയേകിയും കഴിഞ്ഞു. പിന്നീട്, രുക്മിണിയമ്മയും കുടുംബവും കയറംപാറയിലേക്ക് താമസംമാറിയപ്പോൾ ആശ്രമവും ചികിത്സയും ഇവരോടൊപ്പം അങ്ങോട്ടേക്ക് മാറി. ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ കുടുംബത്തിനൊപ്പം. ഫീസ് വാങ്ങാതെ, മരുന്നിന്റെ വിലമാത്രം ഈടാക്കിയായിരുന്നു ഏത് മഹാരോഗത്തിനും നിർമ്മലാനന്ദഗിരി ചികിത്സനൽകിയത്. ലോകത്തിലെ ഏതു കാര്യത്തെക്കുറിച്ചും സംസാരിക്കാൻ കഴിയുന്ന പണ്ഡിതനായിരുന്നു സ്വാമി.

വൈദ്യവും രാഷ്ട്രീയവും ആഹാരങ്ങളും വിരുദ്ധാഹാരങ്ങളും ജാതിയും മതവുമുൾപ്പെടെ എന്തും ആ നാവിന് വഴങ്ങും. ഇഷ്ടവിഷയം അലോപ്പതി ചികിൽസയും മരുന്നുകളുടെ പേരിലുള്ള തട്ടിപ്പുകളുമായിരുന്നു. ചികിൽസകൾക്ക് സ്വാമിജിക്ക് പ്രതിഫലം വേണ്ടായിരുന്നു. സ്വാമിജി വാർത്തയും പ്രസിദ്ധിയും ആഗ്രഹിച്ചില്ല. അറിഞ്ഞതും പഠിച്ചതും ഉള്ളിൽത്തെളിഞ്ഞതുമായ ജ്ഞാനം മറ്റുള്ളവർക്കായി പ്രയോജനപ്പെടുത്തണന്ന ആഗ്രഹത്തിലായിരുന്നു ജീവിതം. കേരളത്തിലുടനീളം ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, ആയുർവേദ ചികിത്സയുമായി സഞ്ചരിച്ചിരുന്ന ശങ്കര സമ്പ്രദായത്തിലെ സന്ന്യാസിയാണ് നിർമ്മലാനന്ദഗിരി. പൂർവ്വാശ്രമത്തിൽ സ്വാമിജിയുടെ സ്ഥലം കോട്ടയം ജില്ലയിലെ ഓണംതുരുത്തായിരുന്നു.

ഒരു വിധത്തിലുള്ള സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കയറം പാറയിലെ ഒരു ചെറിയ വീട്ടിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇന്ന് വേദാന്തത്തിൽ അഗാധപാണ്ഡിത്യം നേടിയിട്ടുള്ളവരിൽ അപൂർവം സന്യാസിമാരിൽ ഒരാളാണ് ഇദ്ദേഹം. സംസ്‌കൃതം വൈദ്യം മർമചികിത്സ എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ നിരവധിപേരെ ആധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് ആകർഷിച്ചിട്ടുണ്ട്. ഗീതാ ചികിത്സകൻ, വാഗ്മിപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനാണിദ്ദേഹം. വാരാണസിയിലെ തിലകാണ്ഡേശ്വരത്തായിരുന്നു ആദ്യകാലം. ഇവിടുത്തെ മഠാധിപതി അച്യുതാനന്ദഗിരി മഹാരാജിന്റെ ശിഷ്യൻ ശ്രീധരാനന്ദ ഗിരിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്. ഇതോടൊപ്പം ആയുർവേദ പഠനവും പൂർത്തിയാക്കി. വൈദ്യവുമായി ബന്ധപ്പെട്ട നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇവ പിന്നീട് ഗ്രന്ഥങ്ങളാക്കി പുറത്തിറക്കിയിരുന്നു.

സർവമേഖലകളെയും സ്പർശിക്കുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണവും ചികിത്സയും ഏറെ പ്രസിദ്ധമാണ്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള രോഗികൾ നിത്യേന ചികിത്സക്കായി ഇവിടെ എത്താറുണ്ട്. ആയുർവേദ, ഹോമിയോ വിഭാഗങ്ങൾ ഒരു പോലെ കൈകാര്യം ചെയ്തിരുന്നു സ്വാമിജി. ഒരു മേഖലയെയും അദ്ദേഹം തള്ളിയിരുന്നില്ല. സർവ്വതിലെയും നല്ല അംശങ്ങളെ സ്വാംശീകരിച്ച് നൽകുകയായിരുന്നു. തൊണ്ണൂറുകളിൽ ഒറ്റപ്പാലത്തിനടുത്തുള്ള കൂനത്തറ ആറാണിയിലാണ് ഇദ്ദേഹം ആദ്യമായെത്തിയത്. തുടർന്ന് രണ്ടായിരത്തിലാണ് കയറൻപാറയിൽ താമസം തുടങ്ങിയത്. തന്ത്ര, ക്ഷേത്രരഹസ്യം, ഭഗവത് ഗീത ഒരു ആമുഖം, ഇശാവാസ്യോപനിഷത്ത്, ദാമ്പത്യജീവിതം, ഗൃഹ വൈദ്യം, അക്ഷരകഷായം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

വേദം, ഉപനിഷത്ത് എന്നിവയോടൊപ്പം കാൻസർ അടക്കമുള്ള മാരക രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രഭാഷണം നടത്തി. കേരളത്തിനകത്തും പുറത്തുമായി സഞ്ചരിച്ച് ആയിരക്കണക്കിന് രോഗികളെയും ചികിത്സിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് ഒറ്റപ്പാലത്ത് സമാധിയിരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP