Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയകവിക്ക് അശ്രുപൂജയുമായി കാവ്യകേരളം; വിജെടി ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങൾ ആദരാജ്ഞലി അർപ്പിച്ചു; സംസ്‌ക്കാരം ഒഎൻവി തന്നെ പേരിട്ട തൈക്കാട് ശാന്തികവാടത്തിൽ നാളെ; വിപ്ലവ കവിയോടുള്ള ബഹുമാന സൂചകമായി നവകേരള മാർച്ചിന്റെ സമാപനം തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി

പ്രിയകവിക്ക് അശ്രുപൂജയുമായി കാവ്യകേരളം; വിജെടി ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങൾ ആദരാജ്ഞലി അർപ്പിച്ചു; സംസ്‌ക്കാരം ഒഎൻവി തന്നെ പേരിട്ട തൈക്കാട് ശാന്തികവാടത്തിൽ നാളെ; വിപ്ലവ കവിയോടുള്ള ബഹുമാന സൂചകമായി നവകേരള മാർച്ചിന്റെ സമാപനം തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി ഒഎൻവി കുറുപ്പിന്റെ ഓർമ്മകളിൽ വിതുമ്പുകയാണ് കാവ്യകേരളം. മലയാളം കാവ്യലോകത്ത് തലയെടുപ്പോടെ ഉദിച്ചു നിന്ന നക്ഷത്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താൻ സാധിക്കാത്ത നഷ്ടമായിരിക്കയാണ്. കാവ്യകേരളം അദ്ദേഹത്തിന് അശ്രുപുഷ്പ്പങ്ങൾ അൽപ്പിച്ചു.

ഇന്നലെ രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധിയാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. സാഹിത്യസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പ്രിയകവിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴുതക്കാട്ടെ അദ്ദേഹത്തിന്റെ വീടായ ഇന്ദീവരത്തിലെത്തി. മൃതദേഹം 10.30ഓടെ വിജെടി ഹാളിലേക്ക് കൊണ്ടുവന്നു. രാവിലെ 11 മണി വിജെടി ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. സമൂഹത്തിലെ നാനാതുറയിൽ ഉള്ളവർ അദ്ദേഹത്തെ കാണാൻ ഇവിടെയെത്തി. നാളെയാണ് സംസ്‌ക്കാരം. പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌ക്കരിക്കും. ഒഎൻവി തന്നെയാണ് തൈ്ക്കാട് ശ്മശാനത്തിന് ശാന്തികവാടം എന്ന് പേരിട്ടത്.

 

ആറു പതിറ്റാണ്ട് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യരംഗങ്ങളിൽ നിറഞ്ഞുനിന്ന ഒഎൻവി ഇന്നലെ വൈകുന്നേരമാണ് മരിക്കാത്ത കവിതകൾ കാവ്യലോകത്തിന് സമ്മാനിച്ച് വിടപറഞ്ഞത്. മഹാകവി ഒഎൻവി കുറുപ്പിന്റെ നിര്യാണത്തെത്തുടർന്നു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരളമാർച്ചിന്റെ സമാപനച്ചടങ്ങുകൾ തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി. ഇന്ന് ശംഖുമുഖത്തു നടക്കേണ്ടിയിരുന്ന റെഡ് വളണ്ടിയർ മാർച്ച് അടക്കമുള്ള കാര്യങ്ങൾ മറ്റന്നാൾ നടക്കുമെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മാർച്ചിനോട് അനുബന്ധിച്ചു ഇന്ന് നടക്കേണ്ടിയിരുന്ന വാർത്താ സമ്മേളനവും പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും മാറ്റിവച്ചതായും അദ്ദേഹം അറിയിച്ചു.

കേരളത്തിന് തീരാ നഷ്ടമാണ് ഒഎൻവിയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. മാർച്ചിന്റെ സമാപനച്ചടങ്ങുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ഇന്ന് എല്ലാ മേഖലകളിലും ഒഎൻവിയുടെ വിയോഗത്തിൽ ദുഃഖാചരണം നടത്തും. അൽപമെങ്കിലും ആരോഗ്യം അനുവദിക്കുമെങ്കിൽ ശംഖുമുഖത്തു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് ഒഎൻവി അറിയിച്ചിരുന്നതായും കടകംപള്ളി പറഞ്ഞു.

ആയിരം പൂർണചന്ദ്രന്മാരുടെ നിലാവിൽ അഭിഷിക്തനായ കവി എൺപത്തിനാലാം വയസിലാണ് വിടവാങ്ങിയത്. ആറ് പതിറ്റാണ്ടുകളായി കേരളത്തിന്റെ സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ ശുക്രനക്ഷത്രമായി ജ്വലിച്ചുനിന്ന ആ കാവ്യവസന്തം ഇന്നലെ വൈകിട്ട് 4.30ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് രണ്ടുദിവസമായി ആശുപത്രിയിലായിരുന്നു.

പി.പി. സരോജിനിയാണ് ഭാര്യ. രാജീവൻ, ഡോ. മായാദേവി എന്നിവർ മക്കളാണ്. ഗായിക അപർണ രാജീവ് പേരക്കുട്ടിയാണ്.
ഒറ്റപ്‌ളാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്നാണ് മുഴുവൻ പേര്. കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മൂന്നുമക്കളിൽ ഇളയവനായി 1931 മെയ്‌ 27ന് ജനിച്ചു. എട്ടു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്‌കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്റെ ഇനിഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് ഒ.എൻ. വേലുക്കുറുപ്പായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്‌കൂളിൽ തുടർ വിദ്യാഭ്യാസം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് 1948 ൽ ഇന്റർമീഡിയറ്റ് പാസായി. കൊല്ലം എസ്.എൻ കോളേജിൽനിന്ന് 1952 ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് 1955ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1957ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആർട്‌സ് ആൻഡ് സയൻസ് കോളേജിലും തലശേരി ഗവ. ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിലും മലയാ!ള വിഭാഗം തലവനായിരുന്നു. 1986 മെയ്‌ 31ന് വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.

കേരള കലാമണ്ഡലം ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം , കേരള സാഹിത്യ അക്കാഡമി അംഗം, ഇന്ത്യൻ പ്രോഗ്രസീവ് റൈറ്റേഴ്‌സ് ദേശീയ അദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2010ൽ ജ്ഞാനപീഠം ലഭിച്ചു. 2007ലെ പുരസ്‌കാരം 2010ൽ നൽകുകയായിരുന്നു. 1998 ൽ പത്മശ്രീയും 2011ൽ പത്മവിഭൂഷണും നൽകി രാഷ്ട്രം ആദരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിപ്‌ളവപ്രസ്ഥാനം ജനമനസുകളിൽ അടിയുറച്ചു വളർന്നത് ഒ.എൻ.വിയുടെ ചോരയും സ്വപ്നവും തുടിക്കുന്ന പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ, ആമരത്തിൻ പൂന്തണലിൽ വാടിനില്ക്കുന്നോളേ... എന്ന വരികളിലൂടെയായിരുന്നു.

എല്ലാക്കാലത്തും ഇടതുപക്ഷത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അവസാന കാലത്ത് പോലും അദ്ദേഹം വിശ്രമമില്ലാതെ കർമ്മനിരതനായിുന്നു അദ്ദേഹം. നിശാഗന്ധിയിൽ നടന്ന ഗുലാം അലിയുടെ ഗസൽ സന്ധ്യയിലും സജീവമായിരുന്നു അദ്ദേഹം. അതായിരുന്നു ഒ.എൻ.വി. അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്.

വിദ്വേഷത്തിന്റെ വക്താക്കൾ ആട്ടിപ്പായിക്കാൻ ശ്രമിച്ച ആ വിശ്രുതഗായകനെ കേരളം പുൽകിയത് ഒ.എൻ.വി.യുടെ വാക്കുകളിലൂടെയായിരുന്നു. 'ഭാവിഭാരതത്തിന്റെ ചരിത്രമുഹൂർത്തം' എന്നാണ് ആ സന്ധ്യയെ ഒ.എൻ.വി. വിശേഷിപ്പിച്ചത്. അവിടെയെത്താൻ ആരോഗ്യത്തിന്റെ ആശ്രയം ഒ.എൻ.വി.ക്കുണ്ടായിരുന്നില്ല. എന്നാലും തമസ്സിന്റെ തുരുമ്പിച്ച കൂടാരങ്ങളുടെ കവാടം തകർക്കാൻ എന്നും യത്‌നിച്ച കവിക്ക് എത്താതിരിക്കാൻ കഴിയുമായിരുന്നില്ല. വീൽച്ചെയറിൽ ഇരുന്ന് വിറയാർന്നതെങ്കിലും വീറുള്ള ശബ്ദത്തിൽ അന്ന് അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക മനസ്സിനെ ഉണർത്തി.

ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾപ്പോലും സ്വാതിതിരുനാളിനെപ്പോലുള്ള ഭരണാധികാരികൾ രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരെ ഇരുകൈയും നീട്ടി സ്വീകരിച്ച നാടാണ് കേരളം. അതേ കേരളത്തിന്റെ അഭിമാന മുഹൂർത്തമാണ് ഇതെന്നും ഒ.എൻ.വി. ഓർമിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP