Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നർമ്മം ചാലിച്ച് എതിരാളികളെ തറപറ്റിക്കുന്ന പ്രസംഗവേദിയിലെ തീക്കാറ്റ് ഇനിയില്ല; ഇടതുപക്ഷത്തെയും വലതുപക്ഷത്തേയും നേതാക്കൾ ഒരുപോലെ പേടിച്ച വാക് ചാതുരി നിശബ്ദമായി; മണിക്കൂറുകൾ കേട്ടിരുന്നാലും ആരും എഴുന്നേറ്റു പോകാത്ത ഹാസ്യരസ വിരുന്നൊരുക്കുന്ന ഉഴവൂർ യാത്രയാവുമ്പോൾ

നർമ്മം ചാലിച്ച് എതിരാളികളെ തറപറ്റിക്കുന്ന പ്രസംഗവേദിയിലെ തീക്കാറ്റ് ഇനിയില്ല; ഇടതുപക്ഷത്തെയും വലതുപക്ഷത്തേയും നേതാക്കൾ ഒരുപോലെ പേടിച്ച വാക് ചാതുരി നിശബ്ദമായി; മണിക്കൂറുകൾ കേട്ടിരുന്നാലും ആരും എഴുന്നേറ്റു പോകാത്ത ഹാസ്യരസ വിരുന്നൊരുക്കുന്ന ഉഴവൂർ യാത്രയാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാഷ്ട്രീയ പ്രസംഗകലകയുടെ തലതൊട്ടപ്പനായിരുന്ന ഉഴവൂർ വിജയൻ എന്ന നേതാവ് യാത്രയാവുമ്പോൾ നഷ്ടമാകുന്നത് ആക്ഷേപ ഹാസ്യത്തിലൂടെ എതിരാളികളെ വിറപ്പിച്ച പ്രസംഗവേദിയുടെ ജീവനാണ്. ഏറെക്കാലമായി ഇടതുപക്ഷത്തിന്റെ സമരവേദികളിലായാലും തിരഞ്ഞെടുപ്പുവേദികളിലായാലും ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രാസംഗികനായിരുന്നു ഉഴവൂർ വിജയൻ. എത്രനേരം വേണമെങ്കിലും സദസ്സിനെ പിടിച്ചിരുന്ന നർമ്മരസം തുളുമ്പുന്ന ആ പ്രസംഗം ഇനിയില്ല.

ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രചാരണരംഗത്ത് പ്രസംഗവേദികളിൽ ഇറക്കിയ ട്രംപ്കാർഡ് ആയിരുന്നു ഉഴവൂർ വിജയൻ. എൻസിപി സംസ്ഥാന അധ്യക്ഷനായി ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വേർപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാതെ മാറിനിന്ന് എൽഡിഎഫിന്റെ വിജയത്തിന് വേണ്ടി നിർണായകമായ പ്രസംഗങ്ങളും പ്രതികരണങ്ങളും നടത്തിയ നേതാവായിരുന്നു ഉഴവൂർ.

കേൾവിക്കാരെ നർമ്മം കൊണ്ട് ത്രസിപ്പിക്കുന്ന പ്രാസംഗികൻ

മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും സർക്കാരിനെതിരെ നിശിത വിമർശനവുമായി ആ മൂർച്ചയുള്ള നാവ് കേൾവിക്കാരെ ത്രസിപ്പിച്ചു. കുറിക്കുകൊള്ളുന്ന വാക് ചാതുരിയുടെ മികവിൽ അണികൾ ആർത്തുവിളിക്കുമ്പോഴും ആവേശംചോരാതെ കത്തിക്കയറി അവരെ കൂടുതൽ രസിപ്പിച്ച നേതാവ്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു കാലങ്ങളിലെല്ലാം സ്ഥാനാർത്ഥിയല്ലാതിരുന്നിട്ടും സ്ഥാനാർത്ഥികളെക്കാൾ തിരക്കിലായിരുന്നു ഉഴവൂർ. 140 നിയമസഭാ മണ്ഡലങ്ങളിലും പ്രസംഗിക്കണമെന്ന ഇടതു സ്ഥാനാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് ഓടിയെത്തി ഉഴവൂർ അവർക്ക് വേണ്ടി വോട്ടുചോദിച്ചു. ഉമ്മൻ ചാണ്ടിമുതലുള്ള കോൺഗ്രസ് നേതാക്കളും ബിജെപിയുടെ എതിരാളികളുമെല്ലാം ആ നാവിന്റെ ചൂടറിഞ്ഞ് വിയർത്തു.

പ്രമുഖ നേതാക്കളും സ്ഥാനാർത്ഥിയും എത്തുംമുമ്പ് ആളുകളെ പിടിച്ചിരുത്തുന്ന പ്രസംഗത്തിന് എല്ലാവർക്കും വിജയനെ വേണമെന്ന സ്ഥിതിയായിരുന്നു അന്ന്. എൽഡിഎഫിന്റെ സമരവേദികളിലുൾപ്പെടെ ഇതായിരുന്നു സ്ഥിതി. തലസ്ഥാനത്ത് ദിവസങ്ങൾ നീണ്ട കുടുംബശ്രീക്കാരുടെ സമരത്തിലും സെക്രട്ടേറിയറ്റ് വളഞ്ഞുള്ള ആയിരങ്ങൾ നിറഞ്ഞ സമരങ്ങളിലുമെല്ലാം ആ വാക്‌ധോരണി ജനങ്ങൾക്ക ഹരമായി മാറി. ഹാസ്യത്തിന്റെ മേമ്പൊടിയും ആക്ഷേപശരങ്ങളും കോർത്തുള്ള പ്രസംഗമാല മണിക്കൂറുകൾ നീളും. കേൾവിക്കാരെ ചിരിച്ചു മണ്ണു കപ്പിക്കുന്നതിനൊപ്പം ഇടിവെട്ടി മഴപെയ്തു തോർന്നതുപോലെ ഒരു സുഖം നൽകുന്ന പ്രസംഗം. ആളുകൾ കയ്യടിക്കുന്തോറും ആവേശം കൊടുമുടികയറും.

ചാനൽ ആക്ഷേപ പരിപാടികളിലെ സ്ഥിരം 'നടൻ'

വിവിധ ചാനലുകളിലെ വാർത്താധിഷ്ഠിത നർമപരിപാടികളിൽ വിജയന്റെ പ്രസംഗമില്ലാത്ത എപ്പിസോഡില്ലെന്ന സ്ഥിതിപോലും ഉണ്ടായിരുന്നു. വിജയന്റെ പത്രസമ്മേളനം ഏത് പ്രസ്‌ക്ലബ്ബിൽ നടന്നാലും ലേഖകരുടെ തിരക്കായിരിക്കും. ഔദ്യോഗിക തിരക്കിനിടയിൽ ടെൻഷൻ മാറ്റാൻ, മനസ് നിറഞ്ഞ് ചിരിക്കാൻ ഉഴവൂരിന്റെ പ്രസംഗത്തിന് പ്രത്യേക കഴിവുണ്ട്. പ്രസംഗത്തിന് നർമകൈരളിയുടെ അവാർഡു ലഭിച്ചിട്ടുള്ള വിജയൻ വെറും പ്രാസംഗികൻ മാത്രമല്ല നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കോൺഗ്രസ്സുകാരനായി തുടങ്ങി ഇടതുപക്ഷക്കാരനായി എൻസിപിയിൽ എത്തിയ ചരിത്രമാണ് ഉഴവൂർ വിജയനുള്ളത്. അതിനാൽതന്നെ അദ്ദേഹത്തിന്റെ നാവിന്റെ മൂർച്ചയറിഞ്ഞവർ ഇന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടെന്ന് പറയാം. 40 വർഷത്തിലേറെയായി വിജയൻ കേൾവിക്കാരെ ചിരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തുണ്ട്. കോട്ടയം എം ടി സ്‌കൂളിലെ മരത്തിൻ ചുവട്ടിൽ കെ.എസ്.യുവിനു വേണ്ടി തുടങ്ങിയ പ്രസംഗം ഈയടുത്ത കാലംവരെ മൂർച്ചകൂട്ടിക്കൂട്ടി വിജയൻ പ്രയോഗിച്ചു. ദീർഘകാലം ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുപ്പള്ളിയിൽ പ്രസംഗിച്ചിട്ടുണ്ട് വിജയൻ.

'മാണിസാർ പാലായ്ക്കുവേണ്ടി പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ട് എനിക്കും ഒരവസരം നൽകണം'

കെ.എം. മാണിക്കെതിരെ പാലായിൽ ഒരിക്കൽ മത്സരിച്ചു. മാണിസാർ പാലായ്ക്കുവേണ്ടി പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എനിക്കും ഒരവസരം നൽകണമെന്നതായിരുന്നു പാലായിലെ വോട്ടർമാരോടുള്ള വിജയന്റെ വിനീതമായ അഭ്യർത്ഥന. വിജയന്റെ പ്രസംഗം കേട്ട് ആവേശം മൂത്ത് ഒരു ആരാധകൻ ഒരിക്കൽ സ്‌നേഹത്തോടെ കൈയിൽ കടിച്ചെങ്കിലും പട്ടി കടിച്ചാലുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടി വന്നുവെന്നാണ് വിജയൻ പറയുന്നത്.

വിജയന്റെ പ്രസംഗത്തിന്റെ ചില വെടിക്കെട്ട് പരാമർശങ്ങൾ ഇങ്ങനെ: കോൺഗ്രസുകാർ പാർലമെന്റിൽ കാണിക്കുന്നത്ര കോമഡി ഇന്നസെന്റ് സിനിമയിൽ കാണിച്ചിട്ടില്ല. ഇടതു മുന്നണിയുടെ എല്ലാ സ്ഥാനാർത്ഥികളും ഇന്നസെന്റാണ്. കളങ്കിതരല്ലാത്തവർ....സുധീരനാണ് 15 വർഷമായി കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റ്....ബിഷപ്പിനെ കാണാൻ ഡീൻ കുര്യാക്കോസ് വീട്ടിൽ ചെന്നു. ബിഷപ്പ് കതകടച്ചു. മുറിക്കു പുറത്ത് അയ്യോ എന്ന ശബ്ദമാണ് പിന്നെ കേട്ടത്....തിരുമേനി മാന്യനാണ്. തല്ലുമെന്നോ ചീത്തവിളിക്കുമെന്നോ എനിക്ക് അഭിപ്രായമില്ല. പി.ടി. തോമസാകട്ടെ ബിഷപ്പിനെ വിളിക്കാൻ പുതിയ തെറി കണ്ടുപിടിക്കാൻ തമിഴ്‌നാട്ടിൽ പോയിരിക്കുകയാണ്....

അബ്ദുള്ളക്കുട്ടി 'കുട്ടിയല്ലെന്ന് സരിതക്കറിയാം'.. നെല്ലിന്റെ ശത്രു മുഞ്ഞ... കർഷകരുടെ ശത്രു മാണി..

അബ്ദുള്ളക്കുട്ടി 'കുട്ടിയല്ലെന്ന്' സരിത പറഞ്ഞപ്പോഴാണ് മനസിലായത്...നെല്ലിന്റെ ശത്രു മുഞ്ഞ. കർഷകരുടെ ശത്രു മാണി.... വി.എസും പിണറായിയും ഒന്നല്ല.രണ്ടു പേരുടെയും ഒറ്റക്കരളാ...ഇത്തരത്തിൽ ജനം നിറഞ്ഞുചിരിച്ച നിരവധി പ്രയോഗങ്ങൾ. പ്രസംഗത്തിലെ ആവേശം മൂത്ത് അടുത്ത കാലത്ത് വിജയന്റെ വെപ്പുപല്ല് പുറത്തേയ്ക്ക് തെറിച്ചു.ഇതു കൃത്യമായി ഒരു ചാനൽ ക്യാമറ പകർത്തി കാണിച്ചതിന് വിജയന്റെ കമന്റ് ഇങ്ങനെയായിരുന്നു .എന്റെ പല്ല് പോകുന്ന വഴിവരെനോക്കി ഇരിക്കുന്ന ക്യാമറാക്കാർക്ക് എന്നോടുള്ള ഒരു സ്‌നേഹമേ.....

മലയാള മനോരമയിൽ ഉമ്മൻ ചാണ്ടിക്ക് പ്രാധാന്യം കൂടുകയും തനിക്ക് പ്രാധാന്യം കുറയുകയും ചെയ്തതിനെ പറ്റി അദ്ദേഹത്തിന്റെ രസകരമായ കമന്റ് ഇങ്ങനെയായിരുന്നു. 'ഉ' എന്ന അക്ഷരം ഉമ്മൻ ചാണ്ടിക്കുവേണ്ടി കൂടുതൽ ഉപയോഗിച്ച് തേഞ്ഞു പോയതിനാലാകാം ഉഴവൂർ വിജയൻ എന്ന പേര് കൊടുക്കാത്തത് എന്നായിരുന്നു പരിഹാസം. ആ വാക്‌സാമർത്ഥ്യം ഇല്ലാതാകുമ്പോൾ ഇടതുപക്ഷത്തിന് മാത്രമല്ല, കേരളക്കരയ്ക്ക് ആകെ നഷ്ടമാകുകയാണ് വാക്കുകൾ കോർക്കുന്ന സമർത്ഥനായ വാഗ്മിയെ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP