Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് മലയാളി ശേഖരിച്ച 28 ലക്ഷം രൂപ ദരിദ്ര രോഗികൾക്ക് വിതരണം ചെയ്തു; കണ്ണീരോടെ നന്ദി പറഞ്ഞ് 15 നിരാലംബർ: മറുനാടൻ മലയാളിയുടെ പ്രസക്തി വിശദീകരിച്ച് ഗണേശ്‌കുമാർ

ബ്രിട്ടീഷ് മലയാളി ശേഖരിച്ച 28 ലക്ഷം രൂപ ദരിദ്ര രോഗികൾക്ക് വിതരണം ചെയ്തു; കണ്ണീരോടെ നന്ദി പറഞ്ഞ് 15 നിരാലംബർ: മറുനാടൻ മലയാളിയുടെ പ്രസക്തി വിശദീകരിച്ച് ഗണേശ്‌കുമാർ

കൊല്ലം: ലക്ഷങ്ങൾ വിറ്റഴിക്കുന്ന മാദ്ധ്യമങ്ങൾക്കോ അനേകായിരം പേർ വീക്ഷിക്കുന്ന ചാനലുകൾക്കോ സാധിക്കുന്നത് മറുനാടൻ മലയാളിക്ക് സാധിക്കുന്നതിൽ അഭിനന്ദനം അറിയിച്ച് പത്തനാപുരം എംഎൽഎയും മുന്മന്ത്രിയുമായ കെബി ഗണേശ്‌കുമാർ. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനവും മറുനാടൻ മലയാളി എഡിറ്റർ തന്നെ എഡിറ്ററുമായ ബ്രിട്ടീഷ് മലയാളി ഓൺലൈൻ പത്രത്തിന്റെ സംരംഭമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ച 28 ലക്ഷം രൂപ പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഗണേശ്‌കുമാർ ഇങ്ങനെ പറഞ്ഞത്. പത്തനാപുരം ഗാന്ധി ഭവനിൽ ഇന്നലെ നടന്ന ചടങ്ങിൽ വച്ചാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 രോഗികൾക്ക് ധനസഹായം നൽകിയത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നിരാലംബരായ രോഗികൾക്ക് ധനസഹായം എത്തിക്കുന്നതിൽ ബ്രിട്ടീഷ് മലയാളി വഹിച്ച പങ്കിനെയും ഗണേശ് കുമാർ അഭിനന്ദിച്ചു. അടുത്തകാലത്തായി മറുനാടൻ മലയാളി പൊതുജന സമക്ഷം കൊണ്ടുവന്ന അഴിമതി കേസുകൾ കേരളം ഏറ്റെടുത്ത കാര്യവും ഗണേശ് കുമാർ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. മറുനാടന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ ടാനിയ ബിനോയ്, തൃശൂർ ജില്ലയിലെ മേലടൂർ സ്വദേശിയായ അതുൽ രമണൻ, വർക്കല സ്വദേശി ജീവൻ ദീപക്ക്, ആലുവ സ്വദേശിനി പതിനാറുകാരി ടീനാ ജോൺസൺ, മൂവാറ്റുപുഴ സ്വദേശി പികെ അജിമോൻ, കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിയായ രാമചന്ദ്രൻ, അയർക്കുന്നം സ്വദേശി മറിയാമ്മ, മട്ടന്നൂർ സ്വദേശിനി ബിന്ദു ബേബി, കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശി രവീന്ദ്രൻ, പാലാ സ്വദേശിനി ഓമന ജോസും, കൊല്ലം സ്വദേശി ഇനോച് മനു, കോട്ടയം ജില്ലയിലെ അകലക്കുന്നം സ്വദേശി ടികെ തോമസ്, വയനാട്ടിലെ ജെസി ബാബു, ചങ്ങനാശേരി സ്വദേശിനി ജലജ രവി, നൈബി തോമസ് എന്നിവർക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സഹായം നൽകിയത്. ഗണേശ് കുമാർ എംഎൽഎയിൽ നിന്നും ധനസഹായം ഏറ്റുവാങ്ങിയ ഇവർ ധനസഹായത്തിന് നന്ദി പറഞ്ഞു. ചിലർ കണ്ണീരോടെ വിതുമ്പുകയും ചെയ്തു.

സഹായം ലഭിച്ച 15 പേരെ അവരുടെ ജീവിത സാഹചര്യങ്ങളുടേയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നാലായി തിരിച്ചാണ് ഫണ്ട് വിഭജനം പൂർത്തിയാക്കിയിരുന്നത്. എല്ലാവരും കൂടുതൽ തുകയ്ക്ക് അർഹരാണെങ്കിലും ലഭ്യമായ തുക അർഹരിൽ അർഹർക്ക് കൂടുതലായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് സഹായം ഏറ്റവും അധികം അർഹിക്കുന്ന മൂന്നു കുരുന്നുകളുടെ ചികിത്സക്കാണ് കൂടുതൽ പണം നീക്കിവച്ചിരിന്നത്. നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഇവരെ തരംതിരിച്ചിരുന്നത്.

എ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ ടാനിയ ബിനോയ്, അതുൽ രമണൻ, ജീവൻ ദീപക്ക് എന്നീ മൂന്നു കുട്ടികൾക്കും 288000 രൂപ വീതവും, 6 പേരെ ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുത്തി ഇവർക്ക് ബാക്കി ചെലവ്ക്ക് ശേഷം രണ്ടു ലക്ഷം രൂപ ലഭിക്കത്തക്ക രീതിയിൽ 201600 രൂപ വീതവും ഗ്രൂപ്പ് സിയിൽ ഒരാളെ ഉൾപ്പെടുത്തി 110400 രൂപ നല്കുവാനും ബാക്കി 5 പേരെയും ഗ്രൂപ്പ് ഡിയിൽ ഉൾപ്പെടുത്തി 110400 രൂപ വീതവുമാണ് വിതരണം ചെയ്തത്.

ബോൺ മാരോ ശസ്ത്രക്രിയക്ക് ഉടനടി പണം വേണ്ട പതിനാറുകാരി കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ ടാനിയ ബിനോയ്ക്ക് വേണ്ടി ബിനോയ് ആണ് തുക കൈപ്പറ്റിയത്. വൃക്ക തകറാറിനാൽ ദുരിതമനുഭവിക്കുന്ന തൃശൂർ ജില്ലയിലെ മേലടൂർ സ്വദേശിയായ പതിനഞ്ചുകാരൻ അതുൽ രമണന് വേണ്ടി അച്ഛൻ രമണനും, രക്താർബുദത്തിന്റെ പിടിയിൽപെട്ട് മജ്ജ മാറ്റൽ ശസ്ത്രക്രിയ നടത്താൻ പണം വേണ്ട വർക്കല സ്വദേശി പതിമൂന്നുകാരൻ ജീവൻ ദീപക്കിന് വേണ്ടി അച്ഛൻ ദിപക്കുമെത്തി തുക കൈപ്പറ്റി.

ഗ്രൂപ് ബിയിൽ ഉൾപ്പെട്ട ക്രോൺസ് അൾസർ ബാധിച്ച ആലുവ സ്വദേശിനി പതിനാറുകാരി ടീനാ ജോൺസന് വേണ്ടി അമ്മ ജാൻസി തുക കൈപ്പറ്റാൻ എത്തിയപ്പോൾ ഗുരുതരമായ കരൾ രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പികെ അജിമോന് വേണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി സാബു എത്തിയാണ് തുക ഏറ്റുവാങ്ങിയത്.

വായിലെ കാൻസറിനോട് മല്ലിടുന്ന കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിയായ രാമചന്ദ്രന്റെ മകൻ വൈശാഖും, തെങ്ങ് മറിഞ്ഞ് വീണ് അരയ്ക്ക് താഴെ തളർന്ന അയർക്കുന്നം സ്വദേശി മറിയാമ്മയ്ക്ക് വേണ്ടി മകൻ അഖിലും എത്തി തുക ഏറ്റുവാങ്ങി. ബ്രയിൻ ട്യുമർ ബാധിച്ച മട്ടന്നൂർ സ്വദേശിനി ബിന്ദു ബേബി തന്നെ തുക ഏറ്റുവാങ്ങാനെത്തി. ശ്വാസ കോശ കാൻസർ ബാധിച്ച കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശി അയ രവീന്ദ്രന്റെ ഭാര്യ ഉഷാകുമാരി ആണ് ചടങ്ങിൽ പങ്കെടുത്ത് തുക വാങ്ങിയത്.ഗ്രൂപ് സിയി ഉൾപ്പെടുത്തിയ എല്ലുപൊടിയുന്ന രോഗത്താൽ വലയുന്ന പാലാ സ്വദേശിനി ഓമന ജോസിന് വേണ്ടി ഭർത്താവ് ജോസ് എത്തി 110400 രൂപ കൈപ്പറ്റി.

ഗ്രൂപ് ഡിയിൽ ഉൾപ്പെടുത്തിയ സെറിബ്രൽ പാൾസി എന്ന രോഗത്തിന് അടിമയായ ആറുവയസുകാരൻ കൊല്ലം സ്വദേശി ഇനോച് മനുവിന് വേണ്ടി അച്ഛൻ മനുവെത്തി തുക കൈപ്പറ്റി. നട്ടെല്ലിന് പരിക്കേറ്റ് കിടപ്പായ കോട്ടയം ജില്ലയിലെ അകലക്കുന്നം സ്വദേശി ടികെ തോമസിന് വേണ്ടി ജാൻസിയും വീഴ്ചയിൽ അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന വയനാട്ടിലെ ജെസി ബാബുവിന് വേണ്ടി ബാബുവും, രണ്ടു പെൺമക്കളുമായി ഏതു നിമിഷവും ജപ്തി ഭീഷണിയിൽ കഴിയുന്ന ചങ്ങനാശേരി സ്വദേശിനി ജലജ രവിയും, കാൻസർ രോഗം ബാധിച്ച ഇരുപത്തിയൊന്നുകാരൻ നൈബി തോമസിന് വേണ്ടി അമ്മ ഏലിക്കുട്ടിയും എത്തി തുക ഏറ്റുവാങ്ങി.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജയമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകരും പ്രാദേശിക നേതാക്കളും പങ്കെടുത്തു. ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ സ്വാഗതവും മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ നന്ദിയും രേഖപ്പെടുത്തി.

രണ്ട് വർഷമായി എല്ലാ മാസവും ഇങ്ങനെ ഫണ്ട് ശേഖരിച്ച് കേരളത്തിൽ നിർദ്ധന രോഗികൾക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എത്തിക്കാറുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിക്കുന്ന ചാരിറ്റി ഫൗണ്ടേഷൻ ഇതേവരെ 36 പേർക്കായി ഒന്നരകോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. കൂടുതലും രോഗികൾക്കായാണ് പണം വിതരണം ചെയ്യുന്നതെങ്കിലും വിദ്യാഭ്യാസം, ഭവനിർമ്മാണം തുടങ്ങിയ കാര്യങ്ങൾക്കും നൽകാറുണ്ട്. യുകെയിലെ മലയാളികൾ നൽകുന്ന അപേക്ഷ പരിഗണിച്ച് വേണ്ട അന്വേഷണങ്ങൾ നടത്തിയാണ് ഓരോ മാസവും സഹായത്തിന് അർഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. യുകെയിലെ മലയാളികളിൽ നിന്നും ശേഖരിക്കുന്ന പണമാണ് ഇതുവഴി നൽകുന്നത്. ആദ്യമായാണ് ഈ ചാരിറ്റി വഴി 15 പേർക്ക് സഹായം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP