Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർതൃമതിയെ സ്‌നേഹിക്കുന്ന യുവാവിന്റെ കഥപറഞ്ഞ് നോർവിച്ച് 20 മൈൽസ്; യൂട്യുബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം

ഭർതൃമതിയെ സ്‌നേഹിക്കുന്ന യുവാവിന്റെ കഥപറഞ്ഞ് നോർവിച്ച് 20 മൈൽസ്; യൂട്യുബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം

കെ ആർ ഷൈജുമോൻ

കേരളത്തിൽ സിനിമാ- കലാ രംഗത്ത് പ്രവർത്തിച്ചിട്ട് ജീവിതം കരുപിടിപ്പിക്കാനായി വിദേശ രാജ്യങ്ങളിൽ ചേക്കേറിയിട്ടുള്ള അനേകം പേർ നമുക്കിടയിലുണ്ട്. അന്യ രാജ്യത്ത് ജീവിച്ചിട്ടും കലാപ്രവർത്തനങ്ങൾ ഒരു വശത്തുകൂടി കൊണ്ടുപോകുന്നവരാണ് ഇങ്ങനെ പോയവരിൽ പലരും. യൂട്യുബിൽ ആൽബങ്ങൾ ഇറക്കിയും ഹ്രസ്വ ചിത്രങ്ങൾ അണിയിച്ചൊരുക്കിയും ഇവർ തങ്ങളുടെ ഉള്ളിലെ കലാവാസനയെ പരിപോഷിക്കാൻ ശ്രമിക്കുന്ന കാഴ്ചയും അന്യമല്ല. ബ്രിട്ടനിലും ഉണ്ട് ഇത്തരത്തിൽ കലാപ്രവർത്തനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ജീവിക്കുന്നവർ.

അങ്ങനെ ഉള്ള ഒരാളാണ് സിറിയക്ക് കടവിൽച്ചിറ. ഒട്ടെറെ സീരിയലുകളിലും ആൽബങ്ങളിലും പ്രവർത്തിച്ച ശേഷം യുകെയിൽ കുടിയേറിയ സിറിയക്കിന്റെ സംവിധാനത്തിൽ ഇന്നലെ ഒരു സിനിമ യൂട്യുബിൽ റിലീസ് ആയി. ഹൃസ്വ ചിത്രമൊന്നുമല്ല കേട്ടോ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള അസൽ സിനിമ തന്നെ.

സിറിയക്കിന്റെ നേതൃത്വത്തിൽ യുകെയിൽ ജീവിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഒരുങ്ങിയ രണ്ടുമണിക്കൂർ നീളമുള്ള 'നോർവിച്ച് 20 മൈൽസ്' എന്ന ചിത്രം ഇന്നലെ യൂട്യുബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് പേരാണ് കണ്ടത്. ഭർതൃമതിയായ യുവതിയെ സ്‌നേഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് നോർവിച്ച് 20 മൈൽസ്. ഒരു പക്ഷെ യുകെയിൽ തന്നെ ഏറ്റവും കാമ്പും കരുത്തും ഉള്ള ഒരു പ്രമേയത്തിന്റെ പിൻബലത്തോടെ ഇറങ്ങുന്ന ആദ്യ മുഴുനീള ചിത്രമെന്ന ഖ്യാതിയും ബ്രിട്ടീഷ് മലയാളിയും, മറുനാടൻ മലയാളിയും മീഡിയ പാർട്ണർമാരാകുന്ന ഈ ചിത്രത്തിനായിരിക്കും. തികഞ്ഞ സാങ്കേതിക മേന്മയും സമകാലിക ചിന്തകളും നിറഞ്ഞ ചിത്രം മലയാളികൾ ഇരുകയ്യും നീട്ടിസ്വീകരിക്കും എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ ശില്പികളായ സിറിയക് കടവിലും ബിജു അഗസ്റ്റിനും പങ്കിടുന്നത്. യൂട്യുബിൽ റിലീസ് ചെയ്ത ചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

രക്താർബ്ബുദം ബാധിച്ച ചെറുപ്പക്കാരൻ താൻ മോഹിച്ച യുവതിയുടെ തന്നെ മജ്ജ സ്വീകരിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ എന്തായിരിക്കും അനുഭവം. പ്രണയത്തിനപ്പുറം ജീവനുപോലും ഇഷ്ട സഖിയോടു കടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ ആ യുവാവിന്റെ മുന്നിൽ മറ്റു തടസങ്ങൾ ഒന്നും പ്രതിബന്ധം സൃഷ്ടിച്ചില്ല. എന്നാൽ ഇഷ്ടം ഇതുവരെ പങ്കു വയ്ക്കാതെ പോയതിനാൽ അവൾ വിവാഹിത ആണെന്നോ ഭർത്താവിന്റെ ദുഃസ്വഭാവത്തിൽ മനം മടുത്തു ഒരു വേർപിരിയലിന്റെ വക്കിൽ ആണെന്നോ അറിയാതെ ആണ് എബി എന്ന യുവാവ് റിയയെ ഇഷ്ടപ്പെടുന്നത്. ഇതിനിടയിൽ റിയയുടെ അവസ്ഥ വ്യക്തമായെങ്കിലും തീരുമാനം മാറ്റാൻ എബി തയ്യാറായിരുന്നില്ല. എന്നാൽ അവിചാരിതമായി രോഗ കിടക്കയിലായ എബി തികച്ചും സന്ദർഭികമായി റിയയുടെ തന്നെ മജ്ജ സ്വീകരിച്ചു ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ്.

വ്യത്യസ്ഥ സമുദായങ്ങളിൽ പെട്ടവരാണെങ്കിലും സമുദായ ആചാരങ്ങളൊക്കെ മറന്ന് മകന്റെ ജീവൻ തിരിച്ചു പിടിച്ച യുവതിയെ സ്വീകരിക്കാൻ എബിയുടെ മാതാപിതാക്കൾ തയ്യാറാവുകയാണെങ്കിലും കാര്യങ്ങൾ കൂടുതൽ തകിടം മറിയുകയാണ്. ജീവിതാനുഭവത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചാൽ അതിനെ ഏതു വിധം തരണം ചെയ്യാൻ കഴിയും എന്ന് പ്രവചിക്കുക എളുപ്പമല്ല. എന്നാൽ ഇവിടെ ഒരു സിനിമാക്കഥയിൽ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ചില മുഹൂർത്തങ്ങൾ അനാവരണം ചെയ്യുകയാണ് നോർവിച്ചിലെ സിറിയക് കടവിലും സംഘവും,

അവിചാരിതമായി കണ്ടു മുട്ടിയ യുവതിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചത് ചെറുപ്പക്കാരനായ എബിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റായിരുന്നില്ല. എന്നാൽ സ്വന്തം സമുദായക്കാരി അല്ലാത്ത യുവതിയെ ഇഷ്ടമായത് വീട്ടുകാരുടെ മുന്നിൽ പൊറുക്കാൻ ആകാത്ത തെറ്റായി. ഇതിനിടയിൽ എബിക്ക് തന്നോടുള്ള പ്രണയം മനസിലായിട്ടും തന്റെ ഉള്ളു തുറക്കാൻ ആകാതെ പ്രതിസന്ധിയിലാകുന്ന റിയ. ഭർത്താവിന്റെ ക്രൂരതക്ക് മുന്നിലും വിവാഹിത ആണെന്ന ബോധത്തിൽ മറ്റൊരു ബന്ധത്തിന് മനസ്സുറപ്പിക്കാൻ കഴിയാത്ത റിയയുടെ ചിന്തകളിലൂടെയാണ് സിനിമ വളരുന്നത്. ശക്തമായ സ്ത്രീ കഥപാത്രത്തിന്റെ സാന്നിധ്യം സിനിമക്ക് കരുത്തു പകരുന്നതും പ്രത്യേകതയാണ്.

വിവാഹബന്ധങ്ങളുടെ ദൃഢതയും പവിത്രതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരുപാട് ജീവിതങ്ങളിൽ പിന്തിരിഞ്ഞുനോക്കുവാനുള്ള ഒരവസരമായി ഈ സിനിമയെ ചൂണ്ടികാണിക്കാൻ കഴിയും. ആദ്യ ചിത്രത്തെ അപേക്ഷിച്ച് സാങ്കേതിക മികവിലും മറ്റും വലിയ മേന്മ പുലർത്താനും നോർവിച്ച് 20 മൈൽസിനു കഴിഞ്ഞിട്ടുണ്ട് എന്ന് സംവിധായകൻ സിറിയക് ചൂണ്ടിക്കാട്ടുന്നു. ക്യാമറയുടെ ആങ്കിളും ശബ്ദ, വെളിച്ച വിന്യാസവും എല്ലാം ഒരു കോമേഷ്യൽ ചിത്രത്തെ ആണ് ഓർമ്മിപ്പിക്കുന്നത്. ബ്രിസ്റ്റോൾ നിവാസിയായ ബെന്നിയുടെ കൈകളിൽ സുഭദ്രമാണ് നോർവിച്ച് 20 മൈൽസിന്റെ ക്യാമറ. ബിജു അഗസ്റ്റിൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത്.

പ്രണയത്തിൽ നേടുന്നത് പോലെ തന്നെ നഷ്ടപ്പെടുന്നതിലും അനുഭൂതി ഉണ്ടെന്നു കൂടി സ്ഥാപിക്കുകയാണ് നോർവിച് 20 മൈൽസ്. മാത്രമല്ല പുതു തലമുറയുടെ ചിന്തകളും ജീവിതവും കൂടി ആവിഷ്‌ക്കരിക്കാനുള്ള ശ്രമവും ചിത്രത്തിൽ നിറഞ്ഞ് നിൽപ്പുണ്ട്. യുകെയിലെ നോർവിച്ചിൽ ജീവിക്കുന്ന മലയാളി സമൂഹം നൽകുന്ന നിറഞ്ഞ പിന്തുണയാണ് നോർവിച്ച് 20 മൈൽസിന്റെ മറ്റൊരു പ്രത്യേകത. ആദ്യ ചിത്രത്തിനും നോർവിച്ച് മലയാളികൾ സമാനമായ സഹകരണമാണ് നൽകിയിരുന്നതെന്ന് സിറിയക് കൂട്ടിചേർക്കുന്നു. പേര് കേൾക്കുമ്പോൾ തോന്നുന്ന ദുരൂഹത സിനിമയുടെ അവസാന ഫ്രയിം വരെ നിലനിർത്താൻ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്ന് സംവിധായകൻ പറയുന്നു. ഒരു സാമൂഹ്യജീവി എന്ന നിലയിൽ ബന്ധങ്ങളിൽ ആദ്യമുണ്ടാകേണ്ടത് സ്‌നേഹമായിരിക്കണം എന്നു അടിവരയിട്ട് ഉറപ്പിക്കുകയാണ് ആത്യന്തികമായി ഈ സിനിമ. ഒരു പ്രണയ കഥ എന്നതിലുപരി മറ്റുപല മാനുഷിക മൂല്യങ്ങളും മനപ്പൂർവ്വമായും അല്ലാതെയും ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP