Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലി കിട്ടി യുകെയിൽ എത്തിയെങ്കിലും രോഗം തളർത്തിയപ്പോൾ മുമ്പോട്ട് പോവുക പ്രയാസമായി; ഭർത്താവിനെ ശുശ്രൂഷിക്കാൻ നഴ്‌സിങ് ഹോമിലെ കെയററുടെ പണിക്ക് പോലും പോവാൻ കഴിയാതായപ്പോൾ സഹായമായത് മലയാളികൾ; 12000 പൗണ്ട് ശേഖരിച്ചത് വെറും മൂന്നു ദിവസംകൊണ്ട്; ഭർത്താവ് മരിച്ചപ്പോൾ മൂന്നു കുട്ടികളുമായി ആശങ്കപ്പെട്ട വീട്ടമ്മയ്ക്ക് പത്തു ലക്ഷത്തിലധികം രൂപ ശേഖരിച്ച് നൽകി മറുനാടൻ മലയാളി കുടുംബം

ജോലി കിട്ടി യുകെയിൽ എത്തിയെങ്കിലും രോഗം തളർത്തിയപ്പോൾ മുമ്പോട്ട് പോവുക പ്രയാസമായി; ഭർത്താവിനെ ശുശ്രൂഷിക്കാൻ നഴ്‌സിങ് ഹോമിലെ കെയററുടെ പണിക്ക് പോലും പോവാൻ കഴിയാതായപ്പോൾ സഹായമായത് മലയാളികൾ; 12000 പൗണ്ട് ശേഖരിച്ചത് വെറും മൂന്നു ദിവസംകൊണ്ട്; ഭർത്താവ് മരിച്ചപ്പോൾ മൂന്നു കുട്ടികളുമായി ആശങ്കപ്പെട്ട വീട്ടമ്മയ്ക്ക് പത്തു ലക്ഷത്തിലധികം രൂപ ശേഖരിച്ച് നൽകി മറുനാടൻ മലയാളി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിൽ വിധി ക്രൂരത കാട്ടിയ മലയാളി കുടുംബത്തിന് കൈത്താങ്ങായി മറുനാടൻ മലയാളി കുടുംബം. കാൻസർ ബാധിച്ച് മരണമടഞ്ഞ കൊട്ടാരക്കര സ്വദേശിയായ സഖറിയയുടെ വിധവയ്ക്കും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങൾക്കുമായി പത്തുലക്ഷത്തോളം രൂപ ശേഖരിച്ചു നൽകിയത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ഫൗണ്ടേഷനിലൂടെയാണ് യുകെയിലെ വായനക്കാരിൽ നിന്നും 12000 ത്തോളം പൗണ്ട് ശേഖരിച്ചത്. കഴിഞ്ഞന ാലു വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന സക്കറിയ തിരുവോണ ദിനത്തിലായിരുന്നു മരണമടഞ്ഞത്.

ഒരുപാട് സ്വപ്നങ്ങളോടെ യുകെയിൽ എത്തിയ ഒരു കുടുംബം ആയിരുന്നു സഖറിയായുടെ. എന്നാൽ ആരോഗ്യവും നല്ല ജോലി കണ്ടെത്താനുള്ള പ്രയാസവും ഒക്കെ ആ കുടുംബത്തെ നിരാശയിൽ ആക്കി. വീട്ടമ്മയായ വത്സമ്മയുടെ നഴ്സിങ് ഹോമിലെ കെയറർ ജോലി കൊണ്ടു മാത്രം ജീവിതത്തെ നേരിടേണ്ട അവസ്ഥയിലായിരുന്നു അവർ. അതിനിടയിൽ വില്ലനായെത്തിയ ക്യാൻസർ കുടുംബ നാഥനെ വിളിച്ചു കൊണ്ടു പോയപ്പോൾ പറക്ക പറ്റാത്ത മൂന്നു കുരുന്നുകളും ആ അമ്മയും ഒരു നിമിഷം പകച്ചു പോയിരുന്നു.

എന്നാൽ അപരിചിതരായ 287 പേരാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ അവർക്ക് തുണയായി എത്തിയത്. സ്‌കോട്ട്ലന്റിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ മുതൽ പ്ലീമൗത്തിൽ വരെ ജീവിക്കുന്നവരായിരുന്നു ഈ 287 പേർ. അവരിൽ മഹാഭൂരിപക്ഷവും സക്കറിയായെ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആ കുടുംബത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അവരെല്ലാവരും ഒരുമിച്ചു ഭിന്നത മറന്ന് കൈകോർത്തു.

മൂന്നു ദിവസം കൊണ്ടു യുകെ മലയാളികൾ അപരിചിതനായ ഒരു മനുഷ്യന് വേണ്ടി പിരിച്ചെടുത്തത് 12075 പൗണ്ടായിരുന്നു. വിർജിൻ മണി ലിങ്കിൽ എത്തിയ 10,942.50 പൗണ്ടും ബാങ്ക് അക്കൗണ്ടിൽ എത്തിയ 1448 പൗണ്ടും കൂട്ടി ചേർത്ത് അതിൽ നിന്നും വിർജിൻ മണിക്ക് നൽകേണ്ട കമ്മീഷനായ 315 പൗണ്ട് കുറച്ച് തുകയാണിത്. വിർജിൻ മണി വഴി ലഭിക്കേണ്ട പണം മൊത്തം ഇതുവരെ ബാങ്കിൽ എത്താതിരുന്നിട്ടും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും മറ്റും പണം ആവശ്യമായതിനാൽ വേഗം തന്നെ ഫണ്ട് കൈമാറുക ആയിരുന്നു.

മൂന്നു ദിവസം കൊണ്ടു ശേഖരിച്ച തുക ഫണ്ട് ക്ലോസ് ചെയ്തു രണ്ടാം ദിവസം തന്നെ കൈമാറിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ റെക്കോർഡ് ഇട്ടത്. ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ് എന്നിവർ ഹേസ്റ്റിങ്സിൽ ഇന്നലെ സന്ദർശനം നടത്തിയാണ് ഫണ്ട് കൈമാറിയത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനും മറ്റും ആവശ്യമായ തുക കഴിഞ്ഞു ഏതാണ്ട് 6000 പൗണ്ട് കൂടി അധികമായി ശേഖരിച്ചാണ് അപ്പീൽ അവസാനിച്ചത്.

ഈ തുക ഇന്നലെ സക്കറിയായുടെ വിധവ വത്സമ്മ കണ്ണീരോടെ ആണ് ഏറ്റു വാങ്ങിയത്. ഒറ്റപ്പെട്ടു പോയ നിമിഷത്തിൽ തുണയായ ബ്രിട്ടീഷ് മലയാളിക്കും അതിന്റെ വായനക്കാരും പ്രത്യേകമായി നന്ദി പറഞ്ഞാണ് വിതുമ്പുന്ന വാക്കുകളോടെ വത്സമ്മ സംസാരിച്ചത്. ഹോൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി വികാരി ഫാദർ ഷിബു കുര്യൻ ആണ് ചെക്ക് കൈമാറിയത്. ഇന്നലെ സക്കറിയായ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയ എല്ലാവരും ഈ നന്മയ്ക്ക് വേണ്ടി ദൈവത്തിന് നന്ദി പറഞ്ഞു.

പ്രാർത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ നടന്ന ഹ്രസ്വ ചടങ്ങിൽ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, മലങ്കര ഓർത്തഡോക്സ് സഭ യുകെ യൂറോപ്പ് ഭദ്രാസന കൗൺസിലർ സോജി ടി മാത്യു, മാത്യു കെ വർഗീസ്, ജോസഫ് അരയത്തിൽ, ഷാജി തോമസ്, ബിനോയി തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫണ്ടു കൈമാറിയത്.

ഹോൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി വികാരി ഫാദർ ഷിബു കുര്യന്റെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഇംഗ്ലീഷുകാരായ വൈദികരടക്കം നിരവധി വൈദികർ പങ്കെടുത്തു. ഹേസ്റ്റിങ് മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ബെന്നി മാത്യു, സക്കറിയ ജോൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പ്രതിനിധി ഡേവിസൺ പാപ്പച്ചൻ, കാന്റർബറി മാർത്തോമാ ചർച്ച് സെക്രട്ടറി മാത്യു വർഗീസ് എന്നിവർ സംസാരിച്ചു. സക്കറിയായുടെ കുടുംബത്തിനു വേണ്ടി ബന്ധുവായ ജോസഫ് ജയിംസ് എല്ലാവർക്കും നന്ദി പറഞ്ഞു. ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കും സഹായത്തിനും പ്രത്യേകം നന്ദി പറഞ്ഞു.

നഷ്ടത്തിൽ പൊതിഞ്ഞ ഒരു അതിതീവ്രമായ യാത്ര അയപ്പായിരുന്നു ഇന്നലെ നടന്നത്. നാളുകളായി ഒപ്പം സഞ്ചരിച്ച് ഹേസ്റ്റിങ്സിലെ ചെറിയ മലയാളി സമൂഹം അവരാൽ കഴിയുന്ന പോലെ പിന്തുണയുമായി എത്തി. അവർ ശേഖരിച്ച 700 പൗണ്ട് കൂടി ഇന്നലെ ചാരിറ്റി ഫൗണ്ടേഷന് നൽകിയിരുന്നു. ഗിഫ്റ്റ് എയിഡ് ഉൾപ്പെടെ ഇത് 875 പൗണ്ടായി ഉയർന്നപ്പോൾ ആണ് ആകെ തുക 12075 ആയി വളർന്നത്. ഇന്നലെ നടന്ന പൊതു ദർശനത്തിലും പ്രാർത്ഥനയിലും ഏറെ ശ്രദ്ധ നേടിയത് സഖറിയായുടെ മൂത്ത മകനും 13 കാരനുമായ ജോൺ ആയിരുന്നു.

പിതാവിന്റെ നഷ്ടത്തിൽ പതറി നിൽക്കാതെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയവരോടെല്ലാം ധീരതയോടെ നന്ദി പറഞ്ഞു ജോൺ നടത്തിയ പ്രസംഗം മരണത്തിലേക്ക് നടന്നു പോയ പിതാവിനുള്ള അംഗീകാരം കൂടി ആയിരുന്നു. സ്വർഗ്ഗത്തിൽ ഇരിക്കുന്ന തന്റെ അപ്പന് ഒരു മകനും ഇത്രയറെ ആത്മാർത്ഥമായി ആശംസ നൽകാൻ ആവില്ലെന്നാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ പലരും മറുനാടൻ മലയാളിയോട് പറഞ്ഞത്..

12 വർഷക്കാലമായി യുകെയിൽ താമസിക്കുന്ന സക്കറിയ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ലെങ് ക്യാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് ചികിത്സാ നടന്നു വരികയായിരുന്നു. തുടർന്ന് വീട്ടിൽ പാലിയേറ്റിവ് കെയർ സംവിധാനം ഒരുക്കി ചികിത്സാ നടന്നു വരവേ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്. ഈസ്റ്റ് സസെക്‌സ് ഹേസ്റ്റിങ്‌സിലെ സെന്റ് ലിയോണാർഡ്‌സിലാണ് സക്കറിയയും കുടുംബവും താമസിച്ചു വരുന്നത്. നാട്ടിൽ കൊട്ടാരക്കര പള്ളിവടക്കത്തിൽ കുടുംബാംഗമാണ് സക്കറിയ. കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന വത്സമ്മയാണ് ഭാര്യ. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജോൺ, നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോയൽ, റിസപ്ഷനിൽ പഠിക്കുന്ന ജൊവാൻ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP