Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസുകാരുടെ പട്ടികയിൽ സികെ മേനോനും കൊച്ചൗസേപ്പും കിറ്റെക്‌സ് സാബുവും മുരളീധരനും ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസും; ക്യാമ്പസ് വിഭാഗത്തിൽ ദിനു വെയിലും ആഷിൻ തമ്പിയും ക്രയോൺസും ഇൻസ്‌പെയറും സർക്കാർ സംരംഭമായ അസാപ്പും: മറുനാടൻ അവാർഡിലെ നാലാം വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ ഇവർ

സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസുകാരുടെ പട്ടികയിൽ സികെ മേനോനും കൊച്ചൗസേപ്പും കിറ്റെക്‌സ് സാബുവും മുരളീധരനും ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസും; ക്യാമ്പസ് വിഭാഗത്തിൽ ദിനു വെയിലും ആഷിൻ തമ്പിയും ക്രയോൺസും ഇൻസ്‌പെയറും സർക്കാർ സംരംഭമായ അസാപ്പും: മറുനാടൻ അവാർഡിലെ നാലാം വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ ഇവർ

ടീം മറുനാടൻ

തിരുവനന്തപുരം: ലാഭം ഉണ്ടാക്കാൻ ആർക്കും കഴിയും. എന്നാൽ ലാഭത്തിന്റെ വീതം കൊണ്ട് അതുണ്ടാക്കി തന്ന നാടിന് ചില കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. നിയമപരമായി ഒരു നിർബന്ധവും ഇല്ലാതിരുന്നിട്ടും തങ്ങളുടെ പരിമിതികൾക്കിടയിൽ നിന്ന് ഇങ്ങനെ നാടിനെ നന്നാക്കാൻ കൂടി ശ്രമിക്കുന്ന ബിസിനസുകാരെ കണ്ടെത്തുന്നതിനായാണ് ഞങ്ങളുടെ പുരസ്‌കാരങ്ങളിൽ ഒന്ന് നീക്കി വച്ചിരിക്കുന്നത്. വായനക്കാരിൽ നിന്നും ഏറ്റവും കൂടുതൽ നോമിനേഷനുകൾ ഈ വിഭാഗത്തിലേയ്ക്ക് ലഭിച്ച അഞ്ച് പേരെയാണ് ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്.

സാമൂഹ്യ ഉത്തരവാദിത്തത്തോടെ ബിസിനസ് ചെയ്യുന്ന ബിസിനസുകാരുടെ പട്ടികയിൽ ഇടംപിടിച്ചിരക്കുന്നത് ബഹ്‌സാദ് ഗ്രൂപ്പ് സാരഥിയാണ് സി.കെ മേനോൻ, വണ്ടർലാ ഉടമയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, കിറ്റക്‌സ ഉടമ സാബു, പ്രവാസി വ്യവസായി മുരളീധരൻ പിള്ള, ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് എന്നിവരാണ്. ബിസിനസിൽ അതികായന്മാരായവരാണെങ്കിൽ കൂടി ജീവകാണുണ്യ രംഗത്ത് ഒരു പോലെ ശ്രദ്ധ നേടിയ വ്യക്തികളും സംഘടനകളുമാണ് ഇവർ. ഫറോക് കോളേജിലെ പോരാട്ട മികവുമായി ദിനു വെയിലും സോഷ്യൽ മിഡിയയിലെ സാമൂഹിക ഇടപെടലിന്റെ കരുത്തിൽ ആഷിൻ തമ്പിയും ക്യാമ്പസ് വിഭാഗത്തിലെ വോട്ടിംഗിന്റേയും ഭാഗമാകുന്നു. ഇൻസ്പയർ ഇന്ത്യ ഫൗണ്ടേഷനും രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ (ആർസിബിഎസ്) സാമൂഹികസേവന വിഭാഗമാണ് രാജഗിരി ട്രാൻസെൻഡ് ക്രയോൺസിനുമൊപ്പം സർക്കാർ സംരഭമായ അസാപ്പും ക്യാമ്പസ് വിഭാഗത്തിൽ മത്സരത്തിനുണ്ട്.

കേരളത്തിന്റെ സാന്നിധ്യം ഗൾഫ് മേഖലിയൽ അറിച്ചതിൽ പ്രമുഖനാണ് തൃശൂരുകാരനായ സികെ മേനോൻ. ഐസിസ് തടവിൽപ്പെട്ട മലയാളി നേഴ്‌സുമാരെ സാഹായിക്കുന്നതിലടക്കം മുന്നിൽ നിന്ന വ്യവസായി. ഗൾഫ് രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി അടുത്ത ബന്ധം പുലർത്തുന്ന മേനോന് കീഴിൽ പതിനായിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നു. ഐസിസിൽ തടവിൽപ്പെട്ട മലയാളി നേഴ്‌സുമാരെ രക്ഷിക്കാൻ ജീവനാംശം നൽകിയെന്ന വാർത്തയുണ്ട്. കേന്ദ്ര സർക്കാർ ഇത് നിഷേധിച്ചെങ്കിലും അത് നൽകിയിട്ടുണ്ടാകുമെന്ന് കരുതുന്നവർ ഏറെയാണ്. സികെ മേനോനാണ് ഇത് നൽകിയെന്ന് പറയുമ്പോഴും അതെല്ലാം നിരസിച്ച് വാർത്തയുടെ താരമാകാതെ മാറി നടന്ന വ്യക്തിത്വമാണ് സികെ മേനോൻ. സുരക്ഷതിമയാ താമസ സ്ഥലം എല്ലാവർക്കും ഒരുക്കണമെന്നാണ് മേനോന്റെ ആഗ്രഹം. അതിനുള്ള പ്രവർത്തനത്തിന് എല്ലാ സഹായവും നൽകുന്നു. ബഹ്‌സാദ് ഗ്രൂപ്പ് സാരഥിയാണ് സി.കെ മേനോൻ. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇദ്ദേഹം പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മതത്തിന്റെ വേലിക്കെട്ടുകളും തകർത്തെറിഞ്ഞാണ് ഇടപെടലുകൾ. ഒരു കോടി രൂപ ചെലവിൽ സി.കെ മേനോൻ നിർമ്മിച്ച പാനൂർ നെചോളി പള്ളി തന്നെയാണ് ഇതിന് ഉത്തമ മാതൃക. 2006ൽ പാവപ്പെട്ടവർക്ക് തൃശൂരിൽ ഫ്‌ലാറ്റ് നിർമ്മിക്കാനായി 1.7 കോടി രൂപയാണ് നൽകിയത്. ലക്ഷം വീട് കോളനിയുടെ പുനരുദ്ധാരണത്തിന് ഇടത് സർക്കാരിന് 2 കോടിയും സംഭാവനയായി നൽകും. പുതുപ്പള്ളിയിലെ പാവങ്ങൾക്ക് വീടിനായി 75 ലക്ഷവും നൽകി. സുനാമി ഫണ്ടിലേക്കും ഒഴുകിയെത്തി. പാവപ്പെട്ടവർക്ക് മംഗല്യഭാഗ്യത്തിനും സൗകര്യമൊരുക്കിയ പ്രവാസിയാണ് സികെ മാനോൻ. 200 നിർദ്ധനരായ അമ്മമാർക്ക് പെൻഷൻ നൽകാനും ഒരു കോടി രൂപ നൽകി. ആദിവാസികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാനും പദ്ധതികളുമായി മുന്നിൽ നിന്നു. യെമനിൽ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ നേഴ്‌സുമാർക്ക് പ്രതീക്ഷയായ ജോലി വാഗ്ദാനവും എത്തി. അങ്ങനെ ഏവിടെ മലയാളി ദുരിതം അനുഭവിച്ചാലും ഓടിയെത്തുന്ന പ്രവാസിയാണ് സികെ മേനോൻ. ഈ മാതൃക തന്നെയാണ് അദ്ദേഹത്തെ മറുനാടന്റെ പുരസ്‌കാര പട്ടികയിലും എത്തിക്കുന്നത്.

സാമൂഹ്യ സേവന രംഗത്തെ ഇടപെടലാണ് കൊച്ചൗസേഫ് ചിറ്റലപ്പള്ളിയെ വ്യത്യസ്തനാക്കുന്നത്. തൃശ്ശൂർ പറപ്പൂർ സ്വദേശിയായ ഇദ്ദേഹം 1970ൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിക്കുന്ന 'ടെലിക്‌സ്' എന്ന കമ്പനിയിൽ സൂപ്പർവൈസർ ആയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിച്ച് വിപണനം ചെയ്യുന്നതിനായി ഒരു എസ്.എസ്.ഐ യൂണിറ്റ് ആരംഭിക്കുകയുണ്ടായി.അക്കാലയളവിൽ കേരളത്തിൽ ആരംഭിച്ച ടെലിവിഷൻ ബൂം, കടുത്ത വോൾട്ടേജ് ക്ഷാം എന്നിവ സ്റ്റബിലൈസറുകൾക്ക് മികച്ച വിപണി നേടികൊടുത്തു. ഇന്ന് അത് വിഗാർഡ് ഇൻഡസ്ട്രീസ് എന്ന 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റു വരവുമുള്ള ലിസ്റ്റഡ് കമ്പനിയായി മാറിയിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾക്ക് പുറമേ ഇലക്ട്രിക്ക് പമ്പ്, വാട്ടർ ഹീറ്ററുകൾ,കേബിളുകൾ, യു.പി.എസ്, ഫാനുകൾ തുടങ്ങിയവയും കമ്പനി ഉൽപ്പാദിപ്പിക്കുന്നു.

ഇതിലുപരി സാമൂഹിക സേവന രംഗത്തും ചിറ്റിലപ്പള്ളി സജീവമാണ്. നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ സഹായമില്ലാതെ കമ്പനിയിലേയ്ക്ക് സാധനങ്ങൾ സ്വയം ഇറക്കിയും തന്റെ വൃക്ക ദാനം ചെയ്തും മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും അതിനു പണം മാറ്റി വച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യാപക മാദ്ധ്യമ ശ്രദ്ധ നേടുകയുണ്ടായി. സ്വന്തം ഓഫീസിനെ ഹരിത സൗഹാർദ്ദമാക്കിയും കൈയടി നേടി. തെരുവ് നായ വിഷയത്തിലും സർക്കാരിനെതിരെ രംഗത്തുവന്നു. ചിറ്റലപ്പള്ളിയുടെ നിരാഹാര സത്യാഗ്രഹം ശ്രദ്ധിക്കപ്പെട്ടു. ഇതിനായി കൂടുതൽ ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിറ്റിലപ്പള്ളി നിയമയുദ്ധങ്ങൾക്ക് തയ്യാറെടുക്കുകയാണ്. മേനകാ ഗാന്ധിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചും തെരുവ് നായ വിഷയം തുറന്നുകാട്ടാൻ ശ്രമിച്ചു. ഈ ശ്രമങ്ങൾക്കെല്ലാമുള്ള അംഗീകാരമായാണ് സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് പ്രമുഖരുടെ മറുനാടൻ പട്ടികയിൽ ചിറ്റലപ്പള്ളിയും എത്തുന്നത്.

കേരളത്തിൽ ശ്രദ്ധേയമായ സാമൂഹിക മാറ്റം സാധ്യമാക്കിയാണ് കിറ്റക്‌സ് ഗ്രൂപ്പ് സാരഥിയായ സാബു എം ജേക്കബിന്റെ തേരോട്ടം. സാമൂഹിക പ്രതിബന്ധതയ്ക്ക് ജനകീയ അംഗീകാരവും സാബു നേടി. കിഴക്കമ്പലത്തെ ജനതയുടെ ആശയും ആവശവുമാണ് ഈ പ്രസ്ഥാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്‌വലത് മുന്നണികളെ ഞെട്ടിച്ച കിറ്റക്‌സ് ഗ്രൂപ്പ് പലതും തെളിയിച്ചിരിക്കുന്നു. വ്യവസായ സ്ഥാപനങ്ങൾക്കെതിരെ പാരിസ്ഥിതിക പ്രശനങ്ങളുയർത്തി നാട്ടുകാർ സംഘടിക്കുന്നത് സാക്ഷര കേരളത്തിലെ പതിവ് കാഴ്ചയാണ്. ഇതാണ് ജനങ്ങൾക്കൊപ്പം നിന്ന് കിഴക്കമ്പലത്ത് കിറ്റക്‌സ് മാറ്റിയെഴുതിയത്. ട്വന്റി 20 എന്ന സാമൂഹിക സംഘടനയിൽ തന്നെ ജനപങ്കാളിത്തത്തിന്റെ സാധ്യതയാണ് കിറ്റക്‌സ് ഗ്രൂപ്പ് വിശദീകരിച്ചത്. തദ്ദേശത്തിൽ കിഴക്കമ്പലത്ത് പോരിനിറങ്ങുമ്പോൾ പലരും കളിയാക്കി. പക്ഷേ സാബുവും കൂട്ടരും പതറിയില്ല. ജനങ്ങളിൽ വിശ്വാസമർപ്പിച്ച് മുന്നേറിയപ്പോൾ കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ ട്വന്റി20 സമ്പൂർണ്ണ വിജയം നേടി.

കോടികൾ ഇറക്കി ജനാധിപത്യ സംവിധാനങ്ങളെതന്നെ അട്ടിമറിച്ചാണ് കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനി കിഴക്കമ്പലം പഞ്ചായത്ത് പിടിച്ചത്. കിഴക്കമ്പലം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ട്വന്റി20യുടെ അംഗങ്ങൾക്ക് സർക്കാർ നൽകുന്ന 3500 രൂപയ്ക്ക് പുറമെ മാസം 15000 രൂപ വീതം നൽകുമെന്നാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ സാരഥി സാബു എം ജേക്കബ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ മാസം നൽകുന്ന ഓണറേറിയത്തിന് പുറമെ സ്വകാര്യ കമ്പനിയായ കിറ്റക്‌സിന്റെ പ്രതിനിധി പൊതുസദസ് മുൻപാകെ പ്രഖ്യാപിച്ച ഈ കോഴപ്പണം ഇനി വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അംഗങ്ങളാണ്്. നേരത്തെ പാർലമെന്റിൽ ഭേദഗതി ചെയ്ത കമ്പനി നിയമം അനുസരിച്ച് 1000 കോടിയിലധികം വിറ്റുവരവോ 500 കോടി രൂപ അറ്റാദായമോ അഞ്ചുകോടി രൂപയിലധികം ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടുശതമാനം കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസബിലിറ്റിക്കായി ചെലവഴിക്കണം. പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി എടുത്ത ശക്തമായ നിലപാടിന്റെ പുറത്ത് സ്വകാര്യ കമ്പനികളൊക്കെ ലാഭത്തിന്റെ ഒരു വിഹിതം ഇത്തരം പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുവാൻ തുടങ്ങി. സ്ഥാപനം പ്രവർത്തിക്കുന്നത് ഏത് സ്ഥലത്താണോ അതിനു പരിസരത്താകണം ഈ പണം ചെലവഴിക്കേണ്ടതെന്നും ഈ നിയമം പറയുന്നുണ്ട്. ഇതുപയോിച്ചാണ് കിഴക്കമ്പലത്തെ കിറ്റക്‌സിന്റെ പ്രവർത്തനം.

കിറ്റക്‌സ് സ്ഥാപകൻ ജേക്കബ് സാർ തുടങ്ങിവച്ച കാര്യങ്ങളാണ് ജനക്ഷേമ പദ്ധതികൾ. അതിപ്പോൾ അദ്ദേഹത്തിന്റെ മക്കൾ ഏറ്റെടുത്ത് നടത്തുന്നു. ഇതിനായി ജനകീയ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. ഈ പ്രയത്‌നത്തിൽ പങ്കാളികളാകാൻ താത്പര്യം പ്രകടിപ്പിച്ച അനേകം കോർപ്പറേറ്റുകളിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നുമുണ്ട്. നിർധരരായ അർഹതയുള്ളവർക്ക് ഇവരുടെ സഹായത്താൽ ട്വന്റി ട്വന്റി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ മുഴുവൻ ഗുണവും ജനങ്ങൾക്ക് തന്നെയാണ്. ഇപ്പോൾ ഒരുദാഹരണം പറയുകയാണെങ്കിൽ, ഇന്ദിരാ ഗാന്ധി ആവാസ് യോജനാ പദ്ധതിപ്രകാരം വീടില്ലാത്തവർക്ക് 2 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. എന്നാൽ ഈ രണ്ട് ലക്ഷം കൊണ്ട് ഒരാൾക്ക് വീടിന്റെ അടിസ്ഥാനം മാത്രമാണ് നിർമ്മിക്കാൻ കഴിയുക. ഇതിനു പരിഹാരമായി ട്വന്റി ട്വന്റി ചെയ്യുന്നത് എന്തെന്നാൽ, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് പുറമെ കൂട്ടായ്മയുടെ ഫണ്ടും മറ്റ് കോർപ്പറേറ്റ് ഫണ്ടുകളും സ്വരൂപിച്ച് ഭവനം നിർമ്മിച്ച് കൊടുക്കുന്നു. അതായത് പണം കൊടുക്കുന്നതിനു പകരം പൂർത്തിയാക്കിയ വീടിന്റെ താക്കോലാണ് അവരെ ഏൽപ്പിക്കുക. മാസങ്ങൾക്ക് മുമ്ബ് ഡൽഹിയിൽ അരവിന്ദ് കെജരിവാൾ ആളിപ്പടർത്തിയ ദീപം പോലെയാണ് ഇന്ന് കിഴക്കമ്ബലത്ത് ട്വന്റി 20 വെളിച്ചം പരത്തുന്നതെന്നു പറയാം. ഇതു തന്നെയാണ് കിറ്റ്കസ് ഗ്രൂപ്പ് സാരഥിയെ സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് പ്രമുഖരുടെ മറുനാടൻ പട്ടികയിൽ എത്തിക്കുന്നത്.
കൈയിൽ ആവശ്യത്തിനു പണവും സ്വത്തുമൊക്കെയുണ്ടെങ്കിലും എത്രപേർക്കുണ്ടാകും ഈ മഹാമനസ്‌കത. സ്വന്തം മകളുടെ വിവാഹത്തിനൊപ്പം 20 നിർധന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കി മാതൃകയായായ പ്രവാസി വ്യവസായിയാണ് കെ മുരളീധരൻ. മുരളിയ ഫൗണ്ടേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കെ മുരളീധരനാണ് തന്റെ മകൾ രാധികയുടെ വിവാഹത്തിനൊപ്പം 20 നിർധനയുവതികളുടെ വിവാഹവും നടത്തിയത്. പത്തനാപുരം ഗാന്ധിഭവൻ, സഖി ടിവി, ഏരൂർ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഏരൂർ ഗ്രാമത്തിന് ആഘോഷമായി സമൂഹവിവാഹം നടന്നത്. ഏരൂർ ജങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വിവാഹങ്ങൾ നടന്നത്. ഓരോ വധൂവരന്മാർക്കും 5 പവൻ സ്വർണം, ഒരു ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, വിവാഹ വസ്ത്രം, യാത്രാ ചെലവ് എന്നിവ മുരളീധരന്റെ മുരളിയ ഫൗണ്ടേഷൻ നൽകുകയും ചെയ്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ളവരായിരുന്നു വധൂവരന്മാർ. ആറു വർഷം മുമ്പ് മൂത്തമകളായ ഡോ. രേവതിയുടെ വിവാഹത്തിനൊപ്പം 16 പേരുടെ വിവാഹവും മുരളീധരൻ നടത്തിയിരുന്നു. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായിയായ മുരളീധരൻ നാടിനും നാട്ടാർക്കുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ്. ഈ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് മറുനാടൻ നോമിനേഷൻ.

ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്ഇതൊരു വ്യക്തിയല്ല. സാമൂഹിക ഇടപെടൽ നടത്തുന്ന സാമൂഹിക കൂട്ടായ്മയാണ്. നിരവധി പേർ അണിചേരുന്ന സംരംഭം. പാവപ്പെട്ടവർക്ക് കൈതാങ്ങാവുകയാണ് അവരുടെ ലക്ഷ്യം. തിരുകൊച്ചി ചാരിറ്റബിൾ സൊസൈറ്റ് നിയമപ്രകാരം സ്ഥാപിച്ച പ്രസ്ഥാനം. ബുദ്ധിമാന്ദ്യം ഉള്ളവർക്ക് കൈതാങ്ങാവുകയന്നെതാണ് ഇവരുടെ ലക്ഷ്യം. ഈ സാമൂഹിക ഉത്തരവാദിത്തവുമായി തുടങ്ങിയ പ്രസ്ഥാനം ഇന്ന് വലിയ വിജയമാണ്. ഇത്തരക്കാരെ മുഖ്യധാരയിൽ എത്തിക്കാനുള്ള ഈ ശ്രമങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെട്ടു. സമൂഹത്തിന് നന്മ എത്തിക്കാനുള്ള ബിസിനസ്സുകാരുടേയും മറ്റ് സുമനസ്സുകളുടേയും കൂട്ടായ്മയാണ് ഇതിന് പിന്നിൽ. അവശത അനുഭവിക്കുന്നവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം. ചൂഷണമൊഴിവാക്കി ഇവരുടെ കരവിരുതിനും മറ്റും പമാവധി വരുമാനം ഉണ്ടാക്കി നൽകുകയാണ് ഇവരുടെ ലക്ഷ്യം. സാമൂഹിക സേവനത്തിന് അപ്പുറം ബുദ്ധിപരമായ വൈകല്യമുള്ളവരെ സഹായിക്കുകയെന്നതാണ് കൊച്ചി കേന്ദ്രീകൃതമായ ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസിന്റെ പ്രവർത്തന നിലപാടും. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന താഴെ തട്ടിലുള്ളവരുടെ ഉൽപ്പനങ്ങൾ പൊതു വിപണിയിൽ ബ്രാൻഡ് ചെയ്ത് എത്തിക്കുന്നു. ലാഭം എടുക്കാതെ മുഴുവനും അർഹതപ്പെട്ടവർക്ക് കിട്ടുകയും ചെയ്യുന്നു. ഈ പ്രവർത്തന മികവുമായാണ് ഉത്തരവാദിത്തമുള്ള ബിസിനസ്സുകാരുടെ പട്ടികയിൽ ഇവരെത്തുന്നത്.

ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിന് എതിരെ പ്രതികരിച്ചാണ് ദിനു വെയിൽ ക്യാമ്പസുകളിൽ നിന്നുള്ള ശ്രദ്ധേയ വ്യക്തിത്വമാകുന്നത്. ഫാറൂഖ് കോളജിൽ വിദ്യാർത്ഥികൾ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തുവരണമെന്ന ആവശ്യവുമായി ആദ്യ രംഗത്ത് എത്തിയത് ഈ മിടുക്കനാണ്. ഫാറൂഖ് കോളജിലെ വിദ്യാർത്ഥിയായ ദിനു വെയിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യാവകാശപ്രവർത്തകരുടെ ശ്രദ്ധക്ഷണിക്കുന്നത്. വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചനങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേകമായി മുന്നറിയിപ്പും ഈ പോസ്റ്റിൽ നൽകി. ഇത് കേരള സമൂഹം ഏറ്റെടുത്തു. ഈ അനീതിക്ക് എതിരെ ശബ്ദമുയർന്നു. കോളേജിൽ നിന്നും ദിനുവിനെ പുറത്താക്കിയെങ്കിലും കോടതി ഇടപെലിലൂടെ വീണ്ടും കോളേജിലെത്തി. ഫാറൂഖ് കോളേജിൽ വിലക്ക് ലംഘിച്ച് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നതിന് വിദ്യാർത്ഥികളെ അദ്ധ്യാപകൻ ക്ലാസിൽ നിന്ന് ഇറക്കിവിട്ട വിവാദം അങ്ങനെ പൊതു സമൂഹത്തിൽ നിറഞ്ഞു. ഈ നിലപാട് സ്വീകരിക്കലാണ് ദിനുവിനെ മറുനാടന്റെ പുരസ്‌കാര പട്ടികയിൽ എത്തിച്ചത്.

ഏഴ് മണിക്ക് ഫേസ്‌ബുക്ക് പേജിലെ അപ്‌ഡേറ്റിന് വേണ്ടി കാത്തിരിക്കുക. അത് ചർച്ചയാവുക. സോഷ്യൽമീഡിയയുടെ ശക്തിയറിഞ്ഞുള്ള ഈ ഇടപെടൽ ഇന്ന് ഏറെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. പറഞ്ഞുവരുന്നത് ഫേസ്‌ബുക്കിലെ '7pmts atus' എന്ന പേജിനെ കുറിച്ചാണ്. എറണാകുളം വൈപ്പിൻ സ്വദേശിയും വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിദ്യാർത്ഥിയായ ആഷിൻ തമ്പിയാണ് ഈ പേജിന് പിന്നിൽ. മാദ്ധ്യമശ്രദ്ധ നേടാൻ കഴിയാത്ത, സാമൂഹിക പ്രസക്തിയുള്ള ഏതെങ്കിലും വിഷയത്തിലായിരിക്കും എല്ലാ ദിവസവും വൈകിട്ട് ഏഴിന് പേജിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുക. തെന്നിന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ സ്റ്റാറ്റസിനടിയിൽ കമന്റുകളുമായെത്തും. ചർച്ച കൊഴുക്കും. 7pm status സാധാരണക്കാരന് സോഷ്യൽ മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുമെന്ന് മനസ്സിലാക്കിയ ആഷിൻ ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിച്ച കാലം മുതലേ സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമായിരുന്നു. ആദ്യമാദ്യം ബുദ്ധിജീവിയാകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആക്ഷേപങ്ങളും പലരിൽ നിന്നും ആഷിന് കേൾക്കേണ്ടി വന്നു.

എങ്കിലും തന്റെ ചുറ്റും നടക്കുന്ന സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കാൻ തന്നെയായിരുന്നു ഈ ചെറുപ്പക്കാരന്റെ തീരുമാനം. യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥമൂലം വിദ്യാർത്ഥികൾ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും... നാട്ടിലെ തകർന്ന റോഡുകളും... വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന പുകവലിയും... സ്വകാര്യ ബസ്സുകളിലെ പ്രശ്‌നങ്ങളും... സ്‌കൂളുകളിലും കോളേജുകളിലും പുറം ലോകം അറിയാതെ പോകുന്ന പ്രശ്‌നങ്ങളുമെല്ലാം സെവൻ പി.എം. സ്റ്റാറ്റസ് ചർച്ച ചെയ്തുകഴിഞ്ഞു. രക്തദാനം, ചികിത്സാ സഹായം തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്കായും സെവൻ പി.എം. സ്റ്റാറ്റസ് പേജ് മുമ്പിട്ടിറങ്ങാറുണ്ട്. പേജിന്റെ നേതൃത്വത്തിൽ 'മേക്ക് ഓവർ' എന്ന പദ്ധതി നടപ്പിലാക്കാനും ആസൂത്രണം ചെയ്യുന്നുണ്ട്. മോശാവസ്ഥയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി, മാലിന്യ വിമുക്തമാക്കി, പെയിന്റടിച്ച് സുന്ദരമാക്കുന്ന പദ്ധതിയാണിത്. കൊച്ചി ബോട്ട്‌ജെട്ടി കേന്ദ്രീകരിച്ച് 'മേക്ക് ഓവർ' പദ്ധതിയുടെ ആദ്യ പ്രവർത്തനം നടത്താനാണ് സെവൻ പി.എം. പേജ് ലക്ഷ്യമിടുന്നത്. അങ്ങനെ ക്യാമ്പസുകാരുടെ ഹീറോയായി ആഷിൻ തമ്പിയും മാറി. മറുനാടന്റെ പുരസ്‌കാര പട്ടികയിലെ സ്ഥാനം ഈ വിദ്യാർത്ഥിക്കുള്ള അംഗീകാരവും.


യുവാക്കളിൽ ദേശീയ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇൻസ്പയർ പ്രോജക്ട് പ്രവർത്തനമാരംഭിച്ചത്. തിരുവനന്തപുരം ബാട്ടൺഹിൽ എഞ്ചിനിയറിങ് കോളേജിൽ നിന്നാണ് തുടക്കം.ദേശീയ സുരക്ഷ, രാഷ്ട്രവികസനം, സാമൂഹ്യ സേവനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സഘടനയുടെ ലക്ഷ്യം. പാവപ്പെട്ട കുട്ടികളിൽ ശാസ്ത്രാവബോധവും ഗവേഷണ ത്വരയും ഉണ്ടാക്കുകയാണ് ലക്ഷ്യം. അനാഥാലയങ്ങളിലേക്കും മറ്റും ഈ സന്ദേശവുമായി ഈ കുട്ടികളെത്തുന്നു. പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങളുമായണ് പ്രവർത്തനം. ജൈവകൃഷിയുടെ സാധ്യതകളും സമൂഹത്തിന് മുന്നിൽ വയ്ക്കുന്നു. കുട്ടികളിലൂടെ സാമൂഹിക നന്മയെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഈ സംഘടനയേയും ക്യാമ്പസ് വിഭാഗത്തിലെ പുരസ്‌കാരത്തിനായി മറുനാടന്റെ വായനക്കാർ മുന്നോട്ട് വയ്ക്കുന്നു. രാജ്യതാൽപ്പര്യത്തിന് ഉതകുന്ന സാമൂഹ്യ പ്രവർത്തനമാണ് ഈ സംഘടനയുടെ കൈമുതൽ. അതു തന്നെയാണ് മറുനാടൻ വോട്ടെടുപ്പിന്റെ ഭാഗമായി ഈ സംഘടന മാറുന്നതും.

കേരളത്തിലെ +2 വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം പരിശീലന പദ്ധതിയാണ് അസാപ്പ്. വിദ്യാർത്ഥികളുടെ താൽപ്പര്യം തിരിച്ചറിഞ്ഞ് തൊഴിൽ അവസരങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ് പദ്ധതി. 

സംസ്ഥാന പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് ഇത്. ഹയർ സെക്കൻഡറി, കോളജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം നൽകി തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടു വർഷം മുമ്പ് സ്‌കൂളുകളിൽ ആരംഭിച്ച പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കി വരികയാണ്. നിലവിൽ വ്യവസായ സംരംഭങ്ങൾ അടക്കം 13 കോഴ്‌സുകളിലാണ് അസാപ്പ് പരിശീലനം നൽകുക. ഇതിൽ ഏതെങ്കിലും ഒരു കോഴ്‌സ് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. +2 പാസാകുന്നതോടൊപ്പം അസാപ്പ് സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാം. അസാപ്പിന്റെ ഭാഗമായി ദേശീയ നിലവാരത്തിലുള്ള പരിശീലാന ക്ലാസുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തിൽ സമൂലമായ മാറ്റം ഈ പദ്ധതിയിലൂടെ സാധ്യമാകുന്നുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇതും മറുനാടന്റെ പുരസ്‌കാരത്തിനായുള്ള ഓൺലൈൻ വോട്ടിംഗിന്റെ ഭാഗമാകുന്നത്.

രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ (ആർസിബിഎസ്) സാമൂഹികസേവന വിഭാഗമാണ് രാജഗിരി ട്രാൻസെൻഡ്. അനാഥ ബാല്യങ്ങൾക്ക് വേണ്ടി നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾ ഇവർ നടത്തുന്നു. കൊച്ചിയിലേയും പരിസര പ്രദേശങ്ങളിലേയും അനാഥാലയങ്ങിൽ ജീവിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്ന 'ക്രയോൺസി'ൽ ഇക്കുറി 20ലേറെ അനാഥാലയങ്ങളിൽ നിന്നുള്ള 500ഓളം കുട്ടികൾ പങ്കെടുത്തു. നൃത്തം, ചിത്രരചന, രംഗോലി, ട്രഷർ ഹണ്ട് തുടങ്ങിയ വിവിധ ഇനം മത്സരങ്ങളാണ് 'ക്രയോൺസി'ൽ നടന്നത്. ഇതെല്ലാം അനാഥകുട്ടികളുടെ സാമൂഹികമായ ഉന്നമനം ലക്ഷ്യമിട്ടാണ്. വിദ്യാർത്ഥികളുടെ സാമൂഹിക ബോധം ഉയർത്തുന്നതിനു വേണ്ടി മറ്റനേകം ഇടപെടലും ഇവർ നടത്തുന്നു. ഇതിനുള്ള അംഗീകാരമാണ് മറുനാടന്റെ പുരസ്‌കാര പട്ടികയിലെ സ്ഥാനം.

തിങ്കളാഴ്ച മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. നാളെ ഒൻപതും പത്തും വിഭാഗങ്ങളിലെയും ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. അതിന് ശേഷം ഓരോ വിഭാഗത്തിലും ഓരോരുത്തരെ വീതം തെരഞ്ഞെടുക്കാൻ ആയി വായനക്കാർക്ക് വോട്ട് ചെയ്യാം.

പത്ത് വിഭാഗത്തിലായി ആണ് അവാർഡുകൾ നൽകുന്നത്. ഈ പത്ത് വിഭാഗത്തിലും അഞ്ച് പേരെ വീതം തെരഞ്ഞെടുത്ത ശേഷമാണ് വോട്ടിങ്ങ് ആരംഭിക്കുക. ഇന്നത്തോടെ 8 വിഭാഗങ്ങളുടെ ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചു.  നാളെ (ഞായറാഴ്ച) പ്രവാസികൾക്കുള്ള രണ്ട് അവാർഡുകൾക്കുമായി ഫൈനലിൽ ഇടം നേടിയ പത്ത് പേരുകൾ പ്രഖ്യാപിക്കും. ഈ പത്ത് വിഭാഗങ്ങളിലും ഓരോരുത്തർക്ക് വീതം വോട്ട് ചെയ്യാം. 14 ാം തീയതി തിങ്കളാഴ്ച മുതൽ 31 ാം തീയതി വ്യാഴാഴ്ച വരെ 18 ദിവസമാണ് വോട്ടിങ് കൊടുക്കുന്നത്. ജനുവരി നാലാം തീയതി തിങ്കളാഴ്ച ആയിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്ത് വച്ച് തന്നെ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP