Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെരുവിന്റെ വിശപ്പു മാറ്റാൻ പൊതിച്ചോറുമായി എത്തുന്ന അശ്വതി ജ്വാല.. വൻകിട അഴിമതിക്കാർക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന ജോയ് കൈതാരം.. അശരണരുടെ ഗാന്ധിഭവനെ കാരുണ്യഭവൻ ആക്കിയ പുനലൂർ സോമരാജൻ: മികച്ച സാമൂഹ്യ പ്രവർത്തനുള്ള അവാർഡ് ലിസ്റ്റിൽ നിങ്ങളുടെ വോട്ട് ആർക്കാണ്?

തെരുവിന്റെ വിശപ്പു മാറ്റാൻ പൊതിച്ചോറുമായി എത്തുന്ന അശ്വതി ജ്വാല.. വൻകിട അഴിമതിക്കാർക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന ജോയ് കൈതാരം.. അശരണരുടെ ഗാന്ധിഭവനെ കാരുണ്യഭവൻ ആക്കിയ പുനലൂർ സോമരാജൻ: മികച്ച സാമൂഹ്യ പ്രവർത്തനുള്ള അവാർഡ് ലിസ്റ്റിൽ നിങ്ങളുടെ വോട്ട് ആർക്കാണ്?

തിരുവനന്തപുരം: സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്യുന്നവർക്കായി മറുനാടൻ മലയാളി ഏർപ്പെടുത്തിയ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ച വാവാ സുരേഷിനെ കുറിച്ചും ഓട്ടോ മുരുകനെ കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. അഞ്ച് പേർ ഉൾപ്പെട്ട ഫൈനൽ ലിസ്റ്റിൽ നിന്നും അവസാനത്തെ മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് മറുനാടൻ പ്രസിദ്ധീകരിക്കുന്നത്. തെരുവിന്റെ വിശപ്പ് മാറ്റാൻ തന്നാൽ ആവുന്ന സഹായം ചെയ്യുന്ന തിരുവനന്തപുരത്തെ പെൺകുട്ടി അശ്വതി ജ്വാല, സംസ്ഥാന മുഖ്യമന്ത്രിയെ പോലും വെള്ളം കുടിപ്പിക്കുന്ന വിധത്തിൽ അഴിമതി കേസുകളിൽ ഇടപെട്ട് നിരന്തരമായി പോരാട്ടം നടത്തുന്ന സാമൂഹ്യപ്രവർത്തകൻ ജോയ് കൈതാരം, അശരണരുടെ ആശ്രയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ ജനറൽ സെക്രട്ടറി പുനലൂർ രാജൻ എന്നിവരാണ് ഇവർ. 

മറുനാടൻ വായനക്കാർ തന്നെ നോമിനേറ്റ് ചെയ്ത ഇവർക്ക് പ്രത്യേകിച്ചും ഒരു ആമുഖം ആവശ്യമില്ല. ഇവരുടെ മേഖലയിൽ സജീവമായ ഇടപെടുന്നവരാണ് മൂന്ന് പേരും. കാരുണ്യം എന്ന വാക്കാണ് അശ്വതിക്കും പുനലൂർ സോമരാജനും ചേരുന്നതെങ്കിൽ തോൽക്കാൻ മടിയുള്ള തികഞ്ഞ പോരാളിയാണ് ജോയ് െൈകെതാരം.

തെരുവിന്റെ വിശപ്പകറ്റുന്ന പൊതിച്ചോറ്...

വികസനം വന്നുവെന്ന് പറയുമ്പോഴും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിക്കാതെ തെരുവിൽ കഴിയുന്നവർ നിരവധിയാണ്. വിശക്കുന്നവ് അന്നം നൽകുകയാണ് ജീവിതത്തിലെ ഏറ്റവും നല്ലപ്രവൃത്തി. ആ അർത്ഥത്തിൽ തെരുവിലുള്ളവരുടെ കാണപ്പെട്ട ദൈവമാണ് അശ്വതി. തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന പെൺകുട്ടിയാണ് അശ്വതി.

തന്റെ കർമ്മപഥത്തിലേക്ക് ഈ പെൺകുട്ടി ചുവടുവച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു.അനാഥരും അശരണരുമായി തെരുവോരങ്ങളിലലഞ്ഞു നടക്കുന്നവർക്ക് ഭക്ഷണം നൽകിയും അവരെ പരിചരിച്ചും അശരണകേന്ദ്രങ്ങളിലേക്കെത്തിച്ചും ജീവിതത്തിന്റെ നല്ലൊരു ഭാഗം അവർക്കായി മാറ്റിവെക്കുകയാണ് അശ്വതി. സ്വന്തമായി തുടങ്ങിയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പിന്നീട് ജ്വാലയെന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 25 പേർക്കായി പൊതിച്ചോറിനൊപ്പം സ്‌നേഹവും വിളമ്പുന്ന അശ്വതി സന്നദ്ധ പ്രവർത്തനങ്ങൾക്കായാണ് ഈ സംഘടന തുടങ്ങിയത്.

തെരുവോരങ്ങളിൽ അലഞ്ഞും അസുഖത്താൽ വലഞ്ഞും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മനുഷ്യർക്കിടയിലേക്ക് സ്‌നേഹസ്പർശവുമായി എത്തുന്ന അശ്വതിക്ക് വേദനിപ്പിക്കുന്നനുഭവങ്ങൾ ഒട്ടേറെയുണ്ട്. സസമൂഹത്തിന്റെ അവഗണനയ്ക്കു പുറമേ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഏറെ വേദനിപ്പിക്കുന്നതെന്ന് അശ്വതി പറയുന്നു. തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ അശരണരായ രോഗികൾക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാൻ വേണ്ടി ചെന്നപ്പോൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പരിഹാസങ്ങളും ഉപദേശവുമാണ്. മനുഷ്യവകാശ കമ്മീഷൻ പരാതി കൊടുത്തു കൂടാതെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്ക് അവധി ദിവസം ഒഴികെയുള്ള ദിവസങ്ങളിൽ പ്രവേശനനുമതി ലഭിച്ചെന്നും അശ്വതി പറയുന്നു.

ലോ കോളേജ് വിദ്യാർത്ഥിയായ അശ്വതി ജോലിയും പംനവും ഒരുമിച്ച് കൊണ്ടുപോകുന്ന സാധാരണക്കാരിയായ പെൺക്കുട്ടിയാണ്. പൊതു സമൂഹത്തിലേക്ക് കുത്തിവെക്കുന്ന തെറ്റായ ധാരണകൾക്ക് പലപ്പോഴും അശ്വതിയും ഇരയായിട്ടുണ്ട്.സാധാരണക്കാരായ മനുഷ്യർക്ക് സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുവാനോ സഹായിക്കാനോ ഉള്ള അവകാശങ്ങളില്ലെന്ന ധാരണകളാണുള്ളതെന്നും അശ്വതി വ്യക്തമാക്കുന്നു. പ്രതീക്ഷകളോടെ ജീവിതത്തിൽ മുന്നേറുവാനുള്ള അശ്വതിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യം അമ്മയുടെയും സഹോദരിയുടെയും പൂർണ്ണ പിന്തുണയാണെന്നുണ് അശ്വതി പറയുന്നത്.

അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന ജോയ് കൈതാരം

പ്രമുഖ വിവരാവകാശ-സാമൂഹ്യ പ്രവർത്തകനായ ജോയ് കൈതാരം മറുനാടൻ മലയാളി അവാർഡ് ലിസ്റ്റിൽ ഇടം പിടിച്ച പ്രമുഖ വ്യക്തിത്വമാണ്. ജോയ് കൈതാരം ഇടപാടാത്ത കേസുകൾ ഉണ്ടോ? ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ അതിൽ അത്ഭുതപ്പെടാൻ ഇല്ല. കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെ കുരുക്കിയ ദേശീയഗാന വിവാദ കേസ്, വിവാദ കോലാഹലങ്ങൾക്ക് ഇടയായ സോളാർ കേസ്, മലബാർ സിമന്റ്‌സ് ജീവനക്കാർ ശശീന്ദ്രന്റെ മരണം കേസ്, എച്ച്എംഡി ഭൂമി കൈയേറ്റ കേസ് ഇങ്ങനെ ജോയ് കൈതാരത്തിന്റെ ഇടപെടൽ ഏൽക്കാത്ത കേസുകൾ തന്നെ കുറവാണ്.

അഴിമതിക്കും കൊള്ളരുതായ്മ്മകൾക്കും എതിരെ ന്ധിയില്ലാ പോരാട്ടം നടത്തുന്ന ഇദ്ദേഹം തൃശ്ശൂർ സ്വദേശിയാണ്. പഞ്ചായത്ത് തലത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തിയിരുന്ന അദ്ദേഹം പിന്നീടാണ് വിവരാവകാശ മേഖലയിലേക്ക് തിരിഞ്ഞത്. വിവരാവകാശത്തെ ആയുധമാക്കിയ ജോയ് കൈതാരം കേരളത്തിലെ പല ബ്രേക്കിങ് ന്യൂസുകൾക്കും പിന്നിലെ ചാലക ശക്തി കൂടിയാണ്. പല അഴിമതി കേസുകളും പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു. പ്രതിഫല ഇച്ഛ ഏതുമില്ലാതെയാണ് ജോയി കൈതാരത്തിന്റെ പ്രവർത്തനങ്ങൾ.

അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തിയതിന്റെ പേരിൽ പലപ്പോഴും ജോയി കൈതാരത്തിന്റെ ജീവന് പോലും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം ഘട്ടങ്ങളിലും അദ്ദേഹം പേടിച്ചു പിന്മാറിയിട്ടില്ല. നിയമം ഉപയോഗിച്ചും തന്നെ ഇത്തരം ശക്തികളെ ജോയ് കൈതാരം നേരിട്ടു. ഭീഷണികളെ തുടർന്ന് കേരളത്തിൽ ആദ്യമായി പൊലീസ് സംരക്ഷണം ലഭിച്ച വിവരാവകാശ പ്രവർത്തകനും ജോയ് കൈതാരമാണ്. പണം നൽകിയും പ്രലോഭിപ്പിക്കാൻ പലരും ശ്രമിച്ചിട്ുടണ്ടെങ്കിലും അതിനൊന്നും വഴങ്ങാതെ തന്റെ പോരാട്ടം തുടരുകയായിരുന്നു ജോയി കൈതാരം.

ശശിതരൂരിന്റെ ദേശീയ ഗാന വിവാദത്തിൽ നിന്നു പിന്മാറാൻ 50 ലക്ഷം രൂപ വാഗ്ദാനവുമായി ഹൈക്കോടതിയിലെ അഭിഭാഷകൻ സമീപിച്ചതായി അദ്ദേഹം ഓർക്കുന്നു. സാൻഡിയാഗോ മാർട്ടിൻ വിഷയത്തിൽ ഇടപെട്ടതിന് പല തരത്തിലുള്ള ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട് ജോയ് കൈതാരത്തിന്.

ശശീന്ദ്രനും മക്കളും കൊല്ലപ്പെട്ട ശേഷം രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ ആക്ടിടിങ് ചെയർമാനായിരുന്നു ജോയ് കൈതാരം. മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ പല വിവരങ്ങളും പുറത്തുവന്നത് ജോയ് കൈതാരത്തിന്റെ ഇടപെടലിലൂടെയായിരുന്നു. തന്റെ വിവരാവകാശ പ്രവർത്തനങ്ങളിൽ ആദ്യം ഭാര്യയും മക്കളും ഭയപ്പെട്ടിരുന്നെങ്കിലും പിന്നീട് അവർക്കും അത് ശീലമായെന്നാണ് ജോയ് കൈതാരം പറയുന്നത്.


കാരുണ്യം ചൊരിയുന്ന ഗാന്ധിഭവന്റെ അമരക്കാരനായ സോമരാജൻ

പത്തനാപുരം ഗാന്ധിഭവൻ മേധാവിയായ പുനലൂർ സോമരാജൻ. പുനലൂർ, ഐക്കരക്കോണം സ്വദേശിയായ അദ്ദേഹത്തിന്റെ കീഴിൽ നടത്തുന്ന ഗാന്ധിഭവൻ എന്ന വലിയൊരു ജീവകാരുണ്യ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. എഴുന്നൂറോളം അന്തേവാസികളുള്ള ഇവിടെ നാനാ ജാതിമതസ്ഥരും വിശ്വാസമില്ലാത്തവരും അവരവരുടെ ആദർശമനുസരിച്ച് ജീവിക്കുന്നു. ഗാന്ധിഭവൻ ജനറൽ സെക്രട്ടറിയും അവർ നടത്തുന്ന സ്‌നേഹരാജ്യം മാഗസിന്റെ മാനേജിങ് എഡിറ്ററുമായ പുനലൂർ സോമരാജൻ ഒരു പാട് കുടുംബങ്ങൾക്ക് അഭയമായി മാറിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സേവനം പരിഗണിച്ചാണ് മറുനാടൻ അവാർഡിനായി പരിഗണിച്ചത്.

മുനിസിപ്പൽ ജീവനക്കാരനായിരുന്ന ചെല്ലപ്പന്റെയും ശാരദ(പരേത )യുടെയും ആറു മക്കളിൽ ഏറ്റവും മുതിർന്ന ആളാണ് പുനലൂർ സോമരാജൻ. സുഹൃത്തുക്കളായ വിജയൻ അമ്പാടി എന്നിവർക്കൊപ്പം 2002ൽ തുടങ്ങിയ ഗാന്ധിഭവൻ പത്തനാപുരത്താണ് പ്രവർത്തിച്ചത്. മക്കൾ ഉപേക്ഷിച്ച അമ്മമാരുടെ ആശാകേന്ദ്രമാണ് ഇന്ന് പുനലൂർ സോമരാജൻ തുടങ്ങിയ ഗാന്ധിഭവൻ. ആദ്യമായി ഒരു അമ്മ ഗാന്ധിഭവനിൽ എത്തിയത്. ഇതേക്കുറിച്ച് സോമരാജൻ പറയുന്നത് ഇങ്ങനെയാണ്:

'കൊട്ടാരക്കര യ്ക്കടുത്തുള്ള കോക്കാട് എന്ന സ്ഥലത്ത് വച്ച് വളരെ പ്രായമുള്ള ഒരമ്മയെ ഒറ്റപ്പെട്ട നിലയിൽ കണ്ടുമുട്ടി. എൺപത്തഞ്ചു വയസിലേറെ പ്രായമുണ്ടായിരുന്ന അവർക്ക് നേരത്തെ ധാരാളം സ്വത്തു ക്കളൊക്കെ ഉണ്ടായിരുന്നത്രെ.അതൊക്കെ എങ്ങനെയോ നഷ്ടപ്പെട്ടു പോയി. ആരും തിരിഞ്ഞു നോക്കാനില്ലാത്ത ആ മാതാവിനെ ഒരാളെന്നെ പരിചയപ്പെടുത്തി. അവരോടു സംസാരിച്ച കൂട്ട ത്തിൽ 'അമ്മ എന്റെ കൂടെ വരുന്നോ' എന്ന് ചോദിച്ചു. വയോധികമാതാവിന് ഇത് നൂറു വട്ടം സമ്മതമായിരുന്നു. എന്റെ വീട്ടിലേക്ക് തന്നെ കൊണ്ടു പോകാനായിരുന്നു ഞാൻ ഉദ്ദേശിച്ചത്. പക്ഷേ ഇത്രയും പ്രായമായ ഒരാളെ അങ്ങനെ സ്വാഗതം ചെയ്യുന്നത് നന്നല്ലെന്നും എന്തെങ്കിലും സംഭവിച്ചു പോയാൽ ബുദ്ധിമുട്ടാകുമെന്നും പലരും പറഞ്ഞപ്പോൾ അതിൽ കഴമ്പുണ്ടെന്ന് തോന്നി.

അതിനാൽ രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് ഉറപ്പു നൽകി തിരികെ വന്നു. ഞങ്ങളുടെ സംഘടന സ്ഥിതി ചെയ്യുന്ന വാടക കെട്ടിടത്തിനു സമീപം തന്നെ ഒരു വീട് ഉടൻ തന്നെ വാടകയ്ക്ക് കണ്ടെത്താൻ കഴിഞ്ഞു. അവിടെ താമസിച്ചിരുന്നവർ പെട്ടെന്ന് ഒഴിയുന്ന വിവരം കോക്കാട് നിന്നു വരുന്ന അതേദിവസമാണ് അറിയുന്നത്. അതൊരു ചെറിയ വീടായിരുന്നു. അതിൽ ആ അമ്മയെ പാർപ്പിച്ചു. ക്രമേണ കൂടുതൽ അംഗങ്ങൾ അവിടേക്ക് എത്താൻ തുടങ്ങി. അതോടെ കുറേ വാടകക്കെട്ടിടങ്ങൾ മാറി മാറി എടുത്ത് പ്രവർത്ത നം വ്യാപിപ്പിക്കേണ്ട സാഹചര്യമായി. എൺപത് അംഗങ്ങൾ വരെ ആയതോടെ കൂടുതൽ സൗകര്യങ്ങളും അനിവാര്യമായി വന്നു. തുടർന്നാണ് അഗതിമന്ദിരം വിപുലപ്പെടുത്തിയത്'- സോമരാജൻ പറയുന്നു.

ഇപ്പോൾ നിരവധി സുമനസുകളുടെ സേവനം കൊണ്ടാണ് ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾ കാഴ്‌ച്ചവെക്കുന്ന ഗാന്ധിഭവന്റെ അമരക്കാരനെ തേടി പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്. കലഞ്ഞൂർ പാടം സ്വദേശിനി പ്രസന്നയാണ് ഭാര്യ. അമൽരാജ് മകനും അമിതരാജ് മകളുമാണ്.

തങ്ങളുടെ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തുന്ന ഇവരിൽ ആർക്കാണ് നിങ്ങളുടെ വോട്ട്? ഈമാസം 31 വരെ സാമൂഹ്യ സേവന വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വാവാ സുരേഷിനോ തെരുവോരം മുരുകനോ വോട്ടു ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.

നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP