Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിൽ വാചകം അടിക്കുന്നവർക്കല്ല വല്ലതും ചെയ്യുന്നവർക്കാണ് ജനങ്ങളുടെ പിന്തുണ; ദീപാ നിശാന്തിനേയും പ്രമുഖ സംഘടനകളേയും പിന്തള്ളി സോഷ്യൽ മീഡിയാ ഇടപെടലുകൾക്കുള്ള പുരസ്‌കാരം കൃഷി ഭൂമിക്ക്

സോഷ്യൽ മീഡിയയിൽ വാചകം അടിക്കുന്നവർക്കല്ല വല്ലതും ചെയ്യുന്നവർക്കാണ് ജനങ്ങളുടെ പിന്തുണ; ദീപാ നിശാന്തിനേയും പ്രമുഖ സംഘടനകളേയും പിന്തള്ളി സോഷ്യൽ മീഡിയാ ഇടപെടലുകൾക്കുള്ള പുരസ്‌കാരം കൃഷി ഭൂമിക്ക്

തിരുവനന്തപുരം: ഏതാനും വർഷങ്ങളായി മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിച്ചിട്ടുമില്ല. ഈ പതിവിന് മാറ്റം വരുത്തുകയായിരുന്നു ഇത്തവണ മറുനാടൻ മലയാളി. ഈ വിഭാഗത്തിൽ മറുനാടൻ മലയാളിയുടെ ആദ്യ പുരസ്‌കാരം കൃഷി ഭൂമിയെന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പിന്.

വിഷരഹിത പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിക്കാൻ ഉള്ള അറിവും വിത്തുകളും പരസ്പരം കൈമാറി നല്ല കൃഷിയുടെ വക്താക്കളായി മാറാൻ ഓരോരുത്തരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പാണ് കൃഷിഭൂമി. മഹത്തായ ആ ലക്ഷ്യത്തിലേക്ക് എത്താനും കൃഷിയുടെ വ്യാപനത്തിനുമായി അംഗങ്ങൾ ആവശ്യപ്പെടുന്ന കാർഷിക സഹായങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുക എന്ന കാര്യവും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു. ഇത്തരം ജനകീയ ഇടപെടലുകൾക്ക് സോഷ്യൽ മീഡിയയ്ക്കുള്ള സ്ഥാനം വ്യക്തമാക്കിയാണ് പുരസ്‌കാരത്തിന് കൃഷിഭൂമിയെ മറുനാടൻ മലയാളി വായനക്കാർ തെരഞ്ഞെടുക്കുന്നത്.(കൃഷി ഭൂമിയെന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ പേജിലേക്ക് കടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടത്തിൽ വ്യക്തമായ മുൻതൂക്കവുമായാണ് കൃഷി ഭുമി ആദ്യസ്ഥാനത്ത് എത്തുന്നത്. ആകെ പോൾ ചെയ്ത വോട്ടുകളായ 54,780ൽ 18,612 എണ്ണം കൃഷി ഭുമിക്കായിരുന്നു. ശതമാനക്കണക്കിൽ 34ഉം. തൊട്ട് പിന്നിലെത്തിയത് കേരള വർമ്മ കോളേജിലെ ബീഫ് വിവാദമുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ ദീപാ നിശാന്തും. കേരള വർമ്മ കോളേജിലെ ഈ അദ്ധ്യാപികയ്ക്ക് 15, 599 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടിങ് ശതമാനം 30.3ഉം. മൂന്നാം സ്ഥാനത്തിനായി ഫ്രീതിങ്കേഴ്‌സും റൈറ്റ് തിങ്കേഴ്‌സും തമ്മിൽ ശക്തമായ മത്സരമായിരുന്നു. ദശാംശം ഒൻപത് ശതമാനത്തിന്റെ വ്യത്യാസത്തിൽ ഫ്രീ തിങ്കേഴ്‌സ് മൂന്നാമനായി.

ഫ്രീതിങ്കേഴ്‌സിന് 7,128 പേരാണ് വോട്ട് ചെയ്തത്. ആകെ പോൾ ചെയ്തതിന്റെ 13 ശതമാനം. റൈറ്റ് തിങ്കേഴ്‌സിന് 6.633 പേരുടെ പിന്തുണയാണ് ലഭിച്ചത്. 12.1 ശതമാനമാണ് ഇത്. ക്രിയാത്മക ചിന്തകൾക്കായി വേദിയൊരുക്കുന്ന ഗ്രൂപ്പുകൾ എന്ന നിലയിലാണ് ഫ്രീ തിങ്കേഴ്‌സിനെയും റൈറ്റ് തിങ്കേഴ്‌സിനെയും പുരസ്‌കാരത്തിനു പരിഗണിച്ചത്. ലോകത്ത് നടക്കുന്ന സംഭവങ്ങളിലൊക്കെത്തന്നെ ഒരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കാൻ ഈ ഗ്രൂപ്പുകൾ നടത്തുന്ന ഇടപെടലുകൾ പലരിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. വോട്ടിംഗിൽ അവസാനം എത്തിയത് മാദ്ധ്യമപ്രവർത്തകയും മദ്രസാ പീഡനങ്ങളെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ ഏറെ ആക്രമണങ്ങൾ നേരിടേണ്ടി വന്നവരുമായി വി പി റെജീനയാണ്. റെജീനയ്ക്ക് 5,808 വോട്ടാണ് ലഭിച്ചത്. അതായത് 10.6 ശതമാനം.

21 ദിവസം നീണ്ടുനിന്ന വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ കൃഷിഭൂമിയും ദീപാ നിശാന്തും തമ്മിലായിരുന്നു മത്സരം. മറുനാടൻ അവാർഡിന്റെ ആദ്യഘട്ടത്തിൽ വായനക്കാർ നോമിനേറ്റ് ചെയ്ത അഞ്ച് പേരാണ് മികച്ച സോഷ്യൽ മീഡിയ പുരസ്‌കാര പട്ടികയിൽ ഫൈനലിസ്റ്റായത്. ഇവരിൽ നിന്നും ഓൺലൈൻ വോട്ടിങ് നടത്തിയാണ് കൃഷി ഭൂമിയെ വിജയിയായി പ്രഖ്യാപിച്ചത്. ഡിസംബർ 15ാം തീയതി മുതലാണ് വോട്ടിങ് ആരംഭിച്ചത്. ജനുവരി 5 വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. ഇതിലൂടെ ജനപ്രിയ നായകനായി വി എസ് അച്യൂതാനന്ദനേയും പ്രോമിസിങ് ലീഡറായി വിടി ബൽറാമിനേയും മികച്ച സാമൂഹിക പ്രവർത്തകനായി വാവാ സുരേഷിനേയും കണ്ടെത്തിയിരുന്നു. നാലാമത്തെ പുരസ്‌കാരമായാണ് കൃഷി ഭൂമിയുടെ നേട്ടം മറുനാടൻ പ്രഖ്യാപിക്കുന്നത്.

മലയാളികൾക്ക് നഷ്ടമായ കാർഷിക സംസ്‌ക്കാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ഒരുകാലത്ത് കൃഷി ആയിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാനം ആയിരുന്നത് ഇപ്പോൾ വ്യത്യസ്തമാണ് കാര്യങ്ങൾ. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. വിഷം കലർന്ന പച്ചക്കറികൾ കഴിച്ചു മടുത്തപ്പോഴാണ് മണ്ണിനെ മറന്ന മലയാളികൾ വീണ്ടും മണ്ണിലേക്ക് ചുവടുവച്ചത്. ഇതിന് ആവേശം പകർന്ന് കൂടെ നിന്നവരുടെ കൂട്ടത്തിൽ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പും ഉണ്ടായിരുന്നു. അതായിരുന്നു കൃഷി ഭൂമി. മണ്ണിനെയും കൃഷിയെയും സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ. ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ട് പ്രവർത്തിക്കുന്നതിൽ ഉപരിയായി കർഷകർക്കും പുതലമുറയ്ക്കും അറിവുപകരുന്ന വേദി കൂടിയാണ് കൃഷിഭൂമിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്മ. കൃഷിയെ വീണ്ടെടുക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണ് മറുനാടൻ പുരസ്‌കാരം.

പരമ്പരാഗത കൃഷി രീതികളെയും പുതുരീതികളെയും വളർത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ രൂപംകൊള്ളുന്നത്. ഫേസ്‌ബുക്കിൽ കൃഷിയെ കുറിച്ച് സംസാരിക്കാൻ നിരവധി ചെറിയ കൂട്ടായ്മകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഈ കൂട്ടായ്മകളിൽ അംഗങ്ങളായവരെല്ലാം ചേർന്ന് പരസ്പരം കൃഷി അറിവുകൾ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ തുടങ്ങിയത്. ചെറുപ്പക്കാരുടെ വലിയ തോതിലുള്ള സാന്നിധ്യം തന്നെയാണ് ഈ ഗ്രൂപ്പിനെ വേഗത്തിൽ ഹിറ്റാക്കിയത്. രണ്ട് വർഷം മാത്രം പ്രായമായ ഈ ഗ്രൂപ്പിൽ ഇതിനോടകം അറുപത്തി അയ്യായിരത്തിലേറെ പേർ അംഗങ്ങളായിട്ടുണ്ട്. ഫേസ്‌ബുക്കിലെ കൂട്ടായ്മയിൽ അംഗങ്ങളായവർ ചേർന്ന് പല സെമിനാറുകളും മറ്റും സംഘടിപ്പിച്ചിരുന്നു. സാമ്പാർ ചലഞ്ച്, സീഡേഴ്‌സ് ലവ് പോലുള്ള പരിപാടികൾ ഒരുക്കിയാണ് ഈ സൈബർ കൂട്ടായ്മ കൂടുതൽ ജനകീയമായത്.

ഗ്രൂപ്പിൽ അംഗങ്ങളായവർ ഒരു സ്ഥലത്ത് ഒത്തുകൂടുകയും തുടർന്ന് വിത്ത് കൈമാറുകയും ചെയ്യുന്ന രീതിയാണ് ആദ്യം അവലംബിച്ചത്. പിന്നീട് ശൈലി മാറ്റി ഫേസ്‌ബുക്ക് പേജിൽ അങ്ങോളം ഇങ്ങോളമുള്ള അംഗങ്ങൾ പരസ്പരം വിത്ത് അയച്ചു കൊടുക്കുന്ന രീതിയും പിന്തുടർന്നു. കർഷക സംഘങ്ങളുടെയും കാർഷികശാസ്ത്രജ്ഞരുടെയും കൃഷിഭവനുകളുടെയും കർഷകരുടെയുമെല്ലം പിന്തുണയും ഈ കൂട്ടായ്മയ്ക്കുണ്ട്. ആവശ്യക്കാർക്ക് വളവും മറ്റനുബന്ധ വസസ്തുക്കളും കൊറിയർ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. മാർക്കറ്റിലുള്ളതിനെക്കാൾ വളരെക്കുറഞ്ഞ വിലയ്ക്കാണ് വിത്തുകൾ അയച്ചു കൊടുക്കുന്നത്. ഇതൊക്കെ കൃഷി ചെയ്ത് വിളവെടുക്കുന്ന ചിത്രങ്ങളും രീതിയും ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിൽ അംഗങ്ങളാകുന്നവരെ സംബന്ധിച്ചിടത്തോളം അത് കണ്ണിന് കുളിർമ്മ പകരുന്ന കാഴ്‌ച്ച കൂടിയാണ് സമ്മാനിച്ചത്.

കൃഷിഭൂമി ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം തന്നെ പരമ്പരാഗത കൃഷിയിനങ്ങളുടെ വ്യാപനമാണ്. അന്യം നിന്നുപോകുന്ന അടത്താപ്പ്, നിത്യവഴുതന, ചതുരപ്പയർ, മരവെണ്ട എന്നീ ഇനങ്ങൾ ഉൾപ്പെടെ വെള്ളരി, തക്കാളി, മുളകുകൾ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ ഇവർ കൃഷി ചെയ്യുന്നു. ഇത്തരം കൃഷികൾക്കു പിന്നിൽ കൂടുതലും ചെറുപ്പക്കാരാണെന്നതും ശ്രദ്ധേയമാണ്. ഗ്രൂപ്പിൽ പങ്കാളികൾ ആയവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. സർവകലാശാലകൾക്കും ദൃശ്യശ്രവ്യ മാദ്ധ്യമങ്ങൾക്കും ഇടപെടാൻ പറ്റാത്ത വിധത്തിലുള്ള ഇടപെടലാണ് ഈ കൃഷി കൂട്ടായ്മയിലുടെ സാധിച്ചെടുത്തത്. തിരുവനന്തപുരത്ത് ഏതെങ്കിലും വിളകളുടെ ഓർഗാനിക് തൈകൾ ഉണ്ടെങ്കിൽ ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിലെ കാസർഗോഡുള്ള കർഷകരിൽ വരെ അത് എത്തിക്കാൻ സാധിച്ചു.

കൃഷി ഭൂമി ഗ്രൂപ്പിൽ നിരവധി കൃഷി ഓഫീസർമാരും കൃഷി ഭവനുകളും അംഗങ്ങളാണ്. അതുകൊണ്ടുള്ള പ്രധാന നേട്ടം സർക്കാറിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അറിയാം എന്നതാണ്. ഗ്രൂപ്പിലെ കൃഷി ഓഫീസർമാരും കൃഷി ഭവനുകളും ചേരുന്നത് സർക്കാരിൽ നിന്നും കർഷകർക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ അവർക്ക് നേടിക്കൊടുക്കാൻ സഹായകരമാവുന്നു. അങ്ങനെ പ്രവർത്തന പാതിയിലാണ് ഈ ഫെയ്‌സ് ബുക്ക് കൂട്ടായ്മ. ഇതിനുള്ള അംഗീകാരമാണ് കൃഷി ഭൂമിയെന്ന സോഷ്യൽ മിഡീയ ഗ്രൂപ്പിനുള്ള മറുനാടന്റെ പുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP