Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അലക്കും കുളിയും ഒന്നുമില്ലേ',എന്നു ചോദിച്ചു കൊണ്ട് മേശപ്പുറത്തു കിടന്ന ഒരു രാധാസ് സോപ്പ് എടുത്തു നീട്ടി; 'എനിക്ക് കിട്ടുന്നതിന് അനുസരിച്ചേ ജീവിക്കാൻ പറ്റൂ... എന്ന മറുപടി കേട്ടപ്പോൾ യാത്രപ്പടിയും പുതിയ ഷർട്ടും മുണ്ടും റെഡി; വിട പറഞ്ഞെങ്കിലും ഇപ്പോഴും ഡോക്ടർ മുന്നിൽ നിൽക്കുന്നതു പോലെ തോന്നുന്നു: കേരളശബ്ദം മാനേജിങ് എഡിറ്റർ ഡോ. ബി.എ രാജാകൃഷ്ണനെ അനുസ്മരിച്ച് പി ടി നാസർ എഴുതുന്നു

'അലക്കും കുളിയും ഒന്നുമില്ലേ',എന്നു ചോദിച്ചു കൊണ്ട് മേശപ്പുറത്തു കിടന്ന ഒരു രാധാസ് സോപ്പ് എടുത്തു നീട്ടി; 'എനിക്ക് കിട്ടുന്നതിന് അനുസരിച്ചേ ജീവിക്കാൻ പറ്റൂ... എന്ന മറുപടി കേട്ടപ്പോൾ യാത്രപ്പടിയും പുതിയ ഷർട്ടും മുണ്ടും റെഡി; വിട പറഞ്ഞെങ്കിലും ഇപ്പോഴും ഡോക്ടർ മുന്നിൽ നിൽക്കുന്നതു പോലെ തോന്നുന്നു: കേരളശബ്ദം മാനേജിങ് എഡിറ്റർ ഡോ. ബി.എ രാജാകൃഷ്ണനെ അനുസ്മരിച്ച് പി ടി നാസർ എഴുതുന്നു

പി ടി നാസർ

1989 ലാണ് കേരള ശബ്ദത്തിൽ എഴുതിത്ത്ത്തുടങ്ങിയത്. മൂന്ന് ലേഖനങ്ങൾ അച്ചടിച്ചു വരുന്നതുവരെ ഒരുതരം അകന്ന ബന്ധമായിരുന്നു. എഴുതി അയക്കും. അവർ അച്ചടിക്കും. വേറെ ചൊല്ലും വിളിയും ഒന്നുമില്ല. മൂന്നാമത്തെ ലേഖനം ഒരു രാഷ്ട്രീയാവലോകനം ആയിരുന്നു. അത് അച്ചടിച്ചുവന്നതിന്റെ പിറ്റേ ദിവസം തന്നെ 1000 രൂപയുടെ ചെക്ക് കിട്ടി. കൂടെ ഒരു കത്തും. കൊല്ലത്തെ ഓഫീസിൽ ചെന്ന് കാണാൻ താല്പര്യപ്പെട്ടു കൊണ്ടുള്ള കത്ത്. അടുത്ത ലക്കത്തിലേക്കുള്ള ലേഖനം അയച്ചില്ല. തീവണ്ടി കയറി കൊല്ലത്തെത്തി. പുലർച്ചെയാണ് എത്തിയത്. റെയിൽവേ സ്റ്റേഷനിൽ തന്നെ ഇരുന്ന് നേരം വെളുപ്പിച്ചു. എട്ടൊൻപതു മണിയായപ്പോൾ നടന്ന്‌നടന്ന് ഓഫീസ് കണ്ടുപിടിച്ചു.

കാർ പാർക്കിലൊരു ടാപ്പ് കണ്ടു. വെള്ളമെടുത്ത് മുഖം കഴുകി. അകത്തു കയറി. പത്രാധിപരുടെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പവിത്രൻ സാർ ഏറെ സ്റ്റേഹത്തോടെ സ്വീകരിച്ചു. ഡോക്ടറെ കാണണ്ടേ? എന്നു ചോദിച്ചു കൊണ്ട് അകത്തേക്ക് നയിച്ചു. അങ്ങനെയാണ് ഡോക്ടർ രാജാകൃഷ്ണന്റെ മുന്നിലെത്തിയത്. ഏറെ നേരം സംസാരിച്ചു. എഴുതിത്ത്ത്തയ്യാറാക്കിയ ഫീച്ചറിന്റെ പ്രതിഫലം അപ്പോൾ തന്നെ വാങ്ങാൻ പറഞ്ഞു. അക്കൗണ്ട്‌സിൽ നിന്ന് അത് വാങ്ങിയപ്പോൾ സങ്കടം. കാരണം, 300 രൂപയാണ് കിട്ടിയത്. കിട്ടിയതു വാങ്ങി പോന്നു. പിന്നെയും എഴുതി. എഴുതുകയല്ലാതെ വഴിയില്ലല്ലോ. ചിലപ്പോൾ പണം വരുന്നതു കാത്തിരിക്കും. ചിലപ്പോൾ നേരെ ചെല്ലും. 300 വാങ്ങിപ്പോരും.

ഫോട്ടോഗ്രാഫർമാർക്ക് വല്ലതുമൊക്കെ കൊടുത്ത്, വണ്ടിക്കൂലിയും കൊടുത്താൽ വീട്ടിലെത്തുമ്പോൾ 100 രൂപ തികച്ചുണ്ടാവില്ല. അങ്ങനെയങ്ങനെ മാസങ്ങൾ അനവധി കടന്നു പോയി. ഒരു തവണ ചെന്നപ്പോൾ, വേറൊരു ഫീച്ചർ ആ ലക്കത്തിലേക്ക് തന്നെ തയ്യാറാക്കാൻ നിർദ്ദേശിച്ചു. അതിനു കോയമ്പത്തൂരിൽ പോകണം. പതിവുപോലെ കയ്യിൽ 300 മാത്രം. പോയി. രാവിലെ കോയമ്പത്തൂരിലെത്തി. ഫോട്ടോകളും വിവരങ്ങളും സംഘടിപ്പിച്ചു. തിരിച്ചു വണ്ടി കയറി. രാവിലെ ഓഫീസിലെത്തി. ഇരുന്ന ഇരിപ്പിൽ എഴുത്തു കഴിച്ചു. കൃത്യ സമയത്ത് റിപ്പോർട്ട് കിട്ടിയ സന്തോഷത്തിൽ പവിത്രൻ സാർ നേരെ ഡോക്ടറുടെ മുന്നിലെത്തിച്ചു. റിപ്പോർട്ടും ഫോട്ടോകളും പവിത്രൻ സാറിനെ ത്രില്ലടിപ്പിച്ചിരുന്നു. പക്ഷേ, ഡോക്ടർ അതൊന്നും നോക്കിയതേയില്ല.

മുഖത്തേക്ക് കുറേ നേരം നോക്കിയ ശേഷം 'അലക്കും കുളിയും ഒന്നുമില്ലേ ', എന്നു ചോദിച്ചു കൊണ്ട് മേശപ്പുറത്തു കിടന്ന ഒരു രാധാസ് സോപ്പ് എടുത്തു നീട്ടി. ദേഷ്യമോ സങ്കടമോ അതോ രണ്ടും കൂടിയോ വന്നു. '' എനിക്ക് കിട്ടുന്നതിന് അനുസരിച്ചേ ജീവിക്കാൻ പറ്റൂ. ഒരു റിപ്പോർട്ട് തയ്യാറാക്കി, ഫോട്ടോ എടുപ്പിച്ച് ഇവിടെ എത്തിച്ചാൽ ആകെ കിട്ടുന്നത് 300 രൂപയാണ്. എന്നും കുളിക്കാനും അലക്കാനുമൊന്നും അതിൽ ബാക്കിയുണ്ടാവില്ല ' എന്നു പറഞ്ഞത് ഓർമയുണ്ട്. പിന്നെയും എന്തൊക്കെയോ പറഞ്ഞുവെന്നാണ് പവിത്രൻ സാർ പറയുന്നത്. ഡോക്ടർ ഒന്നും പറഞ്ഞില്ല.

അക്കൗണ്ട്‌സിന്റെ ചുമതലക്കാരനെ വിളിപ്പിച്ചു. ' നാസറിന് യാത്രപ്പടി കൊടുക്കാറില്ലേ? ' എന്നു ചോദിച്ചു. 'ആരും പറഞ്ഞിരുന്നില്ല' - എന്നായിരുന്നു ഉത്തരം. ഡോക്ടർ പവിത്രൻ സാറിനെ നോക്കി. ' ഇതൊക്കെ ഒന്നന്വേഷിക്കേണ്ടേ?' എന്നൊരു ചോദ്യം. ഡോക്ടർ തന്നെ ഫോൺ എടുത്ത് ഒരു ഹോട്ടലിൽ വിളിച്ച് റൂം ബുക്ക് ചെയ്തു. അവിടെ എത്തിക്കാൻ ഡ്രൈവറെ ശട്ടം കെട്ടി. നന്നായി ഉറങ്ങി, പിറ്റേ ദിവസം രാവിലെ എത്താൻ നിർദ്ദേശിച്ചു. ഹോട്ടലിൽ എത്തിയപ്പോൾ ഭക്ഷണം മാത്രമല്ല, പുതിയൊരു ഷർട്ടും മുണ്ടും റെഡി. പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയപ്പോൾ, '' ഓർമയുള്ള എല്ലാ യാത്രയുടേയും ചെലവ് എഴുതിക്കൊടുക്കാൻ '' - കൽപന വന്നു.

അവസാനത്തെ രണ്ടെണ്ണം മാത്രമേ ഓർമയുള്ളൂ എന്നു പറഞ്ഞപ്പോൾ, ഒരു സംഖ്യ ഡോക്ടർ തന്നെ നിർദ്ദേശിച്ചു. അന്നത്തെ നിലക്ക് അതൊരു വലിയ സംഖ്യയായിരുന്നു. അന്നു മുതൽ എല്ലാ യാത്രക്കും കൃത്യമായി യാത്രപ്പടി നൽകണമെന്ന് നിർദ്ദേശമുണ്ടായി. തൊട്ടടുത്ത മാസം തിരിച്ചറിയൽ കാർഡ് തന്നു. അങ്ങനെ കേരളശബ്ദത്തിന്റെ മലബാർ ലേഖകനായി. ജേർണലിസ്റ്റായി എന്നു പറയാം. ഇപ്പോഴും ഡോക്ടറുടെ മുന്നിൽ നിൽക്കുന്നതുപോലെ. അദ്ദേഹം മരിച്ചതായി തോന്നുന്നില്ല. ആ ആത്മാവിന് നിത്യശാന്തിയും മോക്ഷവും നൽകാൻ പ്രാർത്ഥിക്കുകയല്ലാതെ, ഇനി എന്ത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP