Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിടവാങ്ങിയത് ടിവിക്ക് മുമ്പിലേക്ക് വിദ്യാർത്ഥികളെ എത്തിച്ച അപൂർവ്വ പ്രതിഭ; കോസ്മിക് കിരണങ്ങളുടെ പഠനത്തിലൂടെ സമൂഹത്തിന് അതുല്യ സംഭവാന നൽകിയ വൈജ്ഞാനികൻ: പ്രൊഫസർ യശ്പാലിന് രാജ്യം വിടചൊല്ലി

വിടവാങ്ങിയത് ടിവിക്ക് മുമ്പിലേക്ക് വിദ്യാർത്ഥികളെ എത്തിച്ച അപൂർവ്വ പ്രതിഭ; കോസ്മിക് കിരണങ്ങളുടെ പഠനത്തിലൂടെ സമൂഹത്തിന് അതുല്യ സംഭവാന നൽകിയ വൈജ്ഞാനികൻ: പ്രൊഫസർ യശ്പാലിന് രാജ്യം വിടചൊല്ലി

ന്യൂഡൽഹി: വിഖ്യാത പണ്ഡിതനും വൈജ്ഞാനികനുമായ പ്രൊഫ.യശ്പാൽ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് ഇന്ത്യൻ വിദ്യാഭ്യാസരംഗത്ത് കണക്കറ്റ സംഭാവനകൾ നൽകിയ പ്രതിഭയെ. കോസ്മിക് കിരണങ്ങളുടെ പഠനരംഗത്ത് അതുല്യ സംഭാവന നൽകിയ ശാസ്ത്രപ്രതിഭയാണ് യശ്പാൽ. അർബുദ രോഗബാധിതനായിരുന്നെങ്കിലും പിന്നീട് രോഗം ഭേദമായിരുന്നു. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് മരണമെത്തിയത്.

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ടേണിങ് പോയിന്റ് എന്ന ശാസ്ത്രപരിപാടിയാണ് യശ്പാലിനെ ജനകീയനാക്കിയത്. ശാസ്ത്ര വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ലളിതമായ രീതിയിൽ മറുപടി നൽകിയുള്ള അദ്ദേഹത്തിന്റെ അവതരണ ശൈലി ഏറെ പ്രശംസ പിടിച്ചുപറ്റി. രാജ്യത്തെ വിദ്യാഭ്യാസ രീതികളിൽ തന്നെ ഇത് ഏറെ മാററമുണ്ടാക്കി.

1976-ൽ പത്മഭൂഷണും 2013-ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു വ്യക്തിത്വമാണ് യശ്പാലിന്റേത്. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച യശ്പാൽ യുജിസി. ചെയർമാൻ, ജവാഹർലാൽ നെഹ്രു സർവകലാശാലാ ചാൻസലർ എന്നീ പദവികൾ വഹിച്ചു. ഇന്ത്യൻ ഫിസിക്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.

അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ ആദ്യ ഡയറക്ടറായിരുന്ന അദ്ദേഹം 1983-1984 കാലയളവിൽ ആസൂത്രണ കമ്മീഷൻ ഉപദേശകനായും 1984 മുതൽ 86 വരെ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചു. സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണത്തിനും പഠന ലഘൂകരണത്തിനുമുള്ള ശുപാർശകൾ സമർപ്പിക്കാൻ 1993ൽ സർക്കാർ നിയോഗിച്ച ദേശീയ ഉപദേശകസമിതിയുടെ ചെയർമാനായിരുന്നു.

1926 നവംബർ 26ന് ഇപ്പോൾ പാക്കിസ്ഥാനിലുള്ള ജങ് ജില്ലയിലായിരുന്നു ജനനം. പഞ്ചാബ് സർവകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദവും 1958ൽ മാസച്യുസെറ്റ്സ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.

2009ൽ യുനെസ്‌കോയുടെ കലിംഗ സമ്മാനം, ലാൽ ബഹദൂർ ശാസ്ത്രി സമ്മാനം, ഇന്ദിരാഗാന്ധി സമ്മാനം, മേഘ്നാഥ് സാഹ മെഡൽ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. യശ്പാൽ രചിച്ച 'റാൻഡം ക്യൂരിയോസിറ്റി' ഏറെ പ്രചാരം നേടിയ പുസ്തകമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP