Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്തത്തിൽ കുളിച്ച് ജീവന് വേണ്ടി പിടഞ്ഞിട്ടും ഒന്നുതിരിഞ്ഞുനോക്കാതെ കടന്നുകളഞ്ഞു; പുലാമന്തോൾ ആലമ്പാറയിൽ പൊലിഞ്ഞത് രണ്ടുയുവാക്കളുടെ ജീവൻ; പതിനെട്ടുകാരായ അജ്മലും റബീഹും നഷ്ടമായത് താങ്ങാനാവാതെ പാറക്കടവ് ഗ്രാമം; ബൈക്ക് ഇടിച്ചിട്ട ടിപ്പർ ലോറി കണ്ടത്താത്തതിൽ പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

രക്തത്തിൽ കുളിച്ച് ജീവന് വേണ്ടി പിടഞ്ഞിട്ടും ഒന്നുതിരിഞ്ഞുനോക്കാതെ കടന്നുകളഞ്ഞു; പുലാമന്തോൾ ആലമ്പാറയിൽ പൊലിഞ്ഞത് രണ്ടുയുവാക്കളുടെ ജീവൻ; പതിനെട്ടുകാരായ അജ്മലും റബീഹും നഷ്ടമായത് താങ്ങാനാവാതെ പാറക്കടവ് ഗ്രാമം; ബൈക്ക് ഇടിച്ചിട്ട ടിപ്പർ ലോറി കണ്ടത്താത്തതിൽ പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

എംപി.റാഫി

മലപ്പുറം: ബൈക്ക് ഇടിച്ച് തെറിപ്പിച്ചിട്ടും രക്ഷപ്പെടുത്താൻ മനസാക്ഷിയില്ലാതെ ലോറിക്കാർ കടന്നുകളഞ്ഞതോടെ പൊലിഞ്ഞുവീണത്. രണ്ട് യുവാക്കളുടെ ജീവൻ.രക്തം വാർന്നൊഴുകിയാണ് രണ്ടുയുവാക്കളും മരിച്ചത്. പുലാമന്തോൾ ആലമ്പാറയിലാണ് മന:സാക്ഷിയെ നടുക്കിയ ദാരുണാപകടം നടന്നത്. അമിത വേഗതയിലെത്തിയ ലോറി സ്‌കൂട്ടറിൽ ഇടിച്ച് തെറിപ്പിച്ചിട്ടും രക്തം വാർന്നൊഴുകി റോഡരികിൽ കിടന്ന യുവാക്കളെ രക്ഷിക്കാൻ തയ്യാറായില്ല. യുവാക്കളുടെ നിലവിളി കേൾക്കാതെ അവർ കടന്നുകളയുകയായിരുന്നു. പതിനെട്ടുകാരായ രണ്ട് യുവാക്കളുടെ ദാരുണാന്ത്യം പാറക്കടവ് ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.

ചെമ്മല പാറക്കടവ് ചങ്കുവാൻതൊടി ഹംസയുടെ മകൻ മുഹമ്മദ് അജ്മൽ(18), നീലത്ത് പാലശേരി കുഞ്ഞയമു സഖാഫിയുടെ മകൻ മുഹമ്മദ് റബീഹ് (18) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. പുലാമന്തോൾ-കൊളത്തൂർ റോഡിൽ ആലമ്പാറ വെച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ടിപ്പർ ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടു പേർ റോഡിനു വശത്തേക്കും ഒരാൾ റോഡിലും വീണു. ലോറി ശരീരത്തിലൂടെ കയറി ഇറങ്ങിയ നിലയിലായിരുന്നു. അസമയത്ത് നടന്ന അപകടത്തിൽ മനുഷ്യത്വരഹിതമായാണ് ലോറിക്കാർ പെരുമാറിയത്. രക്തത്തിൽ കുളിച്ച് ജീവന് വേണ്ടി പിടയുന്ന കുട്ടികളെ തിരിഞ്ഞു നോക്കാതെ വാഹനം കടന്നു കളഞ്ഞത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു.

ഗുരുതര പരുക്കോടെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വളപുരം മനങ്ങനാട് കണക്കഞ്ചേരി ജാഫറിന്റെ മകൻ സഫുവാൻ (17) അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. അപകട വാർത്ത കേട്ടയുടൻ സത്യമാകരുതേയെന്ന് പ്രദേശവാസികൾ പ്രാർത്ഥിച്ചു. എന്നാൽ വിധി മറിച്ചായിരുന്നു. മിടുക്കരായ രണ്ട് യുവാക്കളുടെ മരണം ഗ്രാമവാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

കഴിഞ്ഞ രാത്രിയിൽ ഒരു സംഗീത പരിപാടി കാണാൻ സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ മറ്റ് കൂട്ടുകാർക്ക് പോകാൻ കഴിഞ്ഞില്ല. എന്നാൽ ഇവർ കൈവീശി പോയത് അവസാനയാത്രയിലേക്കാണെന്ന് ഞങ്ങളറിഞ്ഞിരുന്നില്ലെന്ന് സുഹൃത്തുക്കൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു. പ്രിയപ്പെട്ടവരുടെ വേർപ്പാട് സൃഷ്ടിച്ച ആഘാതം അവരുടെ കണ്ണുകളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. നല്ല പാട്ടുകാരൻ കൂടിയാണ് റബീഹ്. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ദഫ് മത്സരങ്ങൾക്ക് കുട്ടികളെ പഠിപ്പിച്ച് തയ്യാറാക്കാറുണ്ട് ഇരുവരും.നാട്ടിൽ സന്നദ്ധ, സേവന രംഗത്തും സജീവമായിരുന്നു യുവാക്കൾ. എന്നാൽ ചിരിച്ച മുഖവുമായി എപ്പോഴും കണ്ടിരുന്ന നാട്ടുകാർക്കും കൂട്ടുകാർക്കും മുന്നിൽ ഇനി ആ ചിരിയുണ്ടാകില്ല, എല്ലാം ഇട്ടെറിഞ്ഞ് തിരിട്ടു വരാത്ത ലോകത്തേക്ക് യാത്രയായി.



യുവാക്കളുടെ മരണത്തിനിടയാക്കിയ ലോറി കണ്ടെത്താത്തതിൽ വ്യാപക പ്രതിഷേധം ഉർന്നു. ലോറി കണ്ടെത്താൻ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. ലോറിക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ചില സൂചനകൾ പൊലീസിനു ലഭിച്ചു. ഇതനുസരിച്ച് അന്വേഷണം നടത്തുകയാണ്. പുലാമന്തോളിനും കൊളത്തൂരിനും ഇടയിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പെരിന്തൽമണ്ണ പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP