Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോറിയെ ഓവർടേക്ക് ചെയ്യുമ്പോൾ പാഞ്ഞെത്തിയ ബസ് ഇടിച്ചു; അപകടത്തിൽ നിശേഷം തകർന്ന് വാൻ; 15 പേരിൽ എട്ടു പേർ ഒടുവിൽ യാത്ര വേണ്ടെന്ന് വച്ചത് ദുരന്തത്തിന്റെ ആഴം കുറച്ചു; വേളാങ്കണ്ണി മാതാവിനെ കാണാനുള്ള യാത്ര മഹാദുരന്തമായത് ഇങ്ങനെ

ലോറിയെ ഓവർടേക്ക് ചെയ്യുമ്പോൾ പാഞ്ഞെത്തിയ ബസ് ഇടിച്ചു; അപകടത്തിൽ നിശേഷം തകർന്ന് വാൻ; 15 പേരിൽ എട്ടു പേർ ഒടുവിൽ യാത്ര വേണ്ടെന്ന് വച്ചത് ദുരന്തത്തിന്റെ ആഴം കുറച്ചു; വേളാങ്കണ്ണി മാതാവിനെ കാണാനുള്ള യാത്ര മഹാദുരന്തമായത് ഇങ്ങനെ

ദിണ്ടിക്കൽ: ദിണ്ടിക്കൽ-തേനി റൂട്ടിലെ ദേവദാനംപട്ടിക്കു സമീപം പരശുരാമപുരത്തത്തെ അപകടത്തിന് കാരണം ഓവർടേക്കിംഗും അമിത വേഗതയും. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച വാനും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി തങ്കമണി സ്വദേശികളായ ആറുപേരാണ് മരിച്ചത്. ഒരാൾക്കു ഗുരുതര പരുക്ക്.

തീർത്ഥാടനം കഴിഞ്ഞ് മടങ്ങുംവഴി ഇവർ സഞ്ചരിച്ച 'ഗ്രേസ് ബേബി' എന്ന ടെമ്പോ ട്രാവലർ പരശുരാമപുരത്ത് വളവ് തിരിയുന്നതിനിടെ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രാവലർ മുന്നിൽ പോയ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബസ് ഉള്ളിലേക്ക് ഇടിച്ചുകയറിയതിനത്തെുടർന്ന് ട്രാവലർ പൂർണമായി തകർന്നു. ബസും അമിത വേഗതയിലായിരുന്നു. ആറുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വാൻ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടം ഇന്നു നടക്കും.

പെരിയകുളത്തുനിന്നു തിരിച്ചെന്തൂരിലേക്കു പോകുകയായിരുന്നു തമിഴ്‌നാട് ബസ്. അപകടസമയത്തു ചാറ്റൽ മഴയുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ടു നാലോടെയാണ് ഇവർ വേളാങ്കണ്ണിക്കു പുറപ്പെട്ടത്. 15 പേർ പോകാനാണു തീരുമാനിച്ചതെങ്കിലും അവസാന നിമിഷം എട്ടുപേർ പിന്മാറി. യാത്രയ്ക്ക് പോയ ആറു പേരും മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ബസ് യാത്രക്കാരായ 22 പേർക്കും പരുക്കുണ്ട്.

തങ്കമണി സ്വദേശികളായ മുള്ളനാനിക്കൽ ബേബി (ബേബിച്ചൻ-60), കുരിശുപാറ ഒട്ടലാങ്കൽ ഷൈൻ (30), അച്ചൻകാനം വെട്ടുകാട്ടിൽ അജീഷ് (31), നീലവയൽ കരിപ്പാംപറമ്പിൽ ബിനു (34), തോപ്രാംകുടി പടലാംകുന്നേൽ മോൻസി (35), വെൺമണി പുളിക്കത്തൊട്ടി ഇളംതുരുത്തിയിൽ ജസ്റ്റിൻ (30) എന്നിവരാണു മരിച്ചത്. തങ്കമണി കൂട്ടംകവല വാഴയിൽ ഷൈൻ (36) ഗുരുതരനിലയിൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ബേബിയാണു വാൻ ഓടിച്ചിരുന്നത്.

വേളാങ്കണ്ണിയിൽനിന്നു ബത്തൽഗുണ്ട് വഴിയാണു സംഘം മടങ്ങിയത്. തങ്കമണി കേന്ദ്രീകരിച്ചു ടൈൽസ്-പെയ്ന്റിങ് പണികളുടെ കരാറുകാരനായിരുന്നു പരുക്കേറ്റ ഷൈൻ. മരിച്ചവരെല്ലാം ഷൈനിന്റെ ജോലിക്കാരായിരുന്നു. മോളിയാണു ബേബിയുടെ ഭാര്യ. മക്കൾ: മനു, മെബിൻ, മഫിയ. തങ്കമണി അമ്പലമേടു സ്വദേശി നിഖിതയാണ് ഒട്ടലാങ്കൽ ഷൈനിന്റെ ഭാര്യ. മകൻ: നിഷോൺ. അപ്പച്ചൻ-ഡെയ്‌സി ദമ്പതികളുടെ മകനാണ് അജീഷ്. പരേതനായ തോമസ് - റോസമ്മ ദമ്പതികളുടെ മകനാണു ബിനു.

പരതേനായ ചാക്കോ-മേരി ദമ്പതികളുടെ മകനാണു മോൻസി. വണ്ണപ്പുറം പഞ്ചായത്തിലെ പുളിക്കത്തൊട്ടി ഇളംതുരുത്തിൽ അപ്പച്ചൻ-ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജസ്റ്റിൻ. അജീഷ്, ബിനു, മോൻസി, ജസ്റ്റിൻ എന്നിവർ അവിവാഹിതരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP